UPDATES

സിനിമ

ധര്‍മജന്‍/അഭിമുഖം: ഞാന്‍ നിര്‍മിക്കുന്ന സിനിമയുടെ പ്രത്യേകത, അതില്‍ പിഷാരടി ഇല്ല എന്നതാണ്

ഒരിക്കലും യോജിക്കാത്തവരാണ് ഞാനും പിഷാരടിയും, ഞങ്ങള്‍ക്കിടയില്‍ ഒരു കെമസ്ട്രിയുമില്ല

Avatar

വീണ

ഏറെയൊന്നും വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കലാകാരനാണ് ധര്‍മജന്‍. ബഡായി ബംഗ്ലാവിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കന്‍. മിമിക്രി വേദികളിലെ നിറസാന്നിധ്യം. ഒപ്പം കൈ നിറയെ ചിത്രങ്ങളുമായി മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ് ധര്‍മജന്‍. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധര്‍മജന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന കുട്ടനാടന്‍ മാര്‍പാപ്പയാണ് ഉടന്‍ തീയേറ്ററിലെത്തുന്ന ചിത്രം. ഇതിനെല്ലാം പുറമെ ഒരു ചിത്രം നിര്‍മ്മിക്കുക കൂടിയാണ് ധര്‍മജന്‍. ചിത്രങ്ങളുടേയും ഒപ്പം രമേഷ് പിഷാരടിയുമായുള്ള ബന്ധത്തെ കുറിച്ചും ധര്‍മജന്‍ സംസാരിക്കുന്നു.

പിഷാരടി ചിത്രം പഞ്ചവര്‍ണ്ണതത്തയിലെ കഥാപാത്രം?
പഞ്ചവര്‍ണ്ണതത്തയുടെ കഥ ഞാന്‍ കുറേ നാളുകളായി കേള്‍ക്കുന്നതാണ്. കാരണം പിഷാരടി അവന്റെ കുടുംബത്തോടൊപ്പവും ഞാന്‍ എന്റെ കുടുംബത്തിനൊപ്പവും ചിലവഴിച്ചതിനെക്കാള്‍, ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്ന സമയമാണ് കൂടുതല്‍. 16 വര്‍ഷമായി ഒരുമിച്ച് പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട്. അപ്പോള്‍ പിഷാരടി ഒരു സിനിമ ചെയ്യുമ്പോള്‍ സ്വഭാവികമായും നാട്ടുകാര്‍ ചോദിക്കും ധര്‍മജന്‍ ആ ചിത്രത്തിലുണ്ടോയെന്ന്. പക്ഷെ അത് വിചാരിച്ചിട്ടല്ല ഈ പടത്തില്‍ എനിക്ക് ഒരു വേഷം തന്നത്. പിഷാരടിയുടെ ചിത്രത്തില്‍ എനിക്ക് വേഷമില്ലെന്ന് കരുതി ഞാനോ എന്റെ ചിത്രത്തില്‍ അഭിനയിപ്പിച്ചില്ലെന്ന് കരുതി അവനോ കലഹിക്കില്ല. ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് പഞ്ചവര്‍ണ്ണതത്തയില്‍ പിഷാരടി എനിക്ക് ഒരു കഥാപാത്രത്തെ തന്നത്.

വേലു, അതാണ് പഞ്ചവര്‍ണതത്തയിലെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പകുതിക്ക് വരുന്ന ഒരു കഥാപാത്രമാണ്. പെറ്റ് ഷോപ്പ് നടത്തുന്ന ജയറാമിന്റെ കഥാപാത്രവുമായുള്ള ബന്ധമാണ്. ജയറാം പേരോ നാടോ ഒന്നുമില്ലാത്തൊരു കഥാപാത്രമാണ്. ജയറാമിന്റെ സന്തതസഹചാരിയായിട്ടുള്ള നിസഹായനായിട്ടുള്ള നാട്ടിന്‍പുറത്തുകാരന്‍. കണ്ടിട്ട് ജനങ്ങള്‍ വിലയിരുത്തേണ്ട കഥാപാത്രമാണ്.

പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാകുമ്പോള്‍ സ്വഭാവികമായും ഒരു ഹാസ്യ കഥാപാത്രത്തിലാകും പ്രേക്ഷകര്‍ ധര്‍മജനെ പ്രതീക്ഷിക്കുക?
അല്ല , ഒരിക്കലുമല്ല, വളരെ സീരിയസായിട്ടുള്ള എന്നാല്‍ സാധാരണക്കാരനായിട്ടുള്ള ഒരു നാട്ടിന്‍പുറത്തുകാരന്റെ വേഷമാണ് എനിക്ക് ചിത്രത്തില്‍. മാത്രമല്ല, ഈ ചിത്രം മലയാള സിനിമ എതുവരെ കാണാത്ത തരത്തില്‍ വളരെ വ്യത്യസ്തമായൊരു രീതിയിലെടുത്തിട്ടുള്ളതാണ്. ഓരോ ഫ്രയിമിലും ആ വ്യത്യസ്തത കാണാനാവും. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. രാജുചേട്ടന്‍ ബുദ്ധിമാനായ ഒരു നിര്‍മ്മാതാവാണ്. അദ്ദേഹം വെറുതെ ഒരു ചിത്രത്തിന് പണം മുടക്കാന്‍ തയ്യാറാവുമെന്ന് കരുതാനാവില്ല. ആദ്യ സിനിമ ചെയ്യുന്നതിന്റെ ഒരു ആശയകുഴപ്പവുമില്ലാതെ 25 സിനിമ ചെയ്ത അനുഭവസമ്പത്തുള്ള ഒരാളെ പോലെയാണ് പിഷാരടി സിനിമ ചെയ്ത് തീര്‍ത്തതും അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

സംവിധായകനായി പിഷാരടി, അഭിനേതാവായി ധര്‍മജന്‍… ആ അനുഭവം ?
ഞങ്ങള്‍ തമ്മില്‍ 16 വര്‍ഷത്തെ ബന്ധമാണ്. ഞങ്ങളുടെ ഒരു മിമിക്രി ഗ്രൂപ്പ് ഉണ്ട്. ഞങ്ങള്‍ക്കിടയില്‍ ഈഗോയില്ല. അതുകൊണ്ട് ഇതുവരെ ആരും പിരിഞ്ഞ് പോയിട്ടില്ല. അതുകൊണ്ട് പിഷാരടി സംവിധായകനായാലും ഇനി ഹോളിവുഡില്‍ പോയി സിനിമ ചെയ്താലും നമ്മുക്ക് അടുത്തയാഴ്ച ഒരു സ്‌റ്റേജ് പ്രോഗ്രാം ചെയ്യണമെന്ന് വിളിച്ച് പറഞ്ഞാല്‍ പിഷാരടി വരും. അതാണ് ആ ബന്ധം, അതുകൊണ്ട് പ്രത്യേകിച്ച് ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല.

"</p

നിങ്ങളെ ഒരുമിച്ച് കണ്ടാല്‍ തന്നെ പ്രേക്ഷകര്‍ ചിരി തുടങ്ങും. എന്താണ് ഈ കെമിസ്ട്രിയുടെ രഹസ്യം ?
ശരിക്കും അങ്ങനെയൊരു കെമിസ്ട്രി ഇല്ലാ എന്നതാണ് സത്യം. ഞങ്ങള്‍ രണ്ടും രണ്ട് സ്വഭാവക്കാരാണ്. ഒരു തരത്തിലും യോജിക്കാത്തവര്‍. പിഷാരടി ഇഷ്ടമുള്ള ഒരു കളര്‍ പറഞ്ഞാല്‍ ഞാന്‍ ഏയ് അത് കൊള്ളില്ലാ എന്ന് പറയും, ഒരുമിച്ച് ഒരു യാത്ര പോയാല്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ അവന്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറും, ഞാന്‍ നോണ്‍ വെജിറ്റേറിയനില്‍ കയറും . അങ്ങനെ എല്ലാത്തിലുമുണ്ട് ഈ വ്യത്യാസം . ഇതിനെയാണ് എല്ലാവരും കെമിസ്ട്രി എന്ന് പറയുന്നത്. പരസ്പരം സ്‌നേഹമാണ്. അത് ഞങ്ങള്‍ തമ്മില്‍ മാത്രമല്ല വീട്ടുകാര്‍ തമ്മിലും. അതിനെ പക്ഷെ കെമിസ്ട്രി എന്ന് പറയനാകുമോ എന്ന് അറിയില്ല.

പിഷാരടി സംവിധായകനായി , ധര്‍മജന്‍ സംവിധാനം ചെയ്യുമോ?
ഒരുപാട് വിളികള്‍ വരുന്നുണ്ട്. പക്ഷെ ഇപ്പോള്‍ അഭിനയിക്കാന്‍ നിരവധി ചിത്രങ്ങളുണ്ട്. മാത്രമല്ല ഒരു ചിത്രം നിര്‍മ്മിക്കുന്നുമുണ്ട്. ഇപ്പോള്‍ അതിന്റെ തിരക്കിലാണ് അതുകൊണ്ട് തത്കാലം സംവിധാനത്തിലേക്കില്ല.

നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ച് ?
ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. പേര് ഏപ്രില്‍ 7 ന് പുറത്ത് വിടും. ഏറ്റവും വലിയ പ്രത്യേകത ഇതില്‍ പിഷാരടിയില്ല എന്നതാണ്. ഞാന്‍ അവനെ വിളിച്ച് പറഞ്ഞു ‘എന്റെ ചിത്രത്തില്‍ നീ ഇല്ലായെന്ന്, വളരെ വളരെ സന്തോഷം എന്നായിരുന്നു പിഷാരടിയുടെ മറുപടി.

ചിത്രത്തിന്റെ സംവിധായകന്‍, അഭിനേതാക്കള്‍ ?
വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. നാല് നായികമാരുണ്ട്, കൂടാതെ ഇന്ദ്രന്‍സ്, മഞ്ജു പിള്ള, പാഷാണം ഷാജി, അങ്ങനെ കുറേ പേരുണ്ട്. ഷാജി കൈലാസിന്റെ അസിസ്റ്റന്റായിരുന്ന ബിനു രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

നിര്‍മ്മാണ രംഗത്തേക്ക് വന്നത് ?
ഈ ചിത്രത്തില്‍ അഭിനയിക്കാനാണ് അവര്‍ എന്നെ വിളിച്ചത്, മാത്രമല്ല വിഷ്ണുവിന്റെ ഡേറ്റും വാങ്ങി കൊടുക്കണമെന്ന് പറഞ്ഞു. പക്ഷെ വിഷ്ണുവിനെ നിര്‍ബന്ധിക്കില്ല കഥ പറയാം എന്ന് ഞാന്‍ സമ്മതിച്ചു. കഥ കേട്ട വിഷ്ണുവിന് ഇഷ്ടപ്പെട്ടു. അങ്ങനെ ഡേറ്റ് നല്‍കി. അപ്പോഴാണ് പ്രൊഡക്ഷനെപ്പറ്റി ചര്‍ച്ച വന്നത് അപ്പോള്‍ ഞാനും അതില്‍ പങ്ക് ചേരാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് നിര്‍മ്മാതാവാകുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പയാണ് ഉടനെ പുറത്തിറങ്ങാനുള്ള ചിത്രം?
അതെ. കുട്ടനാട്ടിലെ ഒരു സാധാരണ ക്യാമറമാന്റെ കഥയാണ് (കുഞ്ചാക്കോ ബോബനാണ് നായകന്‍ ), അയാളുടെ സഹായിയാണ് എന്റെ കഥാപാത്രം. ഒരു ഫോട്ടോഗ്രാഫറുടെ ജീവിതം, പ്രണയം, പ്രതിസന്ധിയൊക്കെയാണ് ചിത്രം. അതും ഒരു നല്ല സിനിമയാണ്.

സിനിമയെ കുറിച്ചുള്ള ആഗ്രഹം?
എല്ലാ നല്ല സിനികളും വിജയിക്കട്ടെ. അത് മാത്രമാണ് ആഗ്രഹം.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍