UPDATES

സിനിമ

താരങ്ങളുടെ ജയില്‍ സന്ദര്‍ശനവും ദിലീപിന് പാരയായി

പ്രതിയുടെ സ്വാധീനം വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ തെളിവാക്കിയത് താരങ്ങളുടെ ജയില്‍ സന്ദര്‍ശനം

നടന്‍ ദിലീപ് ഇന്നലെ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങളില്‍ പ്രധാനമായത് ജാമ്യം കിട്ടി പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു. ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ദിലീപിനു കഴിയുമെന്നതിനു തെളിവു ചൂണ്ടിക്കാണിച്ചത് താരങ്ങളുടെയും സിനിമാപ്രവര്‍ത്തകരുടെയും ജയില്‍ സന്ദര്‍ശനം തന്നെ. വലിയ രാഷ്ട്രീയ സ്വാധീനമുള്ള ജനപ്രതിനിധികളും സിനിമാലോകത്തുള്ളവരും ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ പോലും അണിനിരക്കുന്നതു പ്രതിയുടെ സ്വാധീനത്തെയാണ് കാണിക്കുന്നതെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗൗരവതരമായ തെളിവുകള്‍ക്കൊപ്പം ഈ മുന്നറിയിപ്പും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചതോടെയാണ് സ്വാഭാവിക ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്ന ദിലീപിന്റെ വാദം തള്ളിക്കളഞ്ഞുകൊണ്ട് കോടതി ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരേ ബലാത്സംഗം അടക്കമുള്ള അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതി അറിയിച്ചത്. അതിനിടെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 10-നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്.

നേരത്തെ ആലുവ സബ് ജയിലില്‍ സിനിമാപ്രവര്‍ത്തകരും താരങ്ങളും കൂട്ടമായി എത്തിയപ്പോള്‍ തന്നെ ഈ സന്ദര്‍ശനം ദിലീപിന് എതിരായി പരിണമിക്കുമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ജയിലില്‍ സന്ദര്‍ശനം നടത്തി പുറത്തിറങ്ങിയതിനു പിന്നാലെ പരസ്യമായി ദിലീപിനെ എല്ലാവരും പിന്തുണയ്ക്കണമെന്നും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരൊക്കെ ദിലീപിനോട് നന്ദി കാണിക്കണം എന്നൊക്കെയുള്ള കെ ബി ഗണഷ് കുമാര്‍ എംഎല്‍എയുടെ ആഹ്വാനം വലിയ വിവാദം ഉയര്‍ത്തുകയും ചെയ്തിരുന്നു. അതിപ്പോള്‍ ദിലീപിന് ജാമ്യം കിട്ടാതിരിക്കാന്‍ ഒരു കാരണം കൂടിയായി. ഇതുമായി ബന്ധപ്പെട്ട് സംവിധായികയും വിമന്‍ കളക്ടീവ് അംഗവുമായി വിധു വിന്‍സെന്റ് നടത്തിയ ഒരു അഭിപ്രായം ഇപ്പോള്‍ ഫലത്തില്‍ വന്നപോലെയാണ്. ദിലീപിനെ ജയിലില്‍ പോയി കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഗണേശ് കുമാറിനെ പോലുള്ളവര്‍ക്ക് അയാളോട് പകയുണ്ടോയെന്നു സംശയിക്കേണ്ടതാണെന്നും ഈ സന്ദര്‍ശനങ്ങള്‍ പ്രോസിക്യൂഷന്‍ ദിലീപിനെതിരേ ഉപയോഗിക്കുമെന്ന് അറിയാത്തവരല്ല ഇവരാരുമെന്നും അതുകൊണ്ട് തന്നെ ദിലീപ് ജയിലില്‍ തന്നെ കിടക്കട്ടേ എന്നാണോ ഗണേശിനെപോലുള്ളവര്‍ കരുതുന്നതെന്ന് അത്യാവാശ്യം ബുദ്ധിയുള്ളവര്‍ക്ക് സംശയിക്കാമെന്നുമായിരുന്നു വിധു വിന്‍സെന്റ് പറഞ്ഞത്.

അഭിനേതാക്കളായ ജയറാം, കെപിഎസി ലളിത, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍ ഏലൂര്‍ ജോര്‍ജ് സംവിധായകരായ ജോഷി, രഞ്ജിത്ത്, നാദിര്‍ഷാ, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍, രഞ്ജിത്ത്, അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥകൃത്ത് ബെന്നി പി നായരമ്പലം തുടങ്ങിയവരൊക്കെ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഓണത്തിനായിരുന്നു താരങ്ങളുടെ കൂടുതല്‍ ഒഴുക്ക്. നിയമങ്ങളും നിയന്ത്രണങ്ങളും തെറ്റിച്ച് താരങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശനത്തിന് അനുമതി കൊടുക്കുന്നതിനെതിരേ പരാതി വ്യാപകമായതോടെ ഇപ്പോള്‍ സന്ദര്‍ശനകാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ ഗണേഷ് കുമാറിന്റെ ജയില്‍ സന്ദര്‍ശനം ചട്ടവിരുദ്ധമാണെന്നു കാണിച്ച് നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. താരങ്ങളും സിനിമാക്കാരും തനിക്ക് പിന്തുണയര്‍പ്പിക്കാനാണ് ജയിലില്‍ എത്തിയതെങ്കിലും ഫലത്തില്‍ അതു ദിലീപിന് തിരിച്ചടിയാവുകയാണ് ചെയ്തിരിക്കുന്നത്.

ഇത്തവണ ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയും ഇവരുടെയൊക്കെ സന്ദര്‍ശനത്തിനു പിന്നില്‍ ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ചവര്‍ക്കൊക്കെ തിരിച്ചടിയായിരിക്കുകയാണ് ജാമ്യം നിഷേധിക്കപ്പെട്ട സംഭവം. ഇനിയിപ്പോള്‍ ദിലീപിന്റ മുന്നിലുള്ള വഴികള്‍ കൂടുതല്‍ ദുര്‍ഘടമാണ്. നടിയുടെ നഗ്നദൃശ്യം പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമെ തന്റെ പേരില്‍ ചുമത്തിയിട്ടുള്ളൂവെന്നും ഇതു 10 വര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നും അതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ദിലീപിന്റെ പ്രധാനവാദം. എന്നാല്‍ പ്രതിക്കെതിരേ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ വ്യക്തമാക്കി. അതുപോലെ 65 ദിവസമായി ജയിലില്‍ കിടക്കുന്ന തനിക്ക് സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ടെന്ന ദിലീപിന്റെ വാദം കോടതിയും തള്ളിക്കളഞ്ഞു.

ഇനിയിപ്പോള്‍ ദിലീപിന് മുന്നിലുള്ള വഴികള്‍ ഇവയാണ്. വീണ്ടും ഹൈക്കോടതിയിലേക്ക് ജാമ്യാപേക്ഷയുമായി പോവുക. മുമ്പ് രണ്ടു തവണ അവിടെ നിന്നും ജാമ്യം നിഷേധിച്ചതാണ്. അതല്ലെങ്കില്‍ ഇതേ മജിസ്‌ട്രേറ്റ് കോടതിയെ തന്നെ സമീപിക്കുക. പുതിയതായി പറയാന്‍ അപ്പോള്‍ വേറെ എന്തു വാദങ്ങള്‍ ഉണ്ടാകുമെന്നതും അവിടെ പ്രസക്തമായ ചോദ്യമാണ്. അതല്ലെങ്കില്‍ ജില്ല സെഷന്‍സ് കോടതിയെ ജാമ്യത്തിനായും സമീപിക്കാം. അതിനും മുകളില്‍ സുപ്രീം കോടതിയില്‍ പോകാനും മുന്നില്‍ വഴിയുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം ഉണ്ടാകില്ലെന്ന് അറിയുന്നു. സുപ്രീം കോടതിയെ ഇപ്പോള്‍ സമീപിക്കേണ്ടതില്ലെന്നത് ദിലീപിന്റെ തന്നെ നിര്‍ദേശമാണെന്നും അറിയുന്നു.

ഇനിയിപ്പോള്‍ കാത്തിരിക്കാവുന്നത് ഒരു കാര്യത്തിലാണ്. അടുത്ത മാസം 10-ന് ദിലീപ് ജയിലിലായിട്ട് 90 ദിവസമാകും. അതിനകം അന്വേഷണസംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരിക്കല്‍ കൂടി മജിസ്‌ട്രേറ്റ് കോടതിയിലോ ഹൈക്കോടതിയിലോ ദിലീപിനു വരാം. അപ്പോള്‍ ഒരിക്കല്‍ കൂടി സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാം. നിശ്ചിത സമയത്തിനുള്ളിലും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെങ്കില്‍ അവിടെ പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കാന്‍ കോടതിക്ക് തീരുമാനം എടുക്കാം. എന്നാല്‍ ആ പ്രതീക്ഷ നേരിയൊരു ശതമാനം മാത്രമാണ്. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതിലവര്‍ വിജയിച്ചാല്‍ ദിലീപ് പിന്നെയും കഷ്ടപ്പെടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍