UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയിട്ടില്ല, മമ്മൂട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പൃഥ്വിരാജിനെപ്പോലുള്ളവരെ സമാധാനിപ്പിക്കാനായിരിക്കും; ഗണേഷ് കുമാര്‍

ഞാനാണ് ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയില്‍ എന്നല്ല ഒരു സംഘടനയിലേക്കു തിരികെ വരില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ നടന്‍ വീണ്ടും തന്റെ അഭിനയജീവിതത്തിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷ. അത്തരം വിലക്കുകളൊന്നും ജാമ്യ ഉപാധിയില്‍ ഇല്ലാത്തതിനാല്‍ അഭിനയിക്കുന്നതിന് അദ്ദേഹത്തിനു തടസം ഉണ്ടാകില്ല. പക്ഷേ അതിലും വലിയൊരു ചോദ്യമായി ഇപ്പോള്‍ മറ്റൊന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നുള്‍പ്പെട്ടെ അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്നു സിനിമസംഘടനകളില്‍ നിന്നെല്ലാം പുറത്താക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും ദിലീപ് ഈ സംഘടനകളിലേക്ക് തിരികേ വരുമോ എന്നാണ്.

ദിലീപ് അമ്മയിലേക്ക് മടങ്ങിവരിക തന്നെ ചെയ്യുമെന്നാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കുന്നത്. ദിലീപ് സിനിമയില്‍ അഭിനയിക്കുമോ ഇല്ലയോ എന്നറിയില്ല, പക്ഷേ അദ്ദേഹം അമ്മയില്‍ ഉണ്ട് എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയോട് ഗണേഷ് പ്രതികരിച്ചത്.

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി നിലനില്‍ക്കുന്നതല്ലെന്നാണ് ഗണേഷ് പറയുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മമ്മൂട്ടിയെ തള്ളുകയാണ് ഗണേഷ് കുമാര്‍. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താത്കാലികമായി മരവിപ്പിക്കാനെ സാധിക്കൂ എന്നുമാണ് ഗണേഷ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്.

നടനെ പരാതിയുണ്ടെങ്കില്‍ അസോസിയേഷന്‍ നിയോഗിക്കുന്ന ഒരു അച്ചടക്ക സമിതി അദ്ദേഹത്തിനെതിരേ ഒരു വിശദമായ അന്വേഷണം നടത്തി ആ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കണം എന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ മാത്രം നടനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. അതുകൊണ്ട് മമ്മൂട്ടിയുടെ തീരുമാനം അടിസ്ഥാനമില്ലാത്തതാണ്. ഒരുപക്ഷേ പൃഥ്വിരാജിനെ പോലുള്ളവരെ സമാധിനിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടി പറഞ്ഞതാകാം അങ്ങനെയെന്നും ഗണേഷ് പറയുന്നു.

അമ്മയിലേക്ക് മടങ്ങി വരണോ വേണ്ടയോ എന്നു ദിലീപിനു തീരുമാനിക്കാം. ഞാനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ അമ്മയില്‍ എന്നല്ല, ഒരു സംഘടനയിലേക്കു മടങ്ങി വരില്ല, അതിപ്പോള്‍ പൊന്നുകൊണ്ട് പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും- ഗണേഷിന്റെ വാക്കുകള്‍.

ദിലീപിന് ജാമ്യം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്നും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഗണേഷ് പറയുന്നു. സിനിമയില്‍ കൂടുതല്‍ ശക്തനായി ദിലീപ് മുന്നേറുമെന്നും ഗണേഷ് ആശംസിക്കുന്നു.

അമ്മയുടെ ട്രഷറര്‍ ആയിരുന്ന ദിലീപിനെ അറസ്റ്റിനുശേഷം സംഘടനയുടെ മമ്മൂട്ടിയുടെ വീട്ടില്‍ കൂടിയ അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുന്ന തീരുമാനം എടുത്തത്. യുവതാരങ്ങളായ സംഘടനഭാരവാഹികളുടെ ശക്തമായ ആവശ്യത്തിനു പുറത്തായിരുന്നു ഈ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍