UPDATES

സിനിമാ വാര്‍ത്തകള്‍

പദ്മാവതിയെ വിട്ടു, ഇനി മണികര്‍ണിക, ദിപീകയ്ക്കു പകരം കങ്കണ

കര്‍ണിസേനയുടെ സ്ഥാനത്ത് സര്‍വ ബ്രാഹ്മണ്‍ മഹാസഭ

പദ്മാവത് വിവാദം അവസാനിച്ചിടത്ത് അടുത്തത് തുടങ്ങുന്നു. കങ്കണ റൗണത്ത് നായികയാകുന്ന മണികര്‍ണിക; ദി ക്വീന്‍ ഓഫ് ഝാന്‍സിയാണ് പുതിയ ‘ ഇര’. ഇത്തവണയും വിവാദത്തിന്റെ ഉത്ഭവസ്ഥാനം രാജസ്ഥാന്‍ തന്നെ. തങ്ങളുടെ ചരിത്രനായികയെ അപമാനിക്കുന്ന തരത്തില്‍ സിനിമയൊരുക്കുന്നതായി ആരോപിച്ച് ആക്രോശവും അക്രമവുമായി പദ്മാവതിനെതിരേ രംഗത്തു വന്നത് കര്‍ണിസേനയാണെങ്കില്‍ ഇത്തവണ ആ സ്ഥാനത്ത് സര്‍വ ബ്രാഹ്മണ്‍ മഹാസഭ(എസ്ബിഎം) ആണ്. രാജസ്ഥന്‍ ആസ്ഥാനമായുള്ള ഒരു ബ്രാഹ്മണ സംഘടനയാണിത്.

ബ്രിട്ടീഷുകാര്‍ക്കെതിരേ പടപൊരുതിയ ധീരദേശാഭാമാനിയായി വാഴ്ത്തപ്പെടുന്ന മണികര്‍ണികയുടെ ജീവിതകഥ ഈ വര്‍ഷവാസനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കങ്കണ മണികര്‍ണികയുടെ വേഷത്തില്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തായിരുന്നു. ഇതു തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശം നിറച്ചിരുന്നു. ഇതിനിടയിലാണ് സിനിമ റിലീസ് ചെയ്യുന്നത് തടയുമെന്ന പ്രഖ്യാപനവുമായി ബ്രാഹ്മണ സംഘടന രംഗത്തു വന്നിരിക്കുന്നത്.

ഒരു ബ്രിട്ടീഷ് ഓഫിസറുമായി കങ്കണ അവതരിപ്പിക്കുന്ന മണികര്‍ണികയുടെ കഥാപാത്രം പ്രണതത്പരയായി ഇടപഴകുന്നുണ്ടെന്നാണ് ബ്രാഹ്മണ സഭയുടെ ആക്ഷേപം. ഈ രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ചിത്രം പ്രദര്‍ശപ്പിക്കാന്‍ തങ്ങള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നാണ് എസ്ബിഎമ്മിന്റെ ഭീഷണി.

മണികര്‍ണികയെ അപമാനിക്കുന്ന തരത്തിലുള്ള പലരംഗങ്ങളും അവര്‍ ചിത്രീകരിച്ചതായി ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. വിദേശികളെഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയണവര്‍ സിനിമയെടുക്കുന്നത്, ഇത് ഞങ്ങളുടെ രാജ്ഞിയെ അപമാനിക്കലാണ്; സര്‍വ ബ്രാഹ്മണ്‍ മഹാസഭ സ്ഥാപകന്‍ സുരഷ് മിശ്ര ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

ജയ്ശ്രീ മിശ്ര എഴുതി പുറത്തുവന്ന റാണി എന്ന പുസ്തകത്തില്‍ ഝാന്‍സിയിലെ രാജ്ഞി മണികര്‍ണികയ്ക്ക് ബ്രിട്ടീഷ് ഓഫിസര്‍ റോബര്‍ട്ട് എല്ലിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ 2008 ല്‍ അന്നത്തെ ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാര്‍ ജയ്ശ്രീ മിശ്രയുടെ പുസ്തകം നിരോധിച്ചിരുന്നു.

തങ്ങളുടെ നിബന്ധനകള്‍ കാണിച്ച് സിനിമയുടെ നിര്‍മാതാവ് കമല്‍ ജെയിന് കത്ത് അയച്ചിട്ടുണ്ടെന്നും അനുസരിച്ചില്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം ഉണ്ടാവില്ലെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്ബിഎം പറയുന്നു. എന്നാല്‍ നിര്‍മാതാവിന്റെ ഭാഗത്തു നിന്നും ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ലെന്നും അവര്‍ പറയുന്നു. അതേസമയം സര്‍വ ബ്രാഹ്മണ്‍ മഹാസഭയ്ക്ക് സര്‍വപിന്തുണയുമായി കര്‍ണിസേനയും രംഗത്തു വന്നിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍