UPDATES

സിനിമ

‘ഏതെങ്കിലുമൊരു തുരുത്തിൽ ശരിക്കും തൊട്ടപ്പനും സാറയും ഉണ്ടാകാം’; തൊട്ടപ്പന്റെ ‘സാറക്കൊച്ച്’ പ്രിയംവദ സംസാരിക്കുന്നു

‘വിനായകൻ സാറിനെ ആദ്യം കാണുന്നത് ആക്ഷൻ പറഞ്ഞ ശേഷം ഒരു സീൻ എടുക്കുമ്പോഴാണ്’

വിനായകന്റെ തൊട്ടപ്പൻ പ്രേക്ഷകരുടെ ഉള്ളം തൊട്ടപ്പോൾ അതുപോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ് തൊട്ടപ്പന്റെ സാറക്കൊച്ച്.

പുതുമുഖ നടി പ്രിയംവദയാണ് സാറയായി പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയത്. നര്‍ത്തകിയും ബംഗാള്‍ സ്വദേശിയുമായ പല്ലവി കൃഷ്ണന്റെയും കലാവിമര്‍ശകന്‍ കെ.കെ ഗോപാലകൃഷ്ണന്റെയും മകളായ പ്രിയംവദ ചെന്നൈ എസ്.ആർ.എം കോളേജിലെ ഫൈനൽ ഇയർ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയുമാണ്. 2019-ലെ മിസ് റെയ്ന കോണ്ടിനെന്റല്‍ ഇന്ത്യ മത്സരത്തിലെ വിജയി കൂടിയാണ് പ്രിയംവദ. തൊട്ടപ്പനെക്കുറിച്ചും തന്റെ സിനിമ സ്വപ്നങ്ങളെ കുറിച്ചും പ്രിയംവദ അഴിമുഖത്തോട് സംസാരിക്കുന്നു.

തൊട്ടപ്പനിലേക്ക് എത്തിയത്

സിനിമയിൽ അഭിനയിക്കുക എന്നുള്ളത് ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. തൊട്ടപ്പന്റെ കാസ്റ്റിങ് കോള്‍ കണ്ട് എന്നെ വിളിച്ചത് അച്ഛനാണ്. ഷാനവാസ് സാറിന്റെ കിസ്മത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമയിൽ ഭാഗമാവുക എന്നുള്ളത് ഏറെ ആഗ്രഹിച്ചിരുന്നൊരു കാര്യമാണ്. ആദ്യമായി പങ്കെടുത്ത ഓഡിഷനും തൊട്ടപ്പന്റെതായിരുന്നു.നായികയാകണം എന്നാഗ്രഹിച്ചല്ല ഓഡിഷനിൽ പങ്കെടുത്തത്. എന്തെങ്കിലും ഒരു കഥാപാത്രം ചെയ്യുക, അത്രമാത്രം. എന്നാൽ നായികയായി തന്നെ അവസരം ലഭിച്ചതിൽ ഏറെ സന്തോഷം.

ആദ്യ സെറ്റിലെ അനുഭവങ്ങൾ

ഷാനവാസ് സർ വളരെ ശാന്തനായ മനുഷ്യനാണ്, ഒരിക്കലും ചീത്ത പറഞ്ഞിട്ടില്ല. ഇതുവരെ ഒരു നാടകത്തിലോ ഷോർട്ട് ഫിലിമിലോ പോലും ഞാൻ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്രയും വലിയ ആളുകളൊടൊപ്പം അഭിനയിക്കുന്നതിന്റെ ഭയം ഉള്ളിലുണ്ടായിരുന്നു.
വളരെ സമയമെടുത്താണ് അദ്ദേഹം ഓരോ കാര്യങ്ങൾ പറഞ്ഞ് തന്നത്. ഓരോ ഷോട്ടും അത്രയും ശ്രദ്ധിച്ചാണ് ചിത്രീകരിച്ചത്. അഭിനേതാക്കൾ കംഫർട്ട് ആയതിനു ശേഷം മാത്രമാണ് ഓരോ രംഗങ്ങളും എടുത്തത്‌.

ബാക്കി ലൊക്കേഷനുകളിലൊക്കെ സ്ക്രിപ്റ്റ് റൈറ്റേഴ്‌സ് എപ്പോഴും കൂടെ ഇരിക്കാറുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ ഈ സിനിമയുടെ തിരക്കഥാകൃത്ത് പി.എസ് റഫീഖ് സർ മുഴുവൻ സമയവും സെറ്റിലുണ്ടായിരുന്നു. ഷൂട്ടിംഗ് പുലർച്ചെ നാല് മണി വരെ പോലും നീണ്ടു പോയിട്ടുണ്ട്. ഡബ്ബിങ് സമയത്താണെങ്കിൽ പോലും കൊച്ചി ഭാഷയിൽ സംശയമുണ്ടായപ്പോൾ അത് പരിഹരിക്കാനും അദ്ദേഹം ഉണ്ടായിരുന്നു. ഫുൾ ക്രൂ വളരെ സപ്പോർട്ടിങ്ങ് ആയിരുന്നു, ഒരു കുടുംബം പോലെ തന്നെയായിരുന്നു മുഴുവൻ ചിത്രീകരണവും.

വിനായകന്റെ തൊട്ടപ്പൻ വളരെ സ്പെഷ്യലാണ്

വിനായകൻ സർ എന്ന നടനെ സ്‌ക്രീനിൽ മാത്രമാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാൻ. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും വളരെ റിയലിസ്റ്റിക് സ്വഭാവം ഉള്ളവയാണ്. വിനായകന്റെ ഒട്ടേറെ കഥാപാത്രങ്ങൾ എനിക്ക് പ്രചോദനമായിട്ടുണ്ട്. അങ്ങനെ ഒരാളോടൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഒരുപാട് സന്തോഷവും അതോടൊപ്പം ടെൻഷനും ഉണ്ടായിരുന്നു. സിനിമയിലെ മറ്റ്
കഥാപാത്രങ്ങളോടെല്ലാം തന്നെ ഷോട്ട് എടുക്കുന്നതിന് മുൻപ് സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. പക്ഷേ വിനായകൻ സാറിനെ ആദ്യം കാണുന്നത് ആക്ഷൻ പറഞ്ഞ ശേഷം ഒരു സീൻ എടുക്കുമ്പോഴാണ്. ഞാൻ ഇത്രയും ആരാധിച്ചിരുന്ന ഒരു നടനെ ആദ്യം കാണുന്നത് എന്റെ തൊട്ടപ്പന്റെ വേഷത്തിലാണ്. അതെനിക്ക് വളരെ ‘സ്പെഷ്യലാ’യിരുന്നു.

Also Read: തൊട്ടപ്പന്‍: കണ്ടും കേട്ടും ശീലിച്ച നായക സങ്കല്പങ്ങൾക്ക് ഒരു ഇന്റർവെൽ

സാറയും പ്രിയംവദയും ബോൾഡാണ്

സാറയും പ്രിയംവദയും തമ്മിൽ താരതമ്യം ചെയ്താൽ രണ്ടാളും വളരെ ബോൾഡാണ്, എന്നാൽ സാറയുടെ അത്ര ധൈര്യം എനിക്കുണ്ടോ എന്നറിയില്ല. രണ്ട് പേരുടെയും ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണല്ലോ, പ്രിയംവദ ജീവിക്കുന്ന ചുറ്റുപാടിൽ പ്രിയംവദ വളരെ ബോൾഡ് ആണ്, അതോടൊപ്പം ഇമോഷണലുമാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ സാറയെന്ന കഥാപാത്രം വളരെ ഇഷ്ടമായി. ഈ ഇഷ്ടം സാറയായി അഭിനയിക്കുന്നതിൽ ഏറെ ഗുണം ചെയ്‌തു.

ഏതെങ്കിലും ഒരു തുരുത്തിൽ ശെരിക്കും തൊട്ടപ്പനും സാറയും ഉണ്ടാകാം

സാറയെ പോലുള്ള കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിലും ഉണ്ടായിരിക്കാം. മനുഷ്യബന്ധത്തിന്റെ ആഴം എത്രത്തോളം വേണമെങ്കിലും ആകാം എന്നുള്ളതാണ് അതിന്റെ ഭംഗി. ഇങ്ങനെ ഒരു ബന്ധം എല്ലായിടത്തും കാണാൻ പറ്റുന്നതല്ല. പക്ഷെ ഏതെങ്കിലും ഒരു തുരുത്തിൽ ശരിക്കും തൊട്ടപ്പനും സാറയും ഉണ്ടാകാം. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു അമ്മയും മകളും അല്ലെങ്കിൽ, അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങളുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകാം. പക്ഷെ രക്തബന്ധമില്ലാത്ത രണ്ട് പേര് തമ്മിലൊരു അച്ഛൻ – മകൾ ബന്ധം ജീവിതകാലം മുഴുവനും നിലനിർത്താനാകുമെന്നുള്ളത് ഈ അടുത്ത കാലത്തൊന്നും ഒരു സിനിമയിലും ചർച്ച ചെയ്‌ത്‌ കണ്ടിട്ടില്ല.

ടിപ്പു എന്ന നായയും ഉമ്മുകുല്‍സു എന്ന പൂച്ചയും 

അവര് രണ്ട് പേരും വളരെ മനോഹരമായിട്ട് തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. പല രംഗങ്ങളിലും നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മികച്ച പ്രകടനമായിരുന്നു ടിപ്പുവിന്റെയും ഉമ്മുകുൽസുവിന്റെയും. വളരെ വലിയ സഹകരണമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ചില രംഗങ്ങളിൽ പൂച്ചയുടെ ചില നോട്ടങ്ങൾ പോലും വളരെ അപ്രതീക്ഷിതമായി ലഭിച്ചതാണ്. അത് തന്നെ വളരെ അടിപൊളിയായിട്ടാണ് തന്നിരിക്കുന്നത്. ക്ലൈമാക്സിൽ സാറ വീട്ടിൽ നിന്നിറങ്ങി പോകുമ്പോൾ പൂച്ചയും പുറകെ പോകുന്നുണ്ട്. ആ സമയത്ത് ആ പൂച്ച എങ്ങനെ ഇറങ്ങിയെന്ന് ആർക്കുമറിയില്ല.

Also Read: വിനായകനും പ്രിയംവദയുമല്ല, തൊട്ടപ്പനിലെ ഏറ്റവും മികച്ച അഭിനേതാക്കൾ ഇവരാണ്; സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി വെളിപ്പെടുത്തുന്നു

പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം റിയലിസ്റ്റിക് സിനിമകളോട്

സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകൾ തന്നെ മാറിയിട്ടുണ്ട്. സാധാരണ പ്രേക്ഷകർ ആണെങ്കിൽ പോലും. അഭിനേതാക്കളെ കുറിച്ച് മാത്രം ചർച്ച ചെയ്യാതെ, സിനിമോട്ടോഗ്രാഫിയെ കുറിച്ചും, കോസ്റ്റ്യും, മേക്കോവർ, മ്യൂസിക്, പാട്ടിന്റെ വരികൾ അങ്ങനെ വളരെ വിശദമായി തന്നെ സിനിമയെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർ കൂടുതലായും റിയലിസ്റ്റിക് സിനിമകൾ ഇഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന കഥാപാത്രങ്ങളെയും കഥകളെയും പ്രേക്ഷകർ കൂടുതലായി ഏറ്റെടുക്കുന്നു. ഈ.മാ.യൗ പോലുള്ള സിനിമകൾ അതിന് ഉദാഹരണമാണ്. വെറുതെ കണ്ടു പോകേണ്ട സിനിമയല്ലത്. പ്രേക്ഷകർ ആ സിനിമ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു.

മലയാള സിനിമയെന്നാൽ അഭിനേതാക്കാളുടെത് മാത്രമല്ല

മലയാള സിനിമ പ്രേക്ഷകർ അഭിനേതാവിന്റെ പേരിൽ മാത്രമായിരുന്നില്ല സിനിമ കണ്ടിരുന്നത്. സിനിമയുടെ സംവിധായകനെ കുറിച്ചും ഛായാഗ്രാഹകനെ കുറിച്ചുമെല്ലാം അവര്‍ ചർച്ച ചെയ്തിരുന്നു. മലയാള സിനിമയുടെ നിലവാരം അത്രത്തോളം വലുതായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ താരങ്ങളെ നോക്കാതെ സിനിമ കാണാനുള്ള പ്രവണത ഇപ്പോൾ കൂടുതലാണ്. ഏതൊരു മേഖലയിലാണെങ്കിലും എല്ലാക്കാലത്തും പുതിയ ആളുകൾ വന്നുകൊണ്ടിരിക്കും. സിനിമയുടെ കാര്യം മാത്രമായി അങ്ങനെ പറയാനുമാകില്ല.

സിനിമ കാണുന്ന രീതി തന്നെ മാറി

തൊട്ടപ്പനിൽ അഭിനയിക്കുന്നതിന് മുൻപ് വരെ അധികമൊന്നും ആലോചിക്കാതെ സിനിമ കണ്ടുകൊണ്ടിരുന്ന വ്യക്തിയാണ്. സിനിമയുടെ കഥയെ കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാറില്ല. എന്നാൽ സിനിമയിൽ അഭിനയിച്ച ശേഷം സിനിമ കാണുന്ന രീതി തന്നെ മാറി. ഒരു സീൻ കാണുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ക്യാമറ ആംഗിൾ, കണ്ടിന്യൂറ്റി, അങ്ങനെ കുറെ ഏറെ ടെക്‌നിക്കൽ കാര്യങ്ങൾ കൂടി ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. ഒരു വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായത് കൊണ്ട് ഇത്തരം ടെക്‌നിക്കൽ കാര്യങ്ങൾ പഠന വിഷയം കൂടിയാണ്. സിനിമയോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണ് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ തീരുമാനിച്ചത്. ഇത്തരം സാങ്കേതിക കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അഭിനയത്തിലും ഗുണം ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ഇപ്പോൾ അഭിനയം മാത്രമാണ് മനസിലുള്ളത്. ഭാവിയെക്കുറിച്ച് ഒന്നും പറയാനാകില്ല.

വിവേചനങ്ങളില്ലാതെ നല്ല സിനിമകൾ എക്കാലത്തും പ്രേക്ഷകർ ഏറ്റെടുക്കും

സ്ത്രീപക്ഷ സിനിമകൾ പണ്ടും മലയാളത്തിൽ ഉണ്ടായിരുന്നു. മഞ്ജു വാര്യരുടെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയൊക്കെ അതിന് ഉദാഹരണമാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ മുൻപ് ഉണ്ടായിരുന്നില്ലന്നു പറയാനാകില്ല. പക്ഷെ വളരെ കുറവായിരുന്നു എന്ന് മാത്രം. സ്ത്രീപക്ഷ സിനിമയെന്നോ മറ്റ് സിനിമയെന്നോ വിവേചനമില്ലാതെ നല്ല സിനിമകൾ എക്കാലത്തും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

Also Read: തൊട്ടപ്പന്‍ എന്ന തുരുത്ത്, സാറാക്കൊച്ച് എന്ന കായലും; ജീവിത കാമനകളുടെ ദൃശ്യ വിസ്മയം

ആഗ്രഹിച്ച കഥാപാത്രങ്ങൾ

ഒരുപാട് നല്ല കഥാപാത്രങ്ങൾ കാണുമ്പോൾ അത് ചെയ്യാൻ തോന്നാറുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് ആർട്ടിസ്റ്റ് എന്ന സിനിമയിൽ ആൻ അഗസ്റ്റിൻ അവതരിപ്പിച്ച കഥാപാത്രം. ഈ സിനിമ കണ്ടപ്പോൾ തന്നെ അച്ഛനോടും അമ്മയോടും പോലും പറഞ്ഞിരുന്നു, കുറെ വർഷങ്ങൾ കഴിയുമ്പോൾ ഈ കഥാപാത്രം എനിക്ക് കിട്ടിയിരുന്നുവെങ്കിലെന്ന്. പിന്നെ പാർവതി തിരുവോത്ത് അവതരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എന്നും നിന്റെ മൊയ്‌തീൻ എന്ന സിനിമയിലെ കാഞ്ചന മാല എന്ന കഥാപാത്രമാണ് ഏറെ ഇഷ്ടം.

നടനോ നടിയോ അല്ല കഥാപാത്രങ്ങളാണ് പ്രചോദനമായത് 

ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് ഇഷ്ടനായകനെയും നായികയെയും കുറിച്ച്. അങ്ങനെ ഒരാളെ മാത്രം എടുത്ത് പറയാനില്ല, സിനിമ ചെയ്യാൻ ആഗ്രഹിച്ച് തുടങ്ങിയത് ഒരു നായകനെയോ നായികയെയോ കണ്ടല്ല. നല്ല സിനിമകൾ കാണാൻ ഇഷ്ടമാണ്, ഒരുപാട് സിനിമകൾ കണ്ടപ്പോഴാണ് സിനിമയിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചത്. കുറെ കഥാപാത്രങ്ങളാണ് പ്രചോദനമായത്. അല്ലാതെ ഒരു നടനോ നടിയോ അല്ല.

Azhimukham Special: വടക്കേക്കര പഞ്ചായത്ത് ഒരുമിച്ചുനിന്നു; ആദ്യം പ്രളയത്തെ തോല്‍പ്പിച്ചു, ഇപ്പോള്‍ നിപയേയും

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍