ഒരിക്കല്‍ നസീര്‍ സത്യനോട് ചോദിച്ചു, നിങ്ങള്‍ക്ക് മാത്രം നല്ല നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നത് എന്തുകൊണ്ടാണ്? തനിക്ക് സ്ഥിരം കാമുക വേഷങ്ങളും മരംചുറ്റി പ്രേമവും അഭിനയിക്കേണ്ടി വരുന്നതിലുള്ള മടുപ്പും സത്യന്‍ ചെയ്യുന്നതുപോലെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം കൊണ്ടുമായിരുന്നു നസീറിന്റെ ചോദ്യം. സത്യന്‍ പറഞ്ഞു; നിങ്ങളുടെ മുഖം ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങള്‍ക്കാണ് അനുയോജ്യം. എനിക്ക് നിങ്ങളെക്കാള്‍ പ്രായമുണ്ട്, എന്റെ മുഖം പരുക്കനാണ്. അതാണ് എന്നെത്തേടി അത്തരം വേഷങ്ങള്‍ വരുന്നത്. നിങ്ങള്‍ക്ക് കുറച്ചുകൂടി പ്രായമാകട്ടെ, അപ്പോള്‍ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയും….
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സുന്ദരനായ നായകന്‍. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ചതിന് ഗിന്നസ് റെക്കോര്‍ഡ് നേടിയ നടന്‍…നസീര്‍ പക്ഷേ എന്നും പറഞ്ഞിരുന്നത് ആറുന്നൂറിനു മുകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്‍ ആണെന്നാണ്. 90 ല്‍ അധികം നായികമാരോടൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നായകന്‍ തനിക്ക് സ്ഥിരം കിട്ടുന്ന മരംചുറ്റിപ്രേമരംഗങ്ങളില്‍ നിന്നുള്ള വിടുതല്‍ എന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ കോമേഴ്‌സ്യല്‍ സിനിമകളുടെ നസീര്‍ എന്ന ആവശ്യകതയില്‍ നിന്നും അദ്ദേഹത്തിന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. പിന്നീട് പ്രായമായപ്പോള്‍ കിട്ടിയ വേഷങ്ങള്‍ അദ്ദേഹത്തിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് സാധിച്ചോ എന്നറിയില്ല. ഇല്ലായിരിക്കും. ഒരുപക്ഷേ മരണം അദ്ദേഹത്തിന്റെ കാര്യത്തില്‍ കുറച്ച് ധൃതി കാണിച്ചതുകൊണ്ടുമാകാം.
മമ്മൂട്ടിയെക്കുറിച്ച് ഈ സത്യം തുറന്നു പറയാന്‍ മടിക്കുന്നവരാണ് പലരും; നടന്‍ കൊല്ലം അജിത് എഴുതുന്നു
നസീറിനോളം സുന്ദരനായൊരു നടന്‍ പിന്നീട് മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെതായ നേട്ടങ്ങള്‍ മറ്റാരും സ്വന്തമാക്കിയിട്ടുമില്ല. നസീര്‍ ശരാശരിക്കാരനായ, നിരവധി പരിമിതികള്‍ ഉള്ള ഒരു നടന്‍ ആയിരുന്നു. പക്ഷേ അദ്ദേഹം കൊമേഴ്‌സ്യല്‍ സിനിമയിലെ നായകനു വേണ്ടിയിരുന്ന രൂപസൗന്ദര്യത്തിന്റെ കാര്യത്തില്‍ എതിരാളികള്‍ ഇല്ലാത്തവനായിരുന്നു. എന്നിട്ടും തന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ച്, അത് നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ തയ്യാറായി, എന്നുമൊരു സുന്ദര നായകനായി സിനിമയില്‍ തുടരാനായിരുന്നില്ല ആഗ്രഹിച്ചത്. ഭ്രാന്തന്‍ വേലായുധന് തന്റെ കഥാപാത്രങ്ങളുടെ ഏറ്റവും മുകളില്‍ സ്ഥാനം കൊടുത്തത്, ആ കഥാപാത്രത്തെ ആവേശമായി കൊണ്ടു നടന്നത് നസീറിന്റെ ഉള്ളിലെ ഒരു നടനായി അറിയപ്പെടാനുള്ള കൊതിയായിരുന്നു.
തന്റെ സൗന്ദര്യത്തെ മറികടന്ന് കഥാപാത്രത്തിന്റെ സ്വാഭാവിക രൂപവേഷാദികളിലേക്ക് പരകായപ്രവേശം നടത്തിയിട്ടുള്ള മറ്റു നായകന്മാരും നമുക്കുണ്ട്. തനിക്ക് ആവശ്യമുണ്ടെന്നു വിശ്വസിക്കുന്ന കഥാപാത്രങ്ങള്‍ തേടി വരുമ്പോഴായിരുന്നു ആ കഥാപാത്രത്തിലേക്ക് സ്വയം മാറാന്‍ ഈ നടന്മാര്‍ തയ്യാറായിരുന്നത്. ഇടയ്ക്ക് ചിലര്‍ വേഷം കെട്ടലുകള്‍ നടത്തി നോക്കാറുണ്ട്, അവരെ പരിഗണിക്കേണ്ട. പറയുന്നത് കഥാപാത്രങ്ങളെ അനുസരിച്ചിരുന്ന അഭിനേതാക്കളെക്കുറിച്ചാണ്.
നസീറിന്റെ കാര്യം പറഞ്ഞു തുടങ്ങിയത്, കഥാപാത്രങ്ങളോട് സന്ധി ചെയ്യാന്‍ സന്നദ്ധത കാണിക്കാതെ, തന്റെ ശരീരത്തിനും സൗന്ദര്യത്തിനും മാത്രം പ്രധാന്യം നല്‍കി കഥാപാത്രങ്ങളോട് വിട്ടുവീഴ്ച ചെയ്യൂ എന്ന് ആജ്ഞാപിക്കുന്ന തരത്തിലേക്ക് അഭിനേതാക്കള്‍ മറിയിരിക്കുന്ന, അതായത് ചെരിപ്പിനുസരിച്ച് കാലു മുറിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തെക്കുറിച്ച് പറയുമ്പോള്‍ നസീര്‍ ഒരു നല്ല മാതൃകയായി തോന്നിയതുകൊണ്ടാണ്. എന്റെ സൗന്ദര്യമാണ് എന്റെ ആരാധകന് കാണേണ്ടതെന്നും ആ ആരാധകന്റെ സംതൃപ്തിയാണ് സിനിമയുടെ വിജയമെന്നും വിശ്വസിക്കുന്നവരുടെ മുന്നില്‍ നസീര്‍ ഒരു നല്ല പുസ്തകമാണ്; വായിച്ചു മനസിലാക്കാന്‍.
കഥാപാത്രങ്ങളാണ് ഒരു അഭിനേതാവിനെ സുന്ദരനാക്കുന്നതെന്നതിന് തെളിവായിരുന്നു നസീറിന്റെ നഷ്ടബോധവും സത്യന്റെ നേട്ടവും. എല്ലാക്കാലത്തും അതങ്ങനെ തന്നെയാണ്. എംജിആര്‍ സുന്ദരനായിരുന്നു ശിവാജി ഗണേശനെക്കാള്‍. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ നേരെ തിരിച്ചും. മരുദൂര്‍ ഗോപലന്‍ രാമചന്ദ്രന്‍ എല്ലാ സിനിമയിലും എംജിആര്‍ തന്നെയായിരുന്നു. പക്ഷേ വില്ലുപുരം ചിന്നയ്യ ഗണേശന്‍ ശിവാജി ഗണേശനെന്നും വീരപാണ്ഡ്യ കട്ടബൊമ്മനെന്നും കര്‍ണനെന്നുമൊക്കെ കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെട്ടു. സൗന്ദര്യമോ സ്‌റ്റൈലോ അല്ല ഒരു നടന്റെ മികവുകള്‍ എന്ന തിരിച്ചറിവുള്ളയാളാണ് കമല്‍ ഹാസന്‍. കമല്‍ 64 ആം വയസിലും സുന്ദരനാണ്. എന്നാലും ഇപ്പോള്‍ വരെ ഉലകനായകന്‍ എന്നു തന്റെ അഭിനയ മികവില്‍ അറിയപ്പെട്ടുകൊണ്ടിരിക്കാന്‍ കമലിനു സാധിക്കുന്നുണ്ട്. 64 ലും ‘എന്തൊരു ലുക്ക്’ എന്നല്ല കമലിന്റെ സിനിമകള്‍ കാണുമ്പോള്‍ തോന്നുന്നത്. അതേസമയം രജനികാന്ത് ഇന്നും സ്റ്റൈല്‍ മന്നനാണ്. നടികര്‍ മന്നന്‍ അല്ല. ജോണിക്കു ശേഷം രജനി തന്റെ കരിയറില്‍ ഒരു റിസ്‌ക് എടുത്തില്ല. ബാബയ്ക്കുശേഷം തന്റെ കച്ചവടരസക്കൂട്ടില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. ഭയവും ആത്മവിശ്വാസവും അഭിനേതാക്കളെ തരംതിരിക്കുന്നതിങ്ങനെയാണ്.
താരാരാധന സാമൂഹ്യവിരുദ്ധതയാകരുത്; മമ്മൂട്ടി എന്തുകൊണ്ട് ഇടപെടണം?
വയോധിക താരങ്ങള്‍ക്ക് ഊന്നുവടികളാകുന്നവര്‍ പോലും പ്രതിരോധ യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ തങ്ങളുടെ ഹീറോകള്‍ ആയകാലത്ത് ചെയ്ത കഥാപാത്രങ്ങളെയാണ്. എന്നിട്ടുപോലും അവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നില്ല. അഭിനേതാക്കള്‍ കഥാപാത്രങ്ങളെ ബഹുമാനിച്ചിരുന്ന ഒരു കാലത്തിലെ സൃഷ്ടികളെ വച്ച് ചെക്ക് പറയുമ്പോള്‍ പിന്നില്‍ തല കുമ്പിട്ടു നില്‍ക്കുന്ന രാജാവിനെ അവര്‍ കാണാതെ പോവുകയാണ്. തലയുയര്‍ത്തി പ്രതികരിക്കാനാവാതെ രാജാവ് നിശബ്ദനാണ്.
മമ്മൂട്ടീ, സീരിയലുകള്‍ കലാവൈകൃതങ്ങളാണ്, സമ്മതിക്കുന്നു; താങ്കളുടെ സിനിമകളോ?