UPDATES

സിനിമ

അതിഥി രവി/ അഭിമുഖം; എന്നെ തേപ്പുകാരിയെന്ന് വിളിച്ചാലും കുഴപ്പമില്ല, ഞാന്‍ ഹാപ്പിയാണ്

പലരും വേണ്ടെന്നു വച്ച വേഷമാണ് ഞാന്‍ ചെയ്തത്

Avatar

വീണ

നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത കുട്ടനാടന്‍ മാര്‍പാപ്പ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായികയായ അതിഥി രവിയും ഹാപ്പിയാണ്. കുഞ്ചോക്കോ ബോബന്‍ നായകാനായ ചിത്രം കുട്ടനാട്ടിലെ സാധാരണക്കാരനായ ഒരു ഫോട്ടോഗ്രാഫറുടെ ജീവിതമാണ് പറയുന്നത്. ഇന്നസെന്റെ, ധര്‍മ്മജന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയവും വിശേഷങ്ങളും പങ്കുവച്ച് അതിഥി രവി.

എങ്ങനെയുണ്ട് ചിത്രത്തിന്റെ അഭിപ്രായം ?
ചിത്രം ഇറങ്ങിയിട്ടല്ലെയുള്ളൂ. പക്ഷെ ഇതുവരെ കേട്ടതെല്ലാം നല്ല അഭിപ്രായങ്ങളാണ്. എന്റേത് ചെറുതായിട്ട് നെഗറ്റീവാണെങ്കിലും കഥാപാത്രത്തെ എല്ലാവര്‍ക്കും ഇഷ്ടമാകുന്നുണ്ട്.

കഥാപാത്രത്തെ കുറിച്ച്?
ജെസി എന്നാണ് കഥാപാത്രത്തിന്റെ പേര്. കുട്ടനാട്ടുക്കാരി. ബാംഗ്ലൂരില്‍ നിന്ന് ബിഡിഎസൊക്കെ കഴിഞ്ഞ് വന്ന കുട്ടിയാണ്. അതുകൊണ്ട് കുറച്ച് ബാംഗ്ലൂരിന്റെ കള്‍ച്ചറൊക്കെ കിട്ടിട്ടുണ്ട്. പിന്നെ ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളെ പോലെ പ്രാക്ടിക്കലാണ്. ട്രിക്കിയാണ്. ഡ്രീമിയാണ്, ഇന്നസെന്റ് അങ്കിളാണ് എന്റെ അച്ഛന്‍. പഞ്ചായത്ത് പ്രസിഡന്റാണ്. കുറച്ച് അഴിമതിയൊക്കെയുള്ള ആളാണ്. അതിന്റെ കുറച്ച് സ്വഭാവമൊക്കെ മകള്‍ക്കും കിട്ടിയിട്ടുണ്ട്. ഒരു പക്കാ അച്ചായന്‍ കുടുംബമാണ്. പിന്നെ ഒരു പ്രണയവും ഒക്കെ ചേര്‍ന്ന ഒരു എന്റര്‍ടെയ്‌നറാണ് ചിത്രം. ഈ കഥാപാത്രം ചെയ്യുന്നതിനു വേണ്ടി മറ്റു ചില നായികമാരെ സമീപിച്ചിരുന്നെങ്കിലും അവരൊക്കെ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നാണ് കേട്ടത്. എനിക്ക് കഥ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ്.

കഥാപാത്രത്തിന്റെ നെഗറ്റീവ് സ്വഭാവമാണോ പലരും ഒഴിവാക്കാനുള്ള കാരണം?
ആയിരിക്കും എന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ സിനിമ ചെയ്യുക എന്നതാണ് ആഗ്രഹം. അതുകൊണ്ട് കൂടുതല്‍ ആലോചിച്ചില്ല. ഇതില്‍ പൂര്‍ണ്ണമായും സംവിധായകന്‍ ആവശ്യപ്പെട്ടത് മാത്രമേ ഞാന്‍ ഇതില്‍ ചെയ്യതിട്ടുള്ളു. കാരണം ജെസിയെ ഒരു തരത്തിലും അതിഥിയുമായി എനിക്ക് താരതമ്യപ്പെടുത്താനാകുമായിരുന്നില്ല. വളരെ വ്യത്യസ്തമാണ് ഈ കഥാപാത്രം. മാത്രമല്ല കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഈ കഥാപാത്രം ചെയ്യാന്‍.

കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ആദ്യ ചിത്രം?
ഞാന്‍ ശരിക്കും എക്‌സൈറ്റഡ് ആയിരുന്നു. കാരണം നമ്മള്‍ സ്‌കീനില്‍ മാത്രം കണ്ടിട്ടുള്ള എവര്‍ ഗ്രീന്‍ ഹീറോയാണ് ചാക്കോച്ചന്‍. അത് അഭിനയിക്കുമ്പോള്‍ മാത്രമല്ലാട്ടോ ചിത്രം തീയേറ്ററില്‍ കണ്ടപ്പോഴും ഞാനും അച്ഛനും അമ്മയും ഒക്കെ ഹാപ്പിയായി. ചാക്കോച്ചന്റെ കൂടെ ഒരു ഡാന്‍സ് ഉണ്ട് എനിക്ക്. നന്നായി ആസ്വദിച്ചാണ് ചെയ്തത്. ചാക്കോച്ചന്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. മൊത്തതില്‍ ഒരു പവര്‍ പാക്ക്ഡ് ചിത്രം. അതാണ് കുട്ടനാടന്‍ മാര്‍പാപ്പ. അതുകൊണ്ട് തന്നെ ഞാന്‍ 100 % ഹാപ്പിയാണ്. ശരിക്കും ഭാഗ്യമായി കരുതുന്നു.

കുഞ്ചാക്കോ ബോബന്‍ ആലപ്പുഴക്കാരനാണ്. കുട്ടനാടിന്റെ കഥ പറയുന്ന ലൊക്കേഷനില്‍ തൃശൂരുകാരിയുടെ അനുഭവം ?
ഇപ്പോള്‍ ആലപ്പുഴ സെക്കന്‍ഡ് ഹോം ടൗണായി. വളരെ സ്‌നേഹമുള്ള നാട്ടുകാര്‍, നല്ല ഭക്ഷണം, വെള്ളവും വള്ളവുമൊക്കെ ആയി നല്ല രസമായിരുന്നു. ഷൂട്ട് ഇല്ലാത്ത സമയത്ത് അടുത്തുള്ള ചേച്ചിമാരൊക്കെ വീട്ടീലേക്ക് വിളിച്ച് ഭക്ഷണം തന്നു, നല്ല കരിമീന്‍ പൊള്ളിച്ചതൊക്കെ കഴിച്ചു.

ലൊക്കേഷനിലെ രസകരമായ ഓര്‍മ?
എല്ലാം നല്ല രസമായിരുന്നു , ഓരോ ദിവസവും. ഇന്നസെന്റ് അങ്കിള്‍ പഴയ കഥയൊക്കെ പറഞ്ഞു തരും . പണ്ടത്തെ ഷൂട്ടിംഗ് വിശേഷങ്ങളൊക്കെ. പിന്നെ എനിക്ക് നീന്തല്‍ അറിയില്ല, ചാക്കോച്ചന് അറിയാം. പക്ഷെ ചിത്രത്തില്‍ നേരെ തിരിച്ചാണ് . എനിക്ക് അറിയാം ചാക്കോച്ചന് അറിയില്ല. അപ്പോള്‍ അതൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ നല്ല രസമായിരുന്നു.

തേപ്പുക്കാരി എന്ന ഇമേജില്‍ ആശങ്കയുണ്ടായിരുന്നോ?
സത്യത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ പലവട്ടം സംവിധായകനോട് പറയുകയും ചെയ്തിരുന്നു. ചാക്കോച്ചനെയും ഇറിറ്റേറ്റ് ചെയ്തു. നിങ്ങള്‍ എന്നെ തേപ്പുകാരിയാക്കുകയാണെന്ന് പറഞ്ഞ്. പക്ഷെ അപ്പോഴൊക്കെ അവര്‍ പറഞ്ഞത് ഇത് പോസിറ്റിവായ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തേപ്പുകാരിയാണെന്നാണ്. ഷൂട്ട് തീരും മുമ്പ് എനിക്കും തോന്നി തുടങ്ങി അത് ശരിയാണെന്ന്. പിന്നെ ചിത്രം തീയേറ്ററില്‍ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഹാപ്പിയായി. എനിക്ക് ഇഷ്ടപ്പെട്ടു. ഇനി ഇപ്പോള്‍ തേപ്പുക്കാരിയെന്ന് വിളിച്ചാലും കുഴപ്പമില്ല.

തമിഴില്‍ അരങ്ങേറ്റം?
അതെ.കട്ടപ്പനയിലെ ഋതിക് റോഷന്റെ തമിഴ് പതിപ്പാണ്. മലയാളത്തില്‍ പ്രയാഗ ചെയ്ത വേഷമാണ് എനിക്ക്. തമിഴില്‍ അവതാരകനായ ദിയയാണ് നായകന്‍. ഷൂട്ട് നടക്കുന്നു.

 

 

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍