UPDATES

സിനിമ

ആകാശമിഠായി; കണ്ണീര്‍ സോപ്പുകഥയാക്കി സ്വയം തോല്‍പ്പിച്ചു കളഞ്ഞ സിനിമ

ഒരു സമകാലിക പ്രശ്‌നത്തെ അംഗീകരിക്കാനുള്ള സത്യസന്ധമായ ശ്രമം ആകാശമിഠായില്‍ കാണാനുമാകുന്നുണ്ട്

അപര്‍ണ്ണ

അപര്‍ണ്ണ

എം. പത്മകുമാറും സമുദ്രക്കനിയും ചേര്‍ന്നാണ് ആകാശമിഠായി സംവിധാനം ചെയ്തത്. ഒരു നടനെന്ന രീതിയില്‍ തനിക്കു ചേരാത്ത കൂള്‍ മാസ് റോളുകള്‍ നിരന്തരം തെരഞ്ഞെടുക്കുന്ന ജയറാം പ്രേക്ഷകരെ തന്നില്‍ നിന്നു അകറ്റുന്നുണ്ട്. ആ അകല്‍ച്ച തന്നെയാവണം പല വട്ടം നീണ്ടു പോയ റിലീസിങ്ങിനും കിട്ടാതെ പോയ തീയേറ്ററുകള്‍ക്കും കാരണം. എന്തായാലും സിനിമയെ കൊല്ലരുത് എന്ന മട്ടിലുള്ള കാളിദാസ് ജയറാമിന്റെ പോസ്‌റ്റോടു കൂടി സിനിമ വീണ്ടുമൊന്നു ചര്‍ച്ചയായി. തരക്കേടില്ലാതെ ആളു കേറുന്നുണ്ട്. മോഹന്‍ലാലിന്റെവോയ്‌സ് ഓവറില്‍ ബഷീറിന്റെ പ്രേമലേഖനത്തിലെ സാറാമ്മയുടെയും കേശവന്‍ നായരുടെയും ആകാശമിഠായി നറേഷനിലാണ് സിനിമയുടെ ട്രെയിലര്‍ പ്രേക്ഷകരിലെത്തിയത്.

സമുദ്രക്കനി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തില്‍ അഭിനയിച്ച 2016 ചിത്രം ‘അപ്പ’ തമിഴില്‍ വിമര്‍ശക ശ്രദ്ധ നേടിയിരുന്നു. ആ സിനിമയുടെ സ്വതന്ത്ര പുനരാവിഷ്‌കാരമാണ് ആകാശമിഠായി. ജയശങ്കറും (ജയറാം) ഭാര്യ രാധികയും (ഇനിയ) പീതാംബരനും (ഷാജോണ്‍) ഭാര്യ രാധയും (സരയു) ഒരേ സമയത്തു പിറക്കാന്‍ പോകുന്ന മക്കളെ കാത്തിരിക്കുന്നവരാണ്. ജയശങ്കര്‍ മകന് ആകാശ് എന്നും പീതാംബരന്‍ വിദ്യാവിവേക് എന്നും പേരിടുന്നു. ജയശങ്കര്‍ ഭാര്യയുടെ എതിര്‍പ്പിനെ മറികടന്ന് മകനെ അവന്റെ ഇഷ്ടങ്ങള്‍ കൂടിയിറഞ്ഞ് സ്വതന്ത്രനായി വളര്‍ത്തുമ്പോള്‍ പീതാംബരന്‍ ജനിച്ചപ്പോള്‍ മുതല്‍ അമേരിക്കയില്‍ ഡോക്ടറാകാനുള്ള പരിശീലനം നല്‍കുന്നു. ഇതിന് വിലങ്ങു തടി എന്നു തോന്നുന്നവരെ മൊത്തം മകനില്‍ നിന്ന് ഓടിക്കുന്നു എങ്കിലും ആകാശും വിദ്യാവിവേകും തമ്മില്‍ ആഴത്തിലുള്ള സൗഹൃദമുണ്ടാകുന്നു. ആ സൗഹൃദ വലയം ഒന്നു കൂടി വിശാലമായി മറ്റു മൂന്നു പേര്‍ കൂടി ചേരുകയും ചെയ്യുന്നു. ഇത് പീതാംബരനെ അസ്വസ്ഥനാക്കുകയും അയാള്‍ അവരെ അകറ്റാന്‍ നോക്കുകയും ചെയ്യുന്നു. കൂട്ടുകാരെ കാണാതിരിക്കാനും 99% മാര്‍ക്ക് നേടുന്ന പഠന നിലവാരം ഒന്നു കൂടി മെച്ചപ്പെടുത്താനും വേണ്ടി അവനെ 150 കിലോമീറ്റര്‍ ദൂരെയുള്ള വളരെ ഭീകരമായ അച്ചടക്കം പാലിക്കുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളിലാക്കുന്നു. അവിടെ നിന്നും അവന്‍ നേരിടുന്ന ദുരന്തങ്ങളും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ആകാശ മിഠായി.

"</p

ഒട്ടും നവീകരണം സംഭവിക്കാത്ത ഒന്നാണ് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസ മേഖല. കൊളോണിയല്‍ കാലം തൊട്ട് പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് ചെറിയ പരിഷ്‌കരണമല്ലാതെ വിശാലമായ ഒരു പരിണാമം സംഭവിച്ചിട്ടില്ല. ഇടിമുറികളും വിചിത്രവും ക്രൂരവുമായ ശിക്ഷാരീതികളും ഏകാധിപതികളായി പെരുമാറുന്ന അധ്യാപകരുമാണ് പലരുടേയും സ്‌കൂള്‍ ജീവിതത്തിന്റെ ആകെത്തുക. ആ രീതികള്‍ എല്ലാ പരിധികളും ലംഘിച്ച് ക്രൂരതകളുടെ വാര്‍ത്തകളാവുന്നത് നമുക്ക് നിത്യ സംഭവമാണ്. കുറെ ഫാള്‍സ് ഈഗോകളുടെ സംരക്ഷകരായ രക്ഷിതാക്കളാണ് ഈ സിസ്റ്റത്തിന്റെ സംരക്ഷകര്‍. ഈ അവസ്ഥകളെ ഒക്കെ പറ്റി പറയാനുള്ള സത്യ സന്ധമായ ഒരു ശ്രമം ആണ് ജിഷ്ണു പ്രണോയിക്ക് സമര്‍പ്പിച്ച ആകാശ മിഠായി. ജിഷ്ണു അത്ര പഴയ വാര്‍ത്ത അല്ലാത്തതു കൊണ്ട് തന്നെ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നു കൊണ്ടു തന്നെ സിനിമയുടെ സത്യസന്ധതയെ മാനിക്കണമെന്നു തോന്നുന്നു.

പതിവു ജയറാം സിനിമകളുടെ സ്വഭാവമായ ഉപദേശ, നന്മമര, ഭാര്യയെ തല്ലി പഠിപ്പിക്കല്‍ തുടങ്ങിയവ അതേപടി ആവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ടൊരു പത്ത് വര്‍ഷം മുന്‍പെങ്കിലും മലയാള സിനിമ ഉപേക്ഷിച്ച നന്മമര മേക്കിങ്ങ് ശൈലിയും ക്ലീഷേ സംഭാഷണങ്ങളും ഒക്കെ പ്രേക്ഷകരില്‍ ചിരിയാണ് ഉണ്ടാക്കുന്നത്.നല്ലച്ഛന്‍ ചീത്തച്ഛന്‍ എന്നൊക്കെയുള്ള വ്യക്തിപരതയില്‍ ഊന്നി ഇവര്‍ വിമര്‍ശിക്കുന്ന ഈ ക്രൂരതകള്‍ ഒരു ‘സിസ്റ്റത്തിന്റെ’ സൃഷ്ടി ആണെന്ന കാര്യത്തെ സിനിമ പരിഗണിക്കുന്നത് വളരെ കുറവാണ്. നന്മ, ത്യാഗം എന്നീ സ്ഥിരം ജയറാം ഫോര്‍മുലയില്‍ അത് മുങ്ങിപ്പോയി എന്നു പറയാം. സഹതാപം മാര്‍ക്കറ്റു ചെയ്യുന്ന പതിവു ശൈലിയെ മറികടക്കാന്‍ എന്തൊക്കെയോ കാരണങ്ങളാല്‍ സിനിമക്കു കഴിയുന്നില്ല.

"</p

പശ്ചാത്തല സംഗീതത്തിനും അഴകപ്പന്റെ ഭംഗിയുള്ള ക്യാമറക്കും സിനിമയുമായി ഒട്ടും ചേര്‍ന്നു പോകാത്ത ഒരന്തരീക്ഷമാണുള്ളത്. ഒരു സാധാരണ ജീവിതത്തെ അല്ല അതൊന്നും അടയാളപ്പെടുത്തുന്നത്.ഒരു സാമൂഹ്യ വിമര്‍ശനത്തിനു ശ്രമിച്ച് വ്യക്തി ജീവിതത്തിലേക്കു ചുരുങ്ങുന്ന സിനിമയുടെ സ്വഭാവത്തെ അത് ശക്തിപ്പെടുത്തി. കുടുംബനാഥന്‍ റോളുകളിലെ പഴയ ജയറാമിനെ അയാളുടെ ശരീരഭാഷയെ ഒക്കെ അതേപടി അനുകരിച്ച് സിനിമയുടെ ടോട്ടാലിറ്റിയെ സിനിമ തന്നെ തകര്‍ക്കും പോലെ തോന്നി. തിരക്കഥയുടെ പരിധികള്‍ക്കുള്ളില്‍ നിന്ന് അഭിനേതാക്കള്‍ തന്റെ റോളുകള്‍ മികച്ചതാക്കി. ഷാജോണ്‍ ഒരു പതിവു കോമിക്ക് കാരിക്കേച്ചറില്‍ നിന്ന് നടനിലേക്കുള്ള വളര്‍ച്ചയില്‍ മുന്നോട്ടു തന്നെയാണ്. ദൃശ്യത്തിലും ഷെര്‍ലക് ടോംസിലും ആകാശ മിഠായിയിലും എല്ലാം നടന്‍ എന്ന രീതിയിലുള്ള അയാളുടെ പ്രതിഭയെ അടയാളപ്പെടുത്തുന്നുണ്ട്. ഇതിനു തുടര്‍ച്ചകളുണ്ടാവട്ടെ…

ഒരു സമകാലിക പ്രശ്‌നത്തെ അംഗീകരിക്കാനുള്ള സത്യസന്ധമായ ശ്രമമായിരുന്നു ആകാശമിഠായി. പക്ഷെ കണ്ണീരില്‍ കുതിര്‍ന്ന സോപ്പുകഥകളോടുള്ള സംവിധായകന്റെയും മറ്റുള്ളവരുടെയും താത്പര്യം ആ പരീക്ഷണത്തെ സ്വയം തോല്‍പ്പിച്ചു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍