UPDATES

സിനിമ

ഉണ്ണികൃഷ്ണന്‍ ഈ തമിഴ് സിനിമകള്‍ കണ്ടിട്ടുണ്ടോ?

കത്തിപ്പടങ്ങളെന്ന് ഒരു കാലത്ത് പരിഹസിക്കപ്പെട്ടിരുന്നവയാണ് തമിഴ് സിനിമ. അതിന്റെയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ അത്ഭുതകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇറങ്ങിയ ചില സിനിമകള്‍ മാത്രമെടുത്ത് നോക്കാം.

വില്ലന്‍ എന്ന തന്റെ പുതിയ ചിത്രത്തിന് ഒരു വിഭാഗം മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും നെഗറ്റീവ് റിവ്യൂ എഴുതി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ബി ഉണ്ണികൃഷ്ണന്റെ പരാതി ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. നിരൂപകരും വിമര്‍ശകരും കലുഷിതമായ ഒരന്തരീക്ഷത്തിലേക്ക് സിനിമയെ എത്തിച്ചിരിക്കുകയാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. അദ്ദേഹം ഉയര്‍ത്തുന്ന ഏറ്റവും ഗുരുതരമായ ആരോപണം ‘പെയ്ഡ് റിവ്യു’ ആണ്. നിങ്ങള്‍ ഞങ്ങള്‍ക്കു പണം തരൂ, ഞങ്ങള്‍ നിങ്ങളുടെ സിനിമയെ പുകഴ്ത്താം എന്ന രീതിയില്‍ സിനിമ വിമര്‍ശനം അധഃപതിച്ചിരിക്കുന്നു. ഈ അധഃപതനത്തിന്റെ ഒരുപാട് മാതൃകകള്‍ ഈ രണ്ടു ദിവസത്തിനകം നിങ്ങള്‍ കണ്ടിരിക്കണം. അത്തരം മാതൃകകളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ട് ഈ സിനിമ കാണണം; എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ബി ഉണ്ണികൃഷ്ണന്റെ പരാതിയിലും വിമര്‍ശനത്തിലും കാര്യമുണ്ട്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞതെല്ലാം  അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ട്. വില്ലന്‍ ഒരു നല്ല സിനിമയാണെന്ന് ഉണ്ണികൃഷ്ണന് പറയാം. എല്ലാവരും അങ്ങനെ തന്നെ പറയണമെന്നുണ്ടോ? ഉണ്ണികൃഷ്ണന്‍ വിശ്വസിക്കുന്നതല്ല യഥാര്‍ത്ഥ്യമെന്ന് മറ്റൊരാള്‍ പറഞ്ഞാല്‍ അത് ആ സിനിമയോട് കാണിക്കുന്ന വിരോധമായി പറയാമോ? ഒരു മാധ്യമം അങ്ങനെ എഴുതിയാല്‍ അതവര്‍ക്കു ചോദിച്ച പണം കൊടുക്കാത്തതിനാലാണെന്ന് ആരോപിച്ചാല്‍ വാസ്തവമാകുമോ? പെയ്ഡ് റിവ്യൂസ് നടക്കുന്നുണ്ടെങ്കില്‍ തന്നെ അത്തരമൊരു സാഹചര്യം ഉണ്ടാക്കിയതും സിനിമാക്കാര്‍ തന്നെയാകണമല്ലോ!

ഉണ്ണികൃഷ്ണന്‍ പറയുന്ന അവകാശവാദങ്ങളല്ല ഒരു സിനിമയെ നല്ല സിനിമയാക്കുന്നത്. താരമൂല്യങ്ങളുപയോഗപ്പെടുത്തി മാത്രം സിനിമയെടുത്താല്‍ എപ്പോഴും വിജയിക്കണമെന്നില്ലല്ലോ. സിനിമ എന്നാല്‍ ഒരു നടന്റെ പെര്‍ഫോമന്‍സ് മാത്രമല്ലല്ലോ…നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളൊക്കെ മാറേണ്ടതുണ്ട്. 8 കെ റസല്യൂഷന്‍ അല്ല, പ്രമേയം തന്നെയാണ് ഒരു സിനിമയുടെ അടിസ്ഥാനമെന്ന് ഉണ്ണികൃഷ്ണനെപോലുളളവര്‍ മനസിലാക്കണം. തമിഴ് സിനിമകള്‍ കാണുന്നയാളല്ലേ ഉണ്ണികൃഷ്ണന്‍.

കത്തിപ്പടങ്ങളെന്ന് ഒരു കാലത്ത് പരിഹസിക്കപ്പെട്ടിരുന്നവയാണ് തമിഴ് സിനിമ. അതിന്റെയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ അത്ഭുതകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇറങ്ങിയ ചില സിനിമകള്‍ മാത്രമെടുത്ത് നോക്കാം.

"</p

വിസാരണൈ– ആടുകളം കഴിഞ്ഞുള്ള വെട്രിമാരന്റെ രണ്ടാമത്തെ ചിത്രം. ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സിനിമ സ്വന്തമാക്കി. സൂപ്പര്‍ മെഗാതാരങ്ങള്‍ ആരു തന്നെയില്ല.

ഉറയടി– മികച്ച ആക്ഷന്‍ ത്രില്ലര്‍. 27 കാരനായ വിജയകുമാറിന്റെ കന്നി ചിത്രം. സംവിധായകന്‍ ഉള്‍പ്പെടെയുള്ള പ്രധാന കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ക്ക് പരിചിതരായിരുന്നില്ല. പടം ഹിറ്റ്.

ഇരവി– കാര്‍ത്തിക് സുബ്ബരാജ് തന്റെ ആദ്യപടമായ ജിഗര്‍തണ്ട കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയായ സംവിധായകനായിരുന്നു. രണ്ടാമത്തെ ചിത്രമായ ഇരവിയിലൂടെ ആ പ്രതീക്ഷ ഉറപ്പിച്ചു.

മെട്രോ- ആനന്ദരാജിന്റെ രണ്ടാമത്തെ സിനിമ. ഹിന്ദി ചിത്രമായ അമീറിന്റെ തമിഴ് റീമേക്കായ ആള്‍ ആയിരുന്നു ആനന്ദരാജിന്റെ ആദ്യചിത്രം. ബോക്‌സ് ഓഫിസ് വിജയമായില്ലെങ്കിലും ആള്‍ നിരൂപകപ്രശംസ നേടി. എന്നാല്‍ മെട്രോയിലൂടെ ആനന്ദരാജ് തിയേറ്റര്‍ വിജയവും സ്വന്തമാക്കി.

ജോക്കര്‍-രാജു മുരുഗന്റെ ജോക്കര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. തിയേറ്റര്‍ വിജയം നേടാനായില്ലെങ്കിലും ആ ചിത്രത്തിന്റെ സ്ഥാനം മുകളില്‍ തന്നെയാണ്. ആദ്യ ചിത്രമായ കുക്കൂ’വിലൂടെ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധനേടിയ സംവിധായകനാണ് രാജു മുരുഗന്‍.

കുട്രമെ തണ്ടനൈ-ദേശീയപുരസ്‌കാരം നേടിയ കാക്കാമുട്ടൈക്ക് ശേഷമുള്ള മണികണ്ഠന്റെ രണ്ടാമത്തെ ചിത്രവും പ്രേക്ഷകരെ ഒട്ടും നിരാശരാക്കിയില്ല.

മാനഗരം– കാര്‍ത്തിക് സുബ്ബരാജിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ ആന്തോളജി സിനിമയായ അവിയലില്‍ ലോകേഷ് കനഗരാജിന്റെ കാലം എന്ന ഷോര്‍ട്ട് ഫിലിം ഉള്‍പ്പെടുത്തിയിരുന്നു. ഒരു മുഴുനീള ഫീച്ചര്‍ സിനിമയെന്ന നിലയില്‍ ലോകേഷിന്റെ ആദ്യ സിനിമയായി മാനഗരം പറയാം. ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് ആക്ഷന്‍ ത്രില്ലറായ മാനഗരത്തിന്റെ സ്ഥാനം.സൂപ്പര്‍താരങ്ങളാരുമില്ല.

കടുഗ്-ഛായാഗ്രാഹകനായ വിജയ് മില്‍ട്ടണ്‍ കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കിയൊരുക്കിയ ഗോലി സോഡയിലൂടെ തന്നിലെ സംവിധായകനെ അടയാളപ്പെടുത്തിയതാണ്. എന്നാല്‍ വിക്രത്തെ നായകനാക്കി പത്ത് എന്‍ട്രുതുക്കുള്ളൈ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമെടുത്ത് വന്‍ പരാജയം സ്വന്തമാക്കിയ ശേഷമാണ് കടുഗ് ഒരുക്കുന്നത്. ഛായാഗ്രാഹകന്‍ രാജകുമാരനെയും(നടി ദേവയാനിയുടെ ഭര്‍ത്താവ്‌) ഭരതിനെയും പ്രധാനകഥാപാത്രങ്ങളാക്കിയെടുത്ത ഒരു ചെറിയ സിനിമ. ഈവര്‍ഷത്തെ മികച്ച ഇമോഷണല്‍ ഡ്രാമയായി മാറി കടുഗ്. പത്ത് എന്‍ട്രുതുക്കുള്ളൈയിലൂടെ വിജയ് മില്‍ട്ടനിലെ സംവിധായകനെ സംശയിച്ചവര്‍ക്ക്‌ കടുഗ് അതു മാറ്റിക്കൊടുത്തു.

8 തോട്ടകള്‍-ഓനയും ആട്ടിന്‍കുട്ടിയിലും മിഷ്‌കിനെ അസിസ്റ്റ് ചെയതശേഷം ഗണേഷ് സംവിധാനം ചെയ്ത പ്രഥമ ചിത്രം. മണിരത്‌നത്തിന്റെ കാട്രു വെളിയിടൈക്ക് ഒപ്പം ഇറങ്ങി അതിനെക്കാള്‍ മുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ക്രൈം ത്രില്ലര്‍.

ഒരു കിടായിന്‍ കരുണൈ മനു– മണികണ്ഠന്റെ അസിസ്റ്റന്റായ സുരേഷ് സങ്കയ്യയുടെ ആദ്യ ചിത്രം. ബലിയര്‍പ്പിക്കാന്‍ കൊണ്ടു പോകുന്ന  ആടിന്റെ കാഴ്ചയിലൂടെ മനുഷ്യരുടെ വിവിധ അവസ്ഥകള്‍ പറയുന്ന ചിത്രം, ഒരേ സമയം ബ്ലാക് ഹ്യൂമറും ത്രില്ലറും ആകുന്നു. അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ നിരൂപക പ്രശംസയും നേടിയിരിക്കുന്നു.

രൂബായ്‌-സാട്ടൈ കഴിഞ്ഞ് അമ്പഴകന്‍ സംവിധാനം ചെയ്ത സിനിമ. മെര്‍സല്‍ പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകള്‍ 200 കോടി കളക്ടറ്റ് ചെയ്തു മുന്നേറുമ്പോഴും രൂബൈ അതിന്റെ പ്രമേയവും അവതരണവുംകൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ്.

"</p

മേല്‍പ്പറഞ്ഞ സിനിമകളൊന്നും തന്നെ പക്ക കൊമേഴ്‌സ്യല്‍ കാറ്റഗറിയില്‍ പെട്ടവയല്ല. ഓരോ സിനിമയ്ക്കും അതിന്റെതായ രാഷ്ട്രീയമുണ്ട്. ആ ചിത്രങ്ങളുടെ കൂട്ടത്തില്‍ രണ്ടോ മൂന്നോ ഒഴിച്ചാല്‍ ഭൂരിഭാഗവും അതാത് സംവിധായകരുടെ ആദ്യ ചിത്രങ്ങളായിരുന്നു. ഒരു സംവിധായകന്‍ തന്റെ മനസിലുള്ള സിനിമ, രണ്ടാമതോ മൂന്നാമതോ ആയി മാത്രമാണ് ചെയ്യുന്നതെന്നു പറയാറുണ്ട്. മലയാളത്തില്‍ അത് ഏറെക്കുറെ ശരിയാണ്. ആദ്യം ഒരു കൊമേഴ്‌സ്യല്‍ ഹിറ്റ് ഒരുക്ക്, അതുവഴി ഇന്‍ഡസ്ട്രിയില്‍ പേര് എടുത്തശേഷം മനസിലുള്ള സിനിമകള്‍ ചെയ്യ് എന്നാണ് ഇവിടുത്തെ ഉപദേശം. അത്തരത്തില്‍ ഹിറ്റുകളൊരുക്കി കഴിഞ്ഞാല്‍ ചെയ്തതിന്റെ വഴിയേ തന്നെ തുടര്‍ന്നു പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുമുണ്ട്, റിസ്‌ക് എടുക്കേണ്ടെന്നു സ്വയം തീരുമാനിക്കുന്നവരും. തമിഴിലേക്ക് നോക്കു. മേല്‍പ്പറഞ്ഞതുപോലെ തങ്ങളുടെ ആദ്യ സിനിമകള്‍ അവരുടെ മനസിലുള്ള അതേ സിനിമകള്‍ തന്നെയായിരുന്നു. ചെറിയ ബഡ്ജറ്റില്‍, താരമൂല്യങ്ങളുപയോഗിക്കാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവില്‍, തങ്ങളുടെ കൈയില്‍ കിട്ടിയ അഭിനേതാക്കളെ വേണ്ടവിധം ഉപയോഗിച്ചാണ് അവര്‍ ഈ ചിത്രങ്ങളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. കഴിവിന്റെ അടിസ്ഥാനത്തില്‍ തങ്ങളെ അടയാളപ്പെടുത്തിയാണ് ഇന്‍ഡസ്ട്രിയില്‍ സ്ഥാനം നേടുന്നത്. അതവരൊരു പ്രിവിലേജായി ഉപയോഗിക്കുകയും തന്മൂലം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് അവരവരുടേതായ സിനിമകള്‍ ചെയ്തു പോകാനും കഴിയുന്നു.

ഫാസിസത്തെ കൂസാത്ത തമിഴനും മൗനം ഭൂഷണമാക്കുന്ന മലയാളിയും

ഇന്ത്യന്‍ സിനിമാവ്യവസായത്തില്‍ ബോളിവുഡ് കഴിഞ്ഞാല്‍ ബിസിനസിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കോളിവുഡില്‍ ഇത്തരം ചെറിയ ചിത്രങ്ങള്‍ക്ക് സ്ഥാനം കിട്ടുന്നതും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയുന്നതും(മലയാളത്തിലെ അവസ്ഥ നോക്കൂ) എങ്ങനെയാണെന്നു കൂടി ശ്രദ്ധിക്കണം. ലാല്‍ ജോസ്, ആഷിഖ് അബു എന്നിങ്ങനെ ചിലര്‍ ചെയ്യുന്ന സഹായങ്ങളൊഴിച്ചാല്‍ അവനവന്റെ കൂട്ടത്തിലുള്ളവരെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ താത്പര്യപ്പെടാത്ത മലയാളത്തിലെ അവസ്ഥയല്ല തമിഴില്‍. അവിടെ മുന്‍നിര സംവിധായകര്‍ തങ്ങളുടെ അസിസ്റ്റന്റുമാരെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദ്ദാഹരണങ്ങളാണ് അവിടെയുണ്ടാകുന്ന മനോഹരമായ ചെറു സിനിമകള്‍. ശങ്കര്‍, മുരുഗദോസ്, പ്രഭു സോളമന്‍, നളന്‍ കുമാരസ്വാമി, സുശീന്ദ്രന്‍; തങ്ങളുടെ കൂടെ സംവിധാന സഹായികളായി നിന്നവര്‍ക്കൊക്കെ അവരുടെ ആദ്യ ചിത്രങ്ങള്‍ പുറത്തെത്തിക്കാന്‍(നിര്‍മാതാക്കളായും വിതരണക്കാരായും) പ്രോത്സാഹനം ചെയ്ത സംവിധായകര്‍ പലരുണ്ട്.

"</p

കോമേഴ്‌സ്യല്‍ ചേരുവകള്‍ കൊണ്ടല്ലാതെ ഈ ചിത്രങ്ങളൊക്കെ എങ്ങനെ തമിഴകത്തിനു പുറത്തുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്ന ചോദ്യത്തിനാണ് ആ സിനിമകള്‍ പറയുന്ന രാഷ്ട്രീയം പ്രസക്തമാകുന്നത്. വിസാരണെ; പൊലീസ് പീഡനം, അരികുവത്കരിക്കപ്പെട്ടുപോകുന്ന ജീവിതങ്ങളെ ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്യുന്നൂവെന്ന് ആ സിനിമ പറയുന്നു. ഉറിയടി; ആക്ഷന്‍ ത്രില്ലറാകുമ്പോഴും ജാതി രാഷ്ട്രീയത്തെക്കുറിച്ചാണ് ആ സിനിമ സംസാരിക്കുന്നത്. ഇരവി; മനുഷ്യന്റെ മനോതലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ശക്തമായൊരു സ്ത്രീപക്ഷ സിനിമയായും നിലനില്‍ക്കുന്നു. മെട്രോ; മാലമോഷണം അടിസ്ഥാനമാക്കിയുള്ള ക്രൈം ത്രില്ലറാണെങ്കിലും പണത്തോടുള്ള ആര്‍ത്തി യുവാക്കളെ എത്രത്തോളം ക്രൂരന്മാരാക്കുന്നു എന്ന ഭയപ്പെടുത്തല്‍ കൂടിയാണ്. ജോക്കര്‍; ഒരു പക്കാ പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമ. ഹാസ്യമാണ് വിമര്‍ശനത്തിന്റെ ഏറ്റവും മൂര്‍ച്ഛയുള്ള ആയുധമെന്ന് ജോക്കര്‍ ഒരിക്കല്‍ കൂടി പറഞ്ഞു തരുന്നു. കുട്രമെ തണ്ടനൈ; മനുഷ്യന്‍ തെറ്റുകള്‍ ചെയ്താല്‍ നിയമ കോടതികളില്‍ നിന്നുരക്ഷപ്പെട്ടേക്കാം, പക്ഷേ അവനവില്‍ നടക്കുന്ന വിചാരണയ്ക്കും അതിനവസാനമുള്ള ശിക്ഷാവിധിക്കും വിധേയനായേ മതിയാകൂ എന്ന് ഓര്‍മ്മപ്പെടുത്തുന്നു. മാനഗരം; പ്രധാനകഥാപാത്രങ്ങളുടെ പേര് പോലും പറയുന്നില്ല. ആ കഥാപാത്രങ്ങള്‍ നമ്മളില്‍ ആരുമാകാം. ഗ്രാമങ്ങളില്‍ സാധിക്കിലെന്ന വിശ്വാസത്തില്‍, ജീവിതം മഹാനഗരങ്ങളില്‍ ചെന്നു സുരക്ഷിതമാക്കാമെന്നു മോഹിക്കുന്നവര്‍ക്ക് അവിടെ കാത്തുവച്ചിരിക്കുന്നതെന്നത് അപ്രതീക്ഷിതങ്ങളായ കാര്യങ്ങളായിരിക്കും. അതിനു വിധേയരാകാതെ വഴിയില്ല. 8 തോട്ടകള്‍; പണം മനുഷ്യരെ എന്തൊക്കെ ചെയ്യിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഒരു കിടായിന്‍ കരുണൈ മനു; മൃഗബലി എന്ന ദുരാചാരത്തെ ബ്ലാക് ഹ്യൂമറിലൂടെ വിമര്‍ശനവിധേയമാക്കുന്ന സിനിമ ഈ വര്‍ഷം ഇറങ്ങിയ തമിഴ് സിനിമകളില്‍ നിരൂപക പ്രശംസയില്‍ മുന്നില്‍ നില്‍ക്കുന്നു. രൂബൈ; അര്‍ഹതിയാല്ലാത്തതിന്റെ അവകാശികളാകാന്‍ ശ്രമിച്ചാല്‍ നഷ്ടമാണ് ജീവിത്തില്‍ അതു ബാക്കി വയ്ക്കുന്നതെന്ന് ഈ സിനിമ പറയുന്നു.

"</p

ഓരോ സിനിമയ്ക്കും പറയാന്‍ എന്തെങ്കിലുമൊരു കാര്യമുണ്ടായിരിക്കണം. അതറിയുന്നവരാണ് ഈ തമിഴ് സംവിധായകര്‍. സിനിമ കുറെ രസക്കൂട്ടുകളുടെ നിര്‍മിതിയല്ല. അതിന് സമൂഹത്തോട് ഒരു ബാധ്യതയുണ്ട്. ഏതെങ്കിലും തരത്തില്‍ കാഴ്ച്ചക്കാരോട് സംവദിക്കണം.

മലയളത്തില്‍ ഇത്തരം സിനിമകള്‍ ഇറങ്ങുന്നില്ലെന്നല്ല. പക്ഷേ എണ്ണം ഒന്നിലോ രണ്ടിലോ നിര്‍ത്തേണ്ടി വരും. അവ പോലും മേല്‍പ്പറഞ്ഞ തമിഴ് സിനിമകളോട് താരതമ്യം ചെയ്തു പറയാനൊക്കുമോ? നമ്മുടെ സിനിമാക്കാര്‍ സംശയാലുക്കളാണ്. പ്രേക്ഷകനുമേല്‍ അവര്‍ക്കൊരു ആശങ്കയുണ്ട്. ഇന്നതാണ് പ്രേക്ഷകന് ഇഷ്ടപ്പെടുന്നതെന്ന് അവര്‍ തന്നെ സ്വയമങ്ങ് തീരുമാനിക്കുകയാണ്. കുപ്പിക്കുള്ളില്‍ ചവര്‍പ്പുള്ളതാണ് നിറച്ചിരിക്കുന്നതെങ്കിലും പുറത്ത് മധുരമെന്ന് എഴുതി ഒട്ടിച്ചാണ് പ്രേക്ഷകനു കൊടുക്കുന്നത്. പേടി കൊണ്ടാണ്. ഇത്തരം വ്യാജലേബലുകളില്‍ സിനിമകളിറക്കി പ്രേക്ഷകനെ വഞ്ചിക്കുന്നത് കലാകാരന് ഭൂഷണമല്ല. തിരിച്ചടി കിട്ടുമ്പോള്‍ ആ കുറ്റം ഏറ്റു പറയാന്‍ പോലും തയ്യാറാകാതെ മറ്റുള്ളവരെ പഴി ചാരുന്നത് അതിലേറെ മോശമാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ബിഗ്ബഡ്ജറ്റ് സിനിമകളെ പ്രേക്ഷകന്‍ ഇഷ്ടപ്പെടൂവെന്നൊക്കെ ആരാണ് തീരുമാനിച്ചിരിക്കുന്നത്? പ്രേക്ഷകനെ എന്തിനാണിങ്ങനെ ഭയപ്പെടുന്നത്. നല്ല സിനിമകള്‍ എടുക്കുക; അതിനു സൂപ്പര്‍ താരങ്ങളോ സാങ്കേതിക വിദ്യകളോ, ശതകോടികളുടെ ബഡ്ജറ്റോ അടിസ്ഥാനമാക്കരുത്. ബോക്‌സ് ഓഫിസിലേക്കു മാത്രം നോക്കുന്ന ശീലംവിട്ട് സമൂഹത്തിലേക്കും കൂടി നോക്കണം. തമിഴ് സിനിമകള്‍ റഫറന്‍സ് ആക്കാം. ഒരു നല്ല സിനിമ ചെയ്തു എന്നതാണ് നൂറുകോടി കളക്റ്റ് ചെയ്ത സിനിമ ചെയ്തൂ എന്നു പറയുന്നതിനേക്കാള്‍ പില്‍ക്കാലത്ത് സുഖം നല്‍കുക…ഉണ്ണികൃഷ്ണന്‍ മാത്രമല്ല, മലയാള സിനിമ സംവിധായകരും എഴുത്തുകാരും അഭിനേതാക്കളുമെല്ലാം ഈയൊരു വാസ്തവം മനസിലാക്കണം.

ഇത് ഇന്ത്യയാണ്, ഹിറ്റ്‌ലറുടെ ജര്‍മനിയല്ല; സിനിമയോടുള്ള സംഘപരിവാര്‍ വെല്ലുവിളികളെ ഭയക്കരുത്‌

മാറേണ്ടത് സിനിമാക്കാര്‍ മാത്രമല്ല, പ്രേക്ഷകര്‍ കൂടിയാണ്. ഫാന്‍സുകാരെയല്ല, നല്ല പ്രേക്ഷകരെയാണ് സിനിമയ്ക്ക് വേണ്ടത്. അങ്ങനെയൊരു പ്രേക്ഷക സമൂഹം ഇല്ലാതെ പോകുന്നതുകൊണ്ടാണ് ഒരേ പായ്ക്കറ്റില്‍ നിറച്ച സിനിമകള്‍ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമാക്കാര്‍ക്ക് ആത്മവിശ്വാസം കൊടുക്കാന്‍ പ്രേക്ഷകന് സാധിക്കണം. അതിനൊപ്പം ഉണ്ണികൃഷ്ണന്‍ പറഞ്ഞപോലെ നമ്മുടെ വിമര്‍ശകരും നിരൂപകരും അവനവനോട് സത്യസന്ധത പുലര്‍ത്തുന്നതും സിനിമയ്ക്ക് ഗുണമാണ്. ഓണ്‍ലൈന്‍ കാലത്ത് കേരളത്തില്‍ തെങ്ങുകളേക്കാള്‍ കൂടുതല്‍ സിനിമ നിരൂപകരാണ് ഉള്ളത്. അതിന്റെതായ ദോഷം സിനിമകള്‍ നേരിടുന്നുണ്ടെന്നത് ഉണ്ണികൃഷ്ണനോടൊപ്പം നിന്ന് സമ്മതിക്കുന്നു. നമ്മുടെ സിനിമ നന്നാകാന്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍