UPDATES

സിനിമാ വാര്‍ത്തകള്‍

‘ദിലീപ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് യുക്തിരഹിതം: അഭിഭാഷകന്‍ രാമന്‍ പിള്ള

ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ പുതിയ തെളിവുകള്‍ ഹാജരാക്കും?

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളില്‍ ഒന്ന് താരം ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നതാണ്. ജാമ്യഹര്‍ജിയില്‍ ദിലീപിന്റെ അഡ്വക്കേറ്റ് ബി രാമന്‍പിളളയുടെ പ്രധാന വാദങ്ങള്‍-

-പ്രധാന പ്രതി പള്‍സര്‍ സുനിയും ദിലീപും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. കൂടാതെ ദിലീപിന് സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ പുറത്തുനിന്ന് ആള്‍ക്കൂട്ടത്തില്‍ ഗൂഢാലോചന നടത്തേണ്ടതുണ്ടോ? ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ ഇവര്‍ തമ്മില്‍ കണ്ടതിന് തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈല്‍ ടവറിന് മൂന്ന് കിലോമീറ്ററിലേറെ പരിധിയുണ്ടെന്ന കാര്യവും ഓര്‍ക്കണം.

-പോലീസ് കണ്ടെടുത്ത ഒന്‍പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലുവര്‍ഷത്തെ ഗൂഢാലോചന ആയിരുന്നെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കേണ്ടതല്ലേ? സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കഥ മെനയുകയാണ്. സുനില്‍ ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പോലീസ് ദിലീപിനെ കുരിശിലേറ്റുകയാണ്.

-സുനില്‍ ജയിലില്‍ വെച്ച് എഴുതിയെന്ന് പറയുന്ന കത്ത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണ് സുനില്‍ പറയുന്നത്. അതില്‍ സത്യമാണെങ്കില്‍ പണം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമിക്കില്ലേ?

-ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ് കേസിലെ സാക്ഷികള്‍. ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നല്‍കിയിട്ടും ഇതെക്കുറിച്ചു പോലീസ് അന്വേഷിച്ചില്ലെന്ന് മാത്രമല്ല ആരെയെങ്കിലും സംശയമുണ്ടോ എന്ന് പോലും പോലീസ് ചോദിച്ചിട്ടില്ല. ഇതു മറ്റാരെയോ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

-മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില്‍ കൃത്യമായ അന്വേഷണം നടത്താന്‍ അനുവദിച്ചിട്ടില്ല.

-പൊതുജന വികാരം ദിലീപിനെതിരെയാക്കാന്‍ പോലീസ് ബോധപൂര്‍വമായ ശ്രമം നടത്തിയിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടാകുകയും അന്വേഷണത്തില്‍ ഇതൊന്നും സത്യമല്ലെന്ന് കണ്ടെത്തിയത് വന്‍ഗൂഢാലോചനയുടെ തെളിവാണ്. മാധ്യമങ്ങളും വേട്ടയാടുന്നു.

-ദിലീപിനോടു ശത്രുതയുള്ള തിയറ്റര്‍ ഉടമയും പരസ്യ സംവിധായകനും മറ്റും ശക്തമായ നീക്കങ്ങള്‍ക്ക് കഴിവുള്ളവരാണ്. അറസ്റ്റ് എന്തിനാണെന്ന് പോലും അറിയില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണെന്ന് പറഞ്ഞ് ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നത് ന്യായമായ കാര്യമല്ല.

ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഇന്നലെ മൂന്നരമണിക്കൂറോളം വാദം നീണ്ടിരുന്നു. അതേസമയം ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ പുതിയ തെളിവുകള്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍