UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ കൈ നിന്റെ മുഖത്തേക്കാള്‍ വലുതാണ്, അടിച്ച് താടിയെല്ല് പൊട്ടിക്കും; ട്രോളനോട് ബോളിവുഡ് താരം

എന്റെ മുഖത്തു നോക്കി അങ്ങനെ പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ

സിനിമാതാരങ്ങള്‍, പ്രത്യേകിച്ച് നടിമാര്‍ സോഷ്യല്‍ മീഡിയ ട്രോളുകളുടെ സ്ഥിരം ഇരകളാണ്. താമശയ്ക്കപ്പുറം പലപ്പോഴും അതിരുവിടുന്ന അശ്ലീലതയിലേക്കും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ഇത്തരം ട്രോളുകള്‍ എത്താറുണ്ടെന്നതും വാസ്തവമാണ്. അത്തരത്തിലുള്ള ട്രോളുകളുടെ ഇരയാണ് ബോളിവുഡ് താരം സറീന്‍ ഖാന്‍. ബോഡ് ഷെയ്മിംഗിന് വളരെയധികം ഇരയാക്കപ്പെട്ട ഒരു നടികൂടിയാണ് സറീന്‍. എന്നാല്‍ ഇത്തരത്തില്‍ തന്നെ അപമാനിക്കുന്നവര്‍ മുന്നില്‍വന്നുപെട്ടാല്‍ താന്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് നടി ഒരു ചാനല്‍ ഷോയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

എംടിവിയുടെ ട്രോള്‍ പൊലീസ് എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സറീന്‍. തങ്ങളെ ട്രോളുന്നവരുമായി അതാതു സെലിബ്രിറ്റികള്‍ സംവദിക്കുന്ന പരിപാടിയാണ് ട്രോള്‍ പൊലീസ്. സറീനെക്കുറിച്ച് വന്നിട്ടുള്ള ട്രോളുകള്‍ പലതും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു ട്രോളനെതിരേ നടി രൂക്ഷമായി പ്രതികരിച്ചത്. എന്റെ കൈകള്‍ നിങ്ങളുടെ മുഖത്തേക്കാള്‍ വലുതാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളെ തല്ലണോ, തീര്‍ച്ചയായും നിങ്ങളുടെ താടിയെല്ല് തകര്‍ന്നുപോകും; സറീന്‍ കോപത്തോടെ പറഞ്ഞു. ഈ വീഡിയോ സറീന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഇതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയ ട്രോളുകള്‍ എങ്ങനെയാണ് തന്നെ മാനസികമായും കുടുംബപരമായും ബാധിക്കുന്നതെന്ന് ഒരു പ്രസ്താവനയിറക്കിയത്. ഒരാളെ കുറിച്ച് ട്രോളുകള്‍ ഉണ്ടാക്കുമ്പോള്‍, അതാ വ്യക്തിയെമാത്രമല്ല, അയാളുടെ കുടുംബത്തേയും സുഹൃത്തുക്കളെയുമെല്ലാം ട്രോളുകള്‍ എങ്ങനെയെല്ലാം ബാധിക്കുമെന്ന് അവ ഉണ്ടാക്കുന്നവര്‍ ചിന്തിക്കുന്നേയില്ല. ഒരു കാര്യത്തിലാണ് ആശ്വാസം, എന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ എന്നെ കുറിച്ച് വരുന്ന മോശം കമന്റുകള്‍ കണ്ട് അതവരെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു; സറീന്‍ പറഞ്ഞു.

ചില ആളുകള്‍ സമൂഹത്തിനു മൊത്തം ഭീഷണിയാണ്. അവര്‍ മനസിലാക്കുന്നില്ല, അവരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന്. ഇതെല്ലാം കൊണ്ടാണ് ഞാന്‍ എംടിവിയുടെ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതും. എന്നെ ട്രോളുന്നവര്‍ക്ക് ആര്‍ക്കെങ്കിലും എന്റെ മുഖത്തു നോക്കി അങ്ങനെ പറയാന്‍ ധൈര്യം ഉണ്ടോയെന്നു കൂടി എനിക്കറിയണമായിരുന്നു; സറീന്‍ പറഞ്ഞു.

സല്‍മാന്‍ ഖാന്റെ നായികയായി വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1921 ആണ് സറീന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍