UPDATES

സിനിമ

മതിലുകളുടെ ക്ലൈമാക്സ് അടൂര്‍ മാറ്റി; ബഷീര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു-അടൂര്‍/അഭിമുഖം/ഭാഗം 2

വിധേയനില്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചത് വലിയ റിസ്ക്; പിന്നെയും എന്ന സിനിമയെ മോശമാക്കി ചിത്രീകരിച്ചതിന് പിന്നില്‍ ചിലരുടെ ആസൂത്രണം

(ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയുടെ ശൈശവവും ബാല്യവും അടൂരിന്റെ ബാല്യ കാലവും ഏറെക്കുറേ കടന്നു പോയത് ഒരേ കാലയളവിലാണ് എന്നു പറയാം. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ചരിത്രഘട്ടങ്ങള്‍ക്ക് സാക്ഷിയായ ഒരാള്‍ കൂടിയാണ് അദ്ദേഹം. നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂരിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന്റെ പരിണാമഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. സിനിമ എടുക്കാന്‍ പഠിക്കണം എന്നതിനോടൊപ്പം സിനിമ കാണാനും പഠിക്കണം എന്നു മലയാളിയെ ബോധ്യപ്പെടുത്തിയ അടൂരിന്റെ ചലച്ചിത്ര ജീവിതത്തിലൂടെ ഒരു യാത്ര.ഒന്നാം ഭാഗം ഇവിടെ വായിക്കാം145 ദിവസം ഓടിയ അടൂര്‍ സിനിമ; മലയാളി മറക്കരുത് ഈ ചരിത്രം)

കൊടിയേറ്റം കളറില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു; എലിപ്പത്തായം ബ്ലാക്ക് ആന്‍ഡ് വൈറ്റിലും

അന്നത്തെ കാലത്ത് ചെറിയ പടങ്ങള്‍ക്ക് ഒന്നും കളര്‍ ഫിലിം കിട്ടില്ലായിരുന്നു. കളര്‍ ഫിലിം കിട്ടണം എന്നുണ്ടെങ്കില്‍ വലിയ ബഡ്ജറ്റ് ആയിരിക്കണം. കൊടിയേറ്റം കളറില്‍ ചെയ്യണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോഴും ആ പടം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണുമ്പോള്‍ നല്ല ഭംഗിയാണ്. ബ്ലാക്ക് ആന്ഡ് വൈറ്റില്‍ ആയതുകൊണ്ട് ഒരു ഗുണം കൂടി ഉണ്ട്. അതിന്റെ ഒറിജിനല്‍ കളറില്‍ തന്നെ ഇപ്പോഴും ഉണ്ട്.

എലിപ്പത്തായം വന്നപ്പോഴേക്കും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം എടുക്കാന്‍ കഴിയാത്ത അവസ്ഥയായി. സിനിമ ഇന്‍ഡസ്ട്രി പൂര്‍ണ്ണമായും മാറി. കളര്‍ ഫിലിമാണെങ്കില്‍ മാത്രമേ തിയറ്ററുകാര്‍ക്ക് പോലും താത്പര്യമുള്ളൂ. അങ്ങനെയാണ് അത് കളറില്‍ എടുക്കേണ്ടി വന്നത്. അങ്ങനെ വന്നപ്പോള്‍ കളറിനെ അര്‍ത്ഥവത്തായി ഉപയോഗിക്കുക എന്നുള്ളതായിരുന്നു പിന്നത്തെ ചിന്ത. അതായിരുന്നു വെല്ലുവിളി. അതിനു ഒരു സ്കീം ഒക്കെ ഉണ്ടാക്കിയാണ് ചെയ്തിരിക്കുന്നത്. ഓരോ കളറും മനഃശാസ്ത്രപരമായി അത് നമ്മളില്‍ ഉണ്ടാക്കുന്ന ഭാവങ്ങള്‍, നമ്മളിലുള്ള പ്രതിഭാവങ്ങള്‍ ഇതൊക്കെ വെച്ചിട്ടാണ് അത് ചെയ്തിരിക്കുന്നത്. ഓരോ കളറിന്റെയും സൈക്കോളജി കൃത്യമായി ഉപയോഗപ്പെടുത്തിയ പടമാണ് അത്.

മുഖാമുഖം; ഒരു ‘too communist’ പടം

മുഖാമുഖം കമ്യൂണിസ്റ്റ് വിരുദ്ധ പടമാണെന്ന് കണ്ടവര്‍ അല്ല പറഞ്ഞത്. കാണാത്ത ആളുകളാണ്. കേരള കൌമുദിയിലെ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് വാടകയ്ക്ക് എടുത്താണ് ഞങ്ങള്‍ മുഖാമുഖം ഷൂട്ട് ചെയ്തത്. അതില്‍ ജോലി ചെയ്ത ആളുകള്‍ പറഞ്ഞാണ് പുറത്തുള്ളവര്‍ പടം ആന്‍റി കമ്യൂണിസ്റ്റ് ആണെന്ന് പ്രഖ്യാപിച്ചത്. ആ പടം ഒന്നിന്നും എതിരല്ല. നമ്മുടെ നാട്ടില്‍ ആന്‍റി കമ്യൂണിസ്റ്റും രാജ്യത്തിന് വെളിയില്‍ കമ്യൂണിസ്റ്റുമാണ് പടം. ലൊക്കാര്‍ണോയില്‍ അത് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നു. അവിടെ പലരും എഴുതിയത് ‘ഇറ്റ്സ് ആന്‍ ഇംപോര്‍ട്ടന്‍റ് ഫിലിം. ബട്ട് ടൂ കമ്മ്യൂണിസ്റ്റ്’ എന്നാണ്. കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ സിനിമ കാണാനാണ് ആളുകള്‍ തിയറ്ററില്‍ ചെന്നിരുന്നത്.

കഥാപുരുഷന്‍; എന്റെ യുവത്വ കാലത്തെ ഇളകിമറിച്ചലുകള്‍

ഞാന്‍ കടന്നുപോയ കാലഘട്ടത്തിലെ കേരളത്തിലെ സോഷ്യോ പൊളിറ്റിക്കല്‍ ലൈഫിനെ കുറിച്ചാണ് കഥാപുരുഷന്‍. അത് വളരെ വൈയക്തികമായ അനുഭവമായിട്ടാണ് അത് പറയുന്നതു. അന്നത്തെ സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായിട്ടുള്ള ഇളകിമറിച്ചലുകളുമാണ് ചിത്രത്തില്‍. വിപ്ലവം നടത്താന്‍ പോയ ആളും വിപ്ലവത്തിന്റെ ഇരയായ ആളുമാണ് നായകന്‍. അതില്‍ പിഴിഞ്ഞെറിയപ്പെട്ട ഒരാള്‍ കൂടിയാണ് ആ കഥാപാത്രം.

മതിലുകള്‍; “Not a dull moment, not a dull moment”

മതിലുകള്‍ ആണ് ഞാന്‍ ആദ്യം ചെയ്ത അഡാപ്റ്റേഷന്‍. നമുക്ക് പൂര്‍ണ്ണമായും തൃപ്തികരമായി തോന്നുന്ന ആശയങ്ങള്‍ കിട്ടാത്ത ചില കാലങ്ങള്‍ ഉണ്ടാകും. റൈറ്റേഴസ് ബ്ളോക്ക് എന്നൊക്കെ പറയാവുന്ന ഒരു ബ്ലോക്കാണ് അത്. മുന്‍പ് വായിച്ചിട്ടുള്ള എന്തെങ്കിലും കൊള്ളാവുന്ന സംഗതികള്‍ ഉണ്ടോ എന്നു അന്വേഷിക്കാന്‍ തുടങ്ങുന്ന സമയമാണ് അത്. പിന്നെ ഒരു പുനര്‍വായന നടത്തും. അങ്ങനെ വായിച്ച ഒന്നാണ് മതിലുകള്‍. ഇതിന്റെ റൈറ്റ്സ് പലരും ബഷീറില്‍ നിന്നും വാങ്ങിച്ചിരുന്നു. എന്നാല്‍ നായികയെ കാണിക്കാന്‍ ഒക്കാത്തതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു. നായികയില്ലാതെ സിനിമ ഇല്ലല്ലോ. അവസാനം റൈട്സ്സ് ഉണ്ടായിരുന്നത് കൊല്ലത്തെ രവിയുടെ കയ്യിലാണ്. അദ്ദേഹം ചെയ്യാന്‍ വേണ്ടി തീരുമാനിച്ചതാണ്. പക്ഷേ പിന്നീട് എന്തുകൊണ്ടോ അത് നടന്നില്ല. അങ്ങനെയാണ് ഞാന്‍ രവിയുടെ അടുത്ത് ചെന്ന് എനിക്കു ആ പടം എടുത്താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട് എന്നു പറയുന്നത്. പിന്നീട് അനുഗ്രഹം വാങ്ങിക്കാനും പ്രതിഫലം കൊടുക്കാനും ബഷീറിനെ നേരിട്ടു പോയിക്കണ്ടു. അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു.

എനിക്കു വെല്ലുവിളി ആയി തോന്നിയത് അതില്‍ ഒരു സ്ത്രീ വരുന്നില്ല എന്നതായിരുന്നു. കഥയുടെ ഭംഗിയും അതു തന്നെയാണ്. അവര്‍ തമ്മില്‍ കൂട്ടിമുട്ടിയിരുന്നെങ്കില്‍ ആ കഥ അവിടെ തീര്‍ന്നു. കാണാതെ ശബ്ദത്തില്‍ കൂടിയുള്ള ബന്ധം എന്ന് പറയുന്നതു തീവ്രമായ അനുഭവമാണ്. പച്ചയായ പുരുഷനും പച്ചയായ സ്ത്രീയുമാണ് അപ്പുറത്തും ഇപ്പുറത്തും നിന്നു സംസാരിക്കുന്നതു. അവരുടെ ഇടയില്‍ വേറെ യാതൊരു ഇടതടവുകള്‍ ഒന്നുമില്ല. മതിലൊഴിച്ച്. മനോഹരമായിട്ടുള്ള സംഭാഷണമാണ് ബഷീര്‍ എഴുതിയിരിക്കുന്നത്. അത് അതുപോലെ ചെയ്യുക എന്നുള്ളത് ഒരു വെല്ലുവിളി ആണ്. എനിക്കു വായിച്ചപ്പോള്‍ കിട്ടിയ അനുഭവം കാഴ്ചക്കാരിലേക്ക് പകരണം.

കഥയുടെ അവസാനം ബഷീര്‍ എഴുതിയത് അയാള്‍ വിടുതല്‍ വാങ്ങി സെന്‍ട്രല്‍ ജയിലിന്റെ പുറത്തു ഗെയിറ്റിന് അടുത്ത് ഒരു റോസാ പൂവുമായിട്ട് കാത്തു നില്‍ക്കുന്നതായാണ്. ബഷീറിന് വളരെ പ്രിയപ്പെട്ട ഒരു എന്‍ഡിംഗ് ആണ് അത്. കോഴിക്കോട് പ്രിവ്യു വെച്ചപ്പോള്‍ ബഷീര്‍ എന്നോടു ചോദിച്ചു. അങ്ങനെയാണോ തീരുന്നത്? കള്ളം പറയാന്‍ പറ്റുമോ. അദ്ദേഹം സിനിമ കാണാന്‍ പോവുകയല്ലേ. അല്ലെങ്കിലും പറയാന്‍ ഒക്കുകയില്ല. ഞാന്‍ പറഞ്ഞു അങ്ങനെയല്ല. പിന്നെ അദ്ദേഹം ഒന്നും മിണ്ടിയില്ല. എനിക്കു പേടിയായിരുന്നു പടം കാണുമ്പോള്‍ എന്തു തോന്നുമോ എന്നാലോചിച്ചിട്ട്. പടം കണ്ടു അദ്ദേഹത്തിന് വളരെ വളരെ ഇഷ്ടപ്പെട്ടു. മാത്രമല്ല പടം തീര്‍ന്ന് എല്ലാവരും എഴുന്നേറ്റിട്ടും ബഷീര്‍ അവിടെ തന്നെ ഇരിക്കുന്നു. അടുത്ത് ചെന്നു നോക്കിയപ്പോള്‍ കണ്ണു നിറഞ്ഞിരിക്കുന്നു. എന്നിട്ട് പറഞ്ഞു “Not a dull moment, not a dull moment” അത് വലിയ ട്രിബ്യൂട്ടാണ് എനിക്ക്. അന്ന് സ്ക്രീനിംഗിന് ശേഷം പ്രസ്സ് ക്ലബ്ബുകാര്‍ ഒരു മുഖാമുഖത്തിന് വേണ്ടി വിളിച്ചിരുന്നു. ഞാന്‍ അവരോടു ബഷീറിനെയും വിളിക്കാന്‍ പറഞ്ഞു. അവര്‍ ചോദിച്ച ചോദ്യത്തിന് എല്ലാം ബഷീര്‍ ആണ് ഉത്തരം പറയുന്നത്. അത്ര എക്സൈറ്റ്മെന്‍റ് ആയിരുന്നു. അവിടെ വെച്ചു പ്രഖ്യാപനങ്ങള്‍ കുറെ നടത്തി. എന്റെ പാത്തുമ്മ വേണോ, ഇത് വേണോ അത് വേണോ എല്ലാം ഗോപാലകൃഷ്ണന് ഫ്രീ.

എന്റെ പടങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അധികം അന്താരാഷ്ട്ര അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ളത് ആ പടത്തിനാണ്. അത് യൂണിവേഴ്സല്‍ ആയിട്ട് ഹിറ്റായിരുന്നു.

റോട്ടര്‍ഡാമില്‍ വെച്ചു ഫിലിം സ്ക്രീനിംഗ് കഴിഞ്ഞതിന് ശേഷം ക്യു ആന്‍ഡ് എ നടക്കുകയാണ്. സൌത്ത് അമേരിക്കയില്‍ നിന്നുള്ള ഒരു വനിതാ സംവിധായിക എന്നോടു പറഞ്ഞു. ഞങ്ങളുടെയൊക്കെ പടങ്ങളില്‍ പുരുഷനും സ്ത്രീയുമായുള്ള എല്ലാം കാണിക്കുന്നുണ്ട്. പക്ഷേ അതിലൊന്നും കിട്ടാത്ത ഒരു സെന്‍ഷ്വല്‍ ഫീലിംഗ് ഈ പടം കാണുമ്പോള്‍ ഉണ്ട്. എങ്ങിനെയത് സാധിച്ചു എന്നൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു അതിന്റെ ക്രെഡിറ്റ് പോകേണ്ടത് ബഷീറിനാണ്.

കെപിഎസി ലളിതയെ എല്ലാവരും തിരിച്ചറിയും എന്ന ഭയം ഉള്ളതുകൊണ്ടു ഞാന്‍ നാല്‍പ്പതോളം പേരെ ഓഡിഷന്‍ ചെയ്തുനോക്കി. പറയുന്നതില്‍ ഒരു ലൈഫ് വരണം. പലര്‍ക്കും ശബ്ദം നല്ലതായിരിക്കും. പരിചിതമായ നല്ല ശബ്ദം വേണോ അതോ അപരിചിതമായുള്ള ചീത്ത ശബ്ദം വേണോ എന്നതായിരുന്നു എന്റെ ചോയിസ്. അങ്ങനെ പരിചിതമായിടുള്ള നല്ല ശബ്ദം എന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ ലളിതയെ തീരുമാനിക്കുകയായിരുന്നു. അതിന്റെ എല്ലാ ഫീലിംഗും അവര്‍ കൊണ്ടുവന്നിട്ടുണ്ട്. ലളിതയ്ക്കല്ലാതെ വേറെ ആര്‍ക്കും അത് സാധിക്കില്ല.

വിധേയനില്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചത് വലിയ റിസ്ക്

നല്ല നടന്‍മാരും നടിമാരും ഒക്കെ തന്നെയാണ് നമ്മുടെ താരങ്ങള്‍ എല്ലാവരും. അവര്‍ക്ക് അവരുടെ സ്റ്റാര്‍ഡം വെറുതെ കിട്ടിയതല്ല. അതേ സമയം അവര്‍ക്ക് തന്നെ തൃപ്തികരമായ ഒരു റോള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്ന മനസ്താപം ഉണ്ട്. ശിവാജി ഗണേശന്‍ മഹാനായ നടനാണ്. പക്ഷേ അദ്ദേഹത്തിന്റെ മികച്ച സിനിമ എന്നുപറഞ്ഞു കാണിക്കാന്‍ ഒരു സിനിമയുണ്ടോ? പല പടങ്ങളിലും ആ ആക്ടറെ വെസ്റ്റ് ചെയ്തിരിക്കുകയാണ്. ലോകം അറിയപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ക്ക് ആഗ്രഹം കാണും. പക്ഷേ ആ ഒരു സെറ്റപ്പില്‍ അവര്‍ക്ക് സാധിക്കുകയില്ല. കച്ചവട സിനിമ എന്നു പറയുന്നതു വലിയ ഒരു അട്രാക്ഷനാണ്. ഒരു പാട് ആരാധകര്‍, ഒരുപാട് പണം, ഒരുപാട് ഗ്ലാമര്‍ ഇതെല്ലാംകൂടി ചേര്‍ന്ന ഒരു പ്രത്യേക ലോകമാണ് അത്. ഭാഗ്യവശാല്‍ നമ്മുടെ നടീ നടന്‍മാര്‍ക്ക് നല്ലതും ചീത്തയും അറിയാം. അവര്‍ക്ക് പ്രധാനപ്പെട്ട പടങ്ങളുടെ ഭാഗം ആകണം എന്ന തോന്നല്‍ ഉണ്ട്. അത് പണത്തിന് വേണ്ടിയല്ല. നമ്മള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ വലിയ സന്തോഷപൂര്‍വ്വമാണ് വരുന്നത്. അവര്‍ക്ക് അതില്‍ നിന്നുണ്ടാകുന്ന അനുഭവവും സന്തോഷകരമായിരിക്കും.

അറിയപ്പെടുന്ന ഒരു താരത്തെ കാസ്റ്റ് ചെയ്യുമ്പോള്‍ രണ്ട് ദോഷമുണ്ട്. വലിയ റിസ്ക് ആണ് നമ്മള്‍ എടുക്കുന്നത്. ഒരാള്‍ സ്റ്റാര്‍ ആകുന്നത് എങ്ങനെയാണ്? സ്ഥിരമായിട്ട് ഒരു ടൈപ്പ് റോള്‍ ചെയ്യുമ്പോഴാണ്. അതില്‍ നിന്നും മാറി ചെയ്താല്‍ വലിയ പ്രശ്നമാകും. ഒരുപക്ഷേ ഇനീഷ്യല്‍ ആയി വലിയ ഒരു ഓഡിയന്‍സിനെ കിട്ടും. ഈ സ്റ്റാര്‍ കാരണം. ഇദ്ദേഹത്തെ കണ്ടു പരിചയിച്ച റോള്‍ അല്ലെങ്കില്‍ അത് തിരിച്ചടിക്കും. വിധേയന്‍ ചെയ്യുമ്പോള്‍ എനിക്ക് വലിയ റിസ്ക്ക് ആയിരുന്നു. മമ്മൂട്ടി അഭിനയിക്കുന്നത് ഒരു ആന്‍റി ഹീറോ റോളിലാണ്. പടത്തിന്റെ ട്രീറ്റ്മെന്‍റ് കൊണ്ടും അതിനു ഈ നടന്‍ പൂര്‍ണമായും വഴങ്ങി എന്നുള്ളതുകൊണ്ടും ആളുകള്‍ക്ക് കണ്‍വിന്‍സിംഗ് ആയി തോന്നുകയായിരുന്നു. മമ്മൂട്ടിയുടെ ഇമേജിന് ദോഷം വന്നില്ല എന്നുമാത്രമല്ല. ഇമേജ് കൂടുകയാണ് ഉണ്ടായത്.

പിന്നെയും; ചിത്രത്തെ മോശമാക്കി എഴുതിയത് വിവരക്കേടല്ല, ആസൂത്രിതമായ നീക്കം

പിന്നെയും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ കേരളത്തില്‍ ഒരു ഗ്രൂപ്പ് ഇരുന്നിട്ട് ആദ്യ ഷോ കഴിഞ്ഞ ഉടനെ എഴുതാന്‍ തുടങ്ങി. ഒരു വലിയ ഗ്രൂപ്പാണ്. They have to prove that this is not good. ഇവരൊക്കെ സിനിമ ജഡ്ജ് ചെയ്യാന്‍ കഴിവില്ലാത്ത ആളുകള്‍ ആണ്. ഒരു ഫിലിം കള്‍ച്ചര്‍ ഇല്ലാത്തവരാണ്. ന്യൂ മീഡിയയുടെ എല്ലാ ദോഷങ്ങളും ഇവര്‍ എടുത്തു പ്രയോഗിക്കുക ആയിരുന്നു. വലിയൊരു പ്രചരണം നടത്തിയാല്‍ ആളുകള്‍ കരുതുക മോശം പടം ആയിരിയ്ക്കും എന്നാണ്. കാണാന്‍ പോകുമ്പോള്‍ പോലും അത്തരമൊരു ചിന്തയില്‍ ആയിരിക്കും തിയറ്ററില്‍ ഇരിക്കുന്നത്. പിന്നേയും വളരെ സിമ്പിള്‍ ആയിട്ട് തോന്നുമെങ്കിലും വളരെ ലെയേര്‍സ് ഉള്ള പടമാണ്. എനിക്കു വളരെ വളരെ തൃപ്തി തന്നിട്ടുള്ള പടമാണ് ഇത്. ഇത് മോശമാണ് എന്നു പ്രചരിപ്പിക്കുന്നത് വിവരക്കേടാണ് എന്നു പറഞ്ഞു ക്ഷമിക്കാന്‍ പറ്റത്തില്ല. വിവരക്കേട് മാത്രമല്ല. അതിന്റെ പിന്നില്‍ ചില പ്ലാനുകള്‍ ഉണ്ട്.

തൃശൂര് വെച്ചു ഒരു ദിവസം ഒരു ജേര്‍ണലിസ്റ്റ് ചോദിച്ചു, ‘സര്‍ സുകുമാരക്കുറുപ്പ് സാരിന്റെ ബന്ധുവാണെന്ന് പറയുന്നു, ഉള്ളതാണോ?’ സുകുമാരക്കുറുപ്പോ, എന്താ അങ്ങനെ ചോദിക്കാന്‍. “അല്ല പടത്തില്‍ അയാളെ വെള്ള തേച്ച് കാണിക്കാന്‍ ഒരു ശ്രമം ഉണ്ടല്ലോ” എന്നു അയാള്‍. ഞാന്‍ പറഞ്ഞു, “സുകുമാരക്കുറുപ്പിന്റെ കഥയാണെന്ന് ആര് പറഞ്ഞു?” ഞാന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ് സുകുമാരക്കുറുപ്പ് സംഭവമാണ് ഇത് എഴുതാന്‍ കാരണം എന്നുള്ളത്. എന്നാല്‍ സുകുമാരക്കുറുപ്പിനെ പറ്റിയുള്ള സിനിമയല്ല ഇത്. കാരണം അയാളെ പറ്റി എനിക്കു ഒന്നും അറിഞ്ഞുകൂടാ. പത്രത്തില്‍ പണ്ട് വായിച്ചിട്ടുള്ള അറിവേ ഉള്ളൂ. ഇന്നും സുകുമാരക്കുറുപ്പ് ഒരു മിസ്റ്ററിയാണ്. അയാള്‍ ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല, മരിച്ചിട്ടുണ്ടോ എന്നറിയില്ല, ആ കുടുംബത്തിന് എന്തു സംഭവിച്ചു എന്നുപോലും അറിയില്ല. അതെല്ലാം മിസ്റ്ററിയാണ്. എനിക്കു അതറിയാന്‍ താത്പര്യവുമില്ല. എന്റെ പടം അതിനെ പറ്റിയല്ല. ഒരാള്‍ സ്വന്തം മരണം fake ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് പടം പറയുന്നതു. എന്റെ താത്പര്യം അതാണ്. ആ ഫെയ്ക്കിംഗിലൂടെ അയാള്‍ മരിക്കുകയാണ്. അയാള്‍ക്ക് ഐഡന്‍റിറ്റി ഇല്ല, രൂപമില്ല, അയാള്‍ക്ക് ബന്ധങ്ങള്‍ ഇല്ല, ആരുടെ മുന്‍പിലും പ്രത്യക്ഷപ്പെടാന്‍ ഒക്കുകയില്ല. അപ്പോള്‍ പിന്നെ അയാള്‍ എന്താണ്? അയാള്‍ നടത്തിയ കുറ്റം അയാളെ മാത്രമല്ല അതുമായി ബന്ധപ്പെട്ട സകലരെയും നശിപ്പിക്കുകയാണ്. ഒരു ലെവലില്‍ അത് ഒരു മോറല്‍ സ്റ്റോറിയാണ്. വേറൊരു ലെവലില്‍ അത് ലവ്, അഫക്ഷന്‍, അറ്റാച്ച്മെന്‍റ് എന്നിവയെ കുറിച്ചുള്ള കഥയാണ്. സുഖത്തെപ്പറ്റിയുള്ള നമ്മുടെ വികലമായ സങ്കല്‍പ്പങ്ങള്‍ ആണ്. മിഡില്‍ ക്ലാസിനെ ബാധിച്ചിട്ടുള്ള വാല്യൂസിനോടുള്ള അവജ്ഞ, പണം ഉണ്ടാക്കിയാല്‍ മതി, ആര്‍ത്തി, അതിനെ കുറിച്ചാണ് ആ സിനിമ. ഇങ്ങനെ പല കാര്യങ്ങളെ കുറിച്ച് പറയുന്ന ചിന്തിപ്പിക്കുന്ന സിനിമയാണ് അത്. നായകന്‍ ഒരു ക്രിമിനല്‍ അല്ല. എങ്ങനെ എങ്കിലും പണം ഉണ്ടാക്കിയാല്‍ മതി എന്നുള്ള ഒബ്സെഷന്‍ ഉള്ള ആളാണ്. ഒബ്സെഷന്‍ വരുമ്പോള്‍ ചിന്താ ശക്തി നശിക്കുകയാണ്. ഒരു ക്രിമിനല്‍ വിചാരിക്കുന്നത്. അയാള്‍ നടത്തുന്ന ക്രിമിനല്‍ ആക്ട് ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നാണ്. അല്ലെങ്കില്‍ ക്രൈം ഉണ്ടാകില്ലല്ലോ. മനസ്സ് എന്നു പറയുന്നതു വളരെ strange ആയിട്ടുള്ള ഒന്നാണ്. ഇത്തരം ക്രൈമുകള്‍ നമ്മുടെ ചുറ്റും നിരന്തരമായി നടന്നു കൊണ്ടിരിക്കുകയാണ്. അത് പണത്തിന് വേണ്ടിപ്പോലുമല്ല. സുഖം എന്നുള്ള സങ്കല്‍പ്പമാണ്. എന്താണു സുഖം?

അടൂര്‍ എഴുതുന്നത് ഇങ്ങനെയാണ്

ഒരു ആശയം കിട്ടിയാല്‍ ഞാന്‍ ഉടനെ ഒന്നും എഴുതി തുടങ്ങാറില്ല. ഒരു ബീജം വികസിച്ച് സിനിമയുടെ രൂപം വരാനായിട്ട് ഒരുപാട് കാര്യങ്ങള്‍ അതിനകത്ത് വേണം. അതിനുള്ള പൊട്ടന്‍ഷ്യല്‍ വേണം. അതില്‍ അന്തര്‍ലീനമായിട്ടുള്ള സാധ്യത വേണം. ആലിന്‍പഴത്തില്‍ ഒത്തിരി ചെറു ചെറു കുരുക്കള്‍ ഉണ്ട്. ഓരോ കുരു വളര്‍ന്നാണ് വലിയ ആലായി മാറുന്നത്. അതുപോലെ നമ്മള്‍ എടുക്കുന്ന ചെറിയ ആശയത്തിനകത്ത് ഇതുപോലെ സാധ്യതകള്‍ ഉണ്ടായിരിക്കണം. പല വിഷയങ്ങളെ കുറിച്ചും സിനിമയെടുക്കാം. ഇപ്പോള്‍ നടക്കുന്നതു അപ്പപ്പോള്‍ ഉണ്ടാകുന്ന ഏതെങ്കിലും സെന്‍സേഷണല്‍ ആയിട്ടുള്ള സംഭവം പത്രത്തില്‍ വന്നു കഴിഞ്ഞാല്‍ ഉടനെ അതിനെ കുറിച്ച് ഒരു സിനിമ എടുക്കുകയാണ് എന്നുള്ളതാണ്. പത്രത്തില്‍ ലേഖനം എഴുതുന്നതുപോലെയാണ് സിനിമ എന്നാണ് വിചാരിച്ചിരിക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍ അങ്ങനെയല്ല. ഒരു സിനിമ എടുക്കുന്ന കാലഘട്ടത്തിനും അപ്പുറത്തും പ്രസക്തമാകണം.

എനിക്ക് പല ആശങ്ങളും തോന്നും. കുറെ കാലം കൊണ്ടുനടക്കും. രാത്രി വലിയ ഗംഭീരമാണ് എന്നു തോന്നുന്ന ആശയം ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും മങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അങ്ങനെ ഒരു പാട് റിജെക്ഷന്‍സ് കഴിഞ്ഞിട്ട് അവസാനമാണ് ഒരു പൊട്ടന്‍ഷ്യല്‍ ഉള്ള ആശയത്തിലേക്ക് എത്തുന്നത്. എഴുതുന്നതിന് മുന്പ് ഈ ആശയം എങ്ങിനെയാണ് വികസിപ്പിക്കേണ്ടത്. എഴുത്തിന്റെ ലൈന്‍ എന്തായിരിക്കണം എന്നൊക്കെയാലോചിച്ചിക്കണം. അതിനു ശേഷമാണ് എഴുതാന്‍ തുടങ്ങുന്നത്. ഒരു സിനോപ്സിസ് അല്ല ആദ്യം എഴുതുന്നതു. സീന്‍സ് ആയിട്ടാണ് എഴുതുന്നത്.

മുന്‍പൊക്കെ ഞാനും എന്റെ ചീഫ് അസിസ്റ്റന്‍റ് ആയ മീരാ സാഹിബും എങ്ങോട്ടെങ്കിലും മാറി ഇരുന്നിട്ടാണ് എഴുതുന്നത്. ഫോണ്‍ വിളിയും ആളുകള്‍ വന്നു കാണുന്നതും ഒഴിവാക്കണം. ഈ സമയത്ത് വേറെ ഒരു ചിന്തയുമില്ലാത്ത രീതിയില്‍ എവിടെങ്കിലും പോയി താമസിക്കും. ഞാന്‍ ഡിക്റ്റേട് ചെയ്തു കൊടുക്കും. പുള്ളി എഴുതും. അങ്ങനെയായിരുന്നു ചെയ്തോണ്ടിരുന്നത്. ഇപ്പോള്‍ കുറച്ചുകാലമായിട്ട് അതല്ല ചെയ്യുന്നത്. ഞാനും കംപ്യൂട്ടറുമായിട്ടാണ് ഗുസ്തി. ഒരു ദിവസം തോന്നുന്നത് അടിക്കും. പിന്നെ പിറ്റേ ദിവസം എഴുതുന്നതിന് മുന്‍പ് തലേ ദിവസം എഴുതിയത് വായിച്ചു നോക്കും. ചിലപ്പോള്‍ മാറ്റങ്ങള്‍ വരുത്തും. ചിലപ്പോള്‍ ഏതെങ്കിലും പോയിന്റില്‍ പോയി സ്റ്റക്കാവും. അപ്പോള്‍ അതങ്ങ് വീടും. ദിവസങ്ങളോളം മാസങ്ങളോളം അതങ്ങ് വീടും. പിന്നീട് അതിന്റെ പരിഹാരം എവിടെ നിന്നെങ്കിലും വരും. അപ്പോള്‍ സ്റ്റക്കായത് നന്നായി എന്നു തോന്നും. ഇങ്ങനെ ജൈവപരമായ ഒരു വളര്‍ച്ചയുണ്ട്. അതിനുള്ള സമയം ഞാന്‍ അനുവദിക്കാറുണ്ട്.

എന്റെ പടത്തില്‍ ആകസ്മികമായി ഒന്നും സംഭവിക്കുന്നില്ല

പൂര്‍ണ്ണമായ തയ്യാറെടുപ്പോടെയേ ഞാന്‍ ഷൂട്ടിംഗിന് പോവുകയുള്ളൂ. എന്റെ പടത്തില്‍ ആകസ്മികമായി ഒന്നും സംഭവിക്കുന്നില്ല. ഷൂട്ടിംഗ് സ്ക്രിപ്റ്റ് ആയിരിക്കില്ല ഞാന്‍ ഷൂട്ട് ചെയ്യുന്നത്. എത്ര വിശദമായി എഴുതിവെച്ചാലും അതിന്റെയും അടുത്ത സ്റ്റേജാണ് ഞാന്‍ ഷൂട്ട് ചെയ്യുന്നത്. അതിനു അനുവദിക്കപ്പെടുന്ന ഒരു വളര്‍ച്ച അവസാനം വരെയുണ്ട്. പടം എഡിറ്റ് ചെയ്യുന്ന ഘട്ടത്തില്‍ പോലും ഉണ്ട്. അങ്ങനെയുള്ള ഒരു ജൈവികമായ വളര്‍ച്ച എന്റെ എല്ലാ ആശയങ്ങള്‍ക്കും ഉണ്ട്. ഞാന്‍ എഴുതി വെച്ചിരിക്കുന്ന സ്ക്രിപ്റ്റും എന്റെ പടവും എടുത്തു നോക്കിയാല്‍ അറിയാം. വലിയ വ്യത്യാസമുണ്ട്. തിരക്കഥയില്‍ നിന്നും വളരെ ഉയര്‍ന്നിരിക്കും എടുത്തുകഴിഞ്ഞ പടം.

ഞാന്‍ സെറ്റില്‍ ചൂടനല്ല

ഞാന്‍ സെറ്റില്‍ ചൂടനല്ല. ചൂടില്ല എന്നു മാത്രമല്ല വളരെ കൂളാണ്. കൂളായല്‍ മാത്രമേ പണി നടക്കുകയുള്ളൂ. വെപ്രാളം പിടിച്ചാല്‍ ഒന്നും നടക്കത്തില്ല. നമ്മള്‍ പ്രിപ്പയെര്‍ഡ് ആണ്. അതുകൊണ്ടാണ് ടെന്‍ഷന്‍ ഒന്നും വരാത്തത്. എവിടെ ക്യാമറ വെക്കണമെന്നും എന്തു ആംഗിള്‍ വേണമെന്നും എവിടെ മൂവ് ചെയ്യണമെന്നും നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞതാണ്. പിന്നെ അതില്‍ നിന്നും ഇംപ്രൂവ് ചെയ്യുക എന്നത് മാത്രമേയുള്ളൂ.

(തുടരും)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍