മാമാങ്കത്തില്‍ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ ക്വീന്‍ നായകന്‍ ധ്രുവനെ പുറത്താക്കിയിട്ടും മമ്മൂട്ടിയോ എ എം എം എയോ അനങ്ങിയില്ല
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി ഒരുങ്ങുന്ന ചിത്രം എന്നതായിരുന്നു മാമാങ്കം എന്ന സിനിമയെ വാര്‍ത്തയാക്കിയത്. ക്വീന്‍ എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷക പ്രശംസ നേടിയ യുവതാരം ധ്രുവനും ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഒരു സുപ്രധാനവേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ ധ്രുവനെ പുറത്താക്കിയതാണ് മാമാങ്കവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. ഒരു കാരണവും പറയാതെയാണ് ധ്രുവനെ പുറത്താക്കിയത്. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിന് വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തോളമാണ് ധ്രുവന്‍ ഈ ചിത്രത്തിനായി മാറ്റി വെച്ചിരുന്നത്. ചിത്രത്തിനായി കളരി പഠിക്കുകയും, ബോഡി മേക്ക് ഓവര്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി മറ്റൊരു യുവനടനെ കാസ്റ്റ് ചെയ്തത്.
സിനിമ ഒരു തൊഴിലിടമായാണ് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പറയാറുള്ളത്. ആ തൊഴിലിടത്തിലാണ് ഒരു യുവനടന് കാരണമെന്തെന്നറിയാതെ തന്റെ തൊഴില്‍ നഷ്ടപ്പെടുന്നത് എന്നൊരു വശം കൂടിയുണ്ട് മാമാങ്കത്തില്‍ നിന്നും ധ്രുവന്റെ പുറത്താകലിന്. ഒരു ചലച്ചിത്ര നടന്‍ എന്നതിലുപരി ധ്രുവനെ തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വ്യക്തിയയെന്ന നിലയില്‍ കണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടായിട്ടും തങ്ങളുടെ സഹപ്രവര്‍ത്തകനെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സിനിമയില്‍ നിന്നും പുറത്താക്കിയിട്ട് അതിനെതിരേ സിനിമയിലുള്ളവരാരും തന്നെ ശബ്ദമുയര്‍ത്തിയിട്ടില്ല.
വളരെ വിചിത്രമായൊരു കാര്യമാണിതെന്നും തന്റെ അറിവോടെയല്ല ധ്രുവനെ പുറത്താക്കിയത് എന്നുമായിരുന്നു മാമാങ്കത്തിന്റെ സംവിധായകന്‍ സജീവ് പിള്ളയുടെ പ്രതികരണം. ധ്രുവന്‍ വളരെ നന്നായി തന്നെ അഭിനയിച്ചിരുന്നു. അദ്ദേഹത്തെ വച്ച് 25 ദിവസത്തോളം ചിത്രീകരണവും കഴിഞ്ഞതാണ്; സജീവ പിള്ള പറയുന്നു. എന്നാല്‍ ഇതിലെ ഏറ്റവും ഗൗരതരമായൊരു കാര്യം ഒരു ചിത്രത്തിന്റെ ഷൂട്ടിംഗില്‍ 25 ദിവസത്തോളം പങ്കെടുത്ത ഒരു നടനെ ഒഴിവാക്കുന്നത് ആ ചിത്രത്തിന്റെ സംവിധായകന്‍ അറിയാതെയാണ് എന്നതാണ്. ധ്രുവനെ ഒഴിവാക്കിയ വിവരം മറ്റുള്ളവര്‍ പറഞ്ഞാണ് താന്‍ അറിയുന്നതെന്ന സംവിധായകന്‍ സജീവ് പിള്ളയുടെ വാക്കുകള്‍ ആ യുവതാരത്തിന്റെ കാര്യത്തില്‍ നടന്നത് കടുത്ത ചതിയാണെന്നതിന്റെ തെളിവാണ്. ഉണ്ണി മുകുന്ദന്‍ ആണ് ചിത്രത്തില്‍ ധ്രുവന് പകരം എത്തിയിരിക്കുന്നത്. എന്നാല്‍ ധ്രുവനെ മാറ്റി പകരം ഉണ്ണിയെ കാസ്റ്റ് ചെയ്തതും സംവിധായകന്റെ അറിവോടെയല്ല. സജീവ് പിള്ള തന്നെ സമ്മതിക്കുന്ന കാര്യമാണിത്.
എന്നാല്‍ തന്റെ പുറത്താകലുമായി ബന്ധപ്പെട്ട പ്രതികരണത്തിന് സമീപിക്കുമ്പോള്‍ ഇതേകുറിച്ചൊന്നും പറയാനില്ല എന്നായിരുന്നു ധ്രുവന്റെ വാക്കുകള്‍.
മലയാള സിനിമയിലെ അഭിനേതാക്കളുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടി രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (എ എം എം എ). നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ക്കിടയില്‍ എഎംഎംഎയുടെ പ്രധാന ഭാരവാഹികളെല്ലാം ആവര്‍ത്തിച്ച് പറഞ്ഞിരുന്ന കാര്യമാണ് തങ്ങളുടെ കൂട്ടത്തില്‍ ഒരാളുടെപോലും തൊഴില്‍ അവസരം നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അതിന് ഇരയാകുന്നവര്‍ക്കൊപ്പം സംഘടന ഉറച്ച് നില്‍ക്കുമെന്നും. ഈ സംഘടനയും തൊഴില്‍ അവകാശത്തെ കുറിച്ച് വാചാലരായവരും പക്ഷേ ധ്രുവന്റെ കാര്യത്തില്‍ ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരണമോ ഇടപെടലോ നടത്തുന്നില്ലെന്നു തിരക്കിയപ്പോള്‍ വളരെ നിസ്സാരമായി കൈയൊഴിഞ്ഞു മാറുകയാണ് എഎംഎംഎ ചെയ്തത്.
സാങ്കേതികതയുടെ പേരുപറഞ്ഞായിരുന്നു ഈ ഒഴിഞ്ഞുമാറല്‍. എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് പറയാനുള്ള ന്യായം ഇതാണ്; ധ്രുവന്‍ എഎംഎംഎയില്‍ അംഗമല്ല. അതുകൊണ്ടുതന്നെ ധ്രുവനെ പുറത്താക്കിയ വിഷയത്തില്‍ ഒന്നും ചെയ്യാനില്ല. പക്ഷേ, ധ്രുവനെ ഒഴിവാക്കിയതിനെ പരോക്ഷമായി ന്യായീകരിക്കുകയാണെന്ന ധ്വനി ഇടവേള ബാബുവിന്റെ ഒരു കൂട്ടിച്ചേര്‍ക്കലും ഉണ്ടായിരുന്നു. അയാളെ ഒഴിവാക്കിയെങ്കില്‍ എന്തെങ്കിലും കാരണമുണ്ടാകും അത് ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന്! അതായത്, ധ്രുവനൊപ്പം നില്‍ക്കാന്‍ താരസംഘടന ഇല്ലെന്ന്. ധ്രുവനെ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതിനൊരു കാരണം ഉണ്ടായിരിക്കുമെന്ന് പറഞ്ഞുവയ്ക്കുക വഴി ആരാണോ ധ്രുവന്റെ പുറത്താകലിന് കാരണമായ വ്യക്തി, അദ്ദേഹത്തെ പിന്തുണയ്ക്കുകയുമാണ് സംഘടന ചെയ്തിരിക്കുന്നത്.
എഎംഎംഎയ്ക്കും അതിന്റെ ജനറല്‍ സെക്രട്ടറിക്കും സാങ്കേതികതയുടെ ന്യായം പറഞ്ഞ് മാറിനില്‍ക്കാം. പക്ഷേ, മമ്മൂട്ടിയെ പോലൊരാള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? തനിക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്ന സഹപ്രവര്‍ത്തകന്റെ തൊഴില്‍ നഷ്ട്ടമായിട്ട് ഇതുവരെ മമ്മൂട്ടിയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും വന്നിട്ടില്ല. ഒരു സൂപ്പര്‍താരം മാത്രമല്ല, എഎംഎംഎയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് മമ്മൂട്ടി. ഈ തൊഴില്‍ മേഖലയില്‍ കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചുപോരുന്ന ഒരാള്‍ എന്ന നിലയിലും ഈ വിഷയത്തില്‍ മമ്മൂട്ടിക്ക് ഇടപെടല്‍ നടത്താമായിരുന്നു. ധ്രുവനെ പോലെ ഇരകളായി മാറേണ്ടി വന്നവരുടെ ദയനീത കണ്ടാണ് എഎംഎംഎ രൂപീകരിച്ചതെന്നും മമ്മൂട്ടിക്കെങ്കിലും ഓര്‍ക്കാവുന്നതാണ്. ഇന്നീ യുവനടന്‍ അനുഭവിക്കുന്ന മാനസിക വിഷമം നല്ലപോലെ അറിയാവുന്ന ഒരാള്‍കൂടിയാണല്ലോ മമ്മൂട്ടി. കഴിഞ്ഞകാലങ്ങളിലേക്ക് ഒന്നുപോയാല്‍ മാത്രം മതി.
മാമാങ്കത്തില്‍ നിന്നും ധ്രുവനെ ഒഴിവാക്കിയത് സംവിധായകനല്ല. പിന്നെ ആരാണ്? സംവിധായകന് തൃ്പതി വരാഞ്ഞിട്ടാണ് ഒരു നടനെ മാറ്റുന്നതെങ്കില്‍ അതിലൊരു ന്യായമുണ്ട്. തന്റെ സിനിമ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ് സംവിധായകന്‍. അതിനിടയില്‍ ഒരു നടന്‍ അദ്ദേഹത്തിന്റെ അഭിനയം കൊണ്ടോ, സിനിമയുമായി സഹകരിക്കുന്നതില്‍ വീഴ്ച്ച വരുത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ അയാളെ മാറ്റാം. ഇവിടെ സംവിധായകന്‍ ധ്രുവിന്റെ കാര്യത്തില്‍ തൃപ്തനായിരുന്നു. അയാള്‍ക്ക് കൊടുത്ത കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണല്ലോ 25 ദിവസത്തോളം ചിത്രീകരണം നടത്തിയതും. അതൊന്നും പരിഗണിക്കപ്പെടാതെ ധ്രുവന്‍ പുറത്താകണമെങ്കില്‍ അതിന്റെ കാരണം മറ്റെന്തെങ്കിലുമായിരിക്കും. ആ കാരണം പരിശോധിച്ച് പരിഹരിക്കാവുന്നതാണെങ്കില്‍ പരിഹരിച്ച്, ധ്രുവനെ തുടര്‍ന്നും അഭിനയിക്കാന്‍ അവസരം സൃഷ്ടിക്കാന്‍ മമ്മൂട്ടിയെപോലൊരാള്‍ക്ക് പ്രയാസമൊന്നും ഉണ്ടാവില്ല. അതുണ്ടായില്ല എങ്കില്‍ മമ്മൂട്ടിയെപ്പോലും ധിക്കരിക്കുന്നയാളായിരിക്കണം ധ്രുവനെ പുറത്താക്കിയ വ്യക്തി. അതല്ലെങ്കില്‍ ആ വ്യക്തിക്ക് മമ്മൂട്ടി തന്റെ പിന്തുണ കൊടുത്തുകാണും.
മാമാങ്കത്തിന്റെ നിര്‍മാതാവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിലാണ് ധ്രുവന്‍ ഒഴിവാക്കപ്പെടുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. പ്രതികരിക്കാന്‍ ധ്രുവന്‍ തയ്യാറല്ല. ധ്രുവനെ ഒഴിവാക്കി പകരം ആളെ കൊണ്ടുവന്നത് ചര്‍ച്ച വിഷയമായത് അവഗണിച്ച്, സിനിമയുടെ അടുത്തഘട്ട ചിത്രീകരണം ഉടനെ തുടങ്ങുമെന്നാണ് നിര്‍മാതാവ് പറയുന്നത്. പക്ഷേ, മാമാങ്കത്തിന്റെ കാര്യത്തില്‍ ഒരു അനിശ്ചിതത്വം ഇപ്പോള്‍ നിലനില്‍ക്കുകയാണ്. ഇനിയും പലരും ഈ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നാണ് വിവരം. 65 ദിവസത്തോളം ഷൂട്ട് ബാക്കിയുണ്ടെന്നാണ് സംവിധായകന്‍ സജീവ് പിള്ള പറയുന്നത്. ധ്രുവനു പകരം മറ്റൊരാള്‍ വരികയാണെകില്‍ എല്ലാം ആദ്യം മുതല്‍ ചിത്രീകരിക്കേണ്ടിവരുമെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു. ധനനഷ്ടം മാത്രമല്ല, അഭിനേതാക്കളുടെ ഡേറ്റ് ഉള്‍പ്പെടെ പ്രശ്‌നമാവുകയും ചിത്രീകരണം താമസിക്കുകയും സിനിമ റിലീസ് ചെയ്യാന്‍ വൈകുകയും ചെയ്യും. ഇത് വരുത്തിവയ്ക്കുന്ന പലതരം നഷ്ടങ്ങള്‍ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബാധകമാവും. എന്നാല്‍ ഇതെല്ലാം അവഗണിക്കുകയാണ് എഎംഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ എന്നത് സിനിമ മേഖലയിലെ ചില കള്ളക്കളികളെയാണ് കാണിക്കുന്നത്.