UPDATES

സിനിമ

ആഷിഖിനെ ‘ഒതുക്കാനുള്ള’ ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍ സംഘത്തിന്റെ നീക്കം പൊളിച്ച് കമലും സിബിയും സോഹന്‍ സീനു ലാലും

ആഷിഖ് അബുവിനെ നിശബ്ദനാക്കാനുള്ള ഒരു ശ്രമമാണ് പൊളിഞ്ഞത്‌

എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും എതിരേ, നിലപാടുകളുടെ പേരില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന സംവിധായകന്‍ ആഷിഖ് അബുവിനെ സിനിമയില്‍ ഒതുക്കാനുള്ള നീക്കം നടക്കുന്നുവോ? ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല, കുറ്റാരോപിതനായ നടനുവേണ്ടിയാണ് എഎംഎംഎ നിലകൊള്ളുന്നതെന്ന പേരില്‍ ആ സംഘടനയ്‌ക്കെതിരേ ശക്തമായ പ്രതികരണം തുടക്കം മുതല്‍ നടത്തിവന്നിരുന്ന ആഷിഖ്, ഫെഫ്ക എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളെയും ചോദ്യം ചെയ്ത് രംഗത്തു വന്നിരുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ ആഷിഖ് ദിലീപിന്റെ കാര്യത്തില്‍ ഫെഫ്കയിലെ ഭാരവാഹികളില്‍ ചിലരുടെ നിലപാടുകളെയും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ആഷിഖിനെതിരേ കടുത്ത പ്രതിഷേധവുമായി വന്നു. ആഷിഖ് വാസ്തവങ്ങള്‍ മറച്ചുവച്ചാണ് സംസാരിക്കുന്നതെന്നും ആഷിഖിന് സംഘടന നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനെ കുറിച്ച് മിണ്ടാതെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്നും യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജി എസ് വിജയനും പുറത്തിറക്കിയ കത്തില്‍ ആരോപിച്ചു. ഇതിനോടൊപ്പം ആഷിഖിന് അയച്ച കാരണം കാണിക്കല്‍ നോട്ടീസും ഇവര്‍ പരസ്യപ്പെടുത്തി. അതില്‍ ഗുരുതരമായ ആക്ഷേപങ്ങളാണ് ആഷിഖിനെതിരേ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആക്ഷേപങ്ങള്‍ക്ക് വ്യക്തതയുള്ള മറുപടിയുമായി ആഷിഖും രംഗത്തുവന്നു. ഇതിനിടെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് ദിലീപിനെ പിന്തുണയ്ക്കുന്നതെന്ന പരാമര്‍ശത്തോടെ ആഷിഖ് അബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നതോടെ പ്രശ്‌നം രൂക്ഷമായി.

ആഷിഖിനെതിരേ കടുത്ത നിലപാടുകള്‍ എടുക്കണം എന്നു ഫെഫ്ക ഭാരവാഹികളിലെ പ്രധാനികള്‍ ശഠിച്ചു. പിന്നാലെ കൊച്ചിയില്‍ ഫെഫ്ക അടിയന്തര യോഗം ചേര്‍ന്നു. ആഷിഖിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിന് വേണ്ടി മാത്രമായിട്ടായിരുന്നു ആ യോഗം ചേരല്‍. സംഘടനയില്‍ നിന്നും ആഷിഖിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു ലക്ഷ്യം. ബി ഉണ്ണികൃഷ്ണനായിരുന്നു ആഷിഖിനെതിരേ നടപടി വേണമെന്ന കാര്യത്തില്‍ വാശി. രണ്‍ജി പണിക്കര്‍, ജി എസ് വിജയന്‍ എന്നിവരുടെ പിന്തുണയും ഉണ്ണികൃഷ്ണന് ഉണ്ടായിരുന്നു. സോള്‍ട്ട് ആന്റ് പെപ്പര്‍ ചിത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഫെഫ്കയ്‌ക്കെതിരേ ആഷിഖ് ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ ഫെഫ്ക ആഷിഖിനോട് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. ഇതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ശ്രമം. ഇത്തരത്തിലൊരു സസ്‌പെന്‍ഷന്‍ ആഷിഖിന് കൊടുത്തു കഴിഞ്ഞാല്‍, അതുപയോഗിച്ച് അയാളെ മലയാളത്തില്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്നും തടയാന്‍ കഴിയും. നേരത്തെ വിനയനുമേല്‍ പ്രയോഗിച്ച അതേ തന്ത്രം!. സംഘടനയുടെ എതിര്‍പ്പിനെ അവഗണിച്ച് മറ്റ് സാങ്കേതികപ്രവര്‍ത്തകര്‍ക്ക് ആഷിഖിനൊപ്പം പ്രവര്‍ത്തിക്കാനും കഴിയാതെ വരും. കൂടാതെ, ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കേണ്ടെന്ന് തങ്ങളുടെ അംഗങ്ങളോട് എഎംഎംഎയും പറഞ്ഞാല്‍ ആഷിഖിനെ സിനിമയില്‍ നിശബ്ദനാക്കാമെന്നതായിരിക്കാം ഉണ്ണികൃഷ്ണനും സംഘവും കണക്കുകൂട്ടിയത്.

"</p

എന്നാല്‍ ഈ സംഘത്തിന്റെ കണക്കൂട്ടലുകള്‍ തെറ്റുകയായിരുന്നു. സംവിധായകരായ കമല്‍, സിബി മലയില്‍, സോഹന്‍ സീനു ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണന്റെ നീക്കം പൊളിക്കുകയായിരുന്നു. കൊച്ചിയില്‍ തന്നെയുണ്ടായിരുന്നെങ്കിലും ആഷിഖിനെതിരെ നടപടി ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ പോലും പങ്കെടുക്കാതെ കമല്‍ ഉണ്ണികൃഷ്ണന്റെയും സംഘത്തിന്റെയും നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഫെഫ്കയെ സമ്മര്‍ദ്ദത്തിലാക്കി. ഇതേ തുടര്‍ന്ന് അഷിഖിനെതിരെ നടപടി എടുക്കാനുള്ള നീക്കം ഫെഫ്കയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. പീഡനക്കേസില്‍ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള എഎംഎംഎയുടെ തീരുമാനം ചലച്ചിത്രമേഖലയില്‍ പുതിയ പല ചേരിതിരിവിനും വഴിതെളിച്ചിട്ടുണ്ട്. അതിലൊന്നാണ് ഫെഫ്കയിലുമുണ്ടായത്. ഇതിന്റെ അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കുമെന്ന് കരുതാനാവില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍