UPDATES

സിനിമ

അവളുടെ രാവുകള്‍ മുതല്‍ ദേവാസുരം വരെ: ഐവി ശശിയുടെ 15 ശ്രദ്ധേയ ചിത്രങ്ങള്‍

വ്യത്യസ്ത പ്രമേയങ്ങളും ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളുമായുള്ള കൂട്ടുകെട്ടുകളിലൂടെയും സംവിധായകന്‍ എന്ന നിലയിലുള്ള കയ്യൊപ്പ് പതിപ്പിച്ചും നായകനേക്കാള്‍ വലിയൊരാള്‍ കമാന്‍ഡിംഗ് പൊസിഷനില്‍ പിന്നില്‍ മറഞ്ഞിരിപ്പുണ്ട് എന്ന് കച്ചവട സിനിമാ പ്രേക്ഷകരെ നിരന്തരം ബോധ്യപ്പെടുത്തിയും ഐവി ശശി നിറഞ്ഞു നിന്നു.

1975ല്‍ പുറത്തിറങ്ങിയ ഉത്സവം ആയിരുന്നു ആദ്യ ചിത്രമെങ്കിലും 1978ല്‍ ഇറങ്ങിയ അവളുടെ രാവുകളിലൂടെയാണ് ഐവി ശശി ചുവടുറപ്പിക്കുന്നത്. മലയാള സിനിമയിലെ ആദ്യ ക്രൌഡ് പുള്ളര്‍ സംവിധായകന്‍റെ തുടക്കമായിരുന്നു അത്. പിന്നീട് 1994ല്‍ ദേവാസുരം വരെ ഐവി ശശി മാജിക് തുടര്‍ന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വര്‍ണപകിട്ട് (1997) മാത്രമാണ് അല്‍പ്പമെങ്കിലും ശ്രദ്ധ നേടുകയും തീയറ്ററുകളില്‍ ഭേദപ്പെട്ട വിജയം നേടുകയും ചെയ്തത്. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തില്‍ വ്യത്യസ്ത പ്രമേയങ്ങളിലൂടെയും ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളുമായുള്ള കൂട്ടുകെട്ടുകളിലൂടെയും സംവിധായകന്‍ എന്ന നിലയിലുള്ള കയ്യൊപ്പ് പതിപ്പിച്ചും നായകനേക്കാള്‍ വലിയൊരാള്‍ കമാന്‍ഡിംഗ് പൊസിഷനില്‍ പിന്നില്‍ മറഞ്ഞിരിപ്പുണ്ട് എന്ന് കച്ചവട സിനിമാ പ്രേക്ഷകരെ നിരന്തരം ബോധ്യപ്പെടുത്തിയും ഐവി ശശി നിറഞ്ഞു നിന്നു. ഐവി ശശിയുടെ ഏറ്റവും ശ്രദ്ധേയമായ 15 സിനിമകളെക്കുറിച്ച്:

1. അവളുടെ രാവുകള്‍ (1978)

1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ എന്ന ചിത്രം വലിയ തരംഗങ്ങള്‍ സൃഷ്ടിച്ചു. ഒരു ലൈംഗികത്തൊഴിലാളി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് തീര്‍ത്തും പുതിയ അനുഭവമായിരുന്നു. ആദ്യമായി എ (അഡല്‍ട്‌സ് ഓണ്‍ലി) സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രമായിരുന്നു അത്. സീമയാണ് കേന്ദ്ര കഥാപാത്രമായ രാജി ആയത്. ആലപ്പി ഷെരീഫാണ് അവളുടെ രാവുകളുടെ രചന നിര്‍വഹിച്ചത്.

കമല്‍ഹാസനും ഐവി ശശിയും ഈ ചിത്രത്തില്‍ അതിഥിവേഷങ്ങളില്‍ എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തേയും വലിയ പരീക്ഷണ ചിത്രങ്ങളില്‍ ഒന്നായാണ് അവളുടെ രാവുകള്‍ വിലയിരുത്തപ്പെടുന്നത്. വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രം തമിഴില്‍ ‘അവളിന്‍ ഇരവുകള്‍’ എന്ന പേരിലും ഹിന്ദിയില്‍ ‘ഹെര്‍ നൈറ്റ്‌സ്’ എന്ന പേരിലും കന്നഡയില്‍ കമല എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു. ഈ ഭാഷകളിലെല്ലാം ചിത്രം സാമ്പത്തിക വിജയം ആവര്‍ത്തിച്ചു.

2. അലാവുദീനും അദ്ഭുതവിളക്കും (1979)

തമിഴിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങിയ അലാവുദീനും അദ്ഭുതവിളക്കും അറബിനാടോടിക്കഥയെ ആധാരമാക്കിയുള്ള ചിത്രമാണ്. കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായ അലാവുദീനെ അവതരിപ്പിച്ചപ്പോള്‍ രജനീകാന്ത് കമറുദ്ദീനായി. മലയാളത്തില്‍ ആലപ്പി ഷെരീഫും തമിഴില്‍ വിയറ്റ്‌നാം വീട് സുന്ദരവുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. രജനീകാന്ത് ആദ്യമായി രണ്ട് മലയാള സിനിമകളില്‍ ഒന്നായിരുന്നു അത്. പിന്നീട് തമിഴ് – കന്നഡ – മലയാളം ത്രിഭാഷാ ചിത്രമായി പുറത്തിറങ്ങിയ ഗര്‍ജ്ജനത്തിലും (ഗര്‍ജ്ജന) രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്.

3. അങ്ങാടി (1980)

ഐവി ശശി – ടി ദാമോദരന്‍ എന്ന മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നിന് തുടക്കമിട്ടത് ജയനെ നായകനാക്കി ഒരുക്കിയ അങ്ങാടി (1980) എന്ന സിനിമയായിരുന്നു. 1979ല്‍ പുറത്തിറങ്ങിയ ആറാട്ട് എന്ന ചിത്രമായിരുന്നു ടി ദാമോദരന്റെ തിരക്കഥയില്‍ ശശി ആദ്യമായി സംവിധാനം ചെയ്തതെങ്കിലും ഈ കൂട്ടുകെട്ടിന്റെ ബോക്‌സ് ഓഫീസ് വിജയഗാഥയ്ക്ക് തുടക്കം കുറിച്ചത് അങ്ങാടിയില്‍ നിന്നായിരുന്നു. ഇംഗ്ലീഷ് പറഞ്ഞ് ബൂര്‍ഷ്വാ മുതലാളി കുമാരനെ താക്കീത് ചെയ്ത് ഓടിക്കുന്ന ചുമട്ടുതൊഴിലാളി കഥാപാത്രമായി ജയന്‍ തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു.

പീന്നീട് വന്ന മിക്ക ഐവി ശശി – ടി ദാമോദരന്‍ ചിത്രങ്ങളും ട്രേഡ് യൂണിയനുകളുടെ പ്രതിലോമ, പിന്തിരിപ്പന്‍ സ്വഭാവങ്ങളിലാണ് കേന്ദ്രീകരിച്ചതെങ്കില്‍ തൊഴിലാളികളുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന സ്വഭാവമാണ് അങ്ങാടിക്കുണ്ടായിരുന്നത്. എഴുപതുകളുടെ തുടര്‍ച്ചയായി നിലനിന്ന അഭ്യസ്തവിദ്യനും തൊഴിലില്ലാത്തവനുമായ ചെറുപ്പക്കാരന്റെ ക്ഷുഭിത യൗവനമാണ് ജയന്‍റെ കഥാപാത്രം പ്രകടമാക്കിയത്.

4. തൃഷ്ണ (1981)

തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ, തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി മമ്മൂട്ടി പല അഭിമുഖങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഐവി ശശിയുടെ തൃഷ്ണയാണ്. തൃഷ്ണയിലെ കൃഷ്ണദാസ് എന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടി പലപ്പോഴും വാചാലനായി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

5. ഇണ (1982)

കൗമാര ലൈംഗിക ചോദനകളെ ആഴത്തില്‍ അന്വേഷിച്ച ഇണയുടെ രചന നിര്‍വഹിച്ചത് ജോണ്‍ പോളാണ്. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളില്‍ ഒന്നായാണ് ഇണ അറിയപ്പെടുന്നത്. 1980ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രം ബ്ലൂ ലഗൂണ്‍ ആണ് ചിത്രത്തിന് പ്രചോദനമായത്. പുതുമുഖങ്ങളായ മാസ്റ്റര്‍ രഘുവിനേയും ദേവിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു.

സ്‌കൂളിലെ സഹപാഠികളായ കൗമാരപ്രായക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തങ്ങളുടെ വീടുകളില്‍ പീഡനവും അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഒളിച്ചോടുന്നതും തുടര്‍ന്ന് ഇവരുടെ ബന്ധം തീവ്രമായ വൈകാരികതലത്തിലേയ്ക്ക് ഉയരുന്നതുമാണ് ചിത്രം പറയുന്നത്.

6. ഈ നാട്‌ (1982)

മലയാളത്തിലെ ട്രേഡ് യൂണിയന്‍ പ്രമേയം വരുന്ന സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ടി ദാമോദരന്റെ രചനയില്‍ ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട്‌’. കേരള മോഡല്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ ചോദ്യം ചെയ്ത് തുടങ്ങിയത് ഈ നാട് ആണ് എന്ന വിലയിരുത്തലുണ്ട്. വലതുപക്ഷത്തെ മാത്രമല്ല അപചയപ്പെട്ട ഇടതുപക്ഷത്തെയും ഈ ചിത്രം തുറന്നുകാട്ടി. ഗള്‍ഫില്‍ നിന്നുള്ള പിന്മടക്കം മലയാള സിനിമ ആദ്യമായി ചര്‍ച്ച ചെയ്തതും ഈ നാടാണ്. ഗള്‍ഫ് കുടിയേറ്റം അതിന്റെ യൗവനത്തിലായിരുന്ന 80കളുടെ ആദ്യ വര്‍ഷങ്ങളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

അതേസമയം ട്രേഡ് യൂണിയനുകളുടെ തെറ്റായ പ്രവണതകളും ഇടതുപക്ഷത്തിന്റെ അപചയങ്ങളും തുറന്നുകാട്ടുമ്പോളും കക്ഷി രാഷ്ട്രീയത്തോടും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളോടുമുള്ള അരാഷ്ട്രീയ മധ്യവര്‍ഗത്തിന്റ മുന്‍വിധികളേയും വെറുപ്പിനേയും അവജ്ഞയേയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഐവി ശശി – ടി ദാമോദരന്‍ ചിത്രങ്ങള്‍ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് വിമര്‍ശനാത്മകമായി കാണാതിരിക്കാനാവില്ല. പിന്നീട് കൂടുതല്‍ പിന്തിരിപ്പന്‍ ജാതിവെറി നിറച്ച ആര്യന്‍ പോലുള്ള ചിത്രങ്ങള്‍ പ്രിയദര്‍ശന് വേണ്ടി ടി ദാമോദരന്‍ എഴുതുന്നത് ഐവി ശശി ചിത്രങ്ങളുടെ വിജയം നല്‍കിയ ഊര്‍ജ്ജവുമായാണ്.


പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും അടക്കമുള്ള സംവിധായകര്‍ രസകരമായ നര്‍മ്മത്തിനും ആരോഗ്യകരമായ സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശനത്തിനും ശക്തമായ ആക്ഷേപഹാസ്യത്തിനുമൊപ്പം ഈ ഇടതുപക്ഷവിരുദ്ധ അരാഷ്ടീയ ബോധവും തങ്ങളുടെ സിനിമകളില്‍ കലര്‍ത്തി. മണിരത്‌നത്തിന്റെ ഉണരൂ, സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ് തുടങ്ങിയ ചിത്രങ്ങളെല്ലാം തൊഴിലാളി യൂണിയനുകളെക്കുറിച്ച് സമൂഹത്തില്‍ ഭീതിയും വെറുപ്പും വിതച്ചു. അടിമകള്‍ ഉടമകള്‍ (1987) അടക്കമുള്ള ഐവി ശശി ചിത്രങ്ങളില്‍ ഈ ട്രേഡ് യൂണിയന്‍ – മുതലാളി ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി.

7. ആള്‍ക്കൂട്ടത്തില്‍ തനിയെ (1984)

ഒത്തുചേരലുകളിലും വേര്‍പിരിയലുകളിലും മാറ്റമില്ലാതെ തുടരുന്ന ഏകാന്തതയെക്കുറിച്ചാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ പറയുന്നത്. എംടിയുടെ കഥയെ ആധാരമാക്കിയുള്ള ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എംടി തന്നെ. രോഗവും മരണവുമാണ് അസ്വസ്ഥമായ കൂടിച്ചേരലുകളിലേയ്ക്ക് നയിക്കുന്നത്. സത്രീ – പുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണതകളിലേയ്ക്ക് ചിത്രം പോകുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ബാലന്‍ കെ നായരും സീമയും അടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍.

8. അടിയൊഴുക്കുകള്‍ (1984)

എംടിയുടെ രചന. മമ്മൂട്ടി നായക കഥാപത്രം. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ സഹതാരങ്ങള്‍. തീരദേശമായിരുന്നു കഥാ പശ്ചാത്തലം. എംടിയുടെ രചന. മമ്മൂട്ടി നായക കഥാപത്രം. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ സഹതാരങ്ങള്‍. തീരദേശമായിരുന്നു കഥാ പശ്ചാത്തലം. വള്ളക്കാരന്‍ കണാരന്‍ എന്ന കഥാപാത്രമായി വന്ന മമ്മൂട്ടി ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി ആദ്യം നേടിയത് ഈ ചിത്രത്തിലെ പ്രകടനത്തിനായിരുന്നു. ഇതിന് മുമ്പ് 1981ല്‍ പുറത്തിറങ്ങിയ ഐവി ശശിയുടെ തന്നെ അഹിംസയിലൂടെ മമ്മൂട്ടി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

9. അതിരാത്രം (1984)

അധോലോക സിനിമകളുടെ പിതാവും മാതാവുമായൊക്കെ അറിയപ്പെടുന്ന ഫ്രാന്‍സിസ് കപ്പോളയുടെ വിഖ്യാതമായ ഗോഡ് ഫാദറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബോംബെയിലെ ജനകീയ അധോലോക നായകന്‍ വരദരാജ മുതലിയാരുടെ ജീവിതം പ്രമേയമായി മണിരത്‌നം നായകന്‍ ചെയ്യുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1984ലാണ് ജനകീയനായ അധോലോക നായകന്‍ താരാദാസിന്റെ കഥ ഐവി ശശി പറഞ്ഞത്.

വരദരാജ മുതലിയാരേയും ഹാജി മസ്താനേയും പോലെ ചേരികളുമായി ഹൃദയബന്ധം പുലര്‍ത്തുന്ന പരോപകാരികളും നന്മ നിറഞ്ഞവരുമായിരുന്ന കള്ളക്കടത്തുകാരനാണ് താരാദാസ്. പിന്നീട് മോഹന്‍ ലാല്‍ സാഗര്‍ അഥവാ ജാക്കി എന്ന അധോലോക നായകനായ ഇരുപതാം നൂറ്റാണ്ട് അടക്കമുള്ള ചിത്രങ്ങളില്‍ ഈ ജനപ്രിയ അധോലോക നായകന്മാര്‍ കയ്യടി നേടി. മമ്മൂട്ടി താരാദാസ് ആയപ്പോള്‍ പൊലീസുകാരന്‍റെ വേഷമായിരുന്നു മോഹന്‍ലാലിന്.

10. ഉയരങ്ങളില്‍ (1984)

എംടി വാസുദേവന്‍ നായരുടെ കഥയെ ആധാരമാക്കിയുള്ള ചിത്രം മലയാളികളുടെ നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി. നായകന്‍ തന്നെ വില്ലനുമാകുന്ന മലയാളത്തിലെ ആദ്യ ശ്രദ്ധേയ ചിത്രമായിരുന്നു ഉയരങ്ങളില്‍. ക്രൂരതയുടേയും കുടിലതയുടേയും പര്യായമായ എസ്റ്റേറ്റ് മാനേജര്‍ ജയരാജ്, മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

സംവിധായകനെന്ന നിലയിലുള്ള ഐവി ശശിയുടെ ക്രാഫ്റ്റ് ഏറ്റവും വ്യത്യസ്തമായ രീതിയില്‍ വന്ന ചിത്രങ്ങളിലൊന്നാണ് എംടി രചന നിര്‍വഹിച്ച ഉയരങ്ങളില്‍. വില്ലന്‍ വേഷങ്ങളില്‍ വന്ന് പിന്നീട് സഹനടന്‍ എന്ന നിലയിലേക്ക് മാറിയ മോഹന്‍ലാലിന്‍റെ കേന്ദ്ര കഥാപാത്രങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പുകളില്‍ ഒന്നാണ് ഉയരങ്ങളില്‍.

11. ആവനാഴി (1986)

ദേവാസുരം കഴിഞ്ഞാല്‍ ഐവി ശശിയുടെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളായിരുന്നു ആവനാഴിയും അതിന്റെ തുടര്‍ച്ചയായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും. ഇരു ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായ പൊലീസുകാരന്‍ ബല്‍റാമിനെ അവതരിപ്പിച്ച് തീയറ്ററില്‍ കയ്യടി നേടിയത് മമ്മൂട്ടിയാണ്.

ആവനാഴിയിലെ മമ്മൂട്ടിയുടെ മുരടനും ക്ഷിപ്രകോപിയുമായ പൊലീസുകാരന്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. അതേസമയം അതിരാത്രത്തിലെ താരാദാസിനെയും ആവനാഴിയിലേയും ഇന്‍സ്പെക്ടര്‍ ബല്‍റാമിലെയും ബല്‍റാമിനെയും ഏറ്റുമുട്ടിച്ച ബല്‍റാം വേഴ്സസ് താരാദാസ് (2006) ദയനീയ പരാജയമായിരുന്നു.

12. വാര്‍ത്ത (1986)

പ്രവചനാത്മക സ്വഭാവമുള്ള ചിത്രമായിരുന്നു ടി ദാമോദരന്‍ തിരക്കഥയെഴുതിയ വാര്‍ത്ത. ജോഷിയുടെ ന്യൂഡല്‍ഹിയും (1987) പത്രവും (1998) പുറത്തിറങ്ങുന്നതിന് മുമ്പ് മാധ്യമരംഗത്തെ കുറിച്ച് ശ്രദ്ധേയമായി പറഞ്ഞത് ഐവി ശശിയുടെ വാര്‍ത്ത ആയിരുന്നു. അഴിമതിയിലും ദുഷ്പ്രവണതകളിലും മുങ്ങിയ സര്‍ക്കാരിനും വ്യവസ്ഥിതിക്കുമെതിരെ സന്ധിയില്ലാതെ പോരാടുന്ന മാധ്യമപ്രവര്‍ത്തകനും ചീഫ് എഡിറ്ററുമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം മാധവന്‍ കുട്ടി. മാധവന്‍ കുട്ടി കൊല്ലപ്പെടുകയാണ്.

13.1921 (1988)

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി ഭൂപ്രഭുത്വത്തിനുമെതിരെ മലബാറിലെ കര്‍ഷക കുടിയാന്മാര്‍ നടത്തിയ ഐതിഹാസിക പോരാട്ടമായ മലബാര്‍ കലാപത്തിന്റ കഥയാണ് 1921 പറഞ്ഞത്. ടി ദാമോദരനാണ് ചിത്രത്തിന് രചന നിര്‍വഹിച്ചത്. മലബാര്‍ കലാപത്തെ വര്‍ഗീയ ലഹളയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ചിത്രം അംഗീകരിച്ചില്ല.

കലാപകാരികളില്‍ ഭൂരിഭാഗം മുസ്ലീങ്ങളായിരുന്നെങ്കിലും ഒരു പ്രദേശത്തെ കീഴാള വര്‍ഗത്തിന്റെ മഹത്തായ അതിജീവന പോരാട്ടമായിരുന്നു അതെന്ന് ചിത്രം ഊന്നിപ്പറഞ്ഞു. 1988ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ചിത്രം നേടി.

14. മൃഗയ (1989)

പുലിയുടെ ആക്രമണ ഭീഷണിയില്‍ കഴിയുന്ന ഗ്രാമത്തില്‍ ഇനി ആരും കൊല്ലപ്പെടാതിരിക്കാനും പുലിയെ കൊല്ലാനുമായി വാറുണ്ണി എന്ന പ്രാകൃത രൂപിയായ പുലി വേട്ടക്കാരന്‍ തോക്കുമായി എത്തുകയാണ്. ഐ വി ശശിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം. യഥാര്‍ത്ഥ പുലിയെ ഉപയോഗിച്ചുള്ള ചിത്രത്തിലെ രംഗങ്ങള്‍ ശ്രദ്ധേയമായി. വാറുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടി ആ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുമ്പോള്‍ വടക്കന്‍ വീരഗാഥയ്ക്കും മതിലുകള്‍ക്കും പുറമെ മൃഗയയിലെ മികച്ച പ്രകടനവും പരിഗണിച്ചിരുന്നു. ലോഹിതദാസാണ് തിരക്കഥയെഴുതിയത്. കന്നഡ ചിത്രം ഹുളി ബന്തു ഹുളിയാണ് ചിത്രത്തിന് പ്രചോദനമായത്.


15. ദേവാസുരം (1994)

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ ദേവാസുരം ബോക്‌സ് ഓഫീസില്‍ മെഗാഹിറ്റായി മാറി. രഞ്ജിത്തിന്റെ കരുത്തരായ കഥാപാത്രങ്ങളുടേയും ശക്തമായ സംഭാഷണങ്ങളുടേയും പിന്‍ബലത്തില്‍ മികച്ചൊരു ചിത്രമൊരുക്കാന്‍ ഐവി ശശിക്ക് കഴിഞ്ഞു. ഫ്യൂഡല്‍ തെമ്മാടിത്തരങ്ങള്‍ ആഘോഷിച്ച് അരാജക ജീവിതം നയിക്കുന്ന മംഗലശേരി നീലകണ്ഠന്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നും പിന്നീട് വന്ന ഇതേ ശ്രേണിയിലുള്ള മീശപിരിയന്‍ കഥാപാത്രങ്ങളുടെ തുടക്കമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍