UPDATES

സിനിമ

കുഴഞ്ഞു മറിഞ്ഞ് ഫോണ്‍ സംഭാഷണം; വൈശാഖ രാജനെതിരെയുള്ള നടിയുടെ പരാതി ബ്ലാക്ക് മെയിലിംഗെന്ന് ഒരു ഭാഗം, പണം നല്‍കാമെന്ന് നിര്‍മാതാവ്

പണം തരാമെന്നും സാവകാശം വേണമെന്നുമാണ് നിര്‍മാതാവ് വൈശാഖ രാജന്‍ പറയുന്നത്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന നിര്‍മാതാവ് വൈശാഖ രാജനെതിരേയുള്ള നടിയുടെ പരാതിക്കു പിന്നില്‍ ബ്ലാക് മെയ്‌ലിംഗ് ലക്ഷ്യമോ? പുറത്തുവന്നിരിക്കുന്ന, നടിയും നിര്‍മാതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരുചോദ്യം ഉയര്‍ന്നിരിക്കുന്നത്. പീഡന പരാതി നല്‍കിയശേഷമായിരുന്നു നടിയും നിര്‍മാതാവും തമ്മിലുള്ള ഈ ഫോണ്‍ സംഭാഷണം. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് വൈശാഖ രാജനെതിരേ കേസ് എടുത്തിരുന്നു. തുടര്‍ന്നു കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനൊപ്പം ഈ സംഭാഷണ രേഖയും നിര്‍മാതാവ് കൊടുത്തിരുന്നു. തുടര്‍ന്ന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസന്വേഷണം തുടരുന്നതിനിടയിലാണ് ഈ ശബ്ദരേഖ പുറത്തു വന്നിരിക്കുന്നത്.

ബ്ലാക് മെയിലിംഗ് എന്നതിനു തെളിവാക്കുന്ന ഈ ശബ്ദരേഖയില്‍ നടി പണത്തിനുവേണ്ടി നേരിട്ട് ഒന്നും പറുന്നില്ല. ഫിലിമിന്റെ കാര്യം എന്നാണ് പറയുന്നത്. പക്ഷേ, പണം നല്‍കാം, സാവകാശം വേണമെന്നു നിര്‍മാതാവ് പറയുന്നുണ്ട്.

തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ പോകുന്നു: ഒരു പഴഞ്ചൊല്ലുണ്ട്, ആന നിന്നാലും ആന ചരിഞ്ഞാലും ക്യാഷ് എന്നൊരു സംഭവമുണ്ട് എന്നു നടി പറയുമ്പോള്‍, വിരട്ടലൊന്നും വേണ്ട, പണം തന്ന് കാര്യം നടത്താനുള്ള പരിപാടിയാണെങ്കില്‍ ആ കാര്യം പറയ് എന്നാണ് വൈശാഖ രാജന്റെ മറുപടി. എന്നാല്‍ പണത്തിന്റെ കാര്യം നടി വ്യക്തമായി ഇവിടെ പറയുന്നില്ല. പെട്ടെന്ന് ഇതുവച്ചിട്ട് പൈസ വേണമെന്ന് പറഞ്ഞാല്‍ എനിക്ക് പൈസ അറേഞ്ച് ചെയ്യാന്‍ സമയം വേണമെന്ന് നിര്‍മാതാവ് പറയുമ്പോള്‍, ഉടനെ നടിയുടെ വാക്കുകള്‍ ഫിലിമിന്റെ കാര്യമല്ലേ സംസാരിക്കുന്നത് എന്നാണ്. ഞാന്‍ പൈസയുടെ കാര്യം തന്നെയാണ് സംസാരിക്കുന്നതെന്ന് നിര്‍മാതാവ് തിരിച്ചു പറയുന്നു. പെട്ടെന്ന് അറേഞ്ച് ചെയ്യാന്‍ സമയം വേണ്ടേ എന്നും നിര്‍മാതാവ് പറയുമ്പോള്‍, ആ ഫിലിമിന്റെ കാര്യമാണെന്നു എനിക്ക് മനസിലായി എന്നാണ് നടിയുടെ വാക്കുകള്‍. എനിക്ക് കുഴപ്പമൊന്നുമില്ല, ഇതെങ്ങനെ പോയാലും ഫൈനലി എനിക്ക് തന്നെ കിട്ടുമെന്ന കാര്യത്തില്‍ നൂറുശതമാനവും ഉറപ്പാണ് എന്ന് നടി പറയുമ്പോള്‍, അത് നിനക്ക് അറിയാലോ അപ്പോള്‍ വെയ്റ്റ് ചെയ്യ്; നീ പണം തന്നെയല്ലേ ഉദ്ദേശിക്കുന്നത്, വേറൊന്നുമല്ലല്ലോ എന്ന വൈശാഖ രാജന്റെ ചോദ്യം. അതേ, എന്തായാലും ഞാന്‍ നോക്കും. ഫിലിമിന്റെ കാര്യം എത്രത്തോളം വൈകിക്കുന്നുവോ അത്രത്തോളം കോംപ്ലിക്കേറ്റഡ് ആകത്തേയുള്ളൂ. ദിലീപിനെ പോലെ ഫുള്‍ നാറീട്ട് നിക്കാന്‍ വേണ്ടി നിക്കണതാണോ, മൊത്തം ആള്‍ക്കാര്‍ അറിഞ്ഞ് നാറീട്ട് നിക്കാനാണോ എന്ന മുന്നറിയിപ്പും ഈ സംഭാഷണത്തില്‍ നടിയില്‍ നിന്നുണ്ടാകുന്നുണ്ട്.

വൈശാഖ രാജന്‍ നിര്‍മിച്ച് 2017 ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന സിനിമയില്‍ ഈ നടി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത ചിത്രത്തില്‍ മികച്ച വേഷം തരാമെന്നു പറഞ്ഞ് തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു വൈശാഖ രാജന്‍ എന്നായിരുന്നു കൊച്ചി സ്വദേശിയായ നടിയുടെ പരാതി. എന്നാല്‍ 2017-ല്‍ നടന്നെന്നു പരാതിയില്‍ തന്നെ പറയുന്ന പീഡനം ഇത്രനാളും എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ ഉയര്‍ത്തിയാണ് കോടതി വൈശാഖ രാജന് ജാമ്യം നല്‍കിയതെന്നു മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരാതിയില്‍ പറയുന്ന പീഡനം നടന്നതിനുശേഷവും നടിയും നിര്‍മാതാവും പരസ്പരം സംസാരിക്കുകയും നേരില്‍ കാണുകയും ചെയ്തിട്ടുണ്ടെന്നും പരാതി നല്‍കിയശേഷവും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് നടിയുടെ പരാതിക്കു പിന്നില്‍ പണം തട്ടല്‍ ആണെന്നാണ് നിര്‍മാതാവ് കോടതിയില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താനും നടിയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളും തെളിവായി നിര്‍മാതാവ് കോടതിയില്‍ നല്‍കിയിരുന്നു. പീഡനം നടന്നെന്നു പറയുന്ന ദിവസം താന്‍ ഇന്ത്യക്ക് പുറത്തായിരുന്നുവെന്നു തെളിയിക്കാന്‍ വിമാന ടിക്കറ്റുകളും രാജന്‍ ഹാജരാക്കിയിരുന്നുവെന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്.

അതേസമയം നടിയുമായുള്ള സംസാരത്തില്‍ പണം കൊടുക്കാമെന്നും സാവകാശം വേണമെന്നും വൈശാഖ രാജന്‍ പറയുന്നത് മറ്റൊരു സംശയത്തിനും ഇടയാക്കുന്നുണ്ട്. തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും നടിക്ക് പണം നല്‍കാമെന്നും സാവകാശം കൊടുത്താല്‍ മതിയെന്നും നിര്‍മാതാവ് അഭ്യര്‍ത്ഥിക്കുന്നത് എന്തുകൊണ്ടാണെന്നതാണ് ചോദ്യം. പണം തരില്ലെന്നോ കേസുമായി മുന്നോട്ടു പോയ്‌ക്കോ എന്നും പറയുന്നില്ല, പകരം അറേഞ്ച് ചെയ്യാന്‍ സമയം തരണം എന്നുമാത്രമാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍