നമുക്ക് പറയാന്‍ ഒരു ലിജോ ജോസ് പല്ലിശ്ശേരിയെ ഉണ്ടാകുന്നുള്ളൂ. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു ജോസഫ് മാത്രമെ സംഭവിക്കുന്നുള്ളൂ
മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഛായാഗ്രാഹകനുമായുള്ള സംസാരത്തിനിടയില്‍ 96 എന്ന തമിഴ് സിനിമ കടന്നുവന്നു. ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു; മലയാളത്തിലെ എതെങ്കിലും എഴുത്തുകാരനോ സംവിധായകനോ ഇങ്ങനെയൊരു സബ്ജക്ട് കൊണ്ടുവന്നാല്‍, അത് സിനിമായകുമോ? ആയാല്‍ തന്നെ തമിഴില്‍ സംഭവിച്ചപോലെ തിയേറ്ററില്‍ എത്തുമോ? മറുപടി പറയും മുന്നേ മലയാള സിനിമയെ നന്നായി മനസിലാക്കിയിട്ടുള്ള ഛായാഗ്രാഹകന്‍ താന്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള ഉത്തരം സ്വയം പറഞ്ഞു; ‘ഇല്ല’.
96-ന്റെ പ്രമേയവുമായി വിജയ് സേതുപതിയെ കണ്ടപ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞത് ഈ സിനിമ നീ തന്നെ ഡയറക്ട് ചെയ്യൂ എന്നായിരുന്നുവെന്ന് സംവിധായകന്‍ പ്രേം കുമാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ മനസില്‍ കണ്ട സിനിമ അതേപോലെ ചിത്രീകരിക്കണമെങ്കില്‍ മറ്റൊരാളെക്കൊണ്ട് കഴിയില്ലെന്നാണ് സംവിധാന മോഹം ഇല്ലാതിരുന്ന തന്നോട് വിജയ് അതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചതെന്നും പ്രേംകുമാര്‍ വ്യക്തമാക്കുന്നു.
ഈ രണ്ട് കാര്യങ്ങളില്‍ നിന്നും ഒരു സാധാരണ പ്രേക്ഷകനായി നിന്നുകൊണ്ട് നിങ്ങള്‍ എന്തു മസിലാക്കുന്നുവോ അതാണ് നിലവിലെ മലയാളം-തമിഴ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസവും. തമിഴ് സിനിമ ചിന്തിക്കുന്നപോലെ എന്തുകൊണ്ട് ആകുന്നില്ല എന്നതാണ് 2018 അവസാനിക്കുമ്പോള്‍ മലയാള സിനിമയോട് ചോദിക്കാനുള്ളതും.
കേവലം ഒന്നോ രണ്ടോ സിനിമകളെ മുന്‍നിര്‍ത്തി ഒരു ഇന്‍ഡസ്ട്രിയെ, അതിനുണ്ടായ മാറ്റവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യാന്‍ കഴിയില്ല. പക്ഷേ, തമിഴ് സിനിമയുടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ എടുത്താല്‍ തന്നെ അവിടുത്തെ മാറ്റങ്ങള്‍ പ്രകടമായി മനസിലാക്കാം. അതിന്റെ തുടര്‍ച്ചയും. 2018 ലും അതു തുടര്‍ന്നു എന്നിടത്താണ് ആ ഇന്‍ഡസ്ട്രിയെ അഭിനന്ദിക്കേണ്ടി വരുന്നത്. എന്നാല്‍ മലയാള സിനിമയോ? അതും ഒരുതരത്തില്‍ തുടര്‍ച്ച പിന്‍പറ്റി തന്നെയാണ് ഓരോ വര്‍ഷവും കടന്നു വരുന്നത്. പക്ഷേ, ആ തുടര്‍ച്ച ആശാവഹമല്ലെന്നു മാത്രം.
2016 മുതല്‍ 2018 വരെയുള്ള മൂന്നു വര്‍ഷം എടുക്കാം. നമ്മള്‍ മലയാളി പ്രേക്ഷകര്‍ പോലും ഇക്കാലയളവില്‍ പ്രിയ ചിത്രങ്ങളായി സ്വീകരിച്ചവ നമ്മുടേതിനേക്കാള്‍ തമിഴിലുണ്ടായവയാണെന്നു പറയാം. വിസാരണൈ, ഉറിയടി, ഇരവി, മെട്രോ, ജോക്കര്‍, കുട്രമെ തണ്ടനൈ, മാനഗരം, കടുഗ്, 8 തോട്ടകള്‍, ഒരു കിടായിന്‍ കരുണൈ മനു, രൂബൈ എന്നിങ്ങനെ നീണ്ട ലീസ്റ്റില്‍ 2018 ലും ഉണ്ട് നമ്മള്‍ ആഘോഷിച്ച സിനിമകള്‍. 96, രാക്ഷസന്‍, ഇരവുക്ക് ആയിരം കണ്‍ഗള്‍, പരിയേറും പെരുമാള്‍, വടചെന്നൈ, അടങ്ക് മുറ… ഇവയൊക്കെയും ബ്രഹ്മാണ്ഡപടങ്ങളല്ല, സൂപ്പര്‍ ഹീറോകളുടെതുമല്ല. പലതും പുതുമുഖ സംവിധായകരുടെയും രണ്ടാം നിര നായകരുടെയും. സര്‍ക്കാര്‍, മാരി 2, 2.0 തുടങ്ങിയ ബിഗ്ബഡ്ജറ്റ്-സൂപ്പര്‍ ഹീറോ പടങ്ങളുടെ വിജയവും ഇതില്‍ ചേര്‍ക്കേണ്ടതാണെങ്കിലും അവ മാറ്റി നിര്‍ത്തി പറയുന്നത്, മലയാള സിനിമയോട് താരതമ്യം ചെയ്യാനാണ്. മലയാളത്തില്‍ ഈ വര്‍ഷം വിജയ ചിത്രങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലുണ്ടെന്നും പറയാം. ഈട, ക്വീന്‍, ഹേയ് ജൂഡ്, ക്യാപ്റ്റന്‍, സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ, വരത്തന്‍, ജോസഫ്, ഞാന്‍ പ്രകാശന്‍, മറഡോണ, തീവണ്ടി തുടങ്ങി തിയേറ്റര്‍ വിജയം നേടിയ സിനിമകള്‍ നമുക്കുണ്ട്. പക്ഷേ, ഈ സിനിമകളില്‍, ജോസഫും ഈ മ യൗ വും ഒഴിച്ചാല്‍ ഈ ഇന്‍ഡസ്ട്രിയുടെ പതിവ് ചേരുവകളില്‍ നിന്നും വിട്ടു നില്‍ക്കുന്ന നല്ല സിനിമകള്‍ എന്നു പറയാന്‍ നമുക്കെത്രയുണ്ട്? ഇടയിലെപ്പോഴെ സംഭവിക്കുന്നപോല്‍ ജോസഫും ഈ മ യൗവും വരുന്നതുകൊണ്ട് മലയാള സിനിമയില്‍ മാറ്റം വന്നെന്നു പറയാന്‍ പറ്റുമോ? നമുക്ക് പറയാന്‍ ഒരു ലിജോ ജോസ് പല്ലിശ്ശേരിയെ ഉണ്ടാകുന്നുള്ളൂ. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു ജോസഫ് മാത്രമെ സംഭവിക്കുന്നുള്ളൂ. ബാക്കിയെല്ലാം ഇവിടെ പണ്ടുമുതല്‍ക്കെ തയ്യാറാക്കി വച്ചിരിക്കുന്ന വിജയ ഫോര്‍മുലകളെ ആശ്രയിച്ചു തന്നെയാണ്.
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പിറകെ പോകുന്ന പ്രവണതയാണ് മലയാളത്തില്‍ ഇപ്പോള്‍. നമ്മുടെ സിനിമ മാര്‍ക്കറ്റ് വച്ച് നൂറും ഇരുന്നൂറും കോടി മുടക്കി സിനിമ എടുത്താല്‍ അതെങ്ങനെ ലാഭം നേടും? എത്ര താരങ്ങള്‍ക്കുണ്ട് പുറം ഇന്‍ഡസ്ട്രയില്‍ വില്‍പ്പന മൂല്യം, ഒരാള്‍ക്കോ? ബിസിനസ് അല്ലെങ്കില്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ പിന്നിലെ മറ്റ് ലക്ഷ്യമെന്താണ്? ക്വാളിറ്റിയോ? പുതുമയോ? ഇവിടെ ഇതുവരെ ഇറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ എത്രയെണ്ണത്തിന് അവകാശപ്പെടാന്‍ കഴിയും ഇപ്പറഞ്ഞ ക്വാളിറ്റിയും പുതുമയും? മുതല്‍ മുടക്ക് കുറഞ്ഞതെങ്കിലും നല്ല ചിത്രമായി സൃഷ്ടിച്ച ജോസഫിനെ ഒഴിവാക്കി ഒടിയനെന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് തിയേറ്ററുകളൊരുക്കുന്ന ഒരു ഇന്‍ഡസ്ട്രി എങ്ങനെയാണ് മുന്നേറുക? ഇതിലും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളാണല്ലോ തമിഴില്‍ ഉണ്ടായത്. അവിടെയുമുണ്ടല്ലോ സൂപ്പര്‍ ഹീറോകള്‍. അവരെയാണോ, അവരുടെ സിനിമയെയാണോ ആ ഇന്‍ഡസ്ട്രിയെ പ്രതിനിധീകരിച്ച് നമ്മുടെ മുന്നില്‍ വരുന്നത്? അല്ല, ബിഗ് ബഡ്ജറ്റ്- സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ക്കൊപ്പം തന്നെ അവിടെയുണ്ടാകുന്ന ചെറുതും മേന്മയുള്ളതുമായ സിനിമകളാണ്.
വിതരണക്കാരില്ലാതെ ബുദ്ധിമുട്ടിയതിന്റെ അനുഭവം പറഞ്ഞിട്ടുണ്ട് പരിയേറും പെരുമാളിന്റെ സംവിധായകന്‍ മാരി സെല്‍വരാജും നിര്‍മാതാവ് പാ. രഞ്ജിത്തും. അത്തരമൊരു സിനിമയ്ക്ക് ബിസിനസ് കിട്ടില്ലെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ബിസിനസ് നോക്കിയാണ് പരിയേറും പെരുമാള്‍ ചെയ്തിരുന്നെങ്കില്‍ നാം ഇന്നാ സിനിമയെ കുറിച്ച് സംസാരിക്കില്ലായിരുന്നു. തങ്ങളുടെ കാഴ്ച്ചപ്പാടാണ് തങ്ങളുടെ സിനിമയെന്നു പ്രഖ്യാപിച്ചവരാണ് സെല്‍വരാജും രഞ്ജിത്തും വെട്രിമാരനുമെല്ലാം. സിനിമ ഓടണം, കാശുണ്ടാക്കണം, സാ്മ്പത്തിക വിജയം നേടണമെന്നൊക്കെ ചിന്തിക്കുന്ന ചലച്ചിത്രകാരന്മാര്‍ തന്നെയാണവരെങ്കിലും സിനിമ എന്നത് വെറും ബിസിന്‌സ് എന്നുമാത്രം അവര്‍ കരുതുന്നില്ല എന്നതുകൊണ്ടാണ് കാലയും പരിയേറും പെരുമാളും വടചെന്നെയുമൊക്കെ ഉണ്ടാകുന്നത്. ദൈര്‍ഘ്യം കൂടിപ്പോയി വെട്ടിച്ചുരുക്കണം എന്ന അവശ്യം ഉയര്‍ന്നപ്പോള്‍, ഈ സിനിമ ഇങ്ങനെയല്ലാതെ പറയാന്‍ കഴിയില്ലെന്നു ധൈര്യത്തോടെ പറയാന്‍ പ്രേം കുമാറിനു കഴിഞ്ഞതുകൊണ്ടാണ് 96 നമുക്ക് ഇത്ര ഹൃദ്യമായത്. നമുക്കിവിടെ ഇങ്ങനെയൊക്കെ പറയാന്‍ ആരുണ്ട്? ഒരു ലിജോയോ!
പ്രേക്ഷകന് ഇഷ്ടമുള്ളതാണ് കൊടുക്കുന്നതെന്ന തത്വശാസ്ത്രത്തില്‍ ഒരു കഴമ്പുമില്ലെന്നു നമ്മുടെ സിനിമാക്കാര്‍ മനസിലാക്കണം. കൈനകരി തങ്കരാജ് (ഈ മ യൗ വില്‍ വാവച്ചന്‍ മേസ്തരിയെ അവതരിപ്പിച്ച നടന്‍) ലിജോ ജോസ് പല്ലിശ്ശേരിയെ കുറിച്ച് പറഞ്ഞൊരു വസ്തുത ഇവിടെ ചൂണ്ടിക്കാണിക്കാം. സംവിധായകര്‍ മൂന്നുതരമാണ്. പ്രേക്ഷകന് പിറകെ പോകുന്നവന്‍, പ്രേക്ഷകന് ഒപ്പം പോകുന്നവന്‍, പ്രേക്ഷകനെ തന്റെ പിറകെ കൊണ്ടുവരുന്നവന്‍. ലിജോയ മൂന്നാമത്തെ വിഭാഗക്കാരനാണെന്നായിരുന്നു തങ്കരാജിന്റെ അഭിപ്രായം. ആ വിഭാഗത്തില്‍ നമുക്കിവിടെ ഒരു ലിജോ മാത്രമുള്ളപ്പോള്‍ തമിഴില്‍ പലരുണ്ട് എന്നതാണ് ആ ഇന്‍ഡസ്ട്രിയുടെ ഭാഗ്യം. പ്രേക്ഷകനൊപ്പമോ അവന്റെ പിറകയോ പോയി സിനിമകള്‍ പടയ്ക്കുന്ന നമ്മുടെ രീതി നിര്‍ത്തണം. ഒടിയന്‍ ഒക്കെ വലിയൊരു പാഠമായി മലയാള സിനിമ ഇന്‍ഡസ്ട്രി എടുക്കണം. പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ വിളമ്പുന്ന കൂട്ടുകറിയാകരുത് സിനിമ. വ്യത്യസ്തതയുടെ രുചി അവനു പകരൂ. തമിഴിലും തെലുഗിലും ഹിന്ദിയിലുമൊക്കെ ഇറങ്ങുന്ന സിനിമകളോടുള്ള താത്പര്യം മലയാള സിനിമകളോട് കാണിക്കുന്നില്ലെന്നു വിലപിച്ചിട്ട് കാര്യമില്ല. അതിന്റെ കാരണം അ്‌ന്വേഷിച്ച് ചിന്തിക്കണം. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്‍ഡസ്ട്രിയാണ് മലയാളം. പക്ഷേ, ഒരേ റൂട്ടിലോടാന്‍ മത്സരിക്കുന്നുവെന്നു മാത്രം. അറ്റാദായത്തിന്റെ കണക്കു നോക്കി ചിരിക്കാന്‍ സെയഫ് സോണില്‍ നിന്നു മാറാതെ ഉപദേശി പടങ്ങളെടുക്കുന്ന സംവിധായകരുടെ ഇന്‍ഡസ്ട്രിയായി ഇത് അടയാളപ്പെട്ടു നില്‍ക്കുന്നോളം നമുക്കൊരു 96ഉം പരിയേറും പെരുമാളുമൊക്കെ സ്വപ്‌നം കാണാനെ കഴിയൂ.
ഇത് ഇന്ത്യയാണ്, ഹിറ്റ്‌ലറുടെ ജര്‍മനിയല്ല; സിനിമയോടുള്ള സംഘപരിവാര്‍ വെല്ലുവിളികളെ ഭയക്കരുത്