UPDATES

സിനിമ

അപ്രത്യക്ഷരാകുന്ന സഹസംവിധായികമാരില്‍ ഒരാളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; റോഷന്‍ ആന്‍ഡ്രൂസ്-ആല്‍വിന്‍ ആന്‍റണി കേസില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

റോഷന്‍ ആന്‍ഡ്രൂസിന് പിന്തുണയറിയിച്ച് നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തകയാണ് റോഷനൊപ്പം സഹസംവിധായകയായി പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടി

‘എനിക്ക് ആല്‍വിനില്‍ നിന്ന് നീതി ലഭിക്കണം. അതിന് വേണ്ടിയാണ് പോരാട്ടം. സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്‌നമാണ്. അതിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നയാളാണ് ഞാന്‍. ഒരുപക്ഷേ ഞാന്‍ എന്റെ സ്‌ക്രിപ്റ്റുമായി എത്തുമ്പോള്‍ നിര്‍മ്മാതാക്കള്‍ സിനിമ ചെയ്യാന്‍ തയ്യാറാവില്ലായിരിക്കാം. എന്റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തപ്പെട്ടേക്കാം. പക്ഷെ എനിക്ക് നീതി വേണം. എന്നുമാത്രമല്ല സഹോദരതുല്യനായ ഒരാള്‍ ഇതിന്റെ പേരില്‍ പലതും അനുഭവിക്കുമ്പോള്‍ ഇനിയെങ്കിലും ഞാനിതെല്ലാം തുറന്ന് പറഞ്ഞേ മതിയാവൂ.‘; സംവിധായകന്‍ റോഷന്‍ അന്‍ഡ്രൂസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ പല തലത്തിലേക്ക് പോവുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിവാദത്തിലുള്‍പ്പെട്ട സഹസംവിധായക. റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയെ വീട്ടല്‍ കയറി ആക്രമിച്ചു എന്നായിരുന്നു ആരോപണം. ഇത് കേസായി. റോഷനെതിരെ കേസ് ചാര്‍ജ് ചെയ്തു. ജാമ്യം ലഭിച്ചെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുകയാണ്. ആരോപണം വന്നയുടന്‍ നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും നിര്‍മ്മാതാക്കളുടെ സംഘടന റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കിയത് വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന് പിന്തുണയറിയിച്ച് നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തകയാണ് റോഷനൊപ്പം സഹസംവിധായകയായി പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടി.

‘ കേരളത്തില്‍ സഹസംവിധായികമാരായി നിന്ന് പിന്നീട് അപ്രത്യക്ഷമാവുന്ന പെണ്‍കുട്ടികളെയാണ് സാധാരണ കാണാറ്. ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ നിന്ന് വരുന്ന എനിക്ക് സിനിമാ സംവിധായകയാവണമെന്നാണ് ആഗ്രഹം. ഈ പ്രശ്‌നത്തോടെ ആ സാധ്യത ഇല്ലാതായേക്കാം. പക്ഷെ റോഷന്‍ സാറ് ചെയ്തത് എനിക്ക് വേണ്ടിയാണ്. അതിന് റോഷന്‍ സാറിന് വലിയ വിലകൊടുക്കേണ്ടി വരുമ്പോള്‍, കാര്യങ്ങള്‍ എന്റെ പേരിലേക്ക് കൂടി വളരെ മോശമായി വരുമ്പോള്‍, ഞാനിനിയെങ്കിലും പ്രതികരിക്കണമെന്ന് തോന്നി. മൂന്ന് വര്‍ഷമായി ഞാന്‍ റോഷന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നു. സര്‍ എപ്പോഴും എന്റെ ഒരു തൂണ് പോലെയാണ് നില്‍ക്കുന്നത്. ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധമില്ലാതെ വന്നയാളാണ് ഞാന്‍. കായംകുളം കൊച്ചുണ്ണിയില്‍ വര്‍ക്ക് കംപ്ലീറ്റ് ചെയ്യുന്നത് സര്‍ പ്രൊട്ടക്ട് ചെയ്യുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതുകൊണ്ട് മാത്രമാണ്.

ആല്‍വിനെ എനിക്ക് കുറച്ചുകാലമായി അറിയാം. ഞങ്ങളുടെ കോമണ്‍ ഫ്രണ്ട് ഉണ്ട്, ജോണി. ജോണിയുടെ മ്യൂസിക് വീഡിയോ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് ഡയറക്ട് ചെയ്തത്. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്. അതിനിടക്ക് ഒരു ഫംഗ്ഷന് ഇടയ്ക്ക് വച്ച് എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ എനിക്ക് മറ്റൊരിഷ്ടമുള്ളത് ഞാന്‍ ആല്‍വിനോട് പറഞ്ഞു. അതങ്ങനെ തീര്‍ന്നു. കൊച്ചിയില്‍ എനിക്ക് അധികം ഫ്രണ്ട്‌സ് ഇല്ല. അതിന് ശേഷം അതില്‍ ഒരാള്‍ ആയിരുന്നു ആല്‍വിന്‍. രണ്ടാഴ്ച മുമ്പ് എനിക്ക് ഇഷ്ടമുള്ളയാളെ ഞാന്‍ റോഷന്‍ സാറിന് പരിചയപ്പെടുത്തി. സാറാണ് വീട്ടില്‍ പറഞ്ഞ് അത് ഓക്കെ ആക്കിയത്. കല്യാണം ഫിക്‌സ് ചെയ്തപ്പോള്‍ അത് ഞാന്‍ ആല്‍വിന്റെയടുത്ത് പറഞ്ഞു. കണ്‍ഗ്രാറ്റ്‌സ് എല്ലാം പറഞ്ഞ് കഴിഞ്ഞ് പിറ്റേന്ന് രാവിലെ കാണണമെന്ന് പറഞ്ഞു. ഞങ്ങള്‍ ഇടക്ക് കൊച്ചിയില്‍ വച്ച് ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറും എന്നെ ആല്‍വിന്‍ ഓഫീസില്‍ ഡ്രോപ്പ് ചെയ്യാറുമൊക്കെയുണ്ട്. അന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എന്നെ ഓഫീസില്‍ ഡ്രോപ്പ് ചെയ്യുന്നതിനിടെ ആല്‍വിന്‍ കുറച്ച് എക്‌സന്‍ട്രിക് ആയി പെരുമാറി. എന്റെ വിവാഹം വേണമോ എന്ന കാര്യം ഒന്നുകൂടി ചിന്തിക്കാനും അയാള്‍ എനിക്ക് ചേരുന്നയാളല്ലെന്നുമൊക്കെ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ആല്‍വിന്റെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി എനിക്ക് പോലും തടയാന്‍ പറ്റാത്ത തരത്തില്‍ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. ഞാന്‍ വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് പിന്നെ പല തവണ സോറി പറഞ്ഞു. പെട്ടെന്ന് ദേഷ്യം വന്നപ്പോള്‍ ചെയ്ത് പോയതാണെന്ന് പറഞ്ഞു. റോഷന്‍ സാറിന്റെ അടുത്ത് ഇക്കാര്യം പറയേണ്ടെന്ന് വിവാഹം കഴിക്കാന്‍ പോവുന്നയാള്‍ പറഞ്ഞു. സാറുമായി ആല്‍വിനും കുടുംബവുമായി നല്ല ബന്ധവുമായിരുന്നു. ആല്‍വിന്‍ ഇതിനിടയില്‍ സാറിനെ കണ്ട് സംസാരിച്ചിരുന്നു. അതുകഴിഞ്ഞ് എന്നെ വിളിച്ചിട്ട് റോഷന്‍ സാറ് നിന്നെക്കുറിച്ച് പലതും പറഞ്ഞു. ഞാനിനി നിന്റെയടുത്ത് ഒന്നും പറയാന്‍ വരുന്നില്ല എന്നെല്ലാം പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സാറിന്റെ ഒരു ഫ്രണ്ട് വിളിച്ച് നീയെന്തിനാ റോഷനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ചു. ഞാനിത് സാറിനോട് പറയും എന്ന് കരുതി അതിന് മുന്നെ തന്നെ ആല്‍വിന്‍ റോഷന്‍ സാറിനെ കണ്ട് ഞങ്ങളെ തമ്മില്‍ തെറ്റിക്കാനുള്ള കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. അപ്പോഴാണ് എനിക്ക് ഇതിന്റെ യഥാര്‍ഥ കളി മനസ്സിലാവുന്നത്.

അതോടെ സാറിന്റെയടുത്ത് എല്ലാം പറയാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാം കേട്ടിട്ട് നീയിനി അവന്റെ കോള്‍സ് എല്ലാം റെക്കോര്‍ഡ് ചെയ്‌തോ, ബാക്കിയുള്ളതൊക്കെ ഞാന്‍ തീര്‍ത്തോളാം, നീ വിഷമിക്കണ്ട എന്ന് സാറ് പറഞ്ഞു. എന്നിട്ട് സാറ് നേരെ ആല്‍വിന്റെ അച്ഛനേയും അമ്മയേയും കാണാന്‍ പോയി. അതുകഴിഞ്ഞ് ആല്‍വിന്‍ എന്നെ വിളിച്ച് ഷൗട്ട് ചെയ്തു. ‘നിന്റെ സാറ് ഇവിടെ വന്നിട്ടുണ്ടായിരുന്നു. എന്റെ അച്ഛന്റെയും അമ്മയുടേയും മുന്നില്‍ എന്നെ പെണ്ണുപിടിയനാക്കി. അവര്‍ ഞാന്‍ പറയുന്നത് വിശ്വസിക്കുന്നില്ല. ഞാനിവിടെ നിന്ന് ഇറങ്ങിപ്പോവുകയാണ്. നിന്റയടുത്ത് ചെയ്ത തെറ്റിന് സോറി. അതിന് ഞാന്‍ പ്രായശ്ചിത്തം ചെയ്യും. പക്ഷെ നിന്റെ സാറിനെ ഞാന്‍ വെറുതെ വിടില്ല. ഒരു മാസത്തിനുള്ളില്‍ ഞാന്‍ ഈ മനുഷ്യനെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വൃത്തികെട്ടവനായി ചിത്രീകരിക്കും’ എന്ന് പറഞ്ഞു.

പിറ്റേന്ന് എന്നെ സാറ് കണ്ടു. തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കാനും, ആല്‍വിന്‍ കൊച്ചുപയ്യനാണെന്നും, അവനെ താന്‍ പറഞ്ഞ് ശരിയാക്കാമെന്നും സാറ് എന്നോട് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആല്‍വിന്റെ കോള്‍ സാറിന് വന്നു. സാറത് ലൗഡ്‌സ്പീക്കറിലിട്ട് എന്നെയും കേള്‍പ്പിച്ചു. സാറിന്റെ മരിച്ചുപോയ അമ്മയേയും അച്ഛനേയും ബ്രദറിനേയും എല്ലാവരേയും ചീത്തവിളിക്കുകയായിരുന്നു. എക്‌സന്‍ട്രിക്ക് ആയി ചീത്തവിളിക്കുകയായിരുന്നു. അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ ആരും വെറുതെയിരിക്കില്ല. ‘ നീ ധൈര്യമായി പൊക്കോ. ഒരു പ്രശ്‌നവുമില്ല. പക്ഷെ നിന്റെയടുത്ത് ചെയ്തതിന് ഞാന്‍ അവനെക്കൊണ്ട് മാപ്പ് പറയിക്കും. ബാക്കി കാര്യങ്ങളില്‍ നീ ഇടപെടണ്ടട എന്ന് പറഞ്ഞ് എന്നെ അയച്ചു. അന്നാണ് ഞാന്‍ അവസാനമായി സാറിനെ കാണുന്നത്. പിന്നെയാണ് സാറിടിച്ചു എന്ന കാര്യങ്ങള്‍ കേള്‍ക്കുന്നത്. അപ്പോഴും ഞാന്‍ സാറിനെ വിളിച്ച് എനിക്ക് വേണ്ടിയാണ് ചോദിക്കുന്നതെന്ന് പറയാന്‍ പറഞ്ഞു. പക്ഷെ എന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കാന്‍ സാറിന് താത്പര്യമില്ലായിരുന്നു. പിന്നെ ഞാന്‍ മിണ്ടിയില്ല. പക്ഷെ പിന്നീട് ഞാന്‍ കാണുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്നെയും സാറിനെയും കണക്ട് ചെയ്തിട്ടുള്ള വാര്‍ത്തകളാണ്. എന്റെ സഹോദരന്‍ നാട്ടിലില്ല. എന്നെ ആരെങ്കിലും തൊട്ടാല്‍ അവന്‍ വച്ചേക്കില്ല. അത്രയേ റോഷന്‍ സാറും ചെയ്തുള്ളൂ. അവിടെ എന്തുണ്ടായി എന്നുള്ളതിന്റെ സത്യാവസ്ഥ എനിക്കറിയില്ല.

ആദ്യം ഞാനറിയുന്ന വേര്‍ഷനില്‍ ആല്‍വിന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ പിന്നീട് വന്ന വേര്‍ഷനുകളില്‍ ഡോക്ടര്‍ വന്നു അമ്മയും പെങ്ങളുമെല്ലാം വന്നു. അതോടെ സാറിനെതിരെ കേസ് സ്‌ട്രോങ് ആക്കാന്‍ വേണ്ടി പറയുന്നതാണെന്ന് എനിക്ക് ഉറപ്പായി. ആല്‍വിന്റെ അമ്മ മീഡിയയില്‍ എന്നെ അറിയില്ല എന്നു പറഞ്ഞു. പക്ഷെ ആ അമ്മയ്ക്ക് എന്നെ നന്നായി അറിയാം. സാറിനെയും എന്നെയും വച്ച് ഒരു സ്‌റ്റോറി അവര്‍ കുക്ക്അപ്പ് ചെയ്തു. എന്നെ അത്രേം മോശക്കാരിയാക്കി. അവന്‍ ചെയ്ത കാര്യം ക്ഷമിച്ചയാളാണ് ഞാന്‍. പക്ഷെ പിന്നെയും അവന്‍… ഒറ്റദിവസം കൊണ്ട് സാറിന് ബാനും വന്നു. ആല്‍വിന്‍ ആന്റണി അസോസിയേഷനിലുമൊക്കെ വളരെ ഹോള്‍ഡ് ഉള്ളയാളാണ്. നാളെ എന്നെയും ഈ ഇന്‍ഡസ്ട്രിയില്‍ നിന്നു പുറത്താക്കിയേക്കാം.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍