UPDATES

സിനിമാ വാര്‍ത്തകള്‍

“പൂച്ചയ്‌ക്കെന്താ മീന്‍ വെട്ടുന്നിടത്ത് കാര്യം”; സെന്‍സര്‍ ബോര്‍ഡിനെ കളിയാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി നിറയെ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയാളികളാണെന്നും അടൂര്‍

സിനിമയില്‍ മീന്‍വെട്ടുന്ന രംഗത്തില്‍ ഒരു പൂച്ച ഇരിയ്ക്കുന്നത് കണ്ട് വിശദീകരണവും അനിമല്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ചോദിച്ച സെന്‍സര്‍ ബോര്‍ഡ് ഇതൊരു വൈകൃതമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നമ്മുടെ ഒരു മന്ത്രിക്കുണ്ടായ ഉള്‍വിളിയാണ് ഇതിന് പിന്നിലെന്നും അടൂര്‍ പരിഹസിച്ചു. ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് സര്‍ക്കസ് എന്ന വലിയൊരു വിനോദോപാധി ഇന്ത്യയില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടത്. സിനിമാക്കാരുടെ തോളില്‍ കയറിയല്ല മൃഗസ്‌നേഹം കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും ഇന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി നിറയെ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയാളികളാണെന്നും ദേശീയ പുരസ്‌കാരമെന്ന സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ പുരസ്‌കാരം ഇപ്പോള്‍ വെറും ആഭാസമായി മാറി. അതിനാലാണ് ബാഹുബലി പോലുള്ള ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടുന്നത്. ജനാധിപത്യ രാഷ്ട്രത്തിന് ചേരാത്ത സെന്‍സറിംഗ് പൂര്‍ണമായും എടുത്തു കളയണം. സിനിമയില്‍ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങള്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമയ്ക്ക് മുമ്പുള്ള സിഗരറ്റ് വലിയെക്കുറിച്ചുള്ള പരസ്യം കണ്ടാല്‍ തന്നെ സിനിമ കാണാന്‍ തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചാല്‍ പോരെ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കാനുള്ള ഉപാധിയായി സിനിമ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

read more:ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍