UPDATES

സിനിമാ വാര്‍ത്തകള്‍

ബിജെപിയുടെ സൈബര്‍ ആക്രമണം: പേര് മാറ്റി നടി ഖുഷ്ബു

താനൊരു മുസ്ലിമാണെന്ന് തുറന്നു പറഞ്ഞതിന് ദിവസങ്ങളായി വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് ഖുഷ്ബുവിനെതിരെ നടക്കുന്നത്

ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ശക്തിയാര്‍ജ്ജിച്ചതോടെ പേര് മാറ്റി പ്രതികരിച്ചിരിക്കുകയാണ് നടി ഖുഷ്ബു. ട്വിറ്ററിലെ പേരാണ് ഖുഷ്ബു മാറ്റിയിരിക്കുന്നത്. തന്റെ ഔദ്യോഗിക നാമമായ നഖത് ഖാന്‍ എന്ന പേരാണ് ഖുഷ്ബു ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്.

‘ഖുഷ്ബു സുന്ദര്‍.. ബിജെപിയ്ക്ക് ഇത് നഖത്ത് ഖാന്‍’ എന്നാണ് ട്വിറ്ററില്‍ ഖുഷ്ബു ചേര്‍ത്ത പുതിയ പേര്. താനൊരു മുസ്ലിമാണെന്ന് തുറന്നു പറഞ്ഞതിന് ദിവസങ്ങളായി വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് ഖുഷ്ബുവിനെതിരെ നടക്കുന്നത്. സമത്വവും സഹാനുഭൂതിയുമാണ് തന്റെ നിയമങ്ങളെന്നും ബിജെപിയ്ക്ക് വ്യത്യസ്തമായ നിയമങ്ങളാണുള്ളതെന്നും അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ ഖുഷ്ബു ട്വിറ്ററില്‍ പറഞ്ഞിരുന്നു. ‘ഞാന്‍ മുസ്ലീമായാണ് ജനിച്ചത്. മുസ്ലിമായി തന്നെ മരിക്കും. അത് മാറ്റേണ്ട കാര്യമെനിക്കില്ല. ഞാന്‍ മതനിയമത്തിന് അനുസരിച്ച് ജീവിക്കാന്‍ പോകുന്നില്ല. എന്റെ നിയമങ്ങള്‍ സഹാനുഭൂതിയും സമത്വവും ബഹുസ്വരതയും സ്‌നേഹവുമാണ്. ബിജെപിയ്ക്ക് ഇതില്‍ നിന്നും വ്യത്യസ്തമായ നിയമമായിരിക്കുമെന്നാണ് കരുതുന്നത്’- എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഖുഷ്ബുവിനെതിരെ ട്രോളുകളുമായി രംഗത്തെത്തി. ഇത്രയും കാലം നിരീശ്വരവാദിയായിരുന്ന ഖുഷ്ബു ഇപ്പോള്‍ മുസ്ലിം ആയതെങ്ങനെയാണെന്നായിരുന്നു പലരുടെയും ചോദ്യം. മുസ്ലിമായ അവര്‍ എന്തിന് ഹിന്ദു പേര് ഉപയോഗിക്കുന്നുവെന്നും പലരും ചോദിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്രോളുകള്‍ നിലയ്ക്കാതായതോടെയാണ് ഖുഷ്ബു എന്ന പേരിനൊപ്പം തന്റെ യഥാര്‍ത്ഥ പേരായ നഖത് ഖാന്‍ എന്ന പേരും അവര്‍ ഉപയോഗിച്ചത്. തന്റെ ഔദ്യോഗിക പേര് നഖത് ഖാന്‍ എന്നാണെന്ന് അവര്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍