UPDATES

ട്രെന്‍ഡിങ്ങ്

സിനിമാതാരം ‘ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി’ മണിക്ക് ഇനി സ്വന്തം വീട്

ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ ലാലിനൊപ്പം ബാലതാരമായി അഭിനയിച്ച ആദിവാസി ബാലനാണ് ഈ മണി

മണിയെ മറന്നോ? മോഹന്‍ലാലിനൊപ്പം ‘ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി’ പാട്ടിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന അന്നത്തെ ആദിവാസി ബാലന്‍ മണിയുടെ ഒരു സ്വപ്‌നം പൂര്‍ത്തിയായിരിക്കുകയാണ്. സ്വന്തമായൊരു വീടെന്ന മണിയുടെ സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നത്. 2006-ല്‍ രഞ്ജന്‍ പ്രമോദിന്റെ ഫോട്ടോ ഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ ലാലിനൊപ്പം ബാലതാരമായി അഭിനയിച്ചതിനാണ് മണിയ്ക്ക മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവാര്ഡ് ലഭിച്ചതുകൊണ്ടൊന്നും മണിയുടെ ജീവിതത്തിനു വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അവാര്‍ഡിന്റെ തിളക്കത്തില്‍ മണിയെത്തേടി ഒരുപാട് വാഗ്ദാനങ്ങള്‍ എത്തിയെങ്കിലും ഒന്നും നടപ്പിലായില്ല.

മറ്റേതൊരു ആദിവാസി ബാലനെയും പോലെതന്നെയായിരുന്നു മണിയുടെയും ജീവിതം. അച്ഛന് നേരേ ചൊവ്വേ പണി ഒന്നുമില്ലാത്തതുകൊണ്ട് പലപ്പോഴും മുഴുപ്പട്ടിണി തന്നെയായിരുന്നു മണിക്ക് കൂട്ട്. അച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെ മൂന്ന് കുടുംബങ്ങളോടൊപ്പം ഒരു ചെറിയ കൂരയിലായിരുന്നു മണിയുടെ താമസം. കിട്ടിയ സംസ്ഥാന അവാര്‍ഡും പ്രശസ്തി പത്രവും ഒന്നും സൂക്ഷിച്ച് വെക്കാന്‍ മണിയുടെ കൂരയില്‍ ചോര്‍ന്നൊലിക്കാത്ത ഇടം ഉണ്ടായിരുന്നില്ല. മറ്റ് കുട്ടികള്‍ സന്തോഷത്തോടെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മണി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് നന്നെ ചെറുപ്പത്തില്‍ തന്നെ കൂലിപ്പണിക്ക് പോയിത്തുടങ്ങിയിരുന്നു. മണി ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായി. വൈകാതെ രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനും.


അവാര്‍ഡിന്റെ നിറവില്‍ മണിയെ തേടി ചുരം കയറിയവര്‍ പലരും മണിക്ക് സ്വന്തമായൊരു വീട് വാഗ്ദാനം ചെയ്തിരുന്നു. മണിക്ക് വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്കും എന്ന സര്‍ക്കാര്‍ വാഗ്ദാനവും പാഴായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിക്ക് വീട് നല്കുമെന്ന് മണിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് മണി വീടും സ്ഥലവും കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നു അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് ഇപ്പോള്‍ മണിയുടെ സ്വപ്നവീട് പൂര്‍ത്തിയാക്കുന്നത്. 2016-ല്‍ ആദിവാസികള്‍ക്കുള്ള ഭാവന നിര്‍മ്മാണ പദ്ധതിയുമായി വയനാട്ടിലെത്തിയ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ശ്രദ്ധയില്‍ മണിയുടെ കാര്യം പെടുത്തിയത് കല്‍പ്പറ്റയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ചെറ്റക്കുടിലില്‍ താമസിച്ച് കുടുംബം പോറ്റാന്‍ വേണ്ടി കൂലിപ്പണിയെടുത്ത് കഷ്ടപ്പെടുന്ന മണിയുടെ അവസ്ഥ ചെതലയം പൂവഞ്ചിയിലെത്തിയ സൊസൈറ്റി ഭാരവാഹികള്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി മണിക്ക് വീട് വെച്ചുനല്കാന്‍ തീരുമാനിക്കുന്നത്.

മണിക്ക് സ്വന്തമായി ഭൂമിയില്ല. മണിയുടെ ഭാര്യയുടെ അമ്മ വിട്ടു കൊടുത്ത സ്ഥലത്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 3.93 ലക്ഷം രൂപയാണ് വീട് പണിക്കു ചിലവായത്. 400 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ കിടപ്പുമുറിയും ഹാളും അടുക്കളയും ടോയിലറ്റും ഉണ്ട്. പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ ഉടന്‍തന്നെ മണിക്ക് കൈമാറുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍