UPDATES

സിനിമ

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

പത്തുപേരെ നായകനിടിക്കുമ്പോള്‍, പച്ചത്തെറി പറയുമ്പോള്‍, പെണ്ണിന്റെ മടിക്കുത്തില്‍ കൈയിടുമ്പോള്‍ ഒക്കെ വിജ്രുംഭിച്ചു കയറുന്നൊരു എനര്‍ജി. അതാണ് ജോബി ജോര്‍ജിന്റെയൊക്കെ വാക്കുകളില്‍ നിറയുന്ന ആന്റിമാരും അമ്മച്ചിമാരും.

കെട്ടിപ്പിടിക്കാന്‍ തയ്യാറാകാത്ത, ഉമ്മ വയ്ക്കാന്‍ വിസമ്മതിക്കുന്ന, സ്വിമ്മിംഗ് സ്യൂട്ടണഞ്ഞ നായികയെ തൊടാന്‍ മടിച്ച ഒരു നായകനുണ്ടായിരുന്നു മലയാളത്തില്‍; എനിക്കെന്താ, വല്ല ലൈംഗികരോഗവുമുണ്ടെന്നാണോ അയാളുടെ വിചാരമെന്ന്, ആ നായകന്റെ പ്രവര്‍ത്തികളില്‍ അരിശം പൂണ്ട് പണ്ടൊരു നായിക പൊട്ടിത്തെറിച്ചിട്ടുമുണ്ട്… കാലം മാറിയപ്പോള്‍, പൗരുഷത്തിന്റെ പ്രതീകമായി തീര്‍ന്ന അതേ നായകന്‍ സ്ത്രീ കഥാപത്രത്തിന്റെ മടിക്കുത്തില്‍ വരെ കയറി പിടിക്കാന്‍ മടിയില്ലാത്തവനായി. കഥാപാത്രത്തിന്റെ ‘പൂര്‍ണത’യ്ക്കായി…!

യഥാര്‍ത്ഥ നടന്മാര്‍ അങ്ങനെയാകണം! തങ്ങള്‍ക്കു കിട്ടുന്ന കഥാപാത്രങ്ങളെ സത്യസന്ധമായി തന്നെ അവതരിപ്പിക്കണം. പരാകയപ്രവേശം നടത്തണം. ഏകപത്‌നീവ്രതക്കാരനാണ് യഥാര്‍ത്ഥ ജീവിതത്തിലെങ്കിലും കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ സ്ത്രീലമ്പടനാകാം. താന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന രണ്ടുപേര്‍ തന്റെ ഭാര്യയും അമ്മയുമാണെന്ന് പറയുമ്പോഴും സിനിമയില്‍ ഭാര്യയെ കാലുമടക്കി തൊഴിക്കാനും തണുപ്പു മാറ്റാനുമുള്ള ‘സാധനം’ മാത്രമായി കാണാം. സിനിമയും ജീവിതവും രണ്ടും രണ്ടാണെന്നും സിനിമാതാരങ്ങളെ വ്യക്തിയായും കഥാപാത്രമായും വേര്‍തിരിച്ചു കാണണമെന്നാണ് നിയമം. ഏതെങ്കിലും കഥാപാത്രത്തിന്റെ പേരില്‍ അതവതരിപ്പിച്ച നടനെ വിമര്‍ശിച്ചാല്‍, കടുത്ത നിയമലംഘനമാണ്, ശിക്ഷ കഠിനവും. അതാണ് പാര്‍വതിയും ഗീതു മോഹന്‍ദാസും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ പരാമര്‍ശിച്ചതിന് നടി പാര്‍വതിക്കും ഗീതു മോഹന്‍ദാസിനും ലിഭിച്ചു കൊണ്ടിരിക്കുന്ന ‘മറുപടി’കളില്‍ ഏറ്റവും പുതിയത് പ്രസ്തുത ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വകയാണ്. “ഗീതു ആന്റിയും, പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത് ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും”– കസബ ആസ്വാദകരെയും മഹാനടന്റെ ആരാധകരെയും ശരിക്കും തൃപ്തിപ്പെടുത്തിയ മറുപടി! മാസ് മറുപടി!

ഭാവന അന്നേ പറഞ്ഞിരുന്നു; സൂപ്പര്‍ താരങ്ങള്‍ വെട്ടിത്തിരുത്തുന്ന നടിമാരുടെ ജീവിതം

ഇതൊക്കെ കേള്‍ക്കുമ്പോഴാണ്, അന്ന് പാര്‍വതി പറഞ്ഞതിലെ ‘അപകടം’ ശരിക്കും ബോധ്യമാകുന്നത്. രാജന്‍ സക്കറിയ എന്നത് വെറുമൊരു കഥാപാത്രം മാത്രമാണെന്നും മമ്മൂട്ടി എന്ന ആഗോള പ്രതിഭാസം തന്റെ അഭിനയമികവ് കൊണ്ട് രാജന്‍ സക്കറിയയെ അനശ്വരമാക്കുക മാത്രമെ ചെയ്തിട്ടുള്ളൂ എന്നും അതു മനസിലാക്കാതെ മമ്മൂക്കായെ വിമര്‍ശിക്കാന്‍, അങ്ങേര് അഭിനയിച്ചു തുടങ്ങുമ്പോള്‍ പാവാടപോലും ഇടാന്‍ പ്രായമായിട്ടില്ലാത്ത ഒരുത്തി തുനിയുന്നത് ‘മറ്റേ അസുഖം’ മൂലമാണെന്നും പറഞ്ഞ് ഉറഞ്ഞു തുള്ളിയവര്‍ക്ക് ജോബി ജോര്‍ജിന്റെ മറുപടി കൊലമാസ് ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.

പക്ഷേ അറിഞ്ഞോ അറിയാതെയോ പുറത്തു വരുന്ന ഈ പരിഹാസം തന്നെയാണ് പാര്‍വതിയും ചൂണ്ടിക്കാട്ടിയത്. രാജന്‍ സക്കറിയ പറയുന്നതിനും ചെയ്യുന്നതിനും മമ്മൂട്ടി ഉത്തരവാദിയല്ലായിരിക്കാം. പക്ഷേ ജോബിയെ പോലെ, ആ നടന്റെ ലക്ഷക്കണക്കിന് ആരാധകരെ പോലെ അമ്മച്ചിയും കുത്തിച്ചിയുമൊക്കെ ആക്കി സ്ത്രീകളെ തേജോവധം ചെയ്യാന്‍ ‘ധൈര്യം’ ഉണ്ടാക്കുന്നതില്‍ കഥാപാത്രത്തിനു ജീവന്‍ നല്‍കിയവരുടെ സ്വാധീനമുണ്ട്.

നടിമാര്‍ സിനിമയ്ക്ക് രുചികൂട്ടുന്ന അജിനോമോട്ടോ അല്ല

കല കലയ്ക്കു വേണ്ടിയോ, ജീവിതത്തിനു വേണ്ടിയോ എന്നൊരു സാഹിത്യ തര്‍ക്കം മാരാരുടെയൊക്കെ കാലത്ത് നടന്നതായി വായിച്ചു കേട്ടിട്ടുണ്ട്. ഇതില്‍ ആദ്യത്തെ ഗ്രൂപ്പുകാരെ (ആ മഹത്വമൊന്നും തീരെ പറയാനില്ലെങ്കിലും) പോലെ, കലയെ കലയായി കാണണമെന്നാണ് ആരാധകപക്ഷം. ഇന്നത്തെ സിനിമകളെ സംബന്ധിച്ച് (മലയാള സിനിമകളെ) അതങ്ങനെ ആകുന്നതു തന്നെയാണ് ശരി. ജീവിതത്തിലേക്ക് എടുത്തുചേര്‍ക്കാന്‍ തക്ക ഒന്നും തന്നെ അതിലില്ല. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ചിട്ടിറങ്ങേണ്ടി വരുന്ന സിനിമകളാണല്ലോ കൂടുതലും പടയ്ക്കുന്നത്. നമ്മളവയെ കോമേഴ്‌സ്യല്‍ സിനിമകളെന്നു പറയും!

എന്നാല്‍ ഈ ‘കല’കള്‍ പോസിറ്റീവായി നമ്മളില്‍ കയറുന്നില്ലെങ്കിലും അവ തരുന്നൊരു നെഗറ്റീവ് എന്‍ര്‍ജിയുണ്ട്. പത്തുപേരെ നായകനിടിക്കുമ്പോള്‍, പച്ചത്തെറി പറയുമ്പോള്‍, പെണ്ണിന്റെ മടിക്കുത്തില്‍ കൈയിടുമ്പോള്‍ ഒക്കെ വിജ്രുംഭിച്ചു കയറുന്നൊരു എനര്‍ജി. അതാണ് ജോബി ജോര്‍ജിന്റെയൊക്കെ വാക്കുകളില്‍ നിറയുന്ന ആന്റിമാരും അമ്മച്ചിമാരും.

"</p

തിരക്കഥ തിരുത്താത്ത എത്ര സൂപ്പര്‍ നായകന്മാര്‍ ഉണ്ടാകും? സൂപ്പര്‍ തന്നെ വേണമെന്നില്ല, രണ്ടാംനിര, മൂന്നാംതിര നായകന്മാര്‍ക്കും അതിനുള്ള ‘അവകാശ’മുണ്ട്. തങ്ങളെ എത്രത്തോളം ബിംബവത്കരിക്കാമോ അമാനുഷികനാക്കാമോ അജയ്യനാക്കാമോ അങ്ങനെയെല്ലാമാക്കി തിരക്കഥ തിരുത്തൂ എന്നു പറയാനുള്ള അവകാശം. അങ്ങനെയൊന്നുമില്ലെന്ന് പറയാനുള്ള തന്റേടം ഉള്ള ആരെങ്കിലുമുണ്ടോ ജോബിയെ പോലുള്ള നിര്‍മാതാക്കളില്‍? നമ്മുടെ തമാശകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അശ്ലീല കോമഡികളാണ് നമ്മുടെ തമാശകള്‍. സിനിമയില്‍ മാത്രമല്ല, കോമഡി ഷോകളില്‍, സ്‌റ്റേജ് പ്രോഗ്രാമുകളില്‍ ഒക്കെ ചിരിക്കണമെങ്കില്‍ അതില്‍ പെണ്ണും പെണ്‍വിഷയവും കരുത്ത ശരീരങ്ങളും വേണം. ആണത്തം നിറഞ്ഞ ഡയലോഗുകള്‍ കേട്ടിട്ടുണ്ടോ? ഒറ്റ തന്തയ്ക്ക് പിറക്കുക, പല തന്തയ്ക്ക് പിറക്കുക, നെഞ്ചു വിരിക്കുക, മീശ പിരിക്കുക, മുഷ്ടി ചുരുട്ടുക ഇത്യാദികളാണ് ആണത്ത സത്തകള്‍. പെണ്ണിനെ നിലനിര്‍ത്താനോ? പെറീപ്പിക്കുക, പച്ചമാങ്ങ തീറ്റിക്കുക, റേപ്പു വച്ചു തരിക എന്നിങ്ങനെ ഭീഷണിപ്പെടുത്തുക; ഇതൊന്നും സമൂഹത്തെ ബാധിക്കുന്നില്ലെന്നാണോ? പാര്‍വതിയുടേയും ഗീതു മോഹന്‍ദാസിന്റെയും ഫെയ്‌സ്ബുക്ക് പേജുകളിലെ കമന്റുകള്‍ ഒന്നോടിച്ചു വായിച്ചാല്‍ മതി, അതിനുള്ള ഉത്തരം കിട്ടും. എന്തിനേറെ, കസബയുടെ നിര്‍മാതാവിന്റെ പാര്‍വതീയാന്റീ, ഗീതുവാന്റീ വിളികള്‍ തന്നെ പോരേ…! ഈ ‘ആന്റി’ വിളികളിലെയൊക്കെ ‘ബഹുമാനം’ പാരമ്പര്യമായി വന്നുചേര്‍ന്ന ഭാഷാവഴക്കം ആണെന്നു പറയാന്‍ കഴിയുമോ?

നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല, വിപണി മൂല്യമുണ്ടാവില്ല; നടിമാര്‍ ‘അധിക പ്രസംഗം’ തുടങ്ങണം: പാര്‍വതി

ഒരു കലാകാരന് (നടന്മാര്‍ അങ്ങനെയാണല്ലോ സ്വയം വിശേഷിപ്പിക്കുന്നത്, അല്ലാതെ അഭിനയ തൊഴിലാളികള്‍ എന്നല്ലല്ലോ) അവന്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ബാധ്യതയുണ്ട്. നിര്‍മാതാവിനോ ആരാധകനോ അതേക്കുറിച്ച് ബോധ്യമില്ലെങ്കിലും മമ്മൂട്ടിയെ പോലൊരാള്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കും. പാര്‍വതി, ചൂണ്ടിക്കാട്ടിയത് ആ കലാകാരനോട് ചിലതാണ്. കിട്ടുന്ന വേഷം ചെയ്യുകയാണ് ഒരു നടന്റെ ജോലിയെന്നു പറയാം. രാജന്‍ സക്കറിയ മാത്രമല്ല, മേലേടത്ത് രാഘവന്‍ നായരായും ബാലന്‍ മാഷായും അച്ചുവായും മാടയായുമൊക്കെ അഭിനയിച്ച് ഭ്രമിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. വഷളനും സ്ത്രീവിരുദ്ധനുമായ ഒരു കഥാപാത്രത്തെ ചെയ്യുമ്പോള്‍, മഹാത്മാ ഗാന്ധിയുടെ മാനറിസങ്ങളോടെ അഭിനയിക്കണോ എന്നാണ് ചോദ്യം. വേണ്ട, കള്ളനാകുമ്പോള്‍ കള്ളനാവുക, രാജാവാകുമ്പോള്‍ രാജാവും. പക്ഷേ ഒരു കഥാപാത്രം ഇങ്ങനെയാകണമെങ്കില്‍ ഇന്നതൊക്കെ ചെയ്തിരിക്കണം എന്നൊരു ശീലം മലയാള സിനിമാക്കാര്‍ക്കിടയിലുണ്ട്. ആ ശീലമാണ് തെറ്റ്, തിരുത്തണമെന്ന് പറയുന്നതും അതാണ്‌. ആണത്തമുള്ള നായകന്മാര്‍ ഉണ്ടായിക്കോട്ടെ, ആണത്ത സിനിമകളല്ലാത്ത ഒരു സിനിമയും വിജയിക്കാതിരിക്കുകയും ചെയ്യട്ടേ, ആ രീതിയൊന്നും മാറ്റണ്ട. പക്ഷേ ഈ അണത്തം, ചങ്കൂറ്റം എന്നിവയൊക്കെ കാണിക്കാന്‍ പെണ്ണിന്റെ മടിക്കുത്തിനകത്തേക്ക് കൈയ് കയറ്റണമെന്നൊക്കെയുള്ള പരമ്പരാഗത ധാരണകള്‍ തിരുത്തേണ്ടതല്ലേ. കുറഞ്ഞ പക്ഷം, ആശയദാരിദ്ര്യം എന്ന ആക്ഷേപമെങ്കിലും ഒഴിവാക്കാന്‍…

ഉണ്ണികൃഷ്ണന്‍ ഒടുവില്‍ സമ്മതിച്ചു, വില്ലന്‍മാര്‍ ആരാധകരാണ്

പാരമ്പര്യവാദികളായ ആണ്‍മക്കള്‍, അച്ഛന്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് സ്വന്തം മൂട്ടിലും തപ്പിനോക്കി വീരത്വം പറയും. പഠിച്ചതേ പറയൂ എന്നൊരു തത്വമവര്‍ക്കുണ്ട്. ആണ് എന്തായിക്കണം, പെണ്ണ് എങ്ങനെയായിരിക്കണമെന്ന് ഒരു ധാരണയവര്‍ക്ക് കിട്ടിയിട്ടുണ്ട്. കാലാതിവര്‍ത്തികളായ വീരേതിഹാസങ്ങള്‍ രചിക്കുമ്പോള്‍ മുന്‍ധാരണകള്‍ തിരുത്താന്‍ കഴിയില്ല. അതു തെറ്റാണെന്നോ മറ്റോ ആരെങ്കിലും, പോരാത്തതിന് ഒരു പെണ്ണ് പറഞ്ഞാല്‍ , അത്തരം ‘സ്‌നോബു’കളെ അവര്‍ അവജ്ഞയോടെ തള്ളും. അതാണ് ഹീറോയിസം… മേലിലൊരാണിന്റെയും നേര്‍ക്ക് ശബ്ദമുയരാത്തവിധം പാര്‍വതിയെ പോലെ, ഗീതുവിനെ പോലെയുള്ള ‘വെറും’ പെണ്ണുങ്ങളെ ഒതുക്കാന്‍ ആ ഹീറോയിസത്തിന്റെ ആരാധകര്‍ ഉണ്ടല്ലോ… ബാക്കി പണി അവര്‍ നോക്കും… അങ്ങനെ തന്നെ വളരട്ടെ ‘മലയാണ്മ സിനിമ’…

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍