UPDATES

സിനിമാ വാര്‍ത്തകള്‍

‘മലയാള സിനിമയില്‍ റോള്‍ കിട്ടണമെങ്കില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടവരുണ്ട്’: പാര്‍വ്വതി

അവര്‍ക്ക് വഴങ്ങാത്തതുകൊണ്ടായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത്’-പാര്‍വ്വതി

മലയാള സിനിമയില്‍ അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുവരുണ്ടെന്ന് നടി പാര്‍വ്വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ടെന്നും വളരെ മുതിര്‍ന്ന താരങ്ങളില്‍ നിന്നൊക്കെ ഈ അനുഭവം ഉണ്ടായിട്ടുള്ളതെന്നും പാര്‍വ്വതി പറയുന്നു. അവര്‍ക്ക് വഴങ്ങാത്തതുകൊണ്ടായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത് എന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍വ്വതിയുടെ അഭിമുഖത്തില്‍ നിന്ന്-

‘മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. അത് പറയുന്നത് അത്ര ആശ്ചര്യകരമല്ല. നമ്മള്‍ അതു കേട്ട് ഞെട്ടേണ്ട ആവശ്യം പോലുമില്ല. അതൊരു യാഥാര്‍ഥ്യമാണ്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമൊന്നുമില്ല. ഒരു അവകാശം പോലെ, ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. എന്നാല്‍ തമിഴിലോ കന്നഡയിലോ ബോളിവുഡിലോ എനിക്കത് കേള്‍ക്കേണ്ടി വന്നിട്ടില്ല. കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടവരോട്, സോറി നിങ്ങള്‍ സിനിമയുമായി മുന്നോട്ട് പോകൂ എന്നാണ് പറയാറ്. മാന്യമായിട്ടല്ല ചോദിക്കുന്നത്. മാന്യമായിട്ട് നമ്മള്‍ മറുപടി പറയുന്നുവെന്നേയുള്ളൂ. അവരുടെ അവകാശം എന്ന രീതിയിലാണ് അവര്‍ ചോദിക്കുന്നത്. ഇപ്പോഴില്ല. ഒരിടത്ത് എത്തിച്ചേര്‍ന്നാല്‍ അത് വേണ്ടി വരില്ല. 

എന്നോട് സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചവരോട് സഹതാപമാണ്. അവര്‍ക്ക് അധികാരവും മൂല്യവും കിട്ടണമെങ്കില്‍ ഇത് വേണമെന്നാണ് അവര്‍ ചിന്തിക്കുന്നത്. പൗരുഷം എന്ന് പറയുന്നത് ഒരു സ്ത്രീയോട് ഇങ്ങനെ ചോദിക്കുന്നതാണ് എന്ന് കരുതുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. പത്ത് വര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയി. ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നു. ജീവിതം ഈസിയല്ല. ഞാന്‍ എപ്പോഴും നിവര്‍ന്നാണ് നിന്നിട്ടുള്ളത്. ജീവിതത്തിലെ ലക്ഷ്യം മന:സാക്ഷിക്കുത്തില്ലാതെ കിടന്നുറങ്ങണം എന്ന് മാത്രമാണ്.

ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അവരോട് പറഞ്ഞത് അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്നാണ്. അഭിനയിക്കാന്‍ ഇല്ലെങ്കില്‍ യൂണിവേഴ്സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. എല്ലാവരും പെണ്ണുങ്ങള്‍ ആയിട്ടാണ് കാണുന്നത്. വ്യക്തികളായിട്ടാണ് കാണേണ്ടത്.’

കണ്ണട വയ്ക്കുന്നത് ജാഡയ്ക്കാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. എനിക്ക് കണ്ണിന് പ്രശ്നമുണ്ട്. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി കാണാനാണ് ഇത് വയ്ക്കുന്നത്.  അഭിനയിക്കുമ്പോള്‍ ലെന്‍സ്‌ വയ്ക്കും. കണ്ണടയിലേക്ക് തിരികെ വരുമ്പോള്‍ ഞാന്‍ പാര്‍വതിയിലേക്ക് തിരികെ വരികയാണ്.

ചില ആളുകള്‍ ഹലോ പറഞ്ഞിട്ട് ഒരു നിമിഷം നമ്മളെ ഒരു നോട്ടമുണ്ട്. സ്‌കാന്‍ ചെയ്യുന്നത് നമുക്ക് അറിയാം. ഞാന്‍ എങ്ങനെയിരിക്കുന്നോ അത് എനിക്ക് ഓകെയാണ്. ഹെല്‍ത്തിയായിട്ട് ഇരുന്നാല്‍ മതി. 

ഞാന്‍ മറ്റുള്ളവരോട്  മാറാന്‍ പറയുന്നില്ലല്ലോ. ഞാന്‍ പറയുന്നതിന്റെ ലോജിക് എനിക്ക മാത്രമേ മനസിലാകൂ. റെസ്‌പെക്ടഫുള്‍, അനുകമ്പ ഒക്കെ നമ്മള്‍ വീട്ടില്‍ നിന്ന് പഠിക്കുന്നതാണ്. ജീവിതത്തില്‍ നിന്ന് പഠിക്കുന്നതാണ്.

ഞാനൊരു ഫെമിനിസ്റ്റാണ്. ഒരു സ്ത്രീ എന്തൊക്കെ ടാഗുകളിലാണ്. മകളാണ്, കാമുകി, ഭാര്യ, അമ്മൂമ്മ ഇങ്ങനെ ടാഗുകളാണ്. വ്യക്തിയെന്ന നിലയില്‍ പേടിയില്ലാതെ അവര്‍ക്ക് എന്നാണ് ജീവിക്കാന്‍ പറ്റുക എന്ന് സമീറ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റുമായിരുന്നു.

എന്നെ അടിച്ചിട്ടുണ്ട്. പിഞ്ചിയിട്ടുണ്ട്. മോളസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസു വരെ. സ്ത്രീകളോട് ഇന്നതൊക്കെ നടക്കാം എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. നിനക്ക് തന്നെ നിന്നെ പ്രൊട്ടക്ട് ചെയ്യാം എന്നു പറഞ്ഞു തന്നിട്ടില്ല.

സ്ത്രീകള്‍ ഇങ്ങനെയിരിക്കരുത് എന്നൊക്കെയാണ്. എനിക്ക് ഇരിക്കാന്‍ തോന്നുന്ന രീതിയില്‍ ഒന്നിരിക്കാന്‍ പഠിച്ചത് ഒരുപാട് കാലത്തിനു ശേഷമാണ്. വയ്യാതെ വരുമ്പോള്‍ കയ്യും കാലും വിടര്‍ത്തി ഒന്നു കിടന്നാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അങ്ങനെ കിടക്കാന്‍ പാടില്ലെന്ന് നമ്മളോട് പറഞ്ഞിട്ടുണ്ട്. അത് എവിടുത്തെ ന്യായമാണ്.

എന്റെ ചിരി മഹാ വൃത്തികേടാണ് എന്നു പറഞ്ഞിട്ടുണ്ട്. പൊട്ടിച്ചിരിക്കുമ്പോഴൊക്കെ. ഒരു കാര്യം, ഭംഗി വരുത്താനല്ല ഞാന്‍ ചിരിക്കുന്നത്. 

എട്ടു വയസുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കില്ല എന്നതിന്‍െ്‌റ യുക്തിയില്ലായ്മ എനിക്ക് പിടി കിട്ടുന്നില്ല. ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് ഒരു സമൂഹത്തിലെ ആളുകളെ പ്രതിനിധീകരിക്കുക എന്നതാണ്. അപ്പോള്‍ ഒമ്പതു വയസുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കുക എനിക്ക് പ്രശ്‌നമുള്ള കാര്യമല്ല. അത് വിശ്വസനീയമായി അഭിനയിക്കാന്‍ പറ്റണം. 

ലേഡി സുപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളി കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമില്ല. എനിക്കത്, സ്റ്റാര്‍ഡം മനസിലാകുന്നില്ല. അതെങ്ങനെ എന്നെ സഹായിക്കും. എനിക്ക് എന്റെ ജീവിതം ജീവിക്കണം.

എന്നെ മേളില്‍ കയറ്റി വയ്ക്കാനും ആരെയും അനുവദിക്കാറില്ല. താഴ്ത്താനും ആരെയും അനുവദിക്കാറില്ല. ഞാനും ഓഡിയന്‍സും തമ്മിലുള്ള ഏക ബന്ധം ആ കഥാപാത്രമാണ്. അതു കഴിഞ്ഞാല്‍ തീര്‍ന്നു. നമ്മളെ വിട്ടേരെ എന്നതാണ് എന്റെ നിലപാട്. ചിലര് വന്നു പറയും. ഇന്ന വേഷം നന്നായിട്ടുണ്ട് എന്നൊക്കെ. സന്തോഷം. ചിലരുണ്ട്. ചേച്ചീ ചേച്ചീ ഒരു ഫോട്ടോ എന്നൊക്കെ പറഞ്ഞത്. നീയെന്നോട് ചോദിച്ചോ, ഭക്ഷണം കഴിച്ചോ, എനിക്ക് സുഖമാണോ എന്ന്. ഞാനിത് ചിലരോട് ചോദിച്ചിട്ടുണ്ട്.

സിനിമ കാണുന്നത് ചാരിറ്റി അല്ലല്ലോ. ആസ്വാദനമാണ്. ഒരു എക്‌സ്പീരിയന്‍സ് ഉണ്ട് കാണുന്നവര്‍ക്ക്. അപ്പോള്‍ നമ്മുടെയും സ്‌പെയ്‌സ് മാനിക്കണം. അതു ബഹുമാനക്കുറവല്ല. അത് എന്റെ തീരുമാനമാണ്.

നമ്മള്‍ നടന്നു പോകുമ്പോള്‍ ഓരോന്നു പറയുന്നവരുണ്ട്. അവരുടെ അവകാശം പോലെ. അതൊരു നോര്‍മല്‍ പോലെ ആയിട്ടുണ്ട്. വര്‍ഷങ്ങളായി അത് നോര്‍മല്‍ എന്ന പോലെയാണ്. പല മുതിര്‍ന്ന ആളുകളും ഒക്കെ അങ്ങനെ ആയിരുന്നു. നമ്മള്‍ കൂടുതലായി എന്തെങ്കിലും പറഞ്ഞാല്‍ നമ്മളെ ഒന്ന് ടോണ്‍ ഡൗണ്‍ ചെയ്യാാനായി നമ്മുടെ ശരീരത്തെക്കുറിച്ച് പറയും. അതൊരു അധികാരമാണ്. അവര്‍ക്കത് സാധാരണ കാര്യമാണ്. അതുകൊണ്ടാണ് ആസിഡ് അറ്റാക് ഒക്കെ ഉണ്ടാകുന്നത്. ആ ഒരു പേടി എനിക്കുമുണ്ട്. ഒരിക്കലും റിലക്‌സഡ് അല്ല, ഞാന്‍ ഇറങ്ങി നടക്കുമ്പോള്‍. ഈ പറയുന്നത്  എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്.- പാര്‍വതി പറയുന്നു.

അവതാരകനായ മാത്തുക്കുട്ടിയോട് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആണുങ്ങളോടും ചോദിക്കേണ്ടത് പ്രധാനമാണ് എന്ന് പാര്‍വ്വതി പറഞ്ഞു. ധീരമായ ചോദ്യങ്ങള്‍ ചോദിക്കണം. അവര്‍ ചൂളുന്നതും കാണിക്കണം എന്നും അഭിമുഖത്തില്‍ പാര്‍വ്വതി പറയുന്നുണ്ട്. ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഭിമുഖം സംപ്രേഷണം ചെയ്തിരിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍