UPDATES

സിനിമ

നാദ് അഥവ നാദിര്‍ഷാ, അബി, ദിലീപ്

മിമിക്രിയില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും സീനിയര്‍ ആയിരുന്നു അബി, പക്ഷേ മൂവര്‍ക്കിമിടയില്‍ ഉടലെടുത്തതാകട്ടെ അതിതീവ്രമായ സൗഹൃദമായിരുന്നു

മിമിക്രി വേദികളിലും അതുപോലെ ഓഡിയോ/വീഡിയോ കാസറ്റുകളിലും ഒരു കാലത്ത് ത്രിമൂര്‍ത്തികളെ പോലെ നിറഞ്ഞു നിന്നവര്‍ ആയിരുന്നു അബിയും ദിലീപും നാദിര്‍ഷായും. മിമിക്രിയില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും സീനിയര്‍ ആയിരുന്നു അബി. അബിയുടെ ട്രൂപ്പില്‍ അംഗങ്ങളായിരുന്നു മറ്റിരുവരും. പക്ഷേ മൂവര്‍ക്കിമിടയില്‍ ഉടലെടുത്തതാകട്ടെ അതിതീവ്രമായ സൗഹൃദമായിരുന്നു. സിദ്ദിഖ്-ലാല്‍ കാലഘട്ടത്തിലെ കലാഭവന്‍ മിമിക്രിയ്ക്കു ശേഷം വേദികളെ അത്യാകര്‍ഷിച്ചവര്‍ അബിയും ദിലീപും നാദിര്‍ഷയുമൊക്കെയായിരുന്നു. ഒരുമിച്ചു ചേര്‍ന്നു നിന്നു മലയാളികളെ ചിരിപ്പിച്ച ആ മൂവര്‍ സംഘത്തില്‍ നിന്നൊരാളാണ് മറക്കാത്ത വേദനകള്‍ തന്ന് മരണത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞുപോയിരിക്കുന്നത്.

ഇല്ലായ്മകള്‍ക്കിടയിലും രസകരമായിരുന്നൊരു കാലത്തിന്റെ ഓര്‍മകള്‍ അബിയും ദിലീപും നാദിര്‍ഷയുമൊക്കെ ഏതു വേദിയില്‍ ഒത്തുകൂടുമ്പോഴും പങ്കുവയ്ക്കുമായിരുന്നു. അത്രയേറെയുണ്ടായിരുന്നു ചിരിയനുഭവങ്ങളുടെ സമ്പത്ത് ഇവര്‍ക്കു സ്വന്തമായി.

താന്‍ പാരഡി ഗാനങ്ങള്‍ എഴുതാന്‍ കാരണക്കാരന്‍ അബിയാണെന്ന് നാദിര്‍ഷ പറഞ്ഞിട്ടുണ്ട്. യാത്രകള്‍ക്കിടയില്‍ സുഹൃത്തുക്കളെ കളിയാക്കാന്‍ പാരഡികള്‍ ഉണ്ടാക്കിയിരുന്നു. ഒരു ദിവസം അബിയാണ് പറഞ്ഞത്, കൂട്ടുകാരുടെ പേരൊക്കെ മാറ്റി ഉപയോഗിച്ച് ഇത് കാസറ്റില്‍ ആക്കാമെന്ന്. പക്ഷേ കാസ്റ്റ് പുറത്തിറക്കാന്‍ ആരുടെയെങ്കിലും സഹായം വേണമല്ലോ. പലരോടു തിരക്കി നോക്കിയിട്ടും രക്ഷയില്ലാതെ വന്ന സമയത്ത് ബേബി പേട്ട എന്ന മിമിക്രി ട്രൂപ്പ് ഉടമയാണ് സഹായത്തിന് വന്നത്. കാസ്റ്റ് പുറത്തിറങ്ങി ഹിറ്റുമായി; നാദിര്‍ഷയുടെ വാക്കുകള്‍.

"</p

മിമിക്രി കാസ്റ്റുകളുടെ ചരിത്ത്രതില്‍ ഏറ്റവും വലിയ വിജയമായിരുന്നു നാദിര്‍ഷയും ദിലീപും ചേര്‍ന്നൊരുക്കിയ ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം. അബിയായിരുന്നു ഇങ്ങനെയൊരു പേര് നിര്‍ദേശിക്കുന്നത്. എറണാകുളം നോര്‍ത്ത് പാലത്തിനടുത്തുള്ള ബിംബീസ് ഹോട്ടലിനു മുന്നില്‍വച്ചാണ് അങ്ങനെയൊരു പേര് രൂപപ്പെടുന്നത്. ഓണത്തിനൊരു മിമിക്രി കാസറ്റ് ഇറക്കാമെന്ന അഭിപ്രായം പറഞ്ഞപ്പോള്‍ ഉടനടി തന്നെയാണ് തന്റെ വായില്‍, ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്ന പേര് വന്നതെന്ന് അബി പറയുന്നു. ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടത്തില്‍ മാവേലിയായി ഇന്നസെന്റാണെങ്കിലും(ശബ്ദം കൊടുക്കുന്നത് ദിലീപും) ആദ്യം മാവേലിയായി ഉദ്ദേശിച്ചത് ജനാര്‍ദ്ദനനെ ആയിരുന്നു. പക്ഷേ അബിയാണ് അത് ഇന്നസെന്റായാല്‍ നന്നാകുമെന്ന് അഭിപ്രായപ്പെടുന്നത്. ദിലീപിനെ ശബ്ദം അനുകരിക്കാന്‍ നിര്‍ദേശിക്കുന്നതും. ദിലീപ് ആ സമയത്ത് വേദികളില്‍ ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ച് കൈയടി വാങ്ങാന്‍ തുടങ്ങിയിരുന്നു.

അത് അമിതാഭ് ബച്ചനല്ല, ആമിനത്താത്തയുമല്ല, അബിയാണ്

അബിയെ തങ്ങള്‍ ആരാധനയോടെ നോക്കി നിന്നിരുന്നൊരു കാലമുണ്ടെന്ന് ദിലീപ് ഓര്‍ക്കുന്നുണ്ട്. മഹാരാജാസ് കോളേജില്‍ വച്ചാണ് അബിയെ ദിലീപ് ആദ്യമായി നേരില്‍ കാണുന്നത്. കോളേജില്‍ അഡ്മിഷന്‍ കിട്ടിയാണ് അബി അവിടെ വന്നതെങ്കിലും പക്ഷേ പഠിച്ചില്ല. അന്ന് കോളേജില്‍വച്ച് പലദിവസങ്ങളിലും അബിയെ കണ്ടെങ്കിലും ചെന്നു പരിചയപ്പെടാന്‍ പേടിയായിരുന്നുവെന്നും അബി അന്നേ ഒരു മിമിക്രി സ്റ്റാര്‍ ആയിരുന്നുവെന്നും ദിലീപ് പറയുന്നു. പിന്നീട് മിമിക്രി ഇരുവരെയും അടുപ്പിച്ചപ്പോള്‍ ആദ്യ കണ്ടുമുട്ടലില്‍ തന്നെ ദിലീപിനും അബിക്കുമിടയില്‍ ഒരു വലിയ സൗഹൃദം ഉണ്ടാവുകയായിരുന്നു.

"</p

താന്‍ ഇന്നും അബിയുടെ വലിയൊരു ആരാധകനാണെന്ന് ദിലീപ് പറയും. അമിതാഭ് ബച്ചനെപോലെ, സാധാണ മിമിക്രിക്കാര്‍ അനുകരിക്കാന്‍ കഴിയാതിരുന്ന ശബ്ദങ്ങളായിരുന്നു അബി ചെയ്തിരുന്നത്. തന്റെ വല്യുമ്മയായിരുന്ന ആമിനത്താത്തയെ അബി മിമിക്രിവേദികളിലെ പൊട്ടിച്ചിരികളാക്കിയപ്പോള്‍ തങ്ങളെല്ലാവരും ആ ‘ആമിന താത്തയുടെ’ വലിയ ആരാധകരായി മാറിയെന്നും ദിലീപും നാദിര്‍ഷയും പറയുന്നു. ഒരുമിച്ച് ഷോകള്‍ ചെയ്യുമ്പോഴും അബിയുടെ പ്രകടനങ്ങള്‍ കണ്ട് ചിരിയടക്കാന്‍ പാടുപെട്ടും അതിനു കഴിയാതെ വന്നതുമൊക്കെ ദിലീപിന്റെ ഓര്‍മകളിലുണ്ട്.

നാദിര്‍ഷാ, അബി, ദിലീപ് കൂട്ടുകെട്ടിന്റെ ദൃഢത എന്താണെന്നു മനസിലാക്കാന്‍ നാദിര്‍ഷ തുടങ്ങിയ കാസ്റ്റ് കമ്പനിയുടെ പേര് മതി. ‘നാദ്’  എന്നായിരുന്നു പേര്. നാദ് എന്നാല്‍ നാദിര്‍ ഷാ, അബി, ദിലീപ്. മൂവരുടെയും പേരുകളുടെ ഇംഗ്ലീഷിലെ ആദ്യാക്ഷരങ്ങള്‍…അബി പോകുമ്പോഴും ഈ ഓര്‍മകള്‍ ബാക്കി നിര്‍ത്തുകയാണ്. പക്ഷേ ഇനിയതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയില്ലെങ്കിലും കണ്ണിലും മനസിലും നനവ് പടര്‍ന്നുപിടിക്കും; അബി കൂടെയില്ലെന്ന തിരിച്ചറിവില്‍…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍