UPDATES

സിനിമ

ബിടെക്; വിഷയം ഗൗരവമാണെങ്കിലും പാസാകാന്‍ കഷ്ടപ്പെടും 

രാഷ്ട്രത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂടത്തിന്റെ, സമൂഹത്തിന്റെ ശത്രുതാപരമായ മനോഭാവം ചര്‍ച്ച ചെയ്യപ്പെടാവുന്ന തരത്തില്‍ തന്നെ സിനിമ പറഞ്ഞുവയ്ക്കുന്നു

അനു ചന്ദ്ര

അനു ചന്ദ്ര

ട്രെയിലറിലൂടെയും പോസ്റ്ററിലൂടെയും വളരെയധികം പ്രതീക്ഷകള്‍ പ്രേക്ഷകന് നല്‍കി കൊണ്ടാണ് നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക്ക് സിനിമ തീയേറ്ററുകളില്‍ എത്തിയത്. ചില മുന്‍ ധാരണകള്‍ക്കും, യുവത്വത്തിന്റെ ആഘോഷങ്ങള്‍ ദൃശ്യവത്കരിക്കുന്ന ഒരു പതിവ് കാമ്പസ് ചിത്രമെന്ന ലേബലിനും അപ്പുറത്തോട്ട് വളരെ ഗൗരവത്തോടെ ഒരു വിഷയത്തെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു എന്നിടത്ത് ഒരു കന്നി സംവിധായകനെന്ന നിലയില്‍ വി കെ പ്രകാശിന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച മൃദുല്‍ നായര്‍ അഭിനന്ദനാര്‍ഹനാകുന്നു. സിനിമയുടെ പേര് പോലെ തന്നെ ബാംഗ്ലൂരിലെ ഒരു എന്‍ജിനീയറിങ് കോളജിലെ ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്വന്തമായി ഒരു ലക്ഷ്യബോധം സൃഷ്ടിക്കാന്‍ മാത്രം സ്വാതന്ത്ര്യം ലഭിക്കാത്ത പ്രായത്തില്‍ രക്ഷിതാക്കളുടെ ലക്ഷ്യത്തിന് അനുസരിച്ച് പാവക്കൂത്ത് ആടുന്ന യുവാക്കളുടെ പ്രതിനിധിയാണ് ചിത്രത്തില്‍ ആസിഫ് അലി കൈകാര്യം ചെയ്യുന്ന ആനന്ദ് എന്ന നായക കഥാപാത്രം. നായകനോടൊപ്പം ഇണ പിരിയാനാകാത്ത മൂന്നു സുഹൃത്തുക്കളും ഉണ്ട്. നിസാര്‍ (ദീപക് പറമ്പേല്‍), ജോജോ (ശ്രീനാഥ് ഭാസി), പ്രശാന്ത് (സൈജു കുറുപ്പ്).

എട്ടുവര്‍ഷമായി ഇവര്‍ മൂന്നു പേരും ഒരേ കോളേജിനകത്ത് ഇയര്‍ഔട്ട് ആകാന്‍ സാധിക്കാതെ അകപ്പെട്ടു പോയവരാണ്. എന്നാല്‍ ഇതൊന്നും അവരെ തെല്ലും ബാധിക്കുന്നില്ല എന്നതാണ് വസ്തുത. മദ്യം മയക്കുമരുന്ന്, പബ്ബ്, ബാര്‍ എന്നിവ മാത്രമല്ല കോളേജിനകത്ത് അത്യാവശ്യം ഗുണ്ടായിസവും ഇവര്‍ നടത്തി പോരുന്നുണ്ട്. ആനന്ദിന് ഒരു കാമുകിയുണ്ട്. പ്രിയ. ഒരേ കോളേജില്‍ ഒന്നിച്ചു പഠിച്ച പ്രിയ 4 വര്‍ഷം മുമ്പ് തന്നെ ഇയര്‍ ഔട്ട് ആയവളാണ്. ഇന്ന് ആനന്ദിന് വേണ്ടിയുള്ള കാത്തിരിപ്പിലും. തല തെറിച്ച ഈ ഗ്യാങ്ങിനിടയിലേക്കാണ് തനി നാട്ടുമ്പുറത്തുകാരനും, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട, യത്തീംഖാനയില്‍ വളര്‍ന്ന ആസാദ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് അവര്‍ക്കിടയില്‍ നടക്കുന്ന ചില സംഭവവികാസങ്ങളിലൂടെയും, ചര്‍ച്ചചെയ്യപ്പെടുന്ന ചില ഗൗരവപൂര്‍ണമായ വിഷയങ്ങളിലൂടെയും ആണ് പിന്നീട് സിനിമ സഞ്ചരിക്കുന്നത്. ബാംഗ്ലൂരില്‍ നടക്കുന്ന ബോംബ് സ്‌ഫോടനം, മതം, തീവ്രവാദം തുടങ്ങി രാഷ്ട്രത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂടത്തിന്റെ, സമൂഹത്തിന്റെ ശത്രുതാപരമായ മനോഭാവം ചര്‍ച്ച ചെയ്യപ്പെടാവുന്ന തരത്തില്‍ തന്നെ സിനിമ പറഞ്ഞുവയ്ക്കുന്നു. ബാംഗ്ലൂര്‍ തന്നെ എന്തിന് സിനിമയ്ക്ക് പശ്ചാത്തലമായി തെരഞ്ഞെടുത്തു എന്നത് പ്രേക്ഷകനെ ചില ഓര്‍മപ്പെടുത്തലുകള്‍ നടത്തുന്നു എന്നതു പറയാതിരിക്കാനാവില്ല.

ആദ്യ പകുതിയില്‍ സിനിമ കാഴ്ചവയ്ക്കുന്ന സൗഹൃദവും സൗഹൃദ കൂട്ടവും ഒരു പരിധി കഴിയുമ്പോള്‍ കാഴ്ചക്കാരനെ മടുപ്പിക്കുന്നു എന്നത് പറയാതിരിക്കാനാവില്ല. മൂന്നാം തവണയും ആസിഫിന്റെ ജോഡിയായി എത്തുന്ന അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന പ്രിയ എന്ന കഥാപാത്രം ഒന്നും ചെയ്യാനില്ലാതെ ഉഴറി പോകുന്നതും, വൈകാരിക പരമായ രംഗങ്ങളില്‍ അവര്‍ പ്രേക്ഷകരെ മടുപ്പിക്കുന്നതും അപര്‍ണ ബാലമുരളിയുടെ കരിയര്‍ ലൈഫിലെ ഒരു വലിയ പോരായ്മയാണെന്ന് എടുത്തുപറയുന്നു. ഹരീശ്രി അശോകന്റെ മകന്‍ അര്‍ജുന്‍ അശോക് അവതരിപ്പിച്ച ആസാദ് മുഹമ്മദ് എന്ന കഥാപാത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു എന്നത് പ്രത്യേകം എടുത്തു പറയുന്നു. ശ്രീനാഥ് ഭാസിയുടെ തമാശകള്‍ അരോചകമായി ചിലയിടങ്ങളില്‍ എല്ലാം മുഴച്ചു നിന്നു എന്നത് മറ്റൊരു കാര്യം. നായിക കഥാപാത്രം ചെയ്ത അപര്‍ണ ബാലമുരളിയേക്കാളും പ്രകടനംകൊണ്ട് മുമ്പില്‍ നില്‍ക്കുന്നത് നിരഞ്ജന അനൂപ് ചെയ്ത അനന്യ എന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ രണ്ടാം പകുതി പ്രേക്ഷകനെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എങ്കിലും കൈകാര്യം ചെയ്ത വിഷയത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍/ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ സംവിധായകനു സാധിച്ചില്ല എന്നതും പ്രത്യേകം എടുത്തുപറയുന്നു. തുടക്കം മുതലേ തമാശകളില്‍ പാളിച്ച സംഭവിച്ച അജു വര്‍ഗീസ് ചെയ്ത കഥാപാത്രം ചിത്രത്തില്‍ ഒരു അധികപ്പറ്റായി നിലനിന്നു. അനൂപ് മേനോന്‍, അലന്‍സിയര്‍ ലോപ്പസ്, നീനാ കുറുപ്പ്, അജു വര്‍ഗീസ്, വി.കെ.പ്രകാശ് തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിച്ചു. മികച്ചതെന്ന് അവകാശപ്പെടാനാവാതെ ചിത്രത്തിലെ ഗാനവും, ഛായാഗ്രഹണവും പ്രേക്ഷകനെ അതൃപ്തരാക്കും. പിന്നെയും ഒരു ആശ്വാസം എന്നു പറയുന്നത് ആസിഫ് അലി കഥാപാത്രം പ്രേക്ഷകന് നല്‍കുന്ന ഹീറോയിസത്തിന്റെ ബില്‍ഡപ്പ് ആണ്. ചുരുക്കിപ്പറഞ്ഞാല്‍ ഗൗരവമായ ഒരു വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ശ്രമം നടത്തി എന്നത് ഒഴിച്ചാല്‍ സംവിധായകന്‍ പാസ്സാവാന്‍ കുറെ കഷ്ടപ്പെടും ഈ ബിടെക്കില്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍