UPDATES

സിനിമ

ഇത് ഇന്ത്യയാണ്, ഹിറ്റ്‌ലറുടെ ജര്‍മനിയല്ല; സിനിമയോടുള്ള സംഘപരിവാര്‍ വെല്ലുവിളികളെ ഭയക്കരുത്‌

കല നഷ്ടമായാല്‍ ഒരു സമൂഹം നിര്‍ജീവമാകും. അതുണ്ടാകരുത്

ഈ പടം കളിക്കണ്ടാ എന്നു ഭാരതീയ ജനത പാര്‍ട്ടിയങ്ങ് തീരുമാനിച്ചിരുന്നെങ്കില്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഇത് വെട്ടിമാറ്റുമായിരുന്നു…

ബിജെപി നേതാവ് ബി ഗോപാലൃഷ്ണന്‍ മനോരമ ന്യൂസിലെ ഒമ്പതു മണി ചര്‍ച്ചയിലിരുന്നു നടത്തിയ വെല്ലുവിളിയാണ്. മെര്‍സല്‍ സിനിമയെ കുറിച്ചാണ്. ഉത്തരേന്ത്യന്‍ സംഘപരിവാറുകാരന്റെ (ഏറ്റവും കുറഞ്ഞത് തമിഴ്‌നാട്ടിലെ എച്ച് രാജയുടെയത്രയെങ്കിലും) മനോനിലയിലേക്ക് എത്തിയിട്ടില്ലെന്നതുകൊണ്ട് വെല്ലുവിളിയുടെ ആവര്‍ത്തന സമയത്ത് ചെറുതായി വെള്ളം ചേര്‍ത്തെങ്കിലും ഗോപാലകൃഷ്ണന്‍ പറഞ്ഞുവയ്ക്കുന്നത് അസഹിഷ്ണുതയുടെ ഫാസിസ്റ്റ് നിലപാട് തന്നെയാണ്.

ചോദ്യമിതാണ്; ഗോപാലകൃഷ്ണന്റെ ഈ വെല്ലുവിളിയോട് പ്രതികരിക്കാന്‍ മലയാളത്തിലെ എത്ര ചലച്ചിത്രപ്രവര്‍ത്തകര്‍ തയ്യാറുണ്ട്?

മെര്‍സല്‍ ഒരു തമിഴ് സിനിമയായതുകൊണ്ട് അത് തമിഴ്‌നാട്ടിലെ പ്രശ്‌നമാണെന്നു പറഞ്ഞ് ഒഴിയരുത്. 2014 മേയ് മാസത്തിനുശേഷം സംജാതമായൊരു രാഷ്ട്രീയകാലാവസ്ഥയുടെ നിഴല്‍മേഘങ്ങള്‍ രാജ്യത്തെ ആകമാനമാണ് മൂടുന്നത്. തെക്കോട്ടെത്താന്‍ കാലതാമസം എടുക്കുന്നുണ്ടെന്നു മാത്രം. എത്രയും വേഗമത് തെക്കന്‍തീരങ്ങളിലേക്കുമെത്തുന്നുള്ള സൂചനയാണ് മെര്‍സല്‍ വിവാദവും ഇപ്പോഴുണ്ടായിരിക്കുന്ന ഗോപാലകൃഷ്ണന്റെ വെല്ലുവിളിയുമെല്ലാം. അതുകൊണ്ടാണ് ചോദിക്കുന്നത്, ഫാസിസത്തെ, അതിന്റെ കടന്നു കയറ്റത്തിനും മുന്നേ എതിര്‍ക്കാന്‍ മലയാള സിനിമയിലെ ഏതു കലാകാരനുണ്ട്? ഒരു അലന്‍സിയര്‍ കാണും, അതല്ലെങ്കില്‍ ഒരു കമല്‍, പിന്നെയുമുള്ള പേരുകള്‍ ഏതൊക്കെയാണെന്ന് ആലോചിച്ചിട്ട് കിട്ടുന്നില്ല.

ഗോപാലകൃഷ്ണനെ പോലുള്ളവര്‍ വെല്ലുവിളിച്ചത് മെര്‍സല്‍ എന്ന ഒറ്റ സിനിമയെ അല്ല. അത് മൊത്തമായുള്ള മുന്നറിയിപ്പാണ്.

1922 ല്‍ ആണ് ഫ്രിറ്റ്‌സ് ലാംഗ് തന്റെ രണ്ടാമത്തെ സിനിമയായ ഡോ. മെബൂസ, ദി ഗാംബ്ലറുമായി വരുന്നത്. ഡോ. മെബൂസ കാലിഗരിക്കു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ ഹിറ്റ്‌ലര്‍ പ്രതിരൂപമായിരുന്നുവെന്നാണ് പറയുന്നത്. 1932 ല്‍ ലാംഗ് വീണ്ടും ഡോ. മെബൂസയുമായി വന്നു; ദി ടെസ്റ്റമെന്റ് ഓഫ് ഡോ. മെബൂസ. ലാംഗ് തന്റെ ജീവിതാവസാന കാലത്ത് ഒരിക്കല്‍ കൂടി ഡോ. മെബൂസയെ അഭ്രപാളിയില്‍ കൊണ്ടുവന്നു. ദി തൗസന്‍ഡ് ഐസ് ഓഫ് ഡോ. മെബൂസ. എന്നാല്‍ ഈ സമയത്ത് ലാംഗ്‌സ്, നാസി ജര്‍മനിയുടെ ബുദ്ധിമാനായ പ്രചാരണമേധാവി ഗീബല്‍സിന്റെ കണ്ണുകളില്‍പ്പെട്ടു. ഡോ. മെബൂസ ആരെ പ്രതിനിധീകരിക്കുന്നൂവെന്നു ഗീബല്‍സ് മനസിലാക്കി. തത്ഫലമായി ദി തൗസന്‍ഡ് ഓഫ് ഐസ് ഓഫ് ഡോ. മെബൂസ നിരോധിക്കപ്പെട്ടു. എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചതുപോലെയല്ല ഫ്രിറ്റ്‌സ് ലാംഗിന്റെ കാര്യത്തില്‍ ഗീബല്‍സ് തീരുമാനമെടുത്തത്. ഒരു കലാകാരനെന്ന നിലയില്‍ ലാംഗിനോട് തന്റെ മതിപ്പ് അറിയിക്കുകയായിരുന്നു ചെയ്തത്. ലാംഗിനെ വിളിപ്പിച്ച ഗീബല്‍സ് അയാളോട് പറഞ്ഞത് താങ്കളുടെ മെട്രോ പൊലീസ് എന്ന സിനിമ ഹിറ്റ്‌ലര്‍ക്ക് ഇഷ്ടമായെന്നും ജര്‍മന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തലവനായി താങ്കളെ നിയമിക്കുകയാണെന്നുമായിരുന്നു. ഫ്രിറ്റ്‌സ് ലാംഗിനെ പിന്നീട് ജര്‍മനിയില്‍ കണ്ടില്ല. നാസി പാര്‍ട്ടിയംഗവും എഴുത്തുകാരിയുമായ തന്റെ ഭാര്യയോടുപോലും പറയാതെ ലാംഗ് ജര്‍മനിയില്‍ നിന്നും ഒളിച്ചോടി.

ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റായ ഹിറ്റ്‌ലര്‍ പോലും തന്ത്രപരമായതെങ്കിലും, കാണിച്ച സഹിഷ്ണുതപോലും ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നതിന് ഉദ്ദാഹരണമാണ് സ്റ്റാര്‍ പ്ലസിലെ ദ ഗ്രേറ്റ് ഇന്ത്യന്‍ ലോഫര്‍ ചാലഞ്ച് എന്ന റിയാലിറ്റി ഷോയില്‍ നിന്നും ശ്യാം രംഗീല എന്ന കലാകാരന്റെ പുറത്താക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതാണ് ശ്യാമിന്റെ കുറ്റം. സംഘപരിവാറിന്റെ ബുദ്ധിമാന്‍മാരായ പ്രചാരണ മേധാവികളായി പ്രവര്‍ത്തിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്ക് സാക്ഷാല്‍ ഗീബല്‍സിന്റെ സഹിഷ്ണുതപോലും ഉണ്ടാകാന്‍ അനുവാദം കിട്ടുന്നില്ല.

ഗോപാലകൃഷ്ണന്‍മാരുടെ വെല്ലുവിളികള്‍ ഇതിന്റെയൊക്കെ പിന്തുടര്‍ച്ചയാണ്.

ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് മൊത്തം സംവിധാനങ്ങളെയും മാറ്റിയെടുക്കുകയാണ് ബിജെപി-സംഘപരിവാര്‍. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെക്കാള്‍ ഏകാധിപതികള്‍ എന്നും ഭയപ്പെടുന്നത് കലാകാരന്മാരും ചിന്തകരുമെല്ലാമടങ്ങിയ ധിഷണാസംഘങ്ങളെയാണ്. കാരണം കലാകാരന്മാര്‍ക്ക് സമൂഹത്തെ വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയും. ഒരു രാഷ്ട്രീയക്കാരന്‍ ഉച്ചഭാഷിണിക്കു മുന്നില്‍ നിന്നും അലറി വിളിച്ചാല്‍ കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരോടു സംവദിക്കാന്‍ ഒരു എഴുത്തുകാരന് അടച്ചിട്ട മുറിയിലിരുന്ന് കഴിയും. അതുകൊണ്ട് തന്നെ പ്രധാന എതിരാളികളെ തകര്‍ത്തു കഴിഞ്ഞാല്‍ പിന്നെ ഫാസിസം ഉന്നം വയ്ക്കുന്നത് ഈ ധിഷണമേഖലയിലായിരിക്കും. കൊല്ലേണ്ടവരെ കൊന്നും തടവിലാക്കേണ്ടവരെ തടവിലിട്ടും വിലയിട്ടാല്‍ വാങ്ങാന്‍ കഴിയുന്നവരെ വാങ്ങിയും ബാക്കിയുള്ളവരെ നിശബ്ദരാക്കിയും സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കും. ജര്‍മനിയെ വിഴുങ്ങാന്‍ പോകുന്ന സേച്ഛാധിപത്യത്തെ കുറിച്ച് അവിടുത്തെ ചലച്ചിത്രകാരന്മാര്‍ക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്നും അവരത് പ്രവചനസ്വഭാവത്തോടെ തങ്ങളുടെ സൃഷ്ടികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതായി വായിച്ചിട്ടുണ്ട്. പക്ഷേ ജര്‍മനിയിലെ ജനങ്ങള്‍ക്ക് ആ സൃഷ്ടികളെ മനസിലാക്കാന്‍ കഴിഞ്ഞില്ല. സിനിമകള്‍ക്ക് വ്യാപകമായൊരു സ്വാധീനം ജര്‍മന്‍ ജനതയ്ക്കുമേല്‍ ചെലുത്താന്‍ കഴിയാതിരുന്നതിനാല്‍ തന്നെ ഫാസിസത്തിന് അതിന്റെ കടന്നു വരവിന് തടസമുണ്ടായില്ല. ഇന്ത്യയില്‍ ഇന്നതല്ല സ്ഥിതി. സിനിമകള്‍ അടക്കമുള്ള കലാമാധ്യമങ്ങള്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഓര്‍മപ്പെടുത്തുമ്പോള്‍ അതു മനസിലാക്കുന്നതില്‍ ജര്‍മന്‍ ജനതയെപോലെ ഇന്ത്യന്‍ ജനത പരാജയപ്പെടുന്നില്ല. ഇവിടുത്തെ ഫാസിസ്റ്റ് ശക്തികളെ ഭയപ്പെടുത്തുന്നതും അതാണ്. അതിനെതിരെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെയുള്ളതാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

ഹിന്ദുത്വം, അതിലൂന്നുന്ന സദാചരം, രാഷ്ട്രീയം, അതിന്റെ പ്രതിനിധികള്‍; ഇവയൊന്നിനെ തന്നെയും എതിര്‍ക്കാന്‍ തയ്യാറാകുന്ന കലയും കലാകാരന്മാരും വേണ്ടെന്നു തന്നെയാണ് തീരുമാനം. അതിപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക കൊണ്ടു സാധിക്കുമെങ്കില്‍ അങ്ങനെ, വെടിയുണ്ടകളാലാണെങ്കില്‍ അതുപയോഗിച്ച്. ഇവിടെ നിശബ്ദതയാണ് നിങ്ങളുടെ പ്രതിരോധമെങ്കില്‍ അതു ഫാസിസത്തെ സ്വാഗതം ചെയ്യലാണ്.

"</p

തെറ്റായ ഒരു കാര്യം തെറ്റാണെന്നു ചൂണ്ടിക്കാണിക്കുകയായിരുന്നു മെര്‍സലിന്റെ കാര്യത്തില്‍ തങ്ങള്‍ ചെയ്തതെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. അതൊരു ജനാധിപത്യരീതിയാണെന്നു പറയുന്നു. മെര്‍സിലിനോട് ബിജെപി-സംഘപരിവാര്‍ സമീപനം ജനാധിപത്യരീതിയായിട്ട് തോന്നുന്നുവെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്നു മറ്റെന്തോ ആണെന്നു കരുതേണ്ടി വരും. ഗോപാലകൃഷ്ണന്‍ പറയുന്നത് സര്‍ക്കാരിന്റെ തീരുമാനങ്ങളെ എതിര്‍ക്കാന്‍ പാടില്ലെന്നാണ്. ജനാധിപത്യമെന്ന വാക്കുപയോഗിച്ച അതേ നാക്കുകൊണ്ടാണ് ഗോപാലകൃഷ്ണന്‍ ഇതും പറയുന്നത്. സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന്റെ തീരുമാനമായിട്ട് വ്യാഖ്യാനിച്ചാലും ആ തീരുമാനം തെറ്റാണെങ്കില്‍ അതു തെറ്റാണെന്നു വിളിച്ചു പറയാനുള്ള മൗലികസ്വാതന്ത്ര്യം അനുവദിച്ചു തരുന്ന ഒന്നിനെയാണ് ജനാധിപത്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നടപടിയെന്നാണ്. ഇതാണോ മിസ്റ്റര്‍ ഗോപാലകൃഷ്ണന്‍ ജനാധിപത്യം എന്നു ചോദിക്കേണ്ടതല്ലേ?

സിനിമ ഒരു കലാരൂപമാണ്. അത് അതിന്റെതായ അഭിപ്രായങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കും. യോജിപ്പും വിയോജിപ്പും ഉണ്ടാവും. ആശയത്തെ ആശയപരമായി എതിര്‍ക്കാന്‍ തയ്യാറാകാതെ സിനിമയിലെ രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്നും പറയാനും, തങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ സിനിമ തന്നെ ഇറങ്ങാതിരുന്നേനെ എന്നൊക്കെ പറയുമ്പോള്‍ അതു പറയുന്നവരുടെ വാക്കുകളില്‍ എന്ത് ജനാധിപത്യമാണുള്ളത്. പക്ഷേ അവരത് പറയുമ്പോഴും എതിര്‍ക്കേണ്ടവര്‍ നിശബ്ദരായി ഇരിക്കുന്നു. കല നഷ്ടമായാല്‍ ഒരു സമൂഹം നിര്‍ജീവമാകും. അതുണ്ടാകരുത്. പൊട്ടിത്തെറിക്കാന്‍ പോകുന്നുവെന്നു ശാസ്ത്രജ്ഞന്മാര്‍ പ്രവചിച്ച അഗ്നിപര്‍വതത്തിലേക്ക് കാമറയുമായി നടന്നടുത്ത ചലച്ചിത്രകാരനായിരുന്നു വെര്‍ണര്‍ ഹെര്‍സോഗ്. കേവലമൊരു മനുഷ്യന്റെയല്ല, കലാകാരന്റെ സാഹസികതയാണത്. പൊട്ടാറായി നില്‍ക്കുന്ന അഗ്നിപര്‍വതമാണ് ഗോപാലകൃഷ്ണനെ, രാജയെ പോലുള്ളവര്‍ പറയുന്ന സംഘപരിവാര്‍ രാഷട്രീയം. അതിനെ ഹെര്‍സോഗിയന്‍ സാഹസികതയോടെ നേരിടണം. My Films are What I am എന്നു ഉറക്കെ വിളിച്ചു പറയാനും ഹെര്‍സോഗുമാരാകണം ഇന്ത്യയിലെ ചലച്ചിത്രകാരന്മാരും. അല്ലാതെ ഫ്രിറ്റ്‌സ് ലാംഗിനു ഗീബല്‍സ് നീട്ടിയ സൗജന്യം പോലെയെന്തെങ്കിലും കിട്ടിയാല്‍(ലാംഗര്‍ അത് നിഷേധിച്ചു) സ്വീകരിക്കുന്നവരാകരുത്. അവിടെ ഓര്‍ക്കേണ്ടത് ലാറ്റിനമേരിക്കന്‍ സംവിധായകന്‍ ലൂയി ബ്യുനുവല്‍ പറഞ്ഞ വാചകമാണ്; ‘ഞാന്‍ എല്ലാ മനുഷ്യരെയും ഇഷ്ടപ്പെടുന്നു. എന്നാല്‍ ചില മനുഷ്യര്‍ ചേര്‍ന്നു നിര്‍മിക്കുന്ന സമൂഹത്തെ എനിക്കിഷ്ടമല്ല’. അത്തരമൊരു സമൂഹത്തില്‍ നിങ്ങള്‍ക്കൊരു കൊട്ടാരം തന്നെ കിട്ടിയാലും അതില്‍ വാഴേണ്ടി വരിക അടിമയായിട്ടായിരിക്കും. ഇനിയിതെല്ലാം നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ കൊല്ലപ്പെടുന്നില്ലെങ്കില്‍, നിങ്ങള്‍ക്കുമേല്‍ കെട്ടുന്ന ഏതു ചങ്ങലപ്പൂട്ടുകളും പൊട്ടിച്ച് ഒരു ദിവസം ശക്തരായി തിരിച്ചു വരാം. ല’ ഏജ്’ ദോര്‍( L’Age d’Or) എന്ന ചിത്രം എടുത്തതിന്റെ പേരില്‍ പത്തൊമ്പതു കൊല്ലമാണ് ബ്യുനവലിന് സിനിമകളൊന്നും സംവിധാനം ചെയ്യാന്‍ അവസരം കിട്ടാതെ വന്നത്. ബ്യുനവല്‍ തോറ്റോ? രണ്ടു പതിറ്റാണ്ടു നീണ്ട വിലക്കിനു പിന്നാലെയാണ് യംഗ് ആന്‍ഡ് ഡാമ്ഡും സൂസന്നയും നസറിനും വിറിദയാന’യുമെല്ലാം ബ്യുനുവല്‍ സൃഷ്ടിച്ചത്. ഒരിക്കല്‍ കത്തോലിക്ക സഭയുടേയും ഫാസിസ്റ്റുകളുടെയും വിദ്വേഷം വാങ്ങിവച്ച് നീണ്ടകാലം നിശബ്ദനാകേണ്ടി വന്ന ബ്യുനുവല്‍ വിറിദയാനയിലൂടെ വീണ്ടും അതേ ശക്തികളെ പ്രകോപിപ്പിക്കാന്‍ ഒരു മടിയും കാണിച്ചില്ല. അതാണ് കലാകാരന്‍.

"</p

ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന പേടിപ്പിക്കലാണ് ഗോപാലകൃഷ്ണനെ പോലുള്ളവര്‍ കലാകാരന്മാരോടു നടത്തുന്നത്. ഈ പേടിപ്പിക്കലില്‍ നിന്നും സിനിമാക്കാര്‍ മനസിലാക്കേണ്ടത്(അതു ഗോപാലകൃഷ്ണന്‍ പറയുന്നതിനു മുന്നേ ജനങ്ങള്‍ മനസിലാക്കിയതാണ്) സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ കൈയിലാണെന്നാണ്. ഞങ്ങളെ പിണക്കിയാല്‍ നിങ്ങള്‍ക്ക് സിനിമകളെടുക്കാന്‍ കഴിയില്ലെന്ന്. ഹിറ്റ്‌ലര്‍ പറഞ്ഞതെന്തോ, അതു തന്നെ. സെന്‍സര്‍ ബോര്‍ഡ്, ഫിലിം ഇന്‍സ്റ്റിട്യൂട്ടുകള്‍, അക്കാദമികള്‍, ചരിത്ര,ശാസ്ത്ര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ഒരേ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അതിനോട് നിശബ്ദതരാകരുത്.

ഗോപാലകൃഷ്ണന്‍ പറയുന്നത് മെര്‍സല്‍ വിഷയത്തിലൂടെ ബിജെപി തമിഴ്‌നാട്ടില്‍ അതിന്റെ രാഷ്ട്രീയ വിജയം നേടിയെന്നാണ്. എന്തുതരത്തിലുള്ള വിജയമാണതെന്ന് ഗോപാലകൃഷ്ണനു മാത്രമെ പറയാന്‍ കഴിയൂ. ശ്രീരാമനെ ചെരിപ്പിനടിച്ചുകൊണ്ട് ജാഥ നടത്തി പെരിയാര്‍ സൃഷ്ടിക്കാന്‍ നോക്കിയ രാഷ്ട്രീയത്തിനു ബദലായി തമിഴ്‌നാട്ടില്‍ സേതുസമുദ്രം പദ്ധതി ചര്‍ച്ചയാക്കിയ തന്ത്രമാണ് തങ്ങളുടേതെന്നു ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്. രണ്ടു ശതമാനത്തിനു മുകളില്‍ വോട്ട് ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഇല്ലെന്നു സ്വയം സമ്മതിച്ചുകൊണ്ടാണ് സേതുസമുദ്രം പദ്ധതിയെന്ന തന്ത്രത്തിനു തുടര്‍ച്ചയെന്നോണം മെര്‍സല്‍ വിവാദം ഗോപാലകൃഷ്ണന്‍ കാണുന്നതെങ്കില്‍ അതു തത്കാലം തമാശയായി കണ്ടാല്‍ മതി. പക്ഷേ വിജയ് എന്ന നടനെ ജോസഫ് വിജയാക്കുകയും ക്ഷേത്രങ്ങള്‍ക്കു മുമ്പേ വിദ്യാലയങ്ങള്‍ നിര്‍മിക്കണമെന്നു(വിവേകാന്ദന്റെ വാക്കുകളെ കൂട്ടുപിടിച്ച്) മോദി പറയുമ്പോള്‍ അതു പോസിറ്റീവ് സെന്‍സില്‍ ഉള്ളതാണെന്നും കോവിലുകള്‍ക്ക് പകരം ആശുപത്രികളാണ് വേണ്ടതെന്നു വിജയ് പറയുമ്പോള്‍ അത് നെഗറ്റീവ് സെന്‍സിലാണെന്നും ഗോപാലകൃഷ്ണന്‍ പറയുന്നതു ചിരിച്ചു തള്ളരുത്. വര്‍ഗീയത അത്രമേല്‍ അപകടമാണ്. മതചിന്തകളില്‍ കേരളത്തിനെക്കാള്‍ പുരോഗമനസ്വഭാവമുണ്ട് തമിഴ്‌നാട്ടില്‍. ഇത്തരത്തില്‍ പുരോഗമനചിന്തകള്‍ പുലര്‍ത്തുന്നതുകൊണ്ടാണ് കേരളവും തമിഴ്‌നാടുമൊക്കെ ബിജെപിക്ക് അന്യമാകുന്നത്. അപ്പോഴവര്‍ ആദ്യം ചെയ്യുന്നത് നിലവിലുള്ള ശാന്തത തകര്‍ക്കുകയെന്നതാണ്. അതിനാണവര്‍ വിജയെ ജോസഫ് വിജയും കമലിനെ കമാലുദ്ദീനുമൊക്കെയാക്കുന്നത്. തമിഴ്‌നാട്ടില്‍ അളളാ കോവില്‍ എന്നാണ് മോസ്‌കുകള്‍ക്ക് വരെ പറയുന്നതെന്നു അറിയാത്തവരല്ല, എന്നാലും ക്രിസ്ത്യാനിയായ ജോസഫ് വിജയ് കോവില്‍ എന്നു പറയുമ്പോള്‍ അത് അമ്പലങ്ങള്‍ തന്നെയാണെന്നവര്‍ തീരുമാനിക്കുകയാണ്. അതാണവരുടെ ആവശ്യം.

"</p

പക്ഷേ ഗോപാലകൃഷ്ണനെ പോലുള്ളവര്‍ ആത്മവിശ്വാസം പുലര്‍ത്തിയാലും തമിഴ്‌നാട്ടില്‍(കോടതിയില്‍ നിന്നുംപോലും) മെര്‍സല്‍ വിവാദത്തില്‍ അതിഗംഭീര തിരിച്ചടിയാണ് ബിജെപിക്ക് കിട്ടയതെന്നാണ് വാസ്തവം. ഒരു വിജയിനെയും അയാളുടെ സിനിമയേയും തൊട്ടപ്പോള്‍ തമിഴ് സിനിമാലോകം മൊത്തത്തിലാണ്(മോദിയുടെ അനുചരനാകുമെന്നു ചിലരൊക്കെ കരുതുന്ന രജനികാന്ത് ഉള്‍പ്പെടെ) പിന്തുണയുമായി രംഗത്തു വന്നത്. ദ്രാവിഡന്റെ വീറും ഊറ്റവും ബിജെപി ശരിക്കും മനസിലാക്കി.

തമിഴിലെ കാര്യം അവിടെ നില്‍ക്കട്ടെ, ചോദ്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്; ഗോപാലകൃഷ്ണന്റെ പ്രസ്ഥാനത്തിന്റെ വെല്ലുവിളി നേരിടുന്നതൊരു മലയാള സിനിമയും മലയാള നടനുമാണെങ്കില്‍?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍