UPDATES

സിനിമ

ഞാന്‍ സത്യേട്ടനെ വീണ്ടും കാണാന്‍ പോവുകയാണ്, അതിന്റെ ആകാംക്ഷയാണ്; അനിത സത്യന്‍/അഭിമുഖം

ആത്മഹത്യ ചെയ്ത ഒരു ഫുട്‌ബോളര്‍ എന്ന നിലയിലാണ് ഇതുവരെ പലരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നത്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍’ വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നിര്‍ണായക സ്വാധീനമായിരുന്ന വി.പി സത്യന്‍ എന്ന, കാല്‍പ്പന്തു കളിക്കായി ജീവിതം മാറ്റിവെച്ച ഒരു വലിയ കായികതാരത്തിന്റെ കഥയും ഓര്‍മകളുമാണ് പുതുതലമുറയ്ക്ക് മുന്‍പില്‍ അവതരിക്കപ്പെടുന്നത്. സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്റെ വേര്‍പാടിന് പന്ത്രണ്ട് വയസ്സ് തികയുന്ന വേളയില്‍ പുറത്തിറങ്ങുന്ന സിനിമയെക്കുറിച്ചുള്ള അഭിമാനവും സന്തോഷവും അദ്ദേഹത്തിന്റെ ഭാര്യ അനിത സത്യനുണ്ട്. ജയസൂര്യ നായക കഥാപാത്രത്തിലെത്തുന്ന ക്യാപ്റ്റനില്‍, അനു സിത്താരയാണ് അനിതയുടെ വേഷം ചെയ്യുന്നത്. കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ക്ലെറിക്കല്‍ ജീവനക്കാരിയായ അനിത സത്യന്‍ സിനിമയെക്കുറിച്ചും സത്യനെക്കുറിച്ചും സംസാരിക്കുന്നു.

സ്വന്തം ജീവിതവും കൂടി കടന്നു വരുന്ന സിനിമയാണ് ക്യാപ്റ്റന്‍. സിനിമയെക്കുറിച്ച് പറയാനുള്ളത്?

ഒരുപാട് സന്തോഷം. സിനിമയെ ഏറെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. ചെറുപ്പം തൊട്ട് സിനിമയെന്ന ദൃശ്യാവിഷ്‌കാരം എന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു. ക്യാപ്റ്റന്‍ എന്ന സിനിമ സത്യേട്ടന്റെ ജീവിതത്തെ പകര്‍ത്തുന്നതാണ്. പ്രതീക്ഷിക്കാതെ വന്നുചേര്‍ന്ന ഈ സന്തോഷത്തെ ബിഗ്‌സ്‌ക്രീനില്‍ കാണുന്നതിന്റെ ആകാംക്ഷയും ആശങ്കയുമെനിക്കുണ്ട്. ക്യാപ്റ്റന്‍ എന്ന സിനിമ ഒരു വലിയ ബോക്‌സ് ഓഫീസ് കളക്ഷനില്‍ എത്തണമെന്നതിലുപരി ഒരു നല്ല ആവിഷ്‌കരണത്തിലൂടെ വി.പി സത്യന്‍ എന്ന ഫുട്‌ബോളറുടെയും വ്യക്തിയുടെയും ഓര്‍മകള്‍ തിരിച്ചുകൊണ്ടുവരുകയും ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്. സംവിധായകന്‍ പ്രജേഷ് സെന്നുമായി എനിക്ക് മുന്‍പരിചയം ഉണ്ടായിരുന്നു. പല സന്ദര്‍ഭങ്ങളിലായി ഞാന്‍ പങ്കുവെച്ച സത്യേട്ടന്റെ ഓര്‍മകളില്‍ നിന്നാണ് ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് അദ്ദേഹം തുടക്കം കുറിക്കുന്നത്. ഒരു പുസ്തകമെഴുതണമെന്നായിരുന്നു പ്രജേഷ് ആദ്യം ആഗ്രഹിച്ചിരുന്നതെങ്കിലും പതിയെ അതൊരു സിനിമയിലേക്കെത്തിച്ചേരുകയായിരുന്നു. എന്റെ അനുഭവങ്ങള്‍ക്ക് പുറമെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, കോച്ച് തുടങ്ങി സത്യേട്ടനുമായി അടുപ്പമുണ്ടായിരുന്നവരില്‍ നിന്നെല്ലാം അനുഭവങ്ങളും അഭിപ്രായങ്ങളും അറിഞ്ഞ ശേഷമാണ് പ്രജേഷ് സത്യേട്ടനെ കൂടുതല്‍ മനസ്സിലാക്കിയത്. സിനിമയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് ഇപ്പോഴുള്ളത്. സിനിമയ്ക്ക് മുന്‍പ് ജിജോ ജോര്‍ജ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പുറത്തിറക്കിയ ‘വി.പി സത്യന്‍’ എന്ന പുസ്തകവും ഇപ്പോള്‍ വിപണിയിലുണ്ട്. എല്ലാം അദ്ദേഹത്തെ ജനങ്ങളിലെത്തിക്കാന്‍ സാധ്യമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.

"</p

സത്യനും അനിതയുമായി ജയസൂര്യയും അനുസിത്താരയുമാണ് വരുന്നത്…

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് അനുവും ജയസൂര്യയും വീട്ടില്‍ വന്നിരുന്നു. ജയസൂര്യയെപ്പോലെ എപ്പോഴും ചിരിച്ച, ആക്റ്റീവ് ആയ ഒരു വ്യക്തിക്ക് സത്യേട്ടന്റെ ഗൗരവമേറിയ ക്യാരക്റ്റര്‍ ഒരു ചലഞ്ച് തന്നെയായിരിക്കണം. വളരെക്കുറച്ച് മാത്രം സംസാരിക്കുന്ന, പൊട്ടിച്ചിരിയും സങ്കടവുമൊന്നും അധികം പുറത്തുകാണിക്കാത്ത ഒരു പ്രകൃതമായിരുന്നു സത്യേട്ടന്റേത്. ജയസൂര്യയാണെങ്കില്‍ നേരെ തിരിച്ചും. അവര്‍ക്ക് നോക്കി പഠിക്കാന്‍ അദ്ദേഹത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് പോലും എന്റെ കൈവശമുണ്ടായിരുന്നില്ല. എങ്കിലും, എല്ലാവരുമായി അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് സത്യേട്ടനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജയസൂര്യക്ക് സാധിച്ചു എന്നാണ് എന്റെ വിശ്വാസം.

അനുസിത്താരയാണ് സിനിമയില്‍ എന്നെ അവതരിപ്പിക്കുന്നത്. അവരെ സംബന്ധിച്ച് അത് അത്ര ബുദ്ധിമുട്ടേറിയതായിരിക്കില്ല. ഞാന്‍ ജീവനോടെയുള്ളത് തന്നെ കാരണം. വീട്ടില്‍ വന്നപ്പോള്‍ എന്റെ സംസാര ശൈലിയും ശരീര പ്രകൃതിയും കണ്ടു മനസ്സിലാക്കാന്‍ അനു ശ്രമിച്ചിരുന്നു. ‘ഞാന്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ’ എന്ന് അനു ചോദിച്ചപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും, നമ്മള്‍ തൊട്ടടുത്ത ജില്ലക്കാരാണ്, ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ മതിയെന്നുമാണ് ഞാന്‍ മറുപടി നല്‍കിയത്(അനു സിത്താര വയനാട് ജില്ലക്കാരിയാണ്). പിന്നെ അക്കാലത്തെ ഞങ്ങളുടെ വസ്ത്രധാരണ ശൈലിയും മുടിയുടെ നീളവുമെല്ലാം ഞാന്‍ അനുവുമായി പങ്കുവെച്ചിരുന്നു.

ഫുട്‌ബോളര്‍ എന്ന നിലയിലും ജീവിതപങ്കാളി എന്ന നിലയിലും സത്യനെക്കുറിച്ച് പറയുമ്പോള്‍…

ഫുട്‌ബോള്‍ എന്നത് അദ്ദേഹത്തിന്റെ സിരയിലുള്ളതായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകം. കളിയുടെ കാര്യത്തില്‍ ഒരിക്കലും അദ്ദേഹം വിട്ടുവീഴച്ച ചെയ്തിരുന്നില്ല. പതിനഞ്ചാം വയസ്സിലാണ് സത്യേട്ടന്‍ കളി സീരിയസായി കാണാന്‍ തുടങ്ങിയത്. ഒരുപാട് ഒന്നുമില്ലെങ്കിലും സത്യേട്ടനൊപ്പം കളി കാണാന്‍ ഞാനും പോയിരുന്നു. ഫുട്‌ബോളിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറില്ലായിരുന്നു എന്നതാണ് വാസ്തവം. വീട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം, കളി നിര്‍ത്തി പോലീസ് ജോലിയില്‍ മാത്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാവില്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം വളരെ ക്ഷുഭിതനായി മാറി. കളിയെച്ചൊല്ലിയുള്ള അത്തരം സംസാരങ്ങളിലെല്ലാം എനിക്ക് വഴക്ക് കേള്‍ക്കാറുണ്ടായിരുന്നു. ഫുട്‌ബോള്‍ മാറ്റി നിര്‍ത്തിയൊരു ജീവിതം അദ്ദേഹത്തിന് സങ്കല്‍പ്പിക്കാന്‍ സാധ്യമായിരുന്നില്ല. ഞങ്ങളുടെ വിവാഹത്തിന് മുന്‍പുതന്നെ ഫുട്‌ബോളര്‍ എന്ന നിലയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നുവെങ്കിലും ഞാന്‍ അറിയാന്‍ വൈകിയിരുന്നു. വിവാഹം കഴിഞ്ഞ ദിവസം ‘എനിക്കൊരു ആദ്യ ഭാര്യയുണ്ടെന്നും അവളെ ഞാന്‍ വളരെയേറെ സ്‌നേഹിക്കുന്നുണ്ടെന്നും’ അദ്ദേഹമെന്നോട് പറഞ്ഞു. അതെനിക്കൊരു ഷോക്ക് ആയിരുന്നെങ്കിലും ‘എന്റെ ആദ്യ ഭാര്യ ഫുട്‌ബോള്‍’ ആണെന്ന് അദ്ദേഹം പറഞ്ഞത് തുടങ്ങിയാണ് കാല്പന്തുകളിയോടുള്ള അദ്ദേഹത്തിന്റെ ലഹരി എനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചത്.

വ്യക്തിയെന്ന നിലയില്‍ സത്യേട്ടന്‍ ഒരു നല്ല ഭര്‍ത്താവും അച്ഛനുമായിരുന്നു. മകള്‍ക്ക് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. മകളോട് അങ്ങേയറ്റം വാല്‍സല്യമുള്ള പിതാവായിരുന്നു. എന്നോട് ചെറിയ കടുംപിടിത്തം കാണിക്കുമെങ്കിലും വളരെ സ്‌നേഹനിധിയായ ഭര്‍ത്താവ് തന്നെയായിരുന്നു. ബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്താനും എല്ലാവരും ഒരുമിച്ച് നില്‍ക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. സുഹൃത്ത് എന്നതിലുപരി സംരക്ഷണ മനോഭാവമുള്ള ഒരു ജ്യേഷ്ഠന്‍ എന്ന നിലയിലാണ് പലരിലും സ്വാധീനം ചെലുത്തിയിരുന്നത്. വിദൂരതയില്‍ എവിടെയോ ആണെങ്കിലും ഓര്‍മകളെല്ലാം ഇന്നും എന്നോടൊപ്പമുണ്ട്.

സത്യന്റെ മരണം?

ഒരിക്കലും അതൊരു ആത്മഹത്യയല്ല. അദ്ദേഹം മരണപ്പെടുമ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയതിലെ വൈരുദ്ധ്യമാണ് അദ്ദേഹത്തിനന്റേത് ആത്മഹത്യയെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം. അല്ലെങ്കില്‍ തന്നെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ഒരു ട്രെയിനില്‍ നിന്ന് എങ്ങനെയാണ് ഒരാള്‍ക്ക് ചാടി മരിക്കാന്‍ സാധിക്കുന്നത്?

മെന്റല്‍ ഡിപ്രഷന്‍ വളരെയധികം ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹം മരണപ്പെടുന്നത്. ഡിപ്രഷന്‍ ഉണ്ടായിരുന്നത് കൊണ്ടുതന്നെ ജീവിതത്തെ സംബന്ധിക്കുന്ന കത്തുകള്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കുന്ന പതിവും ഉണ്ടായിരുന്നു. ആത്മഹത്യയാണെന്ന് തെറ്റിദ്ധരിക്കപ്പെടാനുള്ള കാരണമായി അവയുംമാറി. ഒരു അപകട മരണമായിരുന്നു അതെന്നാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്.

സത്യേട്ടന്റെ വേര്‍പാട് എനിക്ക് വലിയ ഷോക്ക് ആയിരുന്നു. അബോധമായ കാലഘട്ടങ്ങളിലൂടെയായിരുന്നു തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഞാന്‍ കടന്നുപോയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലെ ജോലി വിഷമങ്ങളില്‍ നിന്നുള്ള എന്റെ ഒളിച്ചോട്ടമായിരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്താണ് പതിയെ ഞാന്‍ പ്രാക്ടിക്കല്‍ ലൈഫിലേക്ക് എന്റെ മനസ്സിനെ തിരിച്ചുകൊണ്ടുവന്നത്.

"</p

സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍

‘ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നതിലുപരി, നല്ല കഥയും ദൃശ്യാവിഷ്‌ക്കരണവും വഴി ‘ക്യാപ്റ്റന്‍’ അംഗീകരിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു ജീവിതചിത്രം അവതരിപ്പിക്കുമ്പോഴും സിനിമയെന്ന നിലയില്‍ സംവിധായകന്റേതായ തിരുത്തുകള്‍ അതില്‍ കടന്നുവന്നേക്കാം. ഒരു പ്രേക്ഷകയെന്ന നിലയില്‍ അതെല്ലാം ഞാന്‍ അംഗീകരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആത്മഹത്യ ചെയ്ത ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പലര്‍ക്കും താല്പര്യം. കളിക്കായി അദ്ദേഹം ചിലവഴിച്ച നല്ല നാളുകള്‍ പലരും ഓര്‍ക്കാറില്ല. അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയില്‍ അതില്‍ എനിക്കേറെ വിഷമമുണ്ട്. അത്തരം കുപ്രചരണങ്ങളെല്ലാം തിരുത്തിയെഴുതി യഥാര്‍ത്ഥ സത്യനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു സിനിമയായി ക്യാപ്റ്റന്‍ മാറട്ടെയെന്ന് ആശംസിക്കുന്നു.

ഭര്‍ത്താവിന്റെ മരണശേഷമാണോ ജീവിതകാലഘട്ടങ്ങളിലായിരുന്നോ ഇത്തരമൊരു ബയോപിക് ചിത്രീകരിക്കപ്പെടേണ്ടിയിരുന്നത്?

ഒരു സിനിമാപ്രേമി എന്ന നിലയില്‍ രണ്ടുമെനിക്ക് സ്വീകാര്യമാണ്. പ്രശസ്തി ആഗ്രഹിക്കാത്ത ഫുട്‌ബോളറായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് മറ്റു കളിക്കാരെപ്പോലെ കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കാതിരുന്നത്. എന്തിനേറെ, വിവാഹശേഷമാണ് അദ്ദേഹത്തിലെ പ്രതിഭയെ ഞാന്‍പോലും തിരിച്ചറിയുന്നത്.

ക്യാപ്റ്റന്‍ എന്ന സിനിമപോലും സത്യേട്ടന്റെ വിയോഗത്തിന്റെ നിന്ന് രൂപപ്പെടുന്നതാണ്. അതിനാല്‍ തന്നെ സന്തോഷങ്ങളെല്ലാം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ എനിക്ക് സാധിക്കാറില്ല. ചെറിയ ഭയത്തോടെയല്ലാതെ ക്യാപ്റ്റന്‍ എന്ന സിനിമ കാണാന്‍ എനിക്ക് സാധിക്കില്ല. ഞാനേറെ സ്‌നേഹിക്കുന്ന ബിഗ്‌സ്‌ക്രീനില്‍, ഇന്ന് എനിക്കൊപ്പമില്ലാത്ത എന്റെ ഭര്‍ത്താവിനെ കാണേണ്ടി വരുമ്പോഴുണ്ടാകുന്ന ആകാംക്ഷയും ആശങ്കയും ഒരേപോലെ ഉള്ളില്‍ നിറയുന്നുണ്ട്.’

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍