UPDATES

സിനിമ

ഉഡായിപ്പ്.. മാനസികപീഢനം.. മൈഗ്രൈന്‍.. അഗ്‌നിദേവി

അഗ്‌നിപുത്രി എന്ന പോസ്റ്ററും ബോബി സിംഹയുടെ തലയും കണ്ടപ്പോള്‍ അത് പുതിയ സിനിമയാണോ എന്ന് ജസ്റ്റ് ഗൂഗിള്‍ ചെയ്ത് നോക്കുകയേ ചെയ്തുള്ളൂ.

ശൈലന്‍

ശൈലന്‍

ജിഗര്‍തണ്ട എന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയ നടനാണ് ബോബി സിംഹ. അങ്ങേര് ചെയ്ത പല ക്യാരക്ടറുകള്‍ മനസില്‍ ജീവനോടെ നില്‍ക്കുന്നുമുണ്ട്. അതുകൊണ്ടാണ് മൂപ്പരുടെ ചിത്രം ഒരു പുതിയ സിനിമയുടെ പോസ്റ്ററില്‍ കാണുമ്പോള്‍ മുന്നും പിന്നും നോക്കാതെ പാഞ്ഞ് കയറുന്നത്. അതേക്കുറിച്ച് കൂടുതല്‍ ചികഞ്ഞ് നോക്കാനും വായിക്കാനും ഒന്നും നിന്നില്ല എന്നത് നമ്മടെ തെറ്റ്. അങ്ങനെ ഇന്ന് സംഭവിച്ച ദുരന്തമാണ് അഗ്‌നിപുത്രി.

അഗ്‌നിപുത്രി എന്ന പോസ്റ്ററും ബോബി സിംഹയുടെ തലയും കണ്ടപ്പോള്‍ അത് പുതിയ സിനിമയാണോ എന്ന് ജസ്റ്റ് ഗൂഗിള്‍ ചെയ്ത് നോക്കുകയേ ചെയ്തുള്ളൂ. അത് ഓകെ ആയിരുന്നു. വിക്കി പേജ് ഒക്കെയുണ്ട് 2019 പൊളിറ്റിക്കല്‍ ത്രില്ലര്‍ ഡ്രാമ എന്നൊക്കെ കാണുന്നുണ്ട്. സസ്‌പെന്‍സ് പൊളിയണ്ട എന്ന് കരുതിക്കൂടി ആണ് കൂടുതല്‍ വായിക്കാതിരുന്നത്. പക്ഷെ ചെന്നിരുന്നപ്പോഴേ സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി. ബോബി സിംഹ സംസാരിക്കുന്നത് സ്വന്തം ശബ്ദത്തില്‍ അല്ല. ഡാനിയല്‍ ബാലാജിയോ മറ്റോ ആണ് ഡബ്ബ് ചെയ്തിരിക്കുന്നത്. മൊഴിമാറ്റസിനിമയാണോ എന്ന് നോക്കിയപ്പോള്‍ അതല്ല താനും. സിനിമ മുന്നോട്ട് പോവുമ്പോള്‍ പിന്നെയും എന്തൊക്കെയോ ചീഞ്ഞ് നാറുന്നു. പലസീനുകളിലും ബോബിക്ക് പകരം ഡ്യൂപ്പുകള്‍ ആണ്. മോര്‍ഫിംഗും ഉണ്ട് വേണ്ടത്ര.

പിന്നെ നോക്കിയപ്പോഴാ മനസിലായത്, ഈ സിനിമ റിലീസ് ചെയ്യാതിരിക്കാന്‍ സിംഹ ഇന്നലെ കോയമ്പത്തൂര്‍ കോടതിയില്‍ പോയിട്ടുണ്ട്. പറഞ്ഞിരിക്കുന്ന ന്യായം കറക്റ്റ് ആണ്. അഗ്‌നിദേവ് എന്നപേരില്‍ തന്നോട് പറഞ്ഞ സ്‌ക്രിപ്റ്റ് ഒന്നുമല്ല സംവിധായകര്‍ പകര്‍ത്തിവെച്ചിരിക്കുന്നത്. താന്‍ ഇതില്‍ മുഴുവന്‍ അഭിനയിക്കാന്‍ തയ്യാറായിട്ടുമില്ല. അഗ്‌നി v/s ദേവ് എന്ന് പേരുമാറ്റി തട്ടിക്കൂട്ടിയിരിക്കുന്നത് മുഴുവനാകാത്ത വേര്‍ഷന്‍ ആണ്.. തല്‍ക്കാലത്തേക്ക് കോടതി സിംഹയ്ക്ക് ഒരു അനുകൂലവിധി കൊടുത്തുവെങ്കിലും നിര്‍മ്മാതാക്കള്‍ അതില്‍ കേറി വെട്ടി എന്നുവേണം മനസിലാക്കാന്‍.. അതുകൊണ്ടാണല്ലോ തിയേറ്ററില്‍ ഇന്ന് ഇത് കൂടി സഹിക്കേണ്ടി വന്നത്..

ജോണ് പോള്‍ രാജ്, ശ്യാം സൂര്യ എന്നിങ്ങനെ രണ്ടുപേര്‍ ചേര്‍ന്ന് ആണ് അഗ്‌നിദേവി സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍പോള്‍, കരുന്തേള്‍ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പടത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പേരിന്റെ സ്ഥാനത്തും ജോണ്‍ പോള്‍ രാജിന്റെ പേരുണ്ട് രാജേഷിന്റെ പ്രശസ്തമായ ഒരു നോവലിന്റെ ചലച്ചിത്രഭാഷ്യമാണ് ഈ സിനിമ എന്ന് സൂചനയുണ്ട്.

ഏതായാലും സംഗതി അഗ്‌നിദേവ് ഐപിഎസ് എന്ന പോലീസുകാരനും ശകുന്തളാദേവി എന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ്. അഗ്‌നിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്ന ഒരു ജേണലിസ്റ്റ് കൊല ചെയ്യപ്പെടുന്നു. കൊലയ്ക്ക് പിന്നിലെ തുമ്പ് പിടിച്ച് പോയ അഗ്‌നിദേവിന് മനസ്സിലാവുന്നു ഇത് അങ്ങനെയൊരു സാധാരണ കൊലപാതകം അല്ല എന്ന് തുടര്‍ണങ്ങോട്ട് തല വെട്ടിപ്പൊളിക്കുന്ന കര്‍ണകടോരമായ പശ്ചാത്തലസംഗീതവും മനസുമടുപ്പിക്കുന്ന കളര്‍ ടോണുമായി സിനിമായങ്ങോട്ട് പോവുകയാണ് രണ്ട് മണിക്കൂര്‍.

രണ്ട് മണിക്കൂറിലേറെ പടത്തിന്റെ ദൈര്‍ഘ്യം ഉള്ളൂ എന്നത് ഒരു വലിയ ആശ്വാസമാണെങ്കിലും ആ രണ്ട് മണിക്കൂര്‍ ഇരുപത് മണിക്കൂറായി അനുഭവപ്പെടുമെന്നതും തലവേദന മൂത്ത് മൈഗ്രേയിന്‍ ആവും എന്നതും വേറെ കാര്യം. ക്ലൈമാക്‌സിനോടാനുബന്ധിച്ച് ചിരപുരാതനവും അത്യന്തം ദയനീയവുമായ ഒരു ട്വിസ്റ്റുമുണ്ട്..

ബോബി സിംഹ ഈ സിനിമയില്‍ നിന്ന് പാഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചത് സ്വാഭാവികം. അസാധ്യമായിരുന്നിരിക്കണം ഷൂട്ടിംഗും.. പഴയകാല റോജാ നടി മധുബാലയാണ് വില്ലത്തി ആയ ശകുന്തളദേവി.. പടത്തിന്റെ ഒരു ട്രെന്‍ഡ് മനസിലാക്കി വെറുപ്പിക്കലില്‍ അവരും ഒട്ടും കുറയ്ക്കുന്നില്ല.. രമ്യ നമ്പീശനെ ഒക്കെ അങ്ങിങ്ങായി കാണുന്നുണ്ട്. പാവം.

ഏതായാലും ഇതുവരെ ഉള്ളതില്‍ ഒരു വിധം പാപമൊക്കെ ഇന്ന് തീര്‍ന്നു എന്ന് തോന്നുന്നു.©


‘കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…’

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍