UPDATES

സിനിമ

“എടാ ഈശിയേ…” എന്ന് ലിജോയെ നീട്ടി വിളിക്കാന്‍ കൈനകരി തങ്കരാജ് ഇന്നലെ കൊതിച്ചിരുന്നു

‘ലിജോയ്ക്ക് ഏഴ് വയസ് ഉള്ളപ്പോള്‍ തൊട്ട് കാണുന്നതാണ് ഞാ, അവന്‍ എന്റെ മകന്‍, ഞാന്‍ ആരാധിക്കുന്ന സംവിധാകന്‍’

എടാ ഈശിയേ….എന്ന് വാവച്ചന്‍ മേസ്തരി മകനെ വിളിക്കുന്നപോലെ സ്‌നേഹവും അധികാരവുമെല്ലാം ചേര്‍ത്തു നീട്ടിയൊന്നു ലിജോയെ വിളിക്കാന്‍ ഫോണില്‍ മൂന്നു നാലു വട്ടം ശ്രമിച്ചു കൈനകരി തങ്കരാജ് ബുധനാഴ്ച വൈകുന്നേരം. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഈ മ യൗ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും അതിലൊന്ന് മികച്ച സംവിധായകന് ആണെന്നും അറിഞ്ഞതിനു തൊട്ടു പിന്നാലെ തന്നെ തങ്കരാജ് ഫോണെടുത്ത് ലിജോ ജോസ് പല്ലിശ്ശേരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. തിരക്കിലായിരുന്നിരിക്കാം, ഫോണ്‍ ഓഫ് ആയിരുന്നു…ഉള്ളില്‍ നിറഞ്ഞ സന്തോഷം അപ്പോള്‍ തന്നെ പങ്കുവയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു കുഞ്ഞു സങ്കടം ഉണ്ടെങ്കില്‍ പോലും ഞാനിപ്പോള്‍ അത്യാഹ്ലാദവാനാണ്; ഒരു ലോക അവാര്‍ഡ് അല്ലേ എന്റെ കുഞ്ഞിന് കിട്ടിയിരിക്കുന്നത്…

ഈ.മൗ.യൗവില്‍ ഒരു വേഷം ചെയ്ത നടന് ആ സിനിമയുടെ സംവിധായകന് ഇത്രവലിയൊരു അംഗീകാരം കിട്ടിയതിനോട് തോന്നുന്ന സന്തോഷമല്ല, കൈനകരി തങ്കരാജിന് ലിജോയുടെ നേട്ടത്തില്‍ ഉള്ളത്. അതിനെല്ലാം അപ്പുറമാണ്; ഒരു സിനിമയ്ക്കും അപ്പുറം.

എന്റെ മകനാണ് അവാര്‍ഡ് കിട്ടിയത്, ഒരച്ഛന്റെ സന്തോഷവും അഭിമാനവും ആണെനിക്ക്…വല്ലാത്തൊരു ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ട്. ഈ.മ.യൗ വിന്റെ പേരിലുള്ള ബന്ധമല്ല ഞാനും ലിജോയും തമ്മില്‍. ജോസ് (ലിജോയുടെ പിതാവും നടനുമായിരുന്നു അന്തരിച്ച ജോസ് പല്ലിശ്ശേരി) ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം സന്തോഷിക്കുമായിരുന്നോ അതേ അളവിലാണ് ഞാനും സന്തോഷിക്കുന്നത്. ലിജോയ്ക്ക് ഏഴ് വയസ് ഉള്ളപ്പോള്‍ തൊട്ട് കാണുന്നതാണ് ഞാന്‍. എന്റെ മകനെ പോലെയാണ്, അല്ല മകന്‍ തന്നെയാണവന്‍.

വ്യക്തിബന്ധത്തിനപ്പുറം ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകനെ ആരാധിക്കുന്ന ഒരു നടന്‍ ആണ് ഞാനെന്നും തങ്കരാജ് പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണല്ലോ ഗോവയിലേത്. അവിടെ, ലോകോത്തര സംവിധായകരും അവരുടെ ചിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. അവരുടെയെല്ലാം മുകളില്‍ എത്താന്‍ ലിജോയ്ക്ക് കഴിഞ്ഞത്, അത്ര വലിയൊരു പ്രതിഭയായതുകൊണ്ടാണ്. ആ കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.

ഇങ്ങനെയൊരു അവാര്‍ഡ് കിട്ടിയതുകൊണ്ട് മാത്രമല്ല, ഞാന്‍ ആകെ രണ്ട് പടങ്ങളെ ലിജോയ്‌ക്കൊപ്പം ചെയ്തിട്ടുള്ളൂ. എന്നാല്‍, ആ കുഞ്ഞ് ചെയ്ത പടങ്ങളെല്ലാം കണ്ടിട്ടുള്ളൊരാള്‍ എന്ന നിലയില്‍ പറയാം; ലിജോ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനാണ്. ലിജോയോട് ശരിക്കും ആദരവാണ്. വല്ലാത്തൊരു ആത്മധൈര്യമുള്ള സംവിധായകനാണ് ലിജോ. ഈ.മ.യൗ പോലൊരു സിനിമ ഉണ്ടാകുന്നത് ആ ആത്മധൈര്യത്തില്‍ നിന്നാണ്. അനുഭവത്തിനും പ്രായത്തിനും അപ്പുറമാണ് ലിജോയുടെ കഴിവ്. ഒരു സിനിമയ്ക്ക് വേണ്ടതെന്ന് പരമ്പരാഗതമായി നിശ്ചയിച്ചു വച്ചിരിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി കൊണ്ടാണ് ഈ.മ.യൗ ലിജോ ചെയ്തിരിക്കുന്നത്. അതയാളുടെ വീക്ഷണ ശക്തിയാണ്. മൂന്നുതരം സംവിധായകരാണുള്ളത്. പ്രേക്ഷകര്‍ക്കു പിന്നാലെ പോകുന്നവര്‍, പ്രേക്ഷകര്‍ക്ക് ഒപ്പം പോകുന്നവര്‍, പ്രേക്ഷകരെ തനിക്കു പിന്നാലെ കൊണ്ടുവരുന്നവര്‍. പ്രേക്ഷകരെ തനിക്കു പിന്നാലെ കൊണ്ടു വരുന്ന സംവിധായകനാണ് ലിജോ. പ്രേക്ഷകനോട് തന്റെ പിന്നാലെ വരാനാണ് ലിജോ പറയുന്നത്. അപരാമയ ധൈര്യം, പ്രതിഭ, കാഴ്ച്ചപ്പാടുകളിലുള്ള സത്യസന്ധത എന്നിവയുള്ളൊരു സംവിധായകനെ ഇങ്ങനെ പറയാന്‍ പറ്റൂ. പത്മരാജനും ഭരതനുമൊക്കെ ഇതേ ഗണത്തില്‍പ്പെട്ടവരാണെങ്കിലും അവരൊക്കെ എടുത്തതിനേക്കാള്‍ വലിയ റിസ്‌കിലാണ് ലിജോ തന്റെ സിനിമകള്‍ ചെയ്യുന്നത്.

അമേനില്‍ ഒരു ലൗവ് സീന്‍ ഉണ്ട്. ഫഹദ് അച്ചനാകാന്‍ പോകുവാണെന്നു അറിയുമ്പോള്‍ നായിക പാലത്തില്‍ വച്ച് നിനക്ക് പള്ളീലച്ചനാകണോ അതോ എന്റെ പിള്ളേര്‌ടെ അച്ചനാകാണോ എന്നു തടഞ്ഞു നിര്‍ത്തി ചോദിക്കുന്ന സീന്‍. ലൗ സീനൊക്കെ ഇങ്ങനെയെടുത്താല്‍ പ്രേക്ഷകരത് സ്വീകരിക്കുമോ എന്നു ഞാന്‍ ലിജോയോട് ചോദിച്ചു. ചേട്ടാ തിയേറ്ററില്‍ നോക്കിക്കോ ഇതിന്റെ റിസള്‍ട്ട് വേറെ ഒന്നായിരിക്കും;വളരെ കൂളായി ഒരു ചിരിയോടെ ലിജോ പറഞ്ഞു. അതു തന്നെ സംഭവിച്ചു. ആളുകള്‍ എഴുന്നേറ്റു നിന്നു കൈയടിക്കുകയല്ലായിരുന്നോ! ഞാന്‍ ഒരു വിഡ്ഡിയാണല്ലോ എന്നു തോന്നിപ്പോയി. എനിക്ക് ഇത്രയ്ക്ക് ലോകപരിചയമേ ഉള്ളല്ലോ എന്നു തോന്നിപ്പോയി. അതാണ് ലിജോ. അവിടെയാണ് എനിക്ക് ലിജോയോടുള്ള ബഹുമാനവും ആദരവും.

ഞാന്‍ കെപിഎസിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചാലക്കുടി സാരഥിയുടെ ഉടമകളില്‍ ഒരാളായ ജോസ് പല്ലിശ്ശേരിയും സഹ ഉടമകളും എന്നെ കാണാന്‍ വരുന്നത്. പി സി സേവ്യര്‍ എന്ന നടന്റെ മരണത്തോടെ അദ്ദേഹത്തിന് പകരക്കാരനായി ഒരാളെ അവര്‍ക്ക് വേണം. എന്നെയാണവര്‍ ആഗ്രഹിക്കുന്നത്. കെപിഎസി വിട്ട് പോവുക എന്നത് അന്നത്തെ കാലത്ത് ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. പക്ഷേ, അവര്‍ എന്നെ നിര്‍ബന്ധിക്കുകയാണ്. ഒഴിഞ്ഞു മാറാന്‍ പലതും ഞാന്‍ പറഞ്ഞു നോക്കി. വലിയ ഡിമാന്‍ഡുകള്‍ വച്ചു നോക്കി. അതെല്ലാം അവര്‍ സമ്മതിക്കുകയാണ് ചെയ്തത്. ഒടുവില്‍ എനിക്കവര്‍ക്ക് വഴങ്ങേണ്ടി വന്നു. ഒരു വര്‍ഷം കഴിഞ്ഞ് സാരഥി വിട്ട് തിരികെ കെപിഎസിയിലേക്ക് വരാമെന്ന തീരുമാനത്തിലാണ് ചാലക്കുടിക്ക് പോയതെങ്കിലും സാരഥിയില്‍ നിന്നു പോരുന്നത് പത്തുവര്‍ഷം കഴിഞ്ഞാണ്. അന്ന് ഞാന്‍ സാരഥിയില്‍ എത്തുമ്പോള്‍ ലിജോയ്ക്ക് ഏഴു വയസാണ്. അവധിക്കാലത്ത് ലിജോയെ കൈനകരിയില്‍ എന്റെ വീട്ടിലൊക്കെ കൊണ്ടുവന്നിട്ടുണ്ട്. ആ ബന്ധമാണ് ലിജോയോട് എനിക്കുള്ളത്.

ഞാനെന്ന നടനെക്കുറിച്ച് ലിജോയ്ക്ക് അറിയാമെങ്കിലും ലിജോ സിനിമ സംവിധായകനായത് എനിക്ക് അറിയാമായിരുന്നിട്ടും നിന്റെ സിനിമയില്‍ എനിക്കൊരു വേഷം വേണമെന്നും ഞാനങ്ങോട്ട് ചോദിച്ചിട്ടില്ല. അമേനില്‍ അഭിനയിക്കാന്‍ വിളിക്കുന്നതുവരെ അങ്ങനെയൊരു വര്‍ത്തമാനം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടേയില്ല. ആമേനില്‍ അഭിനയിക്കാന്‍ വരണമെന്നു പറഞ്ഞു വിളിച്ചപ്പോള്‍ എനിക്കതിലൊരു അത്ഭുതം തോന്നി. ഒരു വേഷമുണ്ട്; അത് ചേട്ടന്‍ തന്നെ ചെയ്യണം എന്നാണ് ലിജോ വിളിച്ചു പറഞ്ഞത്. ഞാന്‍ ചോദിച്ചു, നീ എന്നെ കണ്ടിട്ട് തന്നെ കുറേ കൊല്ലമായില്ലേ, ഞാന്‍ ആ കഥാപാത്രത്തിനു പറ്റുമെന്ന് ഉറപ്പാണോ? അതേ എന്നായിരുന്നു മറുപടി. എന്തുകൊണ്ട് അതിനു മുമ്പുള്ള സിനിമകളില്‍ എന്നെ വിളിച്ചില്ല, ഇപ്പോള്‍ ഈ.മ.യൗ കഴിഞ്ഞ് ചെയ്യാന്‍ പോകുന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നില്ല എന്നൊക്കെയുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. കഥാപാത്രത്തിന് യോജിക്കുന്ന അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ ലിജോയ്ക്ക് അറിയാം. അമേനിലെ കഥാപാത്രത്തിന് ഞാനും ചേരും, ഈ.മ.യൗവിലെ വാവച്ചന്‍ മേസ്തരിയാകാന്‍ എനിക്ക് കഴിയുമെന്ന് എന്റെ നാടകങ്ങള്‍ കണ്ടിട്ടുള്ള ലിജോയ്ക്ക് വിശ്വാസമുണ്ടായിരുന്നു. അടുത്ത സിനമയില്‍ എനിക്ക് യോജിക്കുന്ന വേഷം ഉണ്ടാകില്ല. അതുകൊണ്ട് വിളിക്കുന്നില്ല. അതാണൊരു സംവിധായകന്‍. തന്റെ സിനിമയെക്കുറിച്ച് പൂര്‍ണമായ കാഴ്ച്ചപ്പാടുള്ളൊരു സംവിധായകന് മാത്രമെ ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയൂ. കാഴ്ച്ചപ്പാടില്‍ കാണിക്കുന്ന സത്യസന്ധതയും ധൈര്യവും തന്നെയാണ് ലിജോയുടെ സിനിമകളുടെ മികവും. ഞാനായാട്ട് അങ്ങോട്ട് ഒരു വേഷത്തിനായി ചോദിക്കുകയുമില്ല. കാരണം, എനിക്ക് തരാന്‍ വേഷമില്ലെങ്കില്‍ അത് ലിജോയുടെ മനസില്‍ വിഷമം ഉണ്ടാക്കും. ആ കുഞ്ഞിന്റെ മനസ് വേദനിപ്പിക്കാന്‍ എനിക്ക് വയ്യ. വാവച്ചന്‍ മേസ്തരി എന്നൊരു കഥാപാത്രം എനിക്ക് തന്നല്ലോ. പ്രേക്ഷകര്‍ക്ക് എന്നെ ഓര്‍ക്കാന്‍ ആയൊരൊറ്റ കഥാപാത്രം പോര! ആ സിനിമയില്‍ എനിക്ക് അര്‍ഹിക്കാത്ത പരിഗണനയും സ്ഥാനവും ലിജോ തരികയും ചെയ്തു. ഇനിയവനെന്നെ മറ്റൊരു സിനിമയ്ക്ക് വിളിച്ചില്ലെങ്കില്‍ ഒരുതരിപോലും പരിഭവോ പിണക്കമോ തോന്നാത്തവിധം ലിജോ എന്നെ പരിഗണിച്ചു കഴിഞ്ഞു. ഇപ്പോള്‍ കിട്ടിയിരിക്കുന്ന പുരസ്‌കാരങ്ങളിലൊന്നും നില്‍ക്കില്ല. ഇനിയുമൊരുപാട് ഉയരങ്ങളില്‍ എത്തും. അതൊക്കെ കണ്ട് സന്തോഷിക്കുമ്പോള്‍ മറ്റുള്ളവരെക്കാള്‍ കുറച്ചൊരു അവകാശം ലിജോയ്ക്കുമേല്‍ എനിക്ക് ഉണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ കൂടുതല്‍ സന്തോഷിക്കും.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകന്‍, നടന്‍ എന്നീ പുരസ്‌കാരങ്ങളാണ് ഈ.മ.യൗ സ്വന്തമാക്കിയത്. മലയാള സിനമയ്ക്ക് ഏറെ അഭിമാനിക്കാനുള്ള നേട്ടങ്ങള്‍. ആ നേട്ടങ്ങളില്‍ സ്വകാര്യസന്തോഷം അനുഭവിക്കുകയാണ് തങ്കരാജ്. ലിജോക്ക് മാത്രമല്ല, ചെമ്പനും കിട്ടിയല്ലോ അവാര്‍ഡ്. മികച്ച നടനായി. ലൊക്കേഷനില്‍ എന്നെ അച്ചാ എന്നായിരുന്നു ചെമ്പന്‍ വിളിച്ചിരുന്നത്. വാച്ചനും ഈശിയും തമ്മിലുള്ള അതേ ബന്ധമായിരുന്നു ഞാനും ചെമ്പനും. അതുകൊണ്ട് എനിക്ക് ഇരട്ടി സന്തോഷമാണ് ഇപ്പോള്‍. എന്റെ രണ്ട് മക്കള്‍ക്കല്ലേ വലിയ പുരസ്‌കാരങ്ങള്‍ കിട്ടിയിരിക്കുന്നത്…

ഈ.മ.യൗവിലെ വാവച്ചന്‍ മേസ്തിരിക്കപ്പുറം കൈനകരി തങ്കരാജ് എന്ന നടനെക്കുറിച്ച് എന്തറിയാം?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍