UPDATES

സിനിമ

ശ്രീനിവാസന്റെ കഠിനാധ്വാനം മാധ്യമങ്ങള്‍ മന:പൂര്‍വം വിസ്മരിക്കുന്നു; അയാള്‍ ശശിയുടെ സംവിധായകന്‍ സജിന്‍ ബാബു/ അഭിമുഖം

ആദ്യ ചിത്രം ചെയ്യാന്‍ വേണ്ടിയുള്ള കഷ്ടടപ്പാടുകളൊന്നും എനിക്ക് രണ്ടാമത്തെ സിനിമ ചെയ്യുന്ന അവസരത്തില്‍ ഉണ്ടായില്ല

നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ ‘അസ്തമയം വരെ’ (Unto the Dusk) എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘അയാള്‍ ശശി’. തന്റെ പുതിയ ചിത്രത്തെ കുറിച്ചും സംവിധാന രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ചും മാധ്യമ പ്രവര്‍ത്തകന്‍ പി.ജി.എസ് സൂരജുമായി പങ്ക് വച്ച് സജിന്‍ ബാബു

സൂരജ്: എന്താണ് ‘അയാള്‍ ശശി’?

സജിന്‍ ബാബു: ‘അസ്തമയം വരെ’ എന്ന ചിത്രത്തിന് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അയാള്‍ ശശി’. ശ്രീനിവാസന്‍ ആണ് കേന്ദ്ര കഥാപാത്രമായ ശശിയെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ആവശ്യപ്പെടുന്നതനുസരിച്ച് പതിനഞ്ചര കിലോ ശരീരഭാരം നാലുമാസത്തെ കഠിനമായ ഡയറ്റിംഗിലൂടെ അദ്ദേഹം കുറച്ചിരുന്നു. ഷാരൂഖ് ഖാനും അമീര്‍ ഖാനും ഒക്കെ സിക്‌സ് പാക് ആക്കുന്നതും എയിറ്റ് പാക് ആക്കുന്നതും അമിതപ്രാധാന്യത്തോടെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഒരു മലയാളി നടന്റെ ആത്മാര്‍പ്പണവും കഠിനാധ്വാനവും മാധ്യമങ്ങള്‍ മന:പൂര്‍വം വിസ്മരിക്കുന്നതില്‍ വിഷമമുണ്ട്.

സൂരജ്: അയാള്‍ ശശി എങ്ങനെയാണ് ശ്രീനിവാസനിലേക്ക് എത്തിയത്?

സജിന്‍ ബാബു: അയാള്‍ ശശിയുടെ കഥ ഞാന്‍ ശ്രീനിവാസനോട് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമാകുകയായിരുന്നു. പിന്നീട് അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഉറപ്പായും നമ്മള്‍ ഇത് ചെയ്തിരിക്കും എന്നും പറഞ്ഞു. മലയാളത്തിലെ സീനിയര്‍ ക്യാമറമാനായ സുകുമാറും മീശമാധവന്‍, പട്ടാളം തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച സുധീഷ് പിള്ളയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സമകാലിക സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകളെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തുകൊണ്ടുള്ള പ്രമേയമാണ് അയാള്‍ ശശിയുടെത്.

ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശശി ഒരു മലയോര ഗ്രാമത്തില്‍ നിന്നും പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം നഗരത്തിലേയ്ക്ക് ചേക്കേറുകയാണ്. ക്രമേണ അദ്ദേഹം തിരുവനതപുരം നഗരത്തിന്റെ സന്തതിയാകുന്നു. എന്ത് ചെയ്തും പ്രശസ്തനാകണം എന്ന് ആഗ്രഹിക്കുന്ന ശശി കുറേനാള്‍ തിരുവനന്തപുരത്തുള്ള ഒരു അമേച്വര്‍ നാടക സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പിന്നെ കുറെ നാള്‍ ഒരു പലിശക്കാരന്‍ ആകുന്നു. എന്നാല്‍ കഥ പ്രധാനമായും വളര്‍ച്ച പ്രാപിക്കുന്ന മൂഹര്‍ത്തത്തില്‍ അദ്ദേഹം ഒരു ചിത്രകാരനാണ്. ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികള്‍ വരച്ച പഴയ ചിത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ശേഷം ശശി നമ്പൂതിരി എന്ന പേരില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. ഫേസ് ബുക്കില്‍ കുറച്ചു ഫിലോസഫിക്കല്‍ ആയിട്ടുള്ള കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത് ബുദ്ധിജീവി ചമഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ നടക്കുന്ന നില്‍പ്പ് സമരംപോലുള്ള പ്രക്ഷോഭ പരിപാടികളുടെ ഇടയില്‍ കയറിനിന്ന് ഫോട്ടോ എടുത്തു ഫേസ് ബുക്കിലിടുക പോലുള്ളവ. തിരുവനന്തപുരം നഗരത്തില്‍ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ കാണാന്‍ കഴിയും ഇത്തരം ശശിമാരെ. ശ്രീനിവാസന്റെ കൈകളില്‍ ഈ കഥാപാത്രം തീര്‍ത്തും ഭദ്രമായിരുന്നു.

സൂരജ്: ആരൊക്കെയാണ് സിനിമയിലെ മറ്റ് താരങ്ങള്‍?

സജിന്‍: കൊച്ചുപ്രേമന്‍, കമ്മട്ടിപാടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനില്‍ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ്, എസ്.പി ശ്രീകുമാര്‍ (മറിമായം), ഡോക്ടര്‍ ഷാജു, ജയകൃഷ്ണന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ഈ സിനിമയിലുണ്ട്.

സൂരജ്: അസ്തമയം വരെ എന്ന ചിത്രവും അയാള്‍ ശശി എന്ന ചിത്രവും തമ്മില്‍ എന്തെങ്കിലും സമാനതകള്‍ ഉണ്ടോ?

സജിന്‍ ബാബു: ‘അസ്തമയം വരെ’ തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രമാണ്. ഒരു ഓഫ് ബീറ്റ് സ്വഭാവം തുടക്കം മുതല്‍ അവസാനംവരെ നിലനിര്‍ത്തുന്ന ചിത്രം. ഫിലിം ഫെസ്റ്റിവല്‍സില്‍ അത്തരം സിനിമകള്‍ കണ്ടു ശീലിച്ച പ്രേക്ഷകനു മാത്രം ആസ്വദിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണത്. എന്നാല്‍ അയാള്‍ ശശി തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയില്‍ ഹാസ്യാത്മകമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമ കാണുന്ന അവസരത്തില്‍ ഞാന്‍ ആണോ ശശി എന്ന് പ്രേക്ഷകന് തോന്നത്തക്ക രീതിയിലാണ് ഈ ചിത്രത്തിന്റെ മേക്കിംഗ്. ശശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രീനിവാസനെ അല്ലാതെ മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. വളരെ നല്ല രീതിയില്‍ സഹകരിച്ചും പൂര്‍ണ്ണമായി ആസ്വദിച്ചും ആണ് അദ്ദേഹം ശശിയായി മാറിയത്. ഒരു ദിവസം 22 മണിക്കൂര്‍ വരെ അദ്ദേഹം ഈ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി വിനിയോഗിച്ചിട്ടുണ്ട്.

ക്യാമറ വളരെ വേറിട്ട രീതിയിലാണ് അയാള്‍ ശശിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്യാമറ കഥാപാത്രങ്ങളെ ഫോളോ ചെയ്യുന്ന രീതിയിലാണ് മൂവ് ചെയ്യുന്നത്. കൂതറ, സെക്കന്‍ഡ് ഷോ, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച പപ്പുവാണ് അയാള്‍ ശശിയുടെ ക്യാമറമാന്‍. അടൂര്‍ ഗോപലാകൃഷ്ണന്റെ സിനിമകളിലെ കലാ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ മാര്‍ത്താണ്ടം രാജശേഖരന്‍ ആണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ അജയന്‍ കുയിലൂര്‍ ആദ്യമായി എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയാണ് ആയാല്‍ ശശി. നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ കന്നട ചിത്രമായ ‘തിഥി’ യിലെ സൗണ്ട് ഡിസൈനര്‍ ആയ നിഥിന്‍ ലൂക്കോസ് ആണ് അയാള്‍ ശശിയിലെ സൗണ്ട് ഡിസൈനര്‍. യന്തിരന്‍, ദേവ് ഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സൗണ്ട് മിക്‌സ് ചെയ്ത പ്രമോദ് തോമസ് ആണ് ഈ ചിത്രത്തിനും വേണ്ടിയും സൗണ്ട് മിക്‌സ് ചെയ്തിരിക്കുന്നത്. സ്‌പോട്ട് റിക്കോഡിംഗ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സൗണ്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ കുമാര്‍ ആണ് സ്‌പോട്ട് റെക്കോര്‍ഡ്ഡിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അങ്ങനെ സാങ്കേതികമായി വളരെയേറെ പരിചയസമ്പന്നരായ ഒരു കൂട്ടം കലാകാരന്മാര്‍ ആണ് ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത്.


സൂരജ്: എങ്ങനെയാണ് സിനിമയിലേയ്ക്കുള്ള കടന്നു വരവ്?

സജിന്‍: തിരുവനന്തപുരം നെടുമങ്ങാടുള്ള ചുള്ളിമാനൂര്‍ എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് എന്റെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് തോന്നുന്ന രീതിയില്‍ സ്വാഭാവികമായ ഒരു താല്‍പ്പര്യമേ എനിക്ക് സിനിമയോട് ഉണ്ടായിട്ടുള്ളൂ. പത്താം ക്ലാസ് വരെ നമ്മുടെ നാട്ടിലെ തീയറ്ററില്‍ വരുന്ന മലയാളത്തിലെ മെയിന്‍സ്ട്രീം സിനിമകള്‍ തന്നെയായിരുന്നു ഞാനും കണ്ടു ശീലിച്ചത്. എന്നാല്‍ ബിരുദ വിദ്യാര്‍ഥിയായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വന്നു തുടങ്ങിയ ശേഷമാണ് സിനിമയോടുള്ള എന്റെ സമീപനത്തിലും കാഴ്ചപ്പാടിലും മാറ്റം വന്നു തുടങ്ങിയത്. കോളേജിലെ ഫിലിം ക്ലബുകളും തിരുവനന്തപുരത്തെ ഐ.എഫ്.എഫ്.കെയും ഒക്കെ സിനിമ എന്ന മാധ്യമത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ആ ചിന്തയില്‍ നിന്നും മ്യൂസിക് ഓഫ് ദ ബ്രൂം എന്ന ഷോര്‍ട്ട് ഫിലിമും എ റിവര്‍ ഫോളോയിംഗ് ഡീപ് ആന്‍ഡ് വൈഡ്, ദി ടെലിഗേറ്റ് എന്നി ഡോക്യുമെന്ററികളും ചെയ്തു. അടുത്തത് മുഴുനീള ഫീച്ചര്‍ ഫിലിം ചെയ്യണം എന്ന മോഹം പൊട്ടിമുളച്ചു. അങ്ങനെയാണ് ‘അസ്തമയം വരെ’ എന്ന ചിത്രത്തിലേയ്ക്കു വരുന്നത്.

നിര്‍മ്മാതാവിനെ കിട്ടുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നു. ഡോക്യുമെന്ററിയും ഷോര്‍ട്ട് ഫിലിംസും ചെയ്ത എക്‌സ്പീരിയന്‍സില്‍ ആര് നിര്‍മ്മാതാവാകും. അനവധി പ്രതിസന്ധികള്‍ക്ക് ശേഷമാണ് അസ്തമയം വരെ പൂര്‍ത്തിയാക്കുന്നത്. എം.പി ഷീജ, എല്‍. ഗീത എന്നിവര്‍ കുറച്ചു കാശ് മുടക്കി നിര്‍മ്മാണ പങ്കാളിയാവാം എന്ന് സമ്മതിച്ചു. വീട്ടില്‍ നിന്നും സുഹൃത്തുകളുടെ കയ്യില്‍ നിന്നുമൊക്കെ ബാക്കി കാശ് സംഘടിപ്പിച്ചാണ് അസ്തമയം വരെ എന്ന എന്റെ ആദ്യ ചിത്രം പൂര്‍ത്തിയാക്കിയത്. ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറം ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. 2014-ലെ ഐ എഫ് എഫ് കെയില്‍ രജതചകോരം, ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ചിത്ര ഭാരതി അവാര്‍ഡ്, പത്തോളം രാജ്യാന്തര ചലച്ചിത്ര മേളകളിലേയ്ക്കുള്ള ഒഫീഷ്യല്‍ സെലക്ഷന്‍ എന്നിവ ലഭിച്ചു. മാത്രമല്ല അമേരിക്കയിലെ ഒരു കമ്പനി അടുത്ത പത്തു വര്‍ഷത്തേയ്ക്ക് ആ ചിത്രം ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള റൈറ്റ്‌സും വാങ്ങുകയുണ്ടായി.

അന്‍പതു ലക്ഷം രൂപയ്ക്ക് മുകളില്‍ മുതല്‍മുടക്കുള്ള ഒരു സമാന്തര സിനിമയ്ക്ക് മുടക്കുമുതല്‍ തിരിച്ചുപിടിക്കുക എന്നതു അസാധ്യമായ കാര്യമാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഒക്കെ ഇരുപതും മുപ്പതും ലക്ഷമാണ് സമാന്തര സിനിമയ്ക്കുള്ള സര്‍ക്കാര്‍ കൊടുക്കുന്ന സബ്‌സിഡി. ആദ്യ ചിത്രം ചെയ്യാന്‍ വേണ്ടിയുള്ള കഷ്ടടപ്പാടുകളൊന്നും എനിക്ക് രണ്ടാമത്തെ സിനിമ ചെയ്യുന്ന അവസരത്തില്‍ ഉണ്ടായില്ല. ഞാന്‍ ഉദ്ദേശിച്ച അതേ രീതിയില്‍ തന്നെയാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്.

സൂരജ്: കലാകാരന്മാര്‍ക്ക് എതിരെയുള്ള മത,വര്‍ഗീയ സംഘടനകളുടെ ആക്രമണങ്ങളും ഭീഷണികളും താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അല്ലാതെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ കാണുന്നില്ല…

സജിന്‍: പലപ്പോഴും ഭയന്നിട്ടായിരിക്കാം പലരും പ്രതികരിക്കാതിരിക്കുന്നത്. നമ്മള്‍ പറയുന്ന പ്രതികരണങ്ങള്‍ അതേ രീതിയില്‍ അല്ല മാധ്യമങ്ങള്‍ വാര്‍ത്തകളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പറയുന്ന കാര്യങ്ങളെ വക്രീകരിച്ചും വളച്ചൊടിച്ചും ആണ് വാര്‍ത്തയാക്കുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പിജിഎസ് സൂരജ്

പിജിഎസ് സൂരജ്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍