UPDATES

സിനിമ

അള്ള് രാമചന്ദ്രന്‍ ഒരു പോലീസ് സ്‌റ്റോറിയാണ്: അതില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെയോ ആക്ഷന്‍ ഹീറോ ബിജുവിനെയോ പ്രതീക്ഷിക്കരുത്

ആദ്യപകുതിയിലെ അസ്വസ്ഥതകളും സസ്‌പെന്‍സും അവിടെത്തന്നെ എഴുത്തുകാരും സംവിധായകനും ചേര്‍ന്ന് പൊളിച്ച് കളഞ്ഞെങ്കിലും സെക്കന്റ് ഹാഫിലെ പ്രശ്‌ന സമ്പന്നതകളാള്‍ മറ്റു മേഖലകളിലേക്ക് മാറ്റിപ്പിടിച്ചത് രാമേന്ദ്രന്റെ ആസ്വാദ്യതയെയും വാച്ചബിലിറ്റിയെയും പടം തീരും വരെ നിലനിര്‍ത്താന്‍ സഹായകമായി

ശൈലന്‍

ശൈലന്‍

വിചിത്രമായ കഥാഗതികളിലൂടെ കടന്നുപോകുന്ന രസകരമായ ഒരു പോലീസ് സ്റ്റോറി ആണ് അള്ളു രാമേന്ദ്രന്‍. പോലീസ് സ്റ്റോറി എന്നൊക്കെ പറയുമ്പോള്‍ ഇന്‍സ്പെക്ടര്‍ ബാലറാമും ആക്ഷന്‍ ഹീറോ ബിജുവും മുംബൈ പോലീസും പോലുള്ള കേളി കേട്ട പോലീസ് സിനിമകളൊന്നും മനസിലിട്ടുകൊണ്ട് ആരും തിയേറ്ററില്‍ പോവേണ്ടതില്ല. രാമേന്ദ്രന്റെ വഴി വേറെയാണ്. രാമചന്ദ്രന്‍ എന്ന പാവം പോലീസ് ഡ്രൈവറുടെ കഥ പറയുന്നത് കൊണ്ട് സിനിമയെ പോലീസ് സ്റ്റോറി എന്ന് വിശേഷിപ്പിക്കാം എന്ന് മാത്രം.

വിവാഹം കഴിഞ്ഞ് നവവധുവിനോടൊപ്പം വീട്ടില്‍ വരുന്ന വഴിയില്‍ വച്ച് രാമേന്ദ്രന്റെ വിവാഹവാഹനം പഞ്ചറാവുന്നതോട് കൂടി ആണ് സിനിമ ആരംഭിക്കുന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ രാമേന്ദ്രന്‍ ഓടിക്കുന്ന പോലീസ് വാഹനം ഒരു കാരണവുമില്ലാതെ തുരുതുരാ പഞ്ചറാകുന്നു. ആരോ മനഃപൂര്‍വം തനിക്ക് നേരെ മാത്രം അള്ളു വിതറുകയാണെന്നു തിരിച്ചറിഞ്ഞതോടെ അയാളുടെ മനോനില തന്നെ തകരാറിലാവുകയും നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അയാളെ അള്ളു രാമേന്ദ്രന്‍ എന്ന് ഒളിച്ചുവിളിക്കാന്‍ ധൈര്യപ്പെടുകയും അയാള്‍ ലോംഗ്ലീവില്‍ പ്രവേശിക്കുകയും ചെയ്യും.

ഗിരീഷ്, സജിന്‍ ചെറുകയില്‍, വിനീത് വാസുദേവ് എന്നിവര്‍ ചേര്‍ന്നെഴുതിയ സ്‌ക്രിപ്റ്റും ബിലാഹരി എന്ന പുതുമുഖ സംവിധായകനും ചേര്‍ന്ന് രാമേന്ദ്രനെ തുടര്‍ന്ന് നെട്ടോട്ടമോടിക്കുന്നത് മലയാളസിനിമയുടെ പുതുവഴികളിലൂടെയാണ്. കുഞ്ചാക്കോ ബോബന്‍ ആണ് ടൈറ്റില്‍ റോളില്‍ ഉള്ള പോലീസ് ഡ്രൈവറാകുന്നത്. ഗതികേട് മൂത്ത് കലിപ്പും പ്രാന്തുമാവുന്ന രാമേന്ദ്രന്റെ റോള്‍ അതീവ മിഴിവോടെ ആണ്‍ ചാക്കോച്ചന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കരിയറിലെ തന്നെ ഏറ്റവും ഹെവി ആയ റോളുകളില്‍ ഒന്ന് എന്ന പറഞ്ഞാലും തെറ്റില്ല.

1997ല്‍ അനിയത്തിപ്രാവില്‍ ചോക്കലേറ്റ് മോന്തയും പാലുംവെള്ളം പിഞ്ഞാണ പാത്രത്തിലൊഴിച്ചപോലുള്ള അഭിനയ ശൈലിയുമായി മലയാളി സിനിമയില്‍ എത്തിയ പയ്യന്‍സ് ഈ ഇരുപത്തൊന്നാം കൊല്ലവും ഇവിടെ അതിജീവിക്കുമെന്നു വല്ലവരും കരുത്തിയതാണോ..

ആദ്യപകുതിയിലെ അസ്വസ്ഥതകളും സസ്‌പെന്‍സും അവിടെത്തന്നെ എഴുത്തുകാരും സംവിധായകനും ചേര്‍ന്ന് പൊളിച്ച് കളഞ്ഞെങ്കിലും സെക്കന്റ് ഹാഫിലെ പ്രശ്‌ന സമ്പന്നതകളാള്‍ മറ്റു മേഖലകളിലേക്ക് മാറ്റിപ്പിടിച്ചത് രാമേന്ദ്രന്റെ ആസ്വാദ്യതയെയും വാച്ചബിലിറ്റിയെയും പടം തീരും വരെ നിലനിര്‍ത്താന്‍ സഹായകമായി. സലിംകുമാറിന്റെ എസ് ഐ ടിയാന്റെ പഴയകാല എനര്‍ജിലെവലില്‍ ഉള്ളതായതും ഹരീഷ് കണാരന്‍, ധര്‍മജന്‍ എന്നിവര്‍ ഫോമിലായതും സിനിമയ്ക്ക് ഗുണകരമാവുന്നു. കൃഷ്ണശങ്കര്‍ സഹനടന്റെ സ്ഥാനത്ത് ഉണ്ട്.

ചാന്ദ്നി ശ്രീധരന്‍ ഉണ്ട് ഭാര്യ റോളില്‍. ശുദ്ധ നിരൂപദ്രവകാരി. അപര്‍ണ ബാലമുരളിയാകട്ടെ പെങ്ങള്‍ ആണ്. ഇച്ചിരി വണ്ണം വച്ച ജിന്‍സിയായി അവള്‍ കൃഷ്ണശങ്കറിനൊപ്പം ഡ്യുയറ്റ് പാടുകയും ചെയ്യുന്നു. ഷാന്‍ റഹ്മാന്‍ ആണ്‍ മ്യൂസിക് ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്. നാലോ മറ്റോ ഗാനങ്ങള്‍ ഉണ്ട്. എന്തുകാര്യം തൃശൂര്‍ കൈരളിയില്‍ സിനിമ കാണുമ്പോള്‍ ഹലുവായില്‍ മത്തിക്കറിയൊഴിച്ച പോലെ വരികളും ഓര്‍ക്കസ്‌ട്രേഷനും നാനാവഴിക്ക് ചിതറിത്തെറിച്ച് ഒന്നും തന്നെ വ്യക്തമല്ലാതാത്ത രീതിയില്‍ ആണ്‍ പാട്ടുകളുടെ സമയത്ത് ശബ്ദം കാതില്‍ വന്ന് വീഴുന്നത്. മറ്റുള്ളവര്‍ പ്രതികരിക്കട്ടെ എന്നും പറഞ്ഞാണ് ഞാനുള്‍പ്പടെയുള്ള വെയ്സ്റ്റുകള്‍ ഇതും കണ്ടുകൊണ്ടിരിക്കുന്നത്.

ടോട്ടാലിറ്റിയില്‍ നോക്കുമ്പോള്‍ ചാക്കോച്ചന്റെ 2019ലെ ആദ്യ ചിത്രം പാഴായിട്ടില്ല എന്നുപറയാം. മൂപ്പരുടെ ആംഗിളില്‍ ആയാലും നമ്മടെ ആംഗിളില്‍ ആയാലും.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍