UPDATES

സിനിമ

നമുക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായിരുന്നു അയാൾ; പ്രണവും ഇരുപത്തിയൊന്നാം നൂറ്റാണ്ടും: അരുണ്‍ ഗോപി/അഭിമുഖം

“ഏതൊരധോലോക നായകനും പറയാനുള്ളത് ഒരേ കഥയാണെന്നുള്ളത് പോലെ എല്ലാ കഷ്ടപ്പെടുന്ന സഹസംവിധായകർക്കും പറയാനുളളത് ഈ കഥ തന്നെയായിരിക്കും”

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പുതുമുഖ സംവിധായകരിൽ നിന്നൊക്കെ വ്യത്യസ്തം ആണ്‌ അരുൺ ഗോപിയുടെ തുടക്കം. സ്നേഹിച്ചു മോഹിച്ചു ഒരുക്കിയ ആദ്യ സിനിമ പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ പതറാതെ പടം ഇറക്കി സൂപ്പർ ഹിറ്റ് ആക്കി മാറ്റി 50 കോടി ക്ലബ്ബിൽ എത്തിച്ച സംവിധായകൻ. സ്വപ്നം കാണുന്നവന്റെ ആണ്‌ സിനിമ എന്ന്‌ ഉരുവിട്ട് കൊണ്ട് എകദേശം 13 വർഷത്തോളം സഹസംവിധായകനായി അലഞ്ഞതിന്റെ ഫലം, അതായിരുന്നു രാമലീല അദ്ദേഹത്തിന് നേടി കൊടുത്ത വിജയവും സൗഭാഗ്യങ്ങളും ഒക്കെ. ഒന്നര വർഷത്തിന് ശേഷം തന്റെ രണ്ടാമത്തെ സിനിമയും ആയി അരുൺ ഗോപി എത്തുമ്പോൾ നായക വേഷത്തിൽ മലയാളത്തിന്റെ സൂപ്പർ നായകന്റെ മകൻ പ്രണവ്‌ മോഹൻലാൽ ആണ്‌. രണ്ടാം അംഗത്തിന് ഒരുങ്ങുന്ന പ്രണവ്‌ മോഹൻലാലും അരുൺ ഗോപിയും ഒന്നിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അരുൺ ഗോപി.

എന്താണ്‌ ഇരുപത്തിയൊന്നാംനൂറ്റാണ്ട്‌?

ഭയങ്കരമായ ഒരു കഥാപശ്ചാത്തലത്തിൽ പറയുന്ന സിനിമയൊന്നുമല്ല ഇരുപത്തിയൊന്നാംനൂറ്റാണ്ട്‌. നമുക്കിടയിലുള്ള സാധാരണ ചെറുപ്പക്കാരുടെ ഒക്കെ ജീവിതത്തിൽ നടന്ന്‌ പോകുന്ന അല്ലെങ്കിൽ നടക്കാൻ സാധ്യതയുള്ള അല്ലെങ്കിൽ കാണുന്നതിനെ ഒക്കെ കണ്മുന്നിൽ തന്നെ ഫേസ്‌ ചെയ്യാം എന്ന്‌ ചിന്തിക്കുന്ന ഒരാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ പോകുന്ന ഒരു സിനിമ ആണ്‌ ഇരുപത്തിയൊന്നാംനൂറ്റാണ്ട്‌. ഗോവയുടെ ഒരു പശ്ചാത്തലത്തിൽ ആണ്‌ കഥ പറയുന്നത്‌, രണ്ട്‌ പേരുടെ കണ്ടുമുട്ടലും അതേത്തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ്‌ കഥയിൽ പറയുന്നത്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്ന പേര്‌ സ്വീകരിക്കാനുള്ള കാരണം?

ഒന്ന്‌ മുതൽ ഇരുപത്‌ വരെയുളള നൂറ്റാണ്ടുകൾ എങ്ങനെ ആയിരുന്നോ, അതുമായി ബന്ധപ്പെട്ടുള്ള ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്നു എന്നുള്ളതാണ് ഇരുപത്തിയൊന്നാംനൂറ്റാണ്ട് എന്ന സിനിമയുടെ ടൈറ്റിലിന് പിന്നിലുള്ള കാര്യം. ഇരുപതാംനൂറ്റാണ്ട് എന്ന്‌ പറയുന്ന സിനിമയ്ക്ക് അന്നവർ ആ ടൈറ്റിൽ എടുത്തതിന്‌ പിന്നിൽ ഒരു ചേതോവികാരം ഉണ്ടല്ലോ, അതേ വികാരം തന്നെയാണ്‌ ഈ കഥയ്ക്ക്‌ ആ ടൈറ്റിൽ ഇട്ടപ്പോൾ ഉണ്ടായിരുന്നത്. വൈകാരികമായ ചില ബന്ധങ്ങൾ മാത്രമാണ്‌ ഈ രണ്ട്‌ സിനിമകൾ തമ്മിലുള്ളത്, ലാലേട്ടന്റെ മകൻ അഭിനയിക്കുന്നു, മധു സാറിന്റെ ശിഷ്യൻ ആണ്‌ ഞാൻ, സുരേഷേട്ടന്റെ മകൻ ഗോകുൽ അഭിനയിക്കുന്നു അങ്ങനെ ഉള്ള ചില രസകരമായ സാമ്യങ്ങൾ മാത്രമേ ഉളളൂ.

സംവിധാനത്തിന് പുറമേ ഇത്തവണ എഴുത്തുകാരന്റെ റോൾ കൂടി ഏറ്റെടുത്തു, എങ്ങനെ ഉണ്ടായിരുന്നു ആ ഒരു റോൾ?

ആ ഒരു റോൾ കുറച്ചു കടുപ്പം ആയിരുന്നു (ചിരി). ഞാൻ ഒന്നും ഒരിക്കലും ഒരു ബോൺ റൈറ്റർ ഒന്നുമല്ല, ടെക്‌നിക്കാലിറ്റി ഒക്കെ വച്ചിട്ട്‌ സിനിമ ഇങ്ങനെ ആയിരിക്കണം എന്ന ആഗ്രഹം കൊണ്ടും പിന്നെ എനിക്ക്‌ ഷൂട്ട് ചെയ്യാൻ ആഗ്രഹമുള്ള സീനുകൾ ഞാൻ തന്നെ ഉണ്ടാക്കുന്നതിന്റെ ഒരു സംതൃപ്തിയും. പിന്നെ എല്ലാ സംവിധായകരുടെയും ഉള്ളിൽ ഒരു എഴുത്തുകാരൻ ഉണ്ടാവും, പക്ഷേ അത്‌ ശരിയാവുമോ എന്നൊക്കെയുള്ള ഭയം കൊണ്ടായിരിക്കാം അങ്ങനെ ആരും മുതിരാത്തത്‌. ഞാൻ അങ്ങനെ ഒരു റിസ്ക് എടുത്തു, എന്നെ വച്ച് അങ്ങനെ ഒരു റിസ്ക് എടുക്കാൻ ടോമിച്ചൻ മുളകുപാടം എന്ന പ്രൊഡ്യൂസറും പ്രണവ്‌ മോഹൻലാൽ എന്ന നടനും തയ്യാറായി. ഒരു ത്രില്ലിംഗ് എക്സ്പീരിയൻസ് ആയിരുന്നു, പിന്നെ അത്‌ എങ്ങനെയുണ്ടെന്ന് ഞാൻ തന്നെ പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. ഇരുപത്തിയഞ്ചാം തിയതി തീയേറ്ററിൽ വരുന്ന ജനങ്ങളാണ് അത്‌ പറയേണ്ടത്‌.

പ്രണവ്‌ മോഹൻലാലിനൊപ്പം വർക്ക് ചെയ്ത ഒരു അനുഭവം എങ്ങനെ ഉണ്ടായിരുന്നു?

ഒറ്റവാക്കിൽ ഗംഭീരം എന്നാണ്‌ പറയേണ്ടത്‌. അയാൾ ഒരു താരം ഒന്നുമല്ല, നമ്മളിൽ ഒരാളെ പോലെ, കൂടെ പഠിച്ച ഒരു സുഹൃത്തുമായി കുറേ കാലം കഴിഞ്ഞു ഒരു യാത്ര പോകുന്ന പോലെ ഒരു ഫീൽ ആയിരുന്നു നമ്മളോടൊക്കെ അയാൾ പെരുമാറുമ്പോൾ. കുറേ അടുത്ത് കഴിയുമ്പോൾ നമുക്ക്‌ തോന്നും ഇയാളെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ എന്ന്‌. അതുപൊലെ വളരെ കംഫേർട്ടബിൾ ആയിട്ടുള്ള, കൺവീനിയന്റ് ആയിട്ടുള്ള ഒരു ആക്ടർ ആണ്‌. ഒരു ഹീറോയെ നമ്മൾ ഡീൽ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടാകാറുണ്ട്, എന്നാൽ പ്രണവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നുമില്ല. നമുക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായിരുന്നു അയാൾ.

നായികയ്ക്ക് വേണ്ടി കേരളത്തിനകത്തും പുറത്തും ദുബായിലും ഒക്കെ തിരച്ചിൽ നടത്തിയിരുന്നല്ലോ,അതിനെ പറ്റി?

ഒരു വലിയ പ്രോസസ് ആയിരുന്നു അത്‌. നമുക്ക് ഒരു മുൻധാരണകൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം. പിന്നെ ഈ പറയണ പോലെ കുറച്ചു അഡ്വഞ്ചറസ് ആയിട്ടുള്ള, അത്‌ ഇഷ്ടപെടുന്ന ശരീര ഭാഷയുള്ള ഒരു കുട്ടി വേണമായിരുന്നു. അങ്ങനെ ആയിരുന്നു ദുബായിൽ വരെ ഓഡിഷൻ നടത്തിയത്. ആ സമയത്ത് കൊച്ചിൻ ഓഡിഷനിൽ നിന്നായിരുന്നു ഈ കുട്ടിയെ കിട്ടുന്നത്‌. സായ ഡേവിഡ് എന്നാണ്‌ പേര്. നമ്മുടെ കണ്ടെത്തൽ മോശമല്ല എന്ന് സിനിമ കാണുമ്പോ നിങ്ങൾക്ക് മനസ്സിലാകും.

ശരിക്കും നായികയെ കണ്ടെത്തുന്നതിന് പിന്നിൽ ഒരു രഹസ്യം ഉണ്ടായിരുന്നു എന്ന്‌ കേട്ടു,അതിനെ പറ്റി പറയാമോ?

അങ്ങനെ രഹസ്യം ഒന്നുമല്ല. ഞാൻ ഒരു യാത്രയ്ക്കിടയിൽ കണ്ടെത്തിയ ഒരു പെൺകുട്ടിയെ ആയിരുന്നു എനിക്ക്‌ നായികയായി വേണ്ടിയിരുന്നത്. അങ്ങനെ ഒരു പെൺകുട്ടിയെ ആണ്‌ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്. അതിന്‌ വേണ്ടിയുളള ഒരുപാട്‌ ശ്രമങ്ങൾക്ക് ഒടുവിലാണ് ഈ കുട്ടിയെ കണ്ടത്‌.
പക്ഷേ ഞാൻ കണ്ട പെൺകുട്ടി അല്ലായിരുന്നു സായ, എന്നാൽ ആ കുട്ടിയുടെ ഒക്കെ ഒരു മുഖഛായ ഉണ്ടായിരുന്നു. ആ കുട്ടി ഇപ്പോഴും കാണാമറയത്ത് എവിടെയൊ ഉണ്ട്‌.

പീറ്റർ ഹെയ്ൻ എന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ആക്ഷൻ കൊറിയോഗ്രാഫറിന്റെ സംഭാവന എത്രത്തോളം ഉണ്ടായിരുന്നു ഈ ചിത്രത്തിൽ?

പീറ്റർ ഹെയ്‌ൻ എന്നല്ല ഈ സിനിമയിൽ വർക്ക് ചെയ്തിട്ടുള്ള എല്ലാവരും അവരവരുടേതായ പാർട്ട് വൃത്തിയായി ചെയ്‌തിട്ടുള്ള സിനിമ ആണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്നാണ്‌ എനിക്ക്‌ വ്യക്തിപരമായി ഫീൽ ചെയ്ത കാര്യം. അതുപോലെ തന്നെയാണ്‌ പീറ്റർ ഹെയ്‌നും. വളരെ പ്രധാന്യം ഉള്ള ഒരു ഫാക്ടർ ആയിരുന്നു അദ്ദേഹം നമുക്ക്‌ തന്നിട്ടുള്ള കോൺട്രിബ്യുഷൻസ് ആണെങ്കിലും ആക്‌ഷൻ രംഗങ്ങൾ ആണെങ്കിലും. പീറ്റർ ഹെയിനിന്റെ വളരെ നല്ല വർക്കുകളിൽ ഒന്നായിരിക്കും ഇതെന്നാണ് എന്റെ വിശ്വാസം. ശേഷം സ്‌ക്രീനിൽ.

രണ്ട്‌ സിനിമകളും ചെയ്‌തത്‌ മുളകുപാടം ഫിലിംസിന്റെ ബാനറിൽ ആണ്‌. ടോമിച്ചൻ മുളകുപാടം എന്ന നിമ്മാതാവുമായുള്ള ബന്ധത്തെ കുറിച്ച്?

ഇപ്പോ രാമലീല പോലൊരു സിനിമ നമുക്ക്‌ ഏത് പ്ലാറ്റ്ഫോമിലും പറയാം. ഒരു 40000 പേർ ഉള്ളൊരു ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒരു മർഡർ നടക്കുന്നു എന്ന്‌ പറയുന്നത്‌ നമുക്ക്‌ എങ്ങനെ വേണോ ചുരുക്കാം. അതുപൊലെ ഗോവയിൽ അവർ ഒളിച്ചിരിക്കാൻ പോകുന്ന ഒരു ഐലൻഡ് അത്‌ എവിടെ വേണേ അവർക്ക്‌ പോയി ഒളിച്ചിരിക്കാം. അതിന്റെ ഒരു ടെറൈൻ ഫൈനലൈസ് ചെയ്യപ്പെടുന്നത് തീർച്ചയായും ഒരു പ്രൊഡ്യൂസറിന്റെ സപ്പോർട്ട് കൊണ്ടാണ്‌. രാമലീല എന്ന പടത്തിന്റെ സ്കെയിൽ അതിന്റെ വിജയത്തിന്‌ ഒരുപാട്‌ ഉപയോഗപ്പെട്ടിട്ടുള്ള ഘടകം ആണ്‌. അത് സംഭവിക്കുന്നത്‌ സിനിമയെ സിനിമയായി കാണുന്ന ഞാൻ ചിലവാക്കുന്ന കാശ് സിനിമയ്ക്കുള്ളിൽ കാണണം എന്നാഗ്രഹിക്കുന്ന ഒരു പ്രൊഡ്യൂസറിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ്‌. അത്തരത്തിൽ ഒരു നിർമ്മാതാവാണ് ടോമിച്ചൻ മുളകുപാടം. അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാൻ കഴിയുന്നത്‌ എന്റെ ഭാഗ്യമാണ്. കാര്യം സിനിമയ്ക്ക് വേണ്ടി ആണ്‌ അദ്ദേഹം എല്ലാം ചെയ്യുന്നത്‌, പ്രേക്ഷകരോട്‌ അദ്ദേഹത്തിന്‌ ഒരു കമ്മിറ്റ്മെന്റ് ഉണ്ട്‌. എന്റെ സിനിമ കാണാൻ വരുന്ന പ്രേക്ഷകർ നിരാശർ ആവരുത്, അവർക്ക്‌ വേണ്ടത്‌ ഈ സിനിമയിൽ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന നിർമ്മാതാവാണ് അദ്ദേഹം.

രാമലീലയുടെ റിലീസും അന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെയും കുറിച്ച് ഒക്കെ ഇപ്പോ ആലോചിക്കുമ്പോൾ എന്താണ്‌ തോന്നുന്നത്‌?

ഞാൻ പലപ്പോഴും രാമലീല എന്ന സിനിമയെ മാറി നിന്ന്‌ നോക്കുമ്പോൾ, ഞാൻ ആയിരുന്നോ ഈ സിനിമയുടെ സംവിധായകൻ ഞാൻ ആണോ ഈ വഴികളിലൂടെ ഒക്കെ കടന്നുവന്നത് എന്ന്‌ പലപ്പോഴും എനിക്ക്‌ തന്നെ തോന്നിയിട്ടുണ്ട്. എനിക്കിപ്പോഴും അറിയില്ല ഞാൻ എങ്ങനെയാണ്‌ അത്‌ ഫേസ്‌ ചെയ്തതെന്ന്. ഓരോ ദിവസവും സംഭവബഹുലം ആയിരുന്നില്ലേ. ഒരു യുദ്ധത്തിൽ അകപ്പെട്ട് പോയ പട്ടാളക്കാരനോട് നിങ്ങൾ എങ്ങനെയാ അത്‌ അതിജീവിച്ചത് എന്ന്‌ ചോദിച്ചാൽ അവർക്ക്‌ അത്‌ പറയാൻ കഴിഞ്ഞെന്ന് വരില്ല. ദൈവത്തിന്റെയും വീട്ടുകാരുടെയും ടോമിച്ചായന്റെയും നോബിളിന്റെയും ഒക്കെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ്‌ എനിക്കതൊക്കെ ഈസി ആയി കടന്നുവരാൻ കഴിഞ്ഞത്‌.

അരുൺ ഗോപിയുടെ കഥാപാത്രങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്തത വേണം എന്ന്‌ ആഗ്രഹിക്കാറുണ്ടോ?

മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്തത വരുത്തി നമ്മൾ ഏത് നാട്ടിലെ കഥയാ പറയാൻ പോകുന്നത്‌, ഈ നാട്ടിലേ തന്നെയല്ലേ. ഈ നാട്ടിലെ കഥ പറയുമ്പോ ഇവിടെ ഉള്ളവർക്ക്‌ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളെ വച്ച് വേണം കഥ പറയാൻ. ഇനിയിപ്പോ വ്യത്യസ്തത തോന്നുന്നുണ്ടെങ്കിൽ വിരോധമില്ല, എനിക്ക്‌ അങ്ങനെ ഒരു നിർബന്ധവുമില്ല. കഥാപാത്രങ്ങൾക്ക്‌ ഒരു സോൾ ഉണ്ടാവണം, അവർ പറയുന്ന കാര്യങ്ങളിൽ ഒരു സത്യസന്ധത ഉണ്ടാവണം എന്ന്‌ മാത്രമേ ഉളളൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ വ്യത്യസ്തമായ ഒരു കഥയൊന്നുമല്ല, സ്‌ഥിരം പാറ്റേണിൽ കഥ പറയുന്ന സാധാരണ സിനിമയാണ്‌ അത്‌. നമ്മൾ ഒരു സിനിമയെ കൺസീവ് ചെയ്യുന്ന രീതിയുണ്ട്, അതിനപ്പുറം കണ്ടെത്താൻ കെൽപ്പുള്ള കുട്ടികൾ ആണ്‌ അതിന്‌ മറ്റൊരു തലം കൊണ്ടുവരുന്നത്‌. അത്‌ കേൾക്കുമ്പോഴായിരിക്കും നമ്മളും ചിന്തിക്കുക ഇതിന്‌ ഇങ്ങനെയും ഒരു ലെയർ ഉണ്ടല്ലേ എന്ന്‌.

കെ മധു സാറിനൊപ്പം ആണ്‌ ആദ്യമായ് പ്രവർത്തിച്ചത്. ആ തുടക്കം എത്രത്തോളം സിനിമ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്‌?

ഞാൻ ഇപ്പോ നിലനിൽക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ അദ്ദേഹത്തെ പോലുള്ളവരുടെ കൂടെയൊക്കെ വർക്ക് ചെയ്തതിന്റെ ഗുണം കൊണ്ടാണ്‌. മധു സാറിന്റെ കൂടെ വർക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പോലെയാണ്‌. സാർ ചിലപ്പോ ഇന്ന് ഷൂട്ട് ചെയ്ത സീൻ നാളെ വരുമ്പോൾ നമ്മളോട് ചോദിക്കും, ഏതൊക്കെ ഷോട്ടുകൾ ആണ്‌ നമ്മൾ എടുത്തത്, എങ്ങനെയാണ് അത്‌ ഷൂട്ട് ചെയ്‌തത്‌ എന്ന്‌ ഒക്കെ നമ്മളെ കൊണ്ട് പറയിക്കും, അങ്ങനെ നമ്മളെ കൊണ്ട്‌ സിനിമ പഠിപ്പിച്ചു എടുക്കുമായിരുന്നു. നമ്മളെ സിനിമ പഠിപ്പിക്കാനായി മെനക്കെടുന്ന സംവിധായകൻ ആയിരുന്നു മധു സാർ. അദ്ദേഹത്തിന്റെ ഒക്കെ കൂടെ വർക്ക് ചെയ്തതുകൊണ്ടാണ് എനിക്ക്‌ സ്വന്തമായി സിനിമ ചെയ്‌തപ്പോൾ ഒരു ആൾക്കൂട്ടത്തെ ഒക്കെ കാണുമ്പോൾ പതറാതെ ആ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞത്‌.

കൂടെ വർക്ക് ചെയ്യണമെന്ന്‌ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ സംവിധായകർ ഉണ്ടോ?

തീർച്ചയായും. ഞാൻ സിബി മലയിൽ സാറിനൊപ്പം വർക്ക് ചെയ്യണമെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചിരുന്നതാണ്. ദശരഥം ആണെന്റെ എവർഗ്രീൻ ഫേവറൈറ്റ്‌ സിനിമ. അത്‌ കണ്ടപ്പോൾ തൊട്ട് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നു. അതുപോലെ നമ്മളെ അത്ഭുതപ്പെടുത്തിയ സംവിധായകർ ഐ വി ശശി സാറിനെ പോലെ, കെ ജി ജോർജ്‌ സാറിനെ പോലെ ഒരുപാട്‌ പേരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. പ്രിയദർശൻ സാറിന്റെ സിനിമകൾ ഒക്കെ കണ്ട്‌ നമ്മൾ തലയറഞ്ഞു ചിരിച്ചിട്ടുള്ളതാണ്. അവരുടെ ഒക്കെ ടാലന്റ് കാണുമ്പോൾ ഒരു ഭയം ഉണ്ടാവുമായിരുന്നു. ഇതുപോലൊക്കെ നമുക്ക്‌ ചെയ്യാൻ പറ്റുവോ,നമ്മൾ എവിടെയാ എത്തുക എന്നൊക്കേ. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോ എന്റെ കൂടെ ഉള്ള സുഹൃത്തുക്കൾക്കെല്ലാം കാർ ഉണ്ട്,അവർ എന്നെ അതിൽകയറ്റി റോഡിലൂടെ വേഗത്തിൽ ഓടിക്കുമ്പോൾ ഞാൻ വിചാരിച്ചു എനിക്ക്‌ ജീവിതത്തിൽ ഒരിക്കലും കാർ ഓടിക്കാൻ പറ്റില്ലാന്ന്. ഈ ട്രാഫിക്കിലൂടെ എങ്ങെനയാ കാർ ഓടിക്കുക എന്ന്‌ പേടിച്ചു ഡ്രൈവിംഗ് പഠിക്കേണ്ട എന്ന്‌ തീരുമാനിച്ചിരുന്നതാ ഞാൻ. പക്ഷേ എന്റെ അമ്മയുടെ നിർബന്ധം കൊണ്ടാണ്‌ ഞാൻ ഡ്രൈവിംഗ് പഠിച്ചത്. അതിന്‌ ശേഷം ഞാൻ കാർ ഓടിച്ചപ്പോൾ എനിക്ക്‌ മനസ്സിലായി ഇത്രേ ഉളളൂ കാർ ഓടിക്കുന്നത് എന്ന്‌. ആ ഒരു കോൺഫിഡൻസ് ആണ്‌ സത്യത്തിൽ എന്നെ ഒരു റൈറ്റർ ആക്കിയതും സംവിധായകൻ ആക്കിയതും.

അരുൺ വെൺകുളം എന്ന സഹസംവിധായകനിൽ നിന്ന്‌ അരുൺ ഗോപി എന്ന സംവിധായകനിലേക്കുള്ള പതിമൂന്ന്‌ വർഷത്തെ സിനിമ ജീവിതത്തെ എങ്ങനെ നോക്കികാണുന്നു?

പട്ടിണിയും പരിവട്ടത്തിലും നിന്ന്‌ അത്യാവശ്യം മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള മാറ്റം എന്ന്‌ മാത്രമേ അതിനെ പറയാൻ കഴിയൂ. എപ്പോഴും എല്ലാവരും പറഞ്ഞ ക്ളീഷേ ആണ്‌ സിനിമ സ്വപ്നം കാണുന്നവന്റെ ആണെന്ന്‌. അത്‌ തന്നെയാണ്‌ യാഥാർത്ഥ്യം. നമ്മൾ സിനിമ സ്വപ്നം കണ്ട്‌ വന്നയാളാണ്, പന്ത്രണ്ട്‌ വർഷത്തോളം പലരോടൊപ്പവും വർക്ക് ചെയ്ത് അക്ഷരാർത്ഥത്തിൽ പട്ടിണി കിടന്നും ബ്രെഡും റോബസ്റ്റ പഴവും കഴിച്ചു തന്നെയാണ്‌ നമ്മൾ ഓരോ കാര്യങ്ങൾക്ക്‌ വേണ്ടിയും ഓടിനടന്നത്. ഏതൊരധോലോക നായകനും പറയാനുള്ളത് ഒരേ കഥയാണെന്നുള്ളത് പോലെ എല്ലാ കഷ്ടപ്പെടുന്ന സഹസംവിധായകർക്കും പറയാനുളളത് ഈ കഥ തന്നെയായിരിക്കും. ഇൻഡസ്ട്രിയിൽ വിലപ്പെട്ട നായകരുടെ എണ്ണം വളരെ കുറവും സ്വപ്നം കാണുന്ന സഹസംവിധായകരുടെ എണ്ണം വളരെ കൂടുതലും ആകുന്ന സമയത്ത് കഷ്ടപ്പാട് ഉണ്ടാവും. അങ്ങനെ ഒരു അവസ്‌ഥയിൽ നിന്ന്‌ തന്നെയാണ്‌ ഞാനും വന്നിട്ടുള്ളത്‌. അപ്പോഴും നമുക്കുറപ്പുണ്ട് ഇന്നല്ലെങ്കിൽ നാളെ നമ്മളവിടെ എത്തും എന്ന്‌. സത്യത്തിൽ വിജയിക്കുന്നതിനേക്കാൾ സുഖം വിജയിക്കുമെന്നുള്ള വിശ്വാസത്തോടെയുള്ള ജീവിതമാണ്.

ലാലേട്ടനുമൊത്തുള്ള അടുത്ത സിനിമയുടെ വിവരങ്ങൾ എന്തെങ്കിലും പുറത്തുപറയാറായോ?

അങ്ങനെയൊന്നും പറയാറായിട്ടിട്ടില്ല. നമ്മൾ എല്ലാ കാലത്തും മോഹൻലാൽ എന്ന നടനെ കാണാൻ ആഗ്രഹിക്കുന്ന ഒരു രൂപവും ഭാവവും ഉണ്ട്‌. നമ്മളെ ത്രസിപ്പിച്ച ഒരു ഭാവം. ആ ത്രസിപ്പിക്കുന്ന ലാലേട്ടനെ തിരിച്ചു കൊണ്ടുവരണം എന്നാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌. അത്‌ എങ്ങനെ വരുമെന്നും സംഭവിക്കുമെന്നും പറയാറായിട്ടില്ല. ഈ വർഷം തന്നെ ആ സിനിമ സംഭവിക്കും.

ഐ എം വിജയന്റെ ഒരു ബയോപിക് പ്രഖ്യാപിച്ചിരുന്നല്ലോ… അതിന്റെ പ്രവർത്തനങ്ങൾ എവിടം വരെയായി?

അതിന്റെ വർക്കുകൾ നടക്കുന്നുണ്ട്‌. ഒരുപാട്‌ പ്രോസസ്സുകൾ വേണ്ട ഒരു സിനിമ ആണത്. ലാലേട്ടനുമായി ഉള്ള സിനിമ കഴിഞ്ഞാൽ ഉടനെ അതിന്റെ കാര്യങ്ങൾ തുടങ്ങും.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ കാണാൻ തീയേറ്ററിൽ വരുന്ന പ്രേക്ഷകരോട് എന്താണ്‌ പറയാനുള്ളത്?

ഒന്നും പറയാനില്ല. സിനിമ കണ്ടുതന്നെ വിലയിരുത്തൂ. എന്റെ ഒരു വിശ്വാസം ആണ്‌, നിങ്ങളെ ആരെയും നിരാശപ്പെടുത്താത്ത ഒരു നല്ല സിനിമയായിരിക്കും ഇരുപത്തിയൊന്നാംനൂറ്റാണ്ട്‌.

നവ്നീത് എസ് കെ

നവ്നീത് എസ് കെ

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, തിരുവനന്തപുരം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍