UPDATES

സിനിമ

അമ്മയെ ഇനി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്നു വിളിക്കാലോ, അല്ലേ?

കോടതിക്കും, പോലീസിനും, പൊതു സമൂഹത്തിനും ബോധ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മയിലെ അച്ഛന്മാർക്കറിയാം ദിലീപേട്ടൻ പാവാണെന്ന്

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. ഓടുന്ന വാഹനത്തില്‍ രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ ക്രൂരമായി ആക്രമിക്കപ്പെട്ട നടി തന്റെ ദുരനുഭവം നിയമത്തിന് മുമ്പിലെത്തിക്കാന്‍ ധീരത കാണിച്ചു. ആക്രമിക്കപ്പെട്ടതിന് ശേഷം തനിക്കുണ്ടായ ദാരുണ സംഭവത്തിൽ സ്വയം പഴിക്കാതെ, ആത്മഹത്യ ചെയ്യാൻ ശ്രമിക്കാതെ  ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചു വന്നു  സാധാരണഗതിയില്‍ സിനിമയിലും സമൂഹത്തിലാകെയും ഇത്തരം ആക്രമണങ്ങള്‍ മൂടിവെയ്ക്കാറാണുള്ളത്. എന്നാല്‍ താന്‍ നേരിട്ട ഹീനമായ ആക്രമണത്തെ മറച്ചുവെയ്ക്കാന്‍ അവര്‍ തയ്യാറായില്ലെന്നത് അഭിനന്ദനാര്‍ഹം ആണ്.

അതേസമയം കേസിലെ പ്രതിയായ ദിലീപിനെ തള്ളിപ്പറയില്ലെന്ന് തറപ്പിച്ച് പറഞ്ഞ താരസംഘടനയായ അമ്മയുടെ നിലപാട് കേരളത്തിന്റെ പുരുഷാധിപത്യ സമൂഹത്തിന്റെ വികലമായ ചിന്താഗതിയാണ് പുറത്തുകൊണ്ടുവന്നത്. മംഗലശേരി നീലകണ്ഠനും, ജോസഫും അലക്‌സും എല്ലാം കേവലം കഥാപാത്രങ്ങൾ അല്ലെന്ന് സൂപ്പർ മെഗാ താരങ്ങൾ അനായാസമായി തെളിയിച്ചു. സ്ത്രീ – ദളിത് – തൊഴിലാളി വിരുദ്ധത അകത്തും പുറത്തും നില നിൽക്കുന്ന ഒരു ഇൻഡസ്ട്രിയുടെ സംഘടനയായത് കൊണ്ട് കോമൺ സെന്സുള്ള ഒരുത്തനും ഞെട്ടിയില്ല.

അവസാനം സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ദശകങ്ങളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണത്തിനെതിരെ ശബ്ദിക്കാന്‍ ഒരു സംഘടന തന്നെ രൂപീകരിക്കേണ്ടി വന്നു. മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്ത വിധം ചോദ്യം ചെയ്യപ്പെട്ടു.

മനുഷ്യൻ കൂടുതൽ നവീകരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്, ആ മാറ്റം സമൂഹത്തിന്റെ നാനാ തുറയിലും പ്രകടമാണ്. ചരിത്രവുമായി തട്ടിച്ചു നോക്കുമ്പോൾ ഹിംസയുടെ അളവ് വർത്തമാനകാലത്തിൽ കുറഞ്ഞു വരികയാണെന്ന് ശാസ്ത്ര ലോകം സാക്ഷ്യപ്പെടുത്തുന്നു.നമ്മുടെ സമൂഹത്തിൽ ഒരു പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടാൽ അനിവാര്യമായും അവൾക്കൊപ്പം നിൽക്കുക എന്നതല്ലാതെ മറ്റൊരു ബൈനറിക്കും സാധ്യത ഇല്ലാതാവേണ്ടതാണ്. അവൾക്കൊപ്പം നിൽക്കുക എന്നത് ജൈവികമായി സംഭവിക്കുന്ന പിന്തുണ ഉറപ്പാക്കലാണ്. പക്ഷെ മലയാള സിനിമാ വ്യവസായത്തിലെ താരാധികാരവും, അതിനെ ചുറ്റി പറ്റി ഉടലെടുക്കുന്ന ഉപജാപ വൃന്ദങ്ങളും, അവരുടെ പൃഷ്ഠം വരെ താങ്ങി നടക്കുന്ന ഫാൻസ്‌ അസ്സോസിയേഷൻകാരും ആധുനിക സമൂഹത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന കാഴ്ച കണ്ടത്, പ്രമുഖ നടി ആക്രമിക്കപ്പെട്ട വേളയിലാണ്, പതിവില്ലാത്ത വണ്ണം വേട്ടക്കാരനൊപ്പം ഐക്യപ്പെടുന്നു ഒരു കൂട്ടം മനുഷ്യരുടെ ഒത്തു ചേരൽ.

ഒരു സംഘടനാ രൂപീകരിക്കപ്പെടുമ്പോൾ അതിന്റെ പ്രഥമ ഉദ്ദേശം അതിലെ അംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ആ ഇന്ഡസ്ട്രീയിൽ പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കലാണ്. ‘അമ്മ എന്ന സംഘടന രൂപീകരിച്ച കാലം മുതലേ ഇതിനൊരപവാദമാണ്, ഒരു സംഘടനാ എന്ന് പോലും അമ്മയെ വിശേഷിപ്പിക്കാൻ കഴിയുമോ എന്ന് സംശയം  ആണ്, കാരണം അതെപ്പോഴും ചില വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു ട്രസ്റ്റിന്റെ നിലവാരം മാത്രമേ പ്രദര്ശിപ്പിക്കാറുള്ളു. നടൻ തിലകനുമായി ബന്ധപ്പെട്ട വിവാദങ്ങൾ, കാസ്റ്റിങ് ക്രൗച്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പ്രമുഖ നടിക്കു നേരെ നടന്ന അതിക്രമം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിഷയങ്ങളിൽ ‘അമ്മ സമ്പൂർണ പരാജയമായിരുന്നു.പ്രമുഖ നടി ആക്രമിക്കെപ്പട്ട ശേഷം കൂടിയ അമ്മയുടെ യോഗത്തിൽ സഹപ്രവർത്തക ആക്രമിക്കപ്പെട്ടത് തങ്ങൾക്ക് ചർച്ച ചെയ്യാനേ ഉള്ള വിഷയമല്ലെന്ന് ആണ് ‘അമ്മ എന്ന അച്ഛന്മാരുടെ സംഘടനാ പ്രഖ്യാപിച്ചത്, ഇപ്പോളിതാ അതെ കേസിലെ കുറ്റാരോപിതനും, കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തിരിക്കുന്നു, കോടതിക്കും, പോലീസിനും, പൊതു സമൂഹത്തിനും ബോധ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മയിലെഅച്ഛന്മാർക്കറിയാം ദിലീപേട്ടൻ പാവാണെന്ന് !!

പെട്ടേനെ…! അമ്മയും ഗണേഷും

തീർത്തും പ്രതിലോമകരവും, അലസവുമായിട്ടാണ് കേരള സമൂഹത്തെ പിടിച്ചു കുലുക്കിയ സംഭവത്തെ ‘അമ്മ താര സംഘടനാ ഹാൻഡിൽ ചെയ്തത്. ഉള്ളിൽ വിങ്ങലോടെയായിരിക്കണം ദിലീപിനെ പുറത്താക്കാം എന്ന തീരുമാനത്തിൽ എക്സിക്യു്ട്ടീവ് എത്തിച്ചേരുന്നത്. ഭരണകക്ഷിയിലെ എം. എൽ.എ, എം പി, പാർട്ടിയുടെ സ്വന്തം എം. എൽ എ അടങ്ങുന്നവർ ‘അമ്മ എന്ന സംഘടനയിൽ അംഗങ്ങൾ ആണ് എന്നത് പ്രത്യേകം പരാമര്ശിക്കപ്പെടേണ്ടതാണ്, വിമര്ശിക്കപ്പെടേണ്ടതാണ്, ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഡബ്ലിയു. സി. സി ഇന്ന് ചോദിച്ച ചില ചോദ്യങ്ങളിൽ ഒന്നിന് പോലും മറുപടി പറയാൻ ശേഷി ഉള്ളവർ അമ്മയിൽ ബാക്കിയുണ്ടോ എന്ന് സംശയമാണ്! എന്നിരുന്നാലും അവർ ചോദിച്ച ഒരു ചോദ്യം കേരള സമൂഹത്തിന്റെ കൂടി ചോദ്യമാണ് ” ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?” ഇതിനിടയിൽ ദിലീപ് കുറ്റക്കാരൻ അല്ലെന്ന് ബോധ്യപ്പെടുന്ന കോർട്ട് വേർഡിക്‌ടോ, വെളിപ്പെടുത്താലോ ഒന്നും പുറത്തു വരാത്ത സാഹചര്യത്തിൽ ഈ ചോദ്യത്തിനുത്തരം പറയാൻ അമ്മയുടെ മുതലാളിമാർ ബാധ്യസ്ഥരാണ്.ആക്രമിക്കപ്പെട്ട നടി അമ്മയുടെ മകൾ അല്ലെന്നറിയാൻ ഇനി ഒരു ടെസ്റ്റും ചെയ്യേണ്ടതില്ല പക്ഷെ ക്രിമിനൽ മകനോടുള്ള പുത്രാ വാത്സല്യം സംരക്ഷിക്കാൻ ഒരു സംഘടനയുടെ ലേബൽ ആവശ്യം ഇല്ല, താര സംഘടനയെ വല്ല ഫാൻസ്‌ അസോസിയേഷനിലും ലയിപ്പിക്കുന്നതാവും ഉചിതം.

അമ്മ എന്തിനായിരുന്നു ദിലീപിനെ പുറത്താക്കിയത്? അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ?

ദിലീപിനായി ഇന്‍ഡസ്ട്രി എന്ത് റിസ്കും എടുക്കും; കാരണമുണ്ട്

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

തിലകനോട് സിനിമാ തമ്പുരാക്കന്‍മാര്‍ മാപ്പുപറയുമായിരിക്കും അല്ലേ? അമ്മക്കെതിരേ ആഷിഖ് അബു

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍