UPDATES

സിനിമാ വാര്‍ത്തകള്‍

അനുഷ്‌ക മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍; ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരെന്നതിന് ഇനി സംശയമില്ല

ഇതാദ്യമായാണ് ഒരു നായികനടി ഈ നേട്ടം കൈവരിക്കുന്നത്

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണ്? ഉത്തരം പല പേരുകളായി കാണും. എന്നാല്‍ വെള്ളിത്തിരയിലെ പ്രകടനവും ബോക്‌സ് ഓഫിസിലെ കണക്കുകളും വച്ചു നോക്കിയാല്‍ ഒറ്റ ഉത്തരമേ കിട്ടൂ; അനുഷ്‌ക ഷെട്ടി. ഗ്ലാമര്‍ നായികയായി പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ എല്ലാവരും സമ്മതിക്കുന്ന ഒരുകാര്യമുണ്ട്, ഇത്രയും ബോള്‍ഡ് ആയൊരു നായിക ബോളിവുഡില്‍ പോലും ഉണ്ടാകില്ല. ഒരു ദേവസേനയില്‍ നിന്നുണ്ടായതും ആ കഥാപാത്രത്തിന്റെ പേരില്‍ മാത്രം ഉയരുന്നതുമല്ല അനുഷ്‌കയുടെ വിശേഷണങ്ങള്‍. നായകന്മാര്‍ മൊത്തം കുത്തകവകാശവും സ്വന്തമാക്കിയ തെലുഗ് സിനിമയില്‍ തന്റെതായ സ്ഥാനവും വിജയങ്ങളും അനുഷ്‌കയ്ക്കുണ്ട്. അരുന്ധിയൊക്കെ അനുഷ്‌കയുടെ സോളോ സൂപ്പര്‍ ഹിറ്റാണ്. സമീപകാലത്ത് മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. ഇഞ്ചിയിടുപ്പഴകി എന്ന ചിത്രത്തിലൊക്കെ കഥാപാത്രത്തിനുവേണ്ടി അവര്‍ സഹിച്ച ത്യാഗം താനൊരു ഗ്ലാമര്‍ ഗേള്‍ ആയി മാത്രം സിനിമയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്. കഥാപാത്രത്തിനാണ് പ്രധാന്യമെന്ന് ഓരോസമയവും അനുഷ്‌ക ആവര്‍ത്തിക്കുന്നതുകൊണ്ട് തന്നെ നായികാപ്രാധാന്യമുള്ള ചിത്രമെന്നു പറയുമ്പോള്‍ അതില്‍ അനുഷ്‌കയാണ് നായികയെങ്കില്‍ പ്രേക്ഷകര്‍ ഇടിച്ചു കയറുമെന്നതിന് ഏറ്റവും അവസാനത്തെ തെളിവാണ് ഭാഗമതി.

ജനുവരി 26 ന് റിലീസ് ചെയ്ത ചിത്രം ഇതിനകം വന്‍ ഹിറ്റായി കഴിഞ്ഞു. തെലുഗിനു പുറമെ തമിഴിലും മലയാളത്തിലുമൊക്കെ ചിത്രം വലിയ നേട്ടം കൊയ്തിരിക്കുകയാണ്. അനുഷ്‌കയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ്.

ഇപ്പോള്‍ പുറത്തു വരുന്ന പുതിയൊരു കണക്ക് അനുഷ്‌ക ആരാധകര്‍ക്ക് വലിയൊരു സന്തോഷത്തിനു വക നല്‍കുന്നു. യു എസ് ബോക്‌സ് ഓഫിസില്‍ പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഭാഗമതി. യുഎസ് ബോക്‌സ് ഓഫിസില്‍ ഒരു മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ചിത്രം കയറിയെന്നാണ് മുന്‍നിര ട്രേഡ് അനലിസ്റ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസ്എ ബോക്‌സ് ഓഫിസില്‍ വണ്‍ മില്യണ്‍ ഡോളര്‍ ബോക്‌സ് ഓഫിസില്‍ കയറുന്ന ദക്ഷിണേന്ത്യയിലെ ആദ്യ നായികയായി അനുഷ്‌ക ഷെട്ടി മാറിയിരിക്കുകയാണെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഒരു നായികാപ്രധാന്യമുള്ള ഒരു ചിത്രം മില്യണ്‍ ഡോളര്‍ ക്ലബില്‍ കയറുന്നതും ആദ്യമായാണെന്നു പറയുന്നു. അനുഷ്‌ക ഷെട്ടിയെ ഇനി ധൈര്യമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കാമെന്നും സിനിമാലോകം തന്നെ സമ്മതിക്കുന്നു. ജി അശോക് സംവിധാനം ചെയ്ത ഭാഗമതിയില്‍ മലയാളികളായ ജയറാം, ഉണ്ണി മുകുന്ദന്‍, ആശ ശരത് എന്നിവരും വേഷമിട്ടിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍