UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

പ്രണവ് മോഹന്‍ലാലിന്റെ സിനിമയിലെ രണ്ടാംമൂഴവും ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടും’ തമ്മില്‍ എന്തു ബന്ധം?

പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, ഗോകുൽ സുരേഷ്, ധർമജൻ, ബിജുക്കുട്ടൻ, ഇന്നസെൻറ്, കലാഭവൻ ഷാജോൺ, അഭിരവ്, ഹരീഷ് രാജ്, ടിനി ടോം, മാല പാർവതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്

അപര്‍ണ്ണ

അരുൺ ഗോപിയുടെയും പ്രണവ് മോഹൻലാലിന്റേയും സിനിമയിലെ രണ്ടാമൂഴം എന്ന നിലയിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. രണ്ടാമത്തെ സിനിമയ്ക്ക് എന്താണ് പ്രാധാന്യം എന്ന് ചോദിച്ചാൽ ഇവരെ രണ്ടു പേരെയും സംബന്ധിച്ച് അത് നിർണായകമായിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങും മുന്നേ ഫാൻസ്‌ അസോസിയേഷനുകൾ ഉണ്ടായ നടനാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ എന്ന താരത്തിന്റെ മകനാണ് എന്നതാണ് ഒരേയൊരു കാരണം. ആദി എന്ന ആദ്യ സിനിമയെ കുറിച്ച് രണ്ടഭിപ്രായങ്ങൾ വന്നു. അഭിനയത്തേക്കാൾ ഉപരി പ്രണവിന് ആത്മവിശ്വാസമുള്ള ഇടമായ ‘പാർകൗറി’ൽ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറിയത് എന്നൊരു വിമർശനം ഉണ്ടായി. അതുകൊണ്ട് തന്നെ സ്വയം തെളിയിക്കാൻ അടുത്തൊരു സിനിമ പ്രണവിന് അനിവാര്യമായിരുന്നു. അതുകൊണ്ടു തന്നെ ഒരു താരപുത്രൻ എന്ന ലേബലിൽ നിന്ന് പുറത്ത് കടക്കാൻ ഈ പുതിയ അവസരം പ്രണവിനും നിർണായകം തന്നെയായിരുന്നു. വലിയ പണംവാരി പടമാണ് അരുൺ ഗോപിയുടെ രാമലീല. പക്ഷെ ദിലീപിന്റെ അറസ്റ്റ് മുതൽ ഉണ്ടായ നിരവധി സംഭവ വികാസങ്ങൾ ആ സിനിമയുടെ ഫോക്കസ് പല നിലയിൽ ചിതറാൻ കാരണമായി. അതുകൊണ്ടു തന്നെ രണ്ടാമത്തെ സിനിമയെങ്കിലും പുതിയ ഒരു അന്തരീക്ഷത്തിൽ പുറത്തു വരേണ്ടത് അരുണ്‍ ഗോപിക്കും നിര്‍ണായകമായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരിന് മറ്റു നിലയ്ക്കുള്ള ചില കൗതുകങ്ങൾ ഉണ്ട്. മോഹൻലാൽ എന്ന താരത്തിന്റെ നിർമിതിയിൽ വലിയ പങ്കു വഹിച്ച സിനിമകളിൽ ഒന്നാണ് ഇരുപതാം നൂറ്റാണ്ട്. 1987-ൽ ഇറങ്ങിയ 200 ദിവസങ്ങളിൽ കൂടുതൽ ഒന്നിച്ചോടിയ, രണ്ടു കോടിയിൽ അധികം കളക്ഷൻ കിട്ടിയ എക്കാലത്തെയും വലിയ ‘മാസ്സ്‌ ‘ പടങ്ങളിൽ ഒന്നാണ് അത്. കെ മധു – എസ്.എൻ സ്വാമി കൂട്ടുകെട്ട് ഇറക്കിയ ആ സിനിമ ഡയലോഗുകൾ കൊണ്ടും ആക്ഷൻ കൊണ്ടും ഒക്കെ ശ്രദ്ധിക്കപ്പെട്ടു. മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും എല്ലാ ഭാഷകളിലും സീക്വൽ ഉണ്ടാകുകയും ഒക്കെ ചെയ്തു. സുരേഷ് ഗോപിയുടെ കരിയറിലെയും ഒരു വഴിത്തിരിവായിരുന്നു ഇരുപതാം നൂറ്റാണ്ട്. പ്രണവ് മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെയും വച്ച് അത്തരത്തിൽ ഒരു തുടർച്ച എന്ന് തോന്നുന്ന വിധത്തിൽ ആണ് സിനിമയുടെ പരസ്യങ്ങൾ പുറത്തു വന്നിരുന്നത്. ആ ഊഹാപോഹം വ്യാപകമായി പ്രചരിക്കുന്ന സമയത്താണ് അങ്ങനെയൊന്നുമില്ല എന്ന വിശദീകരണവുമായി സംവിധായകനും വന്നു.

ഗോവയിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങുന്നത്. അവിടത്തെ ഒരു പഴയ ക്വൊട്ടേഷൻ ഗ്യാങ് നേതാവിന്റെ (മനോജ് കെ ജയൻ ) മകനാണ് അപ്പു (പ്രണവ് മോഹൻലാൽ). കടൽ സർഫർ ആണ് അപ്പു. കൂടാതെ ഹോം സ്റ്റേ പോലുള്ള മറ്റു ടിപ്പിക്കൽ ഗോവൻ ബിസിനസുകളും ഉണ്ട്. ബാബ എന്ന് എല്ലാവരും വിളിക്കുന്ന അപ്പുവിന്റെ അച്ഛൻ ഉണ്ടാക്കുന്ന ഗതകാല ഓർമത്തല്ലുകൾ ഒത്തുതീർപ്പാക്കുന്നത് മുതൽ അച്ഛൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കുന്നത് അപ്പുവിന്റെ മറ്റൊരു ചുമതല. ഇങ്ങനെ കുടുംബവുമായി സന്തോഷമായി ജീവിക്കുമ്പോഴാണ് അപ്പു സായ (പുതുമുഖം സായ് ഡേവിഡ്) എന്ന പെൺകുട്ടിയെ കാണുന്നു. അവൾ അപ്പുവിന്റെ ഹോം സ്റ്റെയിൽ താമസിക്കുന്നു. വളരെ പെട്ടന്ന് തന്നെ അവിടെ ഉള്ളവരുടെ എല്ലാം പ്രിയപ്പെട്ടവൾ ആകുന്നു. പിന്നീടവർ അടുത്ത സുഹൃത്തുക്കളും ആകുന്നു. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അവൾ അപ്രത്യക്ഷയാകുന്നു. പിന്നീട് നടക്കുന്ന അവിചാരിതമായ സംഭവങ്ങളിലൂടെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് വികസിക്കുന്നത്. സിദ്ദിഖ്, ഗോകുൽ സുരേഷ്, ധർമജൻ, ബിജുക്കുട്ടൻ, ഇന്നസെൻറ്, കലാഭവൻ ഷാജോൺ, അഭിരവ്, ബി ടെക്കിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട കന്നഡ നടൻ ഹരീഷ് രാജ്, ടിനി ടോം, മാല പാർവതി തുടങ്ങി വലിയൊരു താരനിര തന്നെ മൂന്നു മണിക്കൂറിനടുത്ത് നീളമുള്ള ഈ സിനിമയിൽ ഉണ്ട്. പതിവ് ചെറു റോളുകളിൽ നിന്ന് വിപരീതമായി ആന്റണി പെരുമ്പാവൂരും സിനിമയിൽ ഉണ്ട്. അഭിനന്ദൻ രാമാനുജൻ കാമറ ടീമിനെ നയിക്കുന്നു. ഗോപി സുന്ദർ ആണ് സംഗീതമൊരുക്കിയത്. വിവേക് ഹർഷൻ എഡിറ്റർ ആകുന്നു. ടോമിച്ചൻ മുളകുപാടം നിർമിച്ച് മുളകുപാടം റിലീസ് വിതരണത്തിനെത്തിക്കുന്നു.

Also Read: നമുക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായിരുന്നു അയാൾ; പ്രണവും ഇരുപത്തിയൊന്നാം നൂറ്റാണ്ടും: അരുണ്‍ ഗോപി/അഭിമുഖം

ഇരുപതാം നൂറ്റാണ്ടുമായി ഒരു ബന്ധവുമില്ലാത്ത സിനിമയ്ക്ക്, ഒരു സാഹസിക പ്രണയ സിനിമയ്ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരിനു വലിയ പ്രസക്തിയൊന്നുമില്ല. ആ പേര് കൊണ്ട് കിട്ടുന്ന ഹൈപ്പും പ്രതീക്ഷയും പരമാവധി ഉപയോഗിക്കുക എന്നത് തന്നെയാവണം പ്രാഥമിക ലക്‌ഷ്യം. അതിനപ്പുറം സിനിമയുടെ ഓരോ സന്ദർഭങ്ങളിലും സമകാലിക കേരളത്തിൽ നടക്കുന്ന പ്രധാന സംഭവ വികാസങ്ങളുടെ ഒരു റണ്ണിങ് കമന്ററി ഉണ്ട്. സിനിമയിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും ഈ കമന്ററി പറയുന്നുണ്ട്. ഇങ്ങനെ പല രംഗങ്ങളും ആ കമന്ററി പറയാനുള്ള സാഹചര്യങ്ങളാക്കി മാറ്റിയത് അരോചകവുമാണ്. ഫ്രാങ്കോയുടെ റെഫറെൻസും അതിലൂടെ വരുന്ന പലവിധ കോമഡികളും പറയാനായി ഒരു കന്യാസ്ത്രീ മഠം പശ്ചത്തലമാക്കുന്നു, സമൂഹ മാധ്യമങ്ങളിലെ ട്രെൻഡുകൾ പറയാൻ വേണ്ടി മാത്രം ഒരു കഥാപാത്രം ഉണ്ടാകുന്നു തുടങ്ങി സിനിമയെക്കാൾ ഒരു മധ്യവർത്തി ധാർമിക രോഷ ക്ലാസ് ആണ് പലയിടങ്ങളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ഇപ്പോ നടക്കുന്ന ഓരോ കാര്യങ്ങളേ എന്ന് നെടുവീർപ്പിടുന്ന ഒരു കേശവൻമാമയുടെ റോളാണ് പലപ്പോഴും സംവിധായകന് എന്നു തോന്നും. സിനിമ ഇറങ്ങിയ ഉടനെ അരുൺ ഗോപി എന്ന സംവിധായകന്റെ ബാലൻസിങ്ങിനെ കുറിച്ച് ആരോ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. വ്യാപകമായി സിനിമാ ഗ്രൂപ്പുകളിൽ ഒക്കെ വാട്സാപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും അത് പ്രചരിക്കപ്പെട്ടിരുന്നു. അത്തരം ബാലൻസിങ് ആണ് സിനിമയുടെ ആകെത്തുക. സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നവരെ ‘പ്രതികരണ’ തൊഴിലാളി എന്ന് വിശേഷിപ്പിക്കണം, ഉടനെ തന്നെ പ്രതികരണത്തിന്റെ ഗുണഫലത്തെ കുറിച്ച് പറയണം, കള്ളു കിട്ടാത്ത കൊണ്ട് ഫെമിനിസ്റ്റുകൾ ഉണ്ടാകുന്നതിനെയും ജൻഡർ ഇക്വാലിറ്റി എന്നാല്‍ ആണാവാൻ ഉള്ള ശ്രമം എന്നൊക്കെ പഠിപ്പിക്കണം, അപ്പോൾ തന്നെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ച് വാചാലനാകണം, ഫ്രാങ്കോക്കെതിരെ പറയുമ്പോളും തിരുവസ്ത്ര വിശുദ്ധി ആണയിടണം, ശബരിമല പ്രശ്നത്തെ പറ്റി പറയുമ്പോഴും ഭരണനേട്ടത്തെ കുറിച്ച് വാചാലനാകണം, മാധ്യമങ്ങളെ കുറ്റം പറയുമ്പോഴും, എല്ലാരുമല്ല എന്ന ന്യായം ആണയിടണം, സമൂഹത്തിലെ ഏറ്റവും പിന്തിരിപ്പൻ മൂല്യങ്ങളിൽ നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ വരെ പേടിച്ച് കുറെ രാഷ്ട്രീയങ്ങളെ തൊട്ടു തലോടി സിനിമ അവസാനിപ്പിച്ചു. അയ്യോ, ഞാൻ ഒരു സ്ത്രീ വിരുദ്ധനല്ലേ, അയ്യോ, ഞാൻ മാധ്യമ വിരോധിയല്ലേ, അയ്യോ ഞാൻ സമൂഹ മാധ്യമങ്ങളെ സ്നേഹിക്കുന്നേ… എങ്കിലും അമിതമായാൽ നന്നല്ല എന്നൊക്കെ പറയുന്ന ഇത്രയധികം കാരണവർ നിലപാട് ഒറ്റ സിനിമയിൽ കണ്ടിരിക്കുക ബുദ്ധിമുട്ടാണ്.

പ്രണവ് മോഹൻലാൽ ഭാവവൈവിധ്യത്തിലും ശബ്ദ വിന്യാസത്തിലുമെല്ലാം പരാജയമായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട് ശ്രദ്ധിച്ചാൽ. മോഹൻലാലിൻറെ മകൻ ആയത് കൊണ്ട് ഒരാൾ നടൻ ആകില്ല എന്ന സത്യം ഇവിടത്തെ താരാധകർക്കു മനസിലാവാത്തിടത്തോളം കാലം ഈ വാചകം നേരിടാൻ പോകുന്ന ചോദ്യ ശരങ്ങളെ പറ്റി നല്ല ബോധ്യമുണ്ട്. സിനിമ ഇറങ്ങും മുന്നേ വാഴ്ത്തുപാട്ടുകൾ കൊണ്ട് വലിയൊരു ഭാരം അയാളുടെ ചുമലിൽ കൊടുക്കുന്ന ആരാധകർക്ക് ഇത്തരം വാചകങ്ങൾ ക്രിമിനൽ കുറ്റവും ആയേക്കാം. ഇവിടെ അഭിനയത്തിന്റെ പേരിൽ കൈലാഷിനും വിനു മോഹനും ബാലയ്യക്കും സന്തോഷ് പണ്ഡിറ്റിനും പ്രയാഗ മാർട്ടിനും ട്രോൾ വീഡിയോകൾ ഉണ്ടാക്കുന്നവർ, അതിൽ തെറിവിളികൾ കൊണ്ട് ആത്മരതി നേടുന്നവർ, പ്രിയ പ്രകാശ് വാര്യരുടെ ഏതോ അഭിമുഖ സംഭാഷണത്തിനും സാനിയ ഈയ്യപ്പന്റെ സ്ക്രിപ്റ്റിലുള്ള ‘ചിന്നു’വിനും നേരിടേണ്ടി വന്ന സോഷ്യൽ ഓഡിറ്റിങ് പ്രണവ് മോഹൻലാൽ നേരിടേണ്ടി വരില്ല. പകരം അതെ ദയനീയത പ്രണവിലും ഉണ്ട് എന്ന് ചൂണ്ടി കാണിച്ചവർ സൈബർ ബുള്ളിയിങ്ങിനു ഇരയാകും. അവർ രണ്ടു സിനിമയിൽ ഓസ്കാർ പ്രകടനങ്ങൾ കാണിച്ച ശേഷം മാത്രം സിനിമയെ വിമർശിക്കേണ്ടി വരും. അത്തരം പ്രിവിലേജുകളുടെ കപടതയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഈയടുത്ത് റോഷൻ എന്ന നടൻ താൻ ഒരു സെലിബ്രിറ്റിയെ പോലെ പെരുമാറാറില്ല എന്നോ മറ്റോ പറഞ്ഞതിന് അയാളെ പരിഹസിച്ച് ഇല്ലാതാക്കിയയവരിൽ താരാരാധകർ കുറെ ഉണ്ടാവും എന്നുറപ്പാണ്. അവരൊക്കെ പ്രണവ് തറയിലിരുന്നു കഴിച്ചു തുടങ്ങിയ പി ആർ വാർത്തകളോട് ആദരപ്പെടും. വിമർശനങ്ങളെ തെറി പറഞ്ഞ് പൂട്ടാൻ നോക്കും. സിനിമയിലെ നായികയുടെ കാര്യവും അവരുടെ ഡബ്ബിങിന്റെ കാര്യവും ഈ ഭാവങ്ങളുടെ ഏകതാനതയിൽ പ്രണവിനോട് ചേർന്ന് പോകും.

Also Read: “ഈ ഡയലോഗും കൂളിങ് ഗ്ലാസ്സും ഒന്നും നിനക്ക് ചേരൂല്ലാ ട്ടോ.. അതിനൊക്കെ ലാലേട്ടൻ…”; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ

ഇപ്പോൾ സിനിമകൾ പ്രേക്ഷകർക്ക് വേണ്ടിയാണോ അവരിൽ തന്നെ തീവ്ര സ്വഭാവമുള്ള ആരാധകർക്ക് വേണ്ടിയാണോ എന്ന് സംശയമാണ്. പല സിനിമകളും അതിലെ പ്രധാന നായകന്മാരുടെ പൂർവ കാല ഹിറ്റ് കഥാപാത്രങ്ങളുടെയും സംഭാഷങ്ങളുടെയും റെഫറൻസിലൂടെ മുന്നോട്ട് പോകുന്നതായി തോന്നിയിട്ടുണ്ട്. മമ്മൂട്ടിയുടെ എല്ലാ സിനിമകളിലും വരുന്ന കൂളിംഗ് ഗ്ലാസ് റെഫറെൻസിലും മോഹൻലാലിൻറെ മീശപിരിക്കൽ, മുണ്ടു മടക്കികുത്തൽ റെഫറെൻസിലും കുരുങ്ങി അത് കൊണ്ട് കയ്യടി വാങ്ങാൻ നോക്കുന്ന അവരും മറ്റു താരങ്ങളും അഭിനയിച്ച എത്രയോ സിനിമകൾ ഉണ്ട്. അത്തരം സന്ദര്‍ഭങ്ങൾക്കു വേണ്ടി നിർമിക്കുന്ന സിനിമകൾ വരെ ഉണ്ട്. ഈ പൊള്ളയായ ബാലൻസിങ് മാറ്റി നിർത്തിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബാക്കിയുള്ളത് അത്തരം കയ്യടിക്കുള്ള റെഫറൻസുകൾ ആണ്. പഴയ റെയ്ബാന്‍ ഗ്ലാസ്, മുള്ളൻകൊല്ലി വേലായുധന്റെ മോൻ തുടങ്ങി അപ്പു എന്ന പ്രണവിന്റെ വിളിപ്പേര് വരെ അനന്തമായി അത്തരം റെഫറെൻസുകൾ നീളുന്നു. സിനിമക്കിടയിൽ ഇത്തരം കയ്യടി ഗിമ്മിക്കുകൾ, പണ്ട് ബിറ്റ് ചേർക്കും പോലെ ചേർക്കുക എന്നത് മാറ്റി ഇത്തരം റെഫറെൻസുകൾക്കു വേണ്ടി കുറെ സന്ദർഭങ്ങൾ ഉണ്ടാക്കുക എന്നതിലേക്ക് മലയാള സിനിമ ചുരുങ്ങി. ഇപ്പോൾ അതിനു വേണ്ടി സിനിമകൾ വരെ ഉണ്ടാക്കി തുടങ്ങി. മോഹന്‍ ലാലും സുവർണ പുരുഷനും ശേഷം മകനെ വച്ച് മോഹൻലാലിന്റെ ഗതകാല മാസ്സുകൾ വിൽക്കാൻ ശ്രമിക്കുന്ന ഒരു സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അത് വിജയിക്കുമോ ഇല്ലയ്യോ എന്നറിയില്ല. കാരണം പുറത്തു പറയുന്ന കോടിക്കണക്കിനുള്ളിൽ എവിടെയോ സിനിമ ഭദ്രമാണ്. അത്തരം കോടി കഥകൾ കേൾക്കാൻ കാത്തിരിക്കാം.

കുഞ്ഞുങ്ങളെ ബലാൽഭോഗം ചെയ്യുന്നത് അവരുടെ അമ്മമാർ മേക്ക് അപ്പ് ഇടുന്നത് കൊണ്ടും അച്ഛന്മാർ പണം ഉണ്ടാക്കാൻ ഓടുന്നത് കൊണ്ടും ആണെന്ന കണ്ടുപിടിത്തത്തിന് ഒരു സ്പെഷ്യൽ മെൻഷൻ തരാതെ വയ്യ. ഹൈവേ എന്ന ഇംതിയാസ്‌ അലി പടം കുറെ പേർക്ക് ഓര്‍മ വന്നത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് കേട്ടപ്പോൾ ഇരുപതാം നൂറ്റാണ്ട് ഓര്‍മ വന്ന പോലെ ഒരു മണ്ടൻ യാദൃശ്ചികതയും ആയിരിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍