UPDATES

സിനിമാ വാര്‍ത്തകള്‍

ബൈച്ചുംഗ് ബൂട്ടിയയുടെ ജീവിതവും അഭ്രപാളികളിലേക്ക് :താരത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ആനന്ദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രം തന്റെ ജീവിതത്തോട് നീതി പുലര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് ബൂട്ടിയയും പ്രതികരിച്ചു

സൈന നെഹ്‌വാൾ, അഭിനവ് ബിന്ദ്ര, പുല്ലേല ഗോപിചന്ദ്, മിതാലി രാജ് എന്നിവരുടെ ജീവിതം പ്രമേയമാക്കിയ സിനിമകളുടെ പ്രഖ്യാപനത്തിന് ശേഷം മുന്‍ ഇന്ത്യന്‍ ഫുട്ബാൾ ടീം ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയയുടെ ജീവിതവും സിനിമയാകുന്നു. ഡല്‍ഹി ഹൈറ്റ്‌സ്, സില ഗാസിയാബാദ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആനന്ദ് കുമാറാണ് സിനിമ ഒരുക്കുന്നത്.

ബൂട്ടിയയുടെ ജീവിതം സിനിമയാക്കുന്നത് സംബന്ധിച്ച് ചിന്തിക്കുന്നത് റഷ്യന്‍ ലോകകപ്പിനിടെയാണെന്ന് ആനന്ദ് കുമാർ പറഞ്ഞു. . ഇന്ത്യയിലെ കായിക പ്രേമികളുടെ താത്പര്യങ്ങള്‍ മാറുകയാണ്. വലിയ ശതമാനം ഇന്ത്യന്‍ യുവത്വം ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നു. ചെറിയ കുട്ടികള്‍ക്ക് ക്രിക്കറ്റിനെക്കാള്‍ ഇഷ്ടം ഫുട്‌ബോളാണ്. അതുകൊണ്ടാണ് ഫുട്‌ബോള്‍ പ്രമേയമാക്കിയ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ കഥാപത്രം ബൂട്ടിയ തന്നെയാണ്. പത്മശ്രീ നേടിയിട്ടുള്ള ബൈച്ചുംഗ് ബൂട്ടിയക്ക് വലിയ ശതമാനം ആരാധകരും ഉണ്ട്. ആനന്ദ് കുമാര്‍ പറഞ്ഞു.

അതേസമയം ആനന്ദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രം തന്റെ ജീവിതത്തോട് നീതി പുലര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് ബൂട്ടിയയും പ്രതികരിച്ചു. തന്റെ ജീവിതം സിനിമയാക്കുന്ന ആനന്ദിനോട് ഏറെ ആദരവാണുള്ളത്. സിനിമയില്‍ പൂര്‍ണമായും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിയും. സിക്കിമിലെ ചെറിയ നഗരത്തില്‍ നിന്നാണ് താന്‍ ഉയര്‍ന്ന് വന്നത്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ സിക്കിമില്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപികരിക്കുക എന്നതായിരുന്നു ലക്ഷ്യം ബൂട്ടിയ പറഞ്ഞു. മേരി കോം, മില്‍ഖാ സിംഗ്, എം എസ് ധോണി എന്നിവര്‍ക്ക് പിന്നാലെയാണ് ബുട്ടിയയുടെ സിനിമയും പുറത്തു വരുന്നതായി എന്ന പ്രഖ്യാപനം ഉണ്ടായത്.

ഇന്ത്യക്കായി 104 കളിയില്‍ നിന്ന് 40 ഗോള്‍ നേടിയിട്ടുണ്ട്. സുബ്രതോ കപ്പ് ഫുട്‌ബോളിന്റെ കണ്ടെത്തലായ ബൂട്ടിയ ഈസ്റ്റ് ബംഗാള്‍, ജെസിടി, മോഹന്‍ ബഗാന്‍, ക്ലബുകളുടെ താരമായിരുന്നു. മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ബൂട്ടിയ മലേഷ്യന്‍ ലീഗിലും ബൂട്ടണിഞ്ഞു. 2011ല്‍ വിരമിച്ച ശേഷം സന്തോഷ് ട്രോഫിയില്‍ സിക്കിമിന്റെയും ,സിക്കിം യുണൈറ്റഡ് ക്ലബിന്റെയും പരിശീലനായി. ഇതിനിടെ ബൈച്ചുംഗ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂള്‍സിനും തുടക്കമിട്ടു. ഫുട്‌ബോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുന്നതിനിടെ രാഷ്ട്രീയത്തിലേക്കിറങ്ങി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡാര്‍ജലിംഗ് മണ്ഡലത്തില്‍ മത്സരിച്ച ബൂട്ടിയ ഹംറോ സിക്കിം പാര്‍ട്ടി രൂപീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍