UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ക്ക് ദിലീപിനെ പേടിയാണ്; താന്‍ നേരിട്ട ക്രൂരതയെക്കുറിച്ച് സംവിധായകന്‍ തുളസീദാസ്‌

കോടികള്‍ മുടക്കി ദിലീപ് ജാമ്യത്തിലിറങ്ങുമായിരിക്കാം. ഏത് വലിയ നടനായാലും ശരി പ്രേക്ഷകര്‍ വെറുത്താല്‍ വെറുത്തത് തന്നെയാണ്‌

അനു ചന്ദ്ര

അനു ചന്ദ്ര

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിലേക്ക് പോലീസുകാര്‍ തെളിവുകള്‍ നിരത്തുമ്പോഴും അമ്മയിലെ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് ദിലീപിനെ രക്ഷിക്കുവാന്‍ നോക്കുകയായിരുന്നുവെന്ന് സംവിധായകന്‍ തുളസിദാസ്. കോടികള്‍ മുടക്കി ദിലീപ് ജാമ്യത്തിലിറങ്ങുമായിരിക്കാം, പക്ഷെ ഏത് വലിയ നടനായാലും ശരി പ്രേക്ഷകര്‍ വെറുത്താല്‍ വെറുത്തത് തന്നെയാ. പിന്നെ ഒരു നായകനുമില്ല, സംവിധായകനുമില്ല; തുളസിദാസ്.  അഴിമുഖവുമായി സംസാരിക്കുമ്പോഴായിരുന്നു ദിലീപില്‍ നിന്നും വ്യക്തപരമായി നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചടക്കം തുളസിദാസ് വെളിപ്പെടുത്തിയത്. തുളസിദാസിന്റെ വാക്കുകള്‍;

‘ലോകത്തില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല, നടക്കാന്‍ പാടില്ല. മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ നാണക്കേടാണ്‌ ദിലീപിന്റെ ഈ പ്രവര്‍ത്തി.  അമ്മ എന്ന സംഘടനയുടെ മക്കളായ രണ്ട് പേര്‍, അതില്‍ ഒരു വാദിയും ഒരു പ്രതിയും, ആ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് അതിലുള്ള ആരും ആഗ്രഹിക്കാത്തതില്‍ വളരെ വിഷമമുണ്ട്. കാരണം പല രീതിയിലും പല ചര്‍ച്ചയിലും ദിലീപിലേക്ക് പോലീസുകാര്‍ തെളിവുകള്‍ നിരത്തുമ്പോഴും അമ്മയിലെ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് ദിലീപിനെ രക്ഷിക്കുവാന്‍ നോക്കുകയായിരുന്നു. അവിടെ തന്നെ ദിലീപ് കുറ്റവാളിയാണെന്നത് തെളിഞ്ഞു. ഇവരൊക്കെ തന്നെയാണത് തെളിയിച്ചത്. കാരണം അറസ്‌ററ് ചെയ്ത് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ വെളുപ്പാന്‍ കാലത്തിലെ നടന്‍ സിദ്ദീഖ് വന്നിട്ടൊരു അഭിപ്രായം പറഞ്ഞു ‘ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതിയെ അറസ്റ്റ് ചെയ്തു, അയാള്‍ ജയിലില്‍ കിടക്കുന്നു, ഇനിയെന്തിനാ മറ്റൊരാളെ ചോദ്യം ചെയ്യുന്നതെന്ന്’. വളരെ ദയനീയമായ ഒരു ചോദ്യമാണ് സിദ്ദീഖ് ചോദിച്ചത്. അതിനെ ഒരിക്കലും നമുക്ക് ന്യായീകരിക്കാന്‍ പറ്റില്ല. കാരണം അത് പറയിപ്പിക്കുന്നതായിട്ടാണ് നമുക്ക് അനുഭവപ്പെട്ടത്.

പ്രേക്ഷകര്‍ക്കൊന്നടങ്കം, പോലീസുകാര്‍ക്ക് ഒന്നടങ്കം അതങ്ങനെയാണ് തോന്നിയത്. കാരണം അങ്ങനെ ഒരു രീതിയിലാണോ പറയേണ്ടത്. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ആരാണ് പെണ്‍കുട്ടി എന്നതൊരല്‍പം പോലും ചിന്തിച്ചില്ല. പിന്നെ ഇത് ഒന്നോ രണ്ടോ മൂന്നോ ദിവസം കൊണ്ട് നടത്തിയ ഒരു ശ്രമമല്ല. 2013-ല്‍ പ്ലാന്‍ ചെയ്തതാണ്. മൂന്നര വര്‍ഷത്തില്‍ പരം ഇത്തരത്തിലൊരു പ്ലാനിംഗ് കൊണ്ട് നടക്കുകയായിരുന്നു. അത് ഗുരുതരമായ കൃത്യമല്ലെ? ഒരു കൊലപാതകം ചെയ്ത് കഴിഞ്ഞാല്‍ ചിലപ്പോള്‍ വേണമെങ്കില്‍ അത് പെട്ടന്ന് ചെയ്ത് പോയ ഒന്നാണെന്ന പേരില്‍ അതിനെ നമുക്ക് ന്യായീകരിക്കാം, അതിനെ ഓര്ത്ത് സഹതപിക്കാം, വേണമെങ്കിലാ പ്രതിയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും ആഗ്രഹിക്കാം. ഇത് മൂന്ന് വര്‍ഷം കൊണ്ട് പ്ലാന്‍ ചെയ്യുന്നു, അതേ സമയം തന്നെ അമ്മയിലെ സഹപ്രവര്‍ത്തകരുമായെല്ലാം സഹകരിക്കുന്നു, സിനിമകള്‍ ചെയ്യുന്നു, രണ്ടാമത് വിവാഹം കഴിക്കുന്നു, ഇതൊക്കെ സംഭവിക്കുമ്പോഴും ഇദ്ദേഹത്തിന്റെ ഉളളിലൊരു ക്രിമിനല്‍ ഒളിഞ്ഞിരിക്കുകയാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചില്ല. അതാണ് ഈ നടനെ പ്പററി എനിക്ക് പറയാനുളളത്.

"</p

ഒരിക്കലും ന്യായീകരിക്കാനാവില്ല. ജനപ്രിയനടനെന്ന് കേരളം ഒന്നടങ്കം പറഞ്ഞിരുന്ന നടനാണ് ദിലീപ്. ഒരു കലാകാരന്‌ ഇങ്ങനെയുളള കുറ്റകൃത്യത്തിലേക്ക് മനസ്സ് പോകാന്‍ എങ്ങനെ സാധിച്ചു എന്നുളളതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഒരിക്കലും കലാകാരന് യോജിച്ച പ്രവര്‍ത്തിയല്ല ദിലീപ് ചെയ്തത്.  വിവാഹബന്ധത്തിലോ  കുടുംബപ്രശ്‌നത്തിലൊ ഈ പെണ്‍കുട്ടി ഇടപെടുന്നു എന്നാണല്ലൊ  പറയുന്ന കാര്യം. അതിന് എന്തെല്ലാം പോംവഴികളുണ്ട് ആ പെണ്‍കുട്ടിക്കൊരു മറുപടി കൊടുക്കാന്‍. പല സിനിമകളിലും ആ കുട്ടിയെ ഒഴിവാക്കി. അതുപോരാഞ്ഞിട്ടാണോ ഇങ്ങനെ പീഢിപ്പിച്ചത്. എന്നിട്ടത്‌ ചിത്രീകരിച്ച് കൊടുക്കണമെന്നും പറയുന്ന ഒരവസ്ഥ എത്ര ദയനീയമാണ്. സിനിമയിലെ തിരക്കഥയ്ക്കപ്പുറം പോയിരിക്കിന്നു ദിലീപിന്റെ ഈ തിരക്കഥ. എന്നിട്ടും താന്‍ കുറ്റക്കാരനല്ലെന്ന് പിടിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. അവിടെയൊക്കെ കേരളാ പോലീസിന്റെ അന്വേഷണം ഉണ്ടായിരുന്നു. അത് മാത്രമല്ല, മാധ്യമങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍ കേസില്‍ പ്രധാന കുറ്റവാളികള്‍ പിടിക്കപ്പെടാതെ പോകുമായിരുന്നു. അതെന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ തുടരെ തുടരെ ഈ വിഷയത്തില്‍ മുമ്പിലോട്ട് നിന്നു, ഡെയ്‌ലി ചര്‍ച്ചകളിലൊക്കെ ഈ വിഷയം എടുത്തിട്ടു എന്നതില്‍ അവര്‍ക്കെല്ലാം സംശയമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പക്ഷേ അന്ന് അമ്മയുടെ സമ്മേളനം നടക്കുമ്പോള്‍ ഒരു പെണ്‍കുട്ടി പോലും, ഒരു സ്ത്രീ പോലും ഈ പെണ്‍കുട്ടിക്ക് വേണ്ടി കണ്ണീരൊഴുക്കാത്തതില്‍ വളരെ വിഷമമുണ്ട്. നടന്മാര്‍ പ്രതികരിച്ചില്ലെങ്കിലും പെണ്‍കുട്ടികളും, സ്ത്രീകളും പ്രതികരിക്കണമായിരുന്നു. അതൊക്കെ മനസ്സിലാക്കി തരുന്നത് മറ്റു ആര്‍ട്ടിസ്റ്റുകളെ അവര്‍ക്ക് ഭയമാണ് എന്നതാണ്. അവര്‍ക്ക് ജീവിക്കണം, നാളെ സിനിമ കിട്ടണം.. അതുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്നാണ് എനിക്കു മനസ്സിലായത്. അപ്പോഴും ഭാഗ്യലക്ഷ്മിയെ പോലുളള ആര്‍ട്ടിസ്റ്റുകളന്നു മുതല്‍ പ്രതികരിക്കുകയാണ്. അതൊക്കെ വളരെ ഉപകാരം ചെയ്തു ഈ കേസിനെ പുറത്ത് കൊണ്ട് വരാന്‍. എന്തൊക്കെയായാലും മലയാള സിനിമയില്‍ വളരെയധികം നാണക്കേടുണ്ടാക്കുന്ന ഒന്നാണ് ദിലീപിന്റെ ഈ പ്രവര്‍ത്തി. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ ഒന്നാണ് സംഭവിച്ചത്. ഈ വിഷയത്തില്‍ പലരും ദിലീപിന്റെ പേര് പറഞ്ഞപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചത് ദിലീപായിരിക്കരുത് എന്നാണ്. കാരണം മലയാള സിനിമക്കൊരിക്കലും അത്തരം ഒരു നാണക്കേട് ഉണ്ടാകരുതെന്ന് കരുതിയാണ്. ഞാന്‍ സിനിമയില്‍ നിന്നും ജീവിക്കുന്ന, സിനിമയില്‍ നിന്നും ഉപജീവനം കണ്ടെത്തി അന്നം കഴിക്കുന്ന ഒരാളാണ്. അത് കൊണ്ട് ഞാനങ്ങനെ പ്രാര്‍ത്ഥിച്ചു.

പക്ഷേ എന്റെ ജീവിതത്തില്‍ ദിലീപ് ചെയ്ത പ്രവര്‍ത്തി എന്ന് പറയുന്നത് വളരെ ക്രൂരമാണ്. ഒരു സിനിമയുമായി ബന്ധപ്പെട്ട് മൊത്തം പ്രതിഫലമായ നാല്പത് ലക്ഷം ഒരു പ്രൊഡ്യൂസറില്‍ നിന്നും വാങ്ങി കൊടുത്തിട്ടും അവസാന നിമിഷം അ പ്രൊഡ്യൂസറെ എന്നില്‍ നിന്നും തട്ടി മാറ്റി, എന്റെ കഥയുമൊക്കെ തട്ടി മാറ്റി ദിലീപിനിഷ്ടമുളള സംവിധായകനെയും ആ നിര്‍മ്മാതാവിനെയും വെച്ച് പടം ചെയ്യിച്ചു. ആ നിര്‍മ്മാതാവിനെ ഞാന്‍ കൊണ്ട് ചെന്ന് ദിലീപിന് പരിചയപ്പെടുത്തിയതായിരുന്നു. എന്നോട് ഒരു വാക്ക് പോലും പറയാതെ ഒഴിവാക്കി. അതും ഷൂട്ടിംഗ് തുടങ്ങാന്‍ സമയത്ത്. അങ്ങനെ ഞാനത് മാക്ട ഫെഡറേഷനില്‍ പരാതിപ്പെട്ടു. അന്ന് ചെയര്‍മാന്‍ ആയിട്ടിരുന്നത് വിനയനാണ്. വിനയനോട് കംപ്ലെയ്ന്റ് ചെയ്തു. സെക്രട്ടറി ആയിട്ടുളള കെ.മധുവിനോട് കംപ്ലൈയ്ന്റ് ചെയ്തു. അവര്‍ പറഞ്ഞു കംപ്ലെയ്ന്റ് എഴുതി കൊടുക്കണമെന്ന്. ഞാനത് ചെയ്തു. പക്ഷേ അവിടന്ന് ദിലീപ് കളിച്ച ഒരു കളി എന്ന് പറയുന്നത് എല്ലാവരെയും ചേര്‍ത്ത് പിടിച്ച്,പല സംവിധായകര്‍ക്കും പല പ്രൊഡ്യൂസേഴ്‌സിനും ഡെയ്റ്റ് കൊടുക്കാമെന്ന് വാക്ക് കൊടുത്ത ശേഷം ഒന്നടങ്കം മാക്ട ഫെഡറേഷനില്‍ നിന്ന് രാജി വെപ്പിച്ച് എനിക്കും വിനയനും നേരെ വലിയൊരു ശത്രുത ഉണ്ടാക്കി വെച്ചു.

"</p

ഞങ്ങള്‍ രണ്ട് പേരും സിനിമ ചെയ്യാതിരിക്കാനായി പരമാവധി ഞങ്ങളെ ഒതുക്കാന്‍ ശ്രമിച്ചു. ഞാന്‍ മൂന്ന് വര്‍ഷം സിനിമ ചെയ്യാത്ത അവസ്ഥയിലാക്കി. എനിക്ക് ഒരു ആര്‍ട്ടിസ്റ്റും ഡെയ്റ്റ് തരാതെയായി. എല്ലാം ദിലീപിനെ പേടിച്ചിട്ട്. പല നടി നടന്മാരും എന്നില്‍ നിന്നകന്നു നിന്നു. അപ്പോള്‍ ഞാനന്ന് മനസ്സിലാക്കിയത് ദിലീപാണ് മലയാള സിനിമയിലെ ഏറ്റവും വലിയ ആളെന്നതാണ്. കാരണം എന്റെ വീട്ടില്‍ ഗുണ്ടകളെ വിട്ട്, ഫോണ്‍ ചെയ്യിച്ച്, കൊല്ലുമെന്ന് ഭീഷണി പെടുത്തി ഒടുക്കം എത്രയോ രാത്രികളില്‍ ഞങ്ങള്‍ ലാന്‍ഡ് ഫോണെടുത്ത് മാറ്റിയിട്ടുണ്ട്. അങ്ങനെയൊക്കെ അനുഭവിച്ചു ഞാന്‍. മൂന്ന് വര്‍ഷം സിനിമ ചെയ്യാഞ്ഞിട്ടും, ആരുടെയും മുമ്പില്‍ തല കുനിക്കാതെ ജീവിച്ചു ഞാന്‍. അവിടെയൊക്കെ എനിക്ക് പിന്തുണയുമായി തിരുവനന്തപുരത്തുളള ഒരു സംവിധായകരോ നിര്‍മ്മാതാവോ കൂടെ നിന്നില്ല. രാജസേനന്‍ മാത്രമാണ് എനിക്ക് അനുകൂലമായി സംസാരിച്ചത്. എല്ലാവര്‍ക്കും ആവശ്യം ദിലീപിന്റെ ഡെയ്റ്റായിരുന്നു. അല്ലാതെ തുളസീദാസിനെ ആര്‍ക്കും ആവശ്യമില്ലായിരുന്നു.

ഇപ്പോള്‍ ഈ സമയത്ത് ഇവര്‍ക്കൊക്കെ എന്ത് മറുപടിയാണ് പറയാനുളളത്. ദിലീപ് ചെയ്തതിനെ ഇനിയും ന്യായീകരിക്കാന്‍ ആണോ തയ്യാറാകുന്നത്. അതാണ് അറിയേണ്ടത്. ഒരുപാടു കാര്യങ്ങള്‍ തെളിഞ്ഞു വരാനുണ്ട്. കാരണം ദിലീപ് തനിച്ചാകില്ല ഇത് ചെയ്തത്, കൂട്ടു പ്രതികളുണ്ടാകും, മെമ്മറി കാര്‍ഡ് കൊടുത്ത ബന്ധു ആരാണെന്ന് പോലും വ്യക്തമായിട്ടില്ല. പലതും തെളിയാനുണ്ട്. എന്തൊക്കെയായാലും ഒരുപക്ഷേ കോടികള്‍ മുടക്കി ദിലീപ് ജാമ്യത്തിലിറങ്ങുമായിരിക്കാം. ഏത് വലിയ നടനായാലും ശരി പ്രേക്ഷകര്‍ വെറുത്താല്‍ വെറുത്തത് തന്നെയാ. പിന്നെ ഒരു നായകനുമില്ല, സംവിധായകനുമില്ല, പ്രൊഡ്യൂസറുമില്ല, ആരുമില്ല. പ്രേക്ഷകര്‍ തന്നെയാണ് നമ്മുടെ വിധി കര്‍ത്താവ്.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍