UPDATES

സിനിമാ വാര്‍ത്തകള്‍

സെക്‌സ് റാക്കറ്റിന്റെ പേരില്‍ യുഎസില്‍ ചോദ്യം ചെയ്യല്‍; താന്‍ അപമാനിക്കപ്പെട്ടെന്ന് തെലുങ്ക് നായിക

മൊത്തം തെലുഗ് സിനിമാലോകത്തിനും ഈ സാചര്യങ്ങള്‍ നാണക്കേട് ഉണ്ടാക്കുകയാണെന്നും നടി

തെന്നിന്ത്യന്‍ നടിമാരെ ഉപയോഗിച്ച് അമേരിക്കയില്‍ സെക്‌സ് റാക്കറ്റ് നടത്തി വന്ന തെലുഗ് സിനിമ നിര്‍മാതാവും ഭാര്യയും അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയില്‍ എത്തുന്ന തെലുഗ് സിനിമ മേഖലയില്‍ നിന്നുള്ള നടിമാരെയും പൊലീസ് സംശത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായി ആരോപണം. മുന്‍നിര തെലുഗ് നായികയായ മെഹ്‌റീന്‍ പിര്‍സാദയാണ് താന്‍ അമേരിക്കയില്‍വച്ച് അപമാനിക്കപ്പെട്ട സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ വച്ച് മെഹ്‌റീനെ തടഞ്ഞ അന്വേഷണം സംഘം നടിയെ അരമണിക്കൂറോളം ചോദ്യം ചെയ്തതായാണ് വിവരം. സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നറിയാനായിരുന്നു ചോദ്യം ചെയ്യാല്‍.

എന്നാല്‍ ഈ സംഭവം തനിക്ക് ആകെ അപമാനം ഉണ്ടാക്കിയിരിക്കുകയാണെന്നും പൊലീസ് തെലുഗ് നടിമാരെ സംശത്തോടെ കാണുന്നത് തെലുഗ് ചലച്ചിത്രലോകത്തിന് ആകെ നാണക്കേട് ഉണ്ടാക്കുകയാണെന്നും മെഹ്‌റീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എനിക്കത് വലിയ ഷോക്ക് ആയിരുന്നു. വലിയ നാണക്കേടും. എന്നെ എന്തിനാണ് തടഞ്ഞ് വച്ചതെന്ന് ആദ്യം എനിക്ക് മനസിലായില്ല. സെക്‌സ് റാക്കറ്റിലുള്ളവരെ പിടികൂടിയ വാര്‍ത്തകളൊന്നും തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നുമില്ല. പിന്നീടാണ് ഞാന്‍ അറിയുന്നത്, തെലുഗ് അഭിനേത്രി ആയതുകൊണ്ടാണ് എന്നെ തടഞ്ഞുവച്ചതെന്ന്. അവര്‍ എന്നെ അരമണിക്കൂറോളം ചോദ്യം ചെയ്തു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത് അവര്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നും തെലുഗ് ചലച്ചിത്ര മേഖലയില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരേയും തങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും. എന്നെ ചോദ്യം ചെയ്യാന്‍ ഉണ്ടായ സാഹചര്യത്തിന് പിന്നീടവര്‍ ക്ഷമ ചോദിച്ചെങ്കിലും സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള എല്ലാവരേയും പിടികൂടുന്നതുവരെ ഇത്തരം ചോദ്യം ചെയ്യലുകള്‍ തുടരുമെന്നും പറഞ്ഞു. തെലുഗ് നടിമാരോട് അവര്‍ക്ക് ഉണ്ടായിരിക്കുന്ന മനോഭവം ശരിക്കും അപമാനകരമാണ്. ഒരു നടി എന്ന എന്ന നിലയില്‍ ഈ സാഹചര്യം തീര്‍ത്തും മോശമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്; മെഹ്‌റീന്‍ പറഞ്ഞു. തെലുഗ് കൂടാതെ ബോളിവുഡ്, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മോഡല്‍ കൂടിയായ മെഹ്‌റീന്‍.

ചിക്കാഗോയിലേക്ക് പോകാന്‍ എത്തിയ മൂന്നു തെലുങ്ക് നടിമാരെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍വച്ച് ഇതുപോലെ തടഞ്ഞിരുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെക്‌സ് റാക്കറിലെ ചിലരുടെ മൊബൈല്‍ ഫോണില്‍ ഇവരുടെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് നടിമാരെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

തെലുഗ് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തി വന്ന നിര്‍മാതാവും ഭാര്യയും അമേരിക്കയിലെ ചിക്കാഗോയില്‍ അറസ്റ്റിലായി. ബിസിനസുകാരനുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ അവസാന വാരത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും കേസില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫൈല്‍ ചെയ്തിനുശേഷമാണ് വിവരം മാധ്യമങ്ങള്‍ക്ക് കിട്ടുന്നത്.

അമേരിക്കയില്‍ വിവിധ അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷന്‍ തെലുങ്ക് നടിമാരെ ഇവിടെ എത്തിച്ചിരുന്നത്. ഇവിടെ എത്തുന്ന നടിമാരെ പിന്നീട് ഇവര്‍ തങ്ങളുടെ ചതിക്കുഴിയില്‍പ്പെടുത്തുകയാണ്. നടിമാരെ ചിക്കാഗോയിലെ ബെല്‍മന്റ് ക്രാജിനിലെ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിപ്പിക്കും. ഇതിനുശേഷം ഇടപാടുകാരെ ബന്ധപ്പെട്ട് തുക ഉറപ്പിച്ചശേഷം ഡള്ളാസ്, ന്യൂ ജേഴ്‌സി, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നടിമാരെ എത്തിച്ചുകൊടുക്കലായിരുന്നു പതിവ്. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപവരെ ഇവര്‍ നടിമാരുടെ പേരില്‍ ഇടപാടുകാരില്‍ നിന്നും ഈടാക്കാറുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. വിവരം പുറത്ത് പറയരുതെന്നാവശ്യപ്പെട്ട് നേരത്തെ ഈ നടിയേയും കുടുംബത്തേയും കിഷന്‍ ഭീഷണിപ്പെടുത്തിയതായിരുന്നു. അതേസമയം ഓരോ ഇടപാടിലും കിട്ടുന്ന തുകയും പെണ്‍കുട്ടികളെ കൈമാറുന്ന ഇടവും കിഷന്റെ ഭാര്യ ചന്ദ്ര എഴുതി സൂക്ഷിച്ചിരുന്നത് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവവന്യുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കണ്ടെടുത്തിട്ടുണ്ട്. ചന്ദ്രയുടെ മൊബൈല്‍ ഫോണില്‍ ഓരോ പെണ്‍കുട്ടിയുടെയും വില പറഞ്ഞ് കൊണ്ട് ഇടപാടുകാരുമായി നടത്തിയിരിക്കുന്ന നൂറു കണക്കിന് മെസേജുകളും പൊലീസിന് കണ്ടെത്താന്‍ ആയി. പെണ്‍കുട്ടികളും ചിത്രങ്ങളും ഫോണ്‍ വഴി ചന്ദ്ര അയച്ചു കൊടുക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ കിഷനും ചന്ദ്രയ്ക്കുമുണ്ട്. ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ ഏറ്റെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍