UPDATES

സിനിമ

‘ആ ബംഗ്ലാവിലേതെന്നു പറഞ്ഞു കാണിക്കുന്ന മുറികൾ പലതും പലയിടങ്ങളിലായാണ് സെറ്റിട്ടത്’; പ്രൊഡക്‌ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ പറയുന്നു

ആ മുറിയിൽ ഉപയോഗിച്ചിരിക്കുന്ന പല സ്കെച്ചുകളും സിനിമയ്ക്കു വേണ്ടി ഞങ്ങൾ തയാറാക്കിയതായിരുന്നു. ഏറെ വെല്ലുവിളി നേരിട്ട വർക്ക് ആയിരുന്നു അത്

ഇടുങ്ങിയ വരാന്തകളും രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച മുറികളുമുള്ള നിഗൂഢതകളുടെ ഒരു ബംഗ്ലാവ്. അതിരന്റെ കഥ നടക്കുന്ന ആ ബംഗ്ലാവ് തന്നെ പ്രേക്ഷകരുടെ മായക്കാഴ്ചയാണെന്നു തുറന്നു പറയുകയാണ് പ്രൊഡക്‌ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ. “ആ ബംഗ്ലാവിലേതെന്നു പറഞ്ഞു കാണിക്കുന്ന മുറികൾ പലതും പലയിടങ്ങളിലായാണ് സെറ്റിട്ടത്. കാഴ്ചയുടെ പൂർണതയിൽ അതൊരു ഒറ്റ ഇടമായി പ്രേക്ഷകർക്കു തോന്നിപ്പിക്കാനായി”. മനോരമ ഓൺലൈ ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അവരുടെ മുറികൾ കാണിക്കുന്നുണ്ട്. കഥ വികസിക്കുന്നത് ഈ മുറികളിലെ സംഭവവികാസങ്ങളിലൂടെയാണ്. അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന ഡോ.ബെഞ്ചമിന്റെ മുറി, ചിത്രകാരനായ ഹുസൈനിന്റെ മുറി പിന്നെ ജയിൽ പോലെ സെല്ലുകളുള്ള മുറി… ഇവയെല്ലാം സിനിമയിലെ ബംഗ്ലാവിലെ വിവിധ ഇടങ്ങളാണ്. എന്നാൽ യഥാർഥത്തിൽ ഇവ വെവ്വേറെ ലൊക്കേഷനിൽ സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. ചിത്രകാരനായ ഹുസൈനിന്റെ മുറി ചെയ്തെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. മികച്ച ഒരു ചിത്രകാരനാണ് ഹുസൈൻ എന്ന കഥാപാത്രം. നടക്കാൻ പോകുന്ന കാര്യങ്ങൾ അദ്ദേഹം മുൻപെ കണ്ട് അതെല്ലാം വരയ്ക്കും. ആ മുറിയിൽ ഉപയോഗിച്ചിരിക്കുന്ന പല സ്കെച്ചുകളും സിനിമയ്ക്കു വേണ്ടി ഞങ്ങൾ തയാറാക്കിയതായിരുന്നു. ഏറെ വെല്ലുവിളി നേരിട്ട വർക്ക് ആയിരുന്നു അത്. കൂടാതെ അതുൽ കുൽക്കർണിയുടെ (ഡോ.ബെഞ്ചമിൻ) മുറി ഡിസൈൻ ചെയ്യുക എന്നതും പ്രയാസമേറിയ പരിപാടിയായിരുന്നു’

‘ജയിൽ സീക്വൻസ് മുഴുവനും സെറ്റ് ആയിരുന്നു. താക്കോൽ കണ്ടെത്തി അടച്ചിട്ട വാതിൽ തുറന്ന് ഫഹദ് നടന്നുകയറുന്ന രംഗങ്ങളും നീണ്ട ഇടനാഴി പൊടുന്നനെ ചുവരിൽ അവസാനിക്കുന്നതും തിരിഞ്ഞു നോക്കുമ്പോൾ ഇടനാഴിക്കു പകരം ചുവർ പ്രത്യക്ഷമാകുന്നതെല്ലാം ആനിമേഷനല്ല. അങ്ങനെ സെറ്റിട്ട് ഷൂട്ട് ചെയ്തതാണ്. അതിനായി ചക്രങ്ങൾ ഘടിപ്പിച്ച പ്രത്യേക ചുവരുകളുണ്ടാക്കി. ആദ്യം ലൊക്കേഷൻ പോയി കണ്ടിട്ടാണ് സെറ്റിന്റെ പണികൾ തുടങ്ങിയത്. ഊട്ടിയിലായിരുന്നു സിനിമയിൽ കാണിക്കുന്ന ബംഗ്ലാവ്. കൂടാതെ ബംഗ്ലാവിനു മുന്നിലെ ഗാർഡനും ഗ്ലാസ് ഹൗസും ക്ലൈമാക്സിൽ പ്രകാശ് രാജ് നിൽക്കുന്നതായി കാണിക്കുന്ന ഇടങ്ങളെല്ലാം പ്രത്യേകം ചെയ്തെടുത്തതാണ്. തറവാടിന്റെ സീക്വിൻസിൽ ഒരു കളരി കാണിക്കുന്നുണ്ട്. അതിനടുത്ത് ഒരു ക്ഷേത്രവും. സത്യത്തിൽ ആ ക്ഷേത്രം അവിടെയുണ്ടായിരുന്ന കാർ ഷെഡ് ആയിരുന്നു. അതു ക്ഷേത്രമാക്കി മാറ്റിയെടുക്കുകയായിരുന്നു’- വിനോദ് രവീന്ദ്രൻ പറയുന്നു

സിനിമ നടക്കുന്ന കാലഘട്ടം അടയാളപ്പെടുത്തുന്നതിന് കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന പ്രോപ്പർട്ടികൾ തിരഞ്ഞെടുക്കുന്നതിൽ വരെ ശ്രദ്ധിക്കണ്ടതുണ്ടായിരുന്നെന്നും. ഡോ.ബെഞ്ചമിന്റെ ഓഫീസിലെ ഓരോ ചെറിയ കടലാസു പോലും അങ്ങനെ ശ്രദ്ധാപൂർവം കണ്ടെത്തിയതാണ്. സായ് പല്ലവിയും രഞ്ജി പണിക്കരും കളരി അഭ്യാസം പ്രദർശിപ്പിക്കുന്ന രംഗമുണ്ട്. അതിലെ ആയുധങ്ങളൊക്കെ ആ കാലഘട്ടത്തിൽ ഉപയോഗിക്കുന്നവയുടെ മാതൃകയിൽ പ്രത്യേകം ചെയ്തെടുത്തതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍