UPDATES

സിനിമ

ഇതാണ് പ്രിയ പ്രേക്ഷകരെ ഒരുമാതിരിപ്പെട്ട ചാനല്‍ അവാര്‍ഡ് നൈറ്റുകളുടെ പിന്‍കഥ

അവാര്‍ഡ് നിശകള്‍ അഥവ ചില ഒടിവിദ്യകള്‍

ഈ രഹസ്യം അംബുജാക്ഷന് പിടികിട്ടുന്നത് നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്! ഒരു പ്രമുഖ ചാനല്‍ വര്‍ഷാവര്‍ഷം നടത്തുന്ന അവാര്‍ഡ് വിതരണ ചടങ്ങിന്റെ ബാക്ക് സ്‌റ്റേജില്‍ യാദൃശ്ചികമായി എത്തപ്പെട്ടപ്പോള്‍. അവാര്‍ഡ് രഹസ്യങ്ങളെക്കുറിച്ച് മുന്നേ ചിലതൊക്കെ അറിയാമായിരുന്നെങ്കിലും മലയാളത്തിലെ ചാനല്‍-മാസിക പ്രസ്റ്റീജിയസ് അവാര്‍ഡ് നൈറ്റിനു പിന്നിലെ തിരക്കഥകള്‍ നേരിട്ടറിയാനുള്ള ഭാഗ്യം അന്നാണുണ്ടായത്. ഓരോ അവാര്‍ഡ് നൈറ്റും കളര്‍ഫുള്ളായിരിക്കും. നിറപ്പകിട്ടുള്ള താരങ്ങളെല്ലാം കൂടണഞ്ഞാലേ ചാനല്‍ പ്രതീക്ഷിക്കുന്ന കളര്‍ഫുള്‍നെസ് കിട്ടൂ. എങ്കിലേ പരിപാടി വിറ്റുപോകൂ, കാശുണ്ടാക്കാന്‍ പറ്റൂ. ഏതൊക്കെ താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞിട്ടാണ് സ്വര്‍ണ്ണക്കടക്കാരന്‍ തൊട്ട് അച്ചാറു കമ്പനിക്കാരന്‍ വരെ പരസ്യം കൊടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ രാജാക്കന്മാരെ തൊട്ട് രാജകുമാരന്മാരെ വരെ പരിപാടിക്കെത്തിക്കണം. അതത്ര എളുപ്പമല്ല. മിനിമം ഒരു അവാര്‍ഡെങ്കിലും കൊടുത്താലേ കാര്യമുള്ളൂ (കാശു വേണ്ടവര്‍ക്ക് അതുകൊടുക്കും). ബെസ്റ്റ് നടന്‍, മോസ്റ്റ് ബെസ്റ്റ് നടന്‍, പോപ്പുലര്‍ നടന്‍, ജനകീയനടന്‍ എന്നുവേണ്ട വായില്‍ തോന്നുന്ന പേരിലെല്ലാം അവാര്‍ഡ് കൊടുത്തുകളയും. പാവം പ്രേക്ഷന്റെ വിചാരം ഞങ്ങള്‍ വോട്ട് ചെയ്തവര്‍ക്കാണ് അവാര്‍ഡുകള്‍ കിട്ടുന്നതെന്നാണ്. കൂടുതല്‍ വോട്ട് കിട്ടി ജയിക്കുന്ന ഏര്‍പ്പാട് രാഷ്ട്രീയത്തിലെയുള്ളൂ, ഇവിടെയങ്ങനയല്ല. ഇത് ലൈന്‍ മറ്റൊന്നാണ്.

അവാര്‍ഡ് കൊടുക്കുന്ന ചാനലുകാര്‍ അല്ലെങ്കില്‍ മാസികക്കാര്‍ നമ്മുടെ സിനിമിക്കാരെ (നടീനടന്മാര്‍/സാങ്കേതിക പ്രവര്‍ത്തകര്‍) വിളിക്കും; നമ്മുടെ അവാര്‍ഡ് നൈറ്റ് ഇന്ന ദിവസാട്ടോ, എത്തിയേക്കണം, സാറിനാണ് മറ്റേ അവാര്‍ഡ് (പ്രോത്സാഹന സമ്മാനങ്ങള്‍ വേറെയുമുണ്ട്). സമ്മതം മൂളുന്നവരുടെ പേരില്‍ അവാര്‍ഡ് ഫിക്‌സ് ചെയ്യും. പക്ഷെ ചിലരുണ്ട്, വരാന്നു സമ്മതവും പറയും സമയാകുമ്പോള്‍ എത്തുകയുമില്ല. ഇങ്ങനത്തെ സന്നിഗ്ദ്ധാവസ്ഥയില്‍ മനസാന്നിധ്യം കൈവിടാതെ സംഘാടകകര്‍ പതിയെ കര്‍ട്ടന്‍ മാറ്റി സദസിനെ നോക്കൂം. ബെസ്റ്റ് സംവിധായകന്‍ എത്താന്‍ വഴിയില്ല. വേറെയാരുണ്ട്. മറ്റേ പുള്ളിക്കാരന്‍ വന്നിട്ടുണ്ടല്ലോ. എന്നാ പിന്നെ മറ്റേ പുള്ളിക്കാരന്റെ പേരുവെട്ടി ഇങ്ങേരുടെ പേരെഴുതഡേയ്… ഇതാണ് പ്രിയ പ്രേക്ഷകരെ ഒരുമാതിരിപ്പെട്ട ചാനല്‍ അവാര്‍ഡ് നൈറ്റുകളിലെ പിന്‍കഥ. അതല്ലെങ്കില്‍ അവര്‍ നല്‍കുന്ന അവാര്‍ഡുകളുടെ മാനദണ്ഡം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനു പിന്നാലെ ഒരു പ്രമുഖ മാസികയുടെ നേതൃത്വത്തില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ അംബുജാക്ഷന് പ്രത്യേകിച്ചൊന്നും തോന്നാതിരുന്നത് ഇതൊക്കെ കൊണ്ടാണ്. ആരാണ് നല്ല നടനെന്നും ഏതാണ് നല്ല സിനിമയെന്നും സ്വകാര്യ അവാര്‍ഡ് ദാതാക്കള്‍ തീരുമാനിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നു തിരിച്ചറിയുന്നവന് ഇതൊക്കെ കേട്ടാല്‍ എങ്ങനെ കുളിരുകോരാനാണ്!

ചാനല്‍ അവാര്‍ഡുകളുടെ ലക്ഷ്യം എന്താണെന്ന് അംബുജാക്ഷന് മാത്രമല്ല, അതൊരു സ്‌പോണ്‍സേഡ് പ്രോഗ്രാം ആണെന്നും കച്ചവടം മാത്രമാണ് ഇതിനുപിന്നിലുള്ള ലക്ഷ്യമെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. ആണ്ടുതോറും പ്രമുഖ ചാനലുകളും ഒന്നാം നമ്പര്‍ മാസികക്കാരുമൊക്കെ കൊണ്ടാടുന്ന അവാര്‍ഡ് മാമാങ്കത്തിന് കഴിവോ അര്‍ഹതയോ മാനദണ്ഡമാകാറില്ല. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലോ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലോ അങ്ങ് ദുബായിലോ, എവിടെയും നടത്തുന്ന അവാര്‍ഡ് നിശകളും ഒരു സ്‌റ്റേജ് പ്രോഗ്രാം മാത്രമാണ്. പരമാവധി ആളെക്കുട്ടാനും പരസ്യക്കാരെ പിടിക്കാനും വേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തുകൂട്ടി നടത്തുന്ന ഒരു പ്രോഗ്രാം. ഇഷ്ട താരങ്ങളെ കാണാം, അവരുടെ ആട്ടവും പാട്ടും കേള്‍ക്കാം, തമശകള്‍ ആസ്വദിക്കാം. ചുരുക്കി പറഞ്ഞാല്‍ ഒരു ബിഗ് ബഡ്ജറ്റ് കച്ചവട സിനിമ കാണുന്ന പ്രതീതി പ്രേക്ഷകന് നല്‍കും. അവിടെ നല്‍കപ്പെടുന്ന പുരസ്‌കാരങ്ങള്‍ക്കൊക്കെ എന്ത് വിലയുണ്ടെന്നത് ആലോചിച്ചാല്‍ മനസിലാകും. ചാനലിന്റെ കീശയില്‍ കാശു വീഴാനുള്ള ഏര്‍പ്പാടാണെന്ന് മൂന്നുനേരം ചോറുന്നുണ്ണവന്റെ കോമണ്‍സെന്‍സ് കൊണ്ട് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ. ഷാരുഖ് ഖാനും അമിതാഭ് ബച്ചനും വിജയ്ക്കും സൂര്യക്കും ധനുഷിനും കാര്‍ത്തിക്കുമൊക്കെ ഓരോരോ പേരില്‍ അവാര്‍ഡ് കൊടുക്കുന്നതിനു പിന്നിലും കച്ചവടമല്ലാതെ വേറെന്ത് താല്‍പര്യം? ഇവരെയൊക്കെ കാണാന്‍ ആളുകൂടും; അത് ഗ്രൗണ്ടിലാണെങ്കിലും ചാനലിനു മുന്നിലാണെങ്കിലും. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് അന്യഭാഷ സൂപ്പര്‍താരങ്ങളെ ഇറക്കുന്നതും.

ഇതൊന്നും അറിയാവത്തരോടാണ് അംബുജാക്ഷന് പറയാനുള്ളത്, നിങ്ങള്‍ വെറുതെ രോഷം കൊള്ളരുത്. കലയും കച്ചവടും രണ്ടാണ്. കച്ചവടത്തിന് കല ഉപയോഗിക്കുമ്പോള്‍ ഒടിയന്‍മാര്‍ക്കാണ് മാര്‍ക്കറ്റ് കൂടുതല്‍. കഥയോ തിരക്കഥയോ വേണ്ട സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റ് മാത്രം മതി ഒരു സൂപ്പര്‍ഹിറ്റ് സിനിമയ്‌ക്കെന്നു കരുതുന്നവര്‍ക്കിടിയില്‍ അവാര്‍ഡ് നിശകളും മാര്‍ക്കറ്റിംഗ് പര്‍പ്പസില്‍ നടത്തുന്നതില്‍ ഏനക്കേട് തോന്നേണ്ടതില്ലല്ലോ. പുരസ്‌കാരങ്ങള്‍ക്ക് അതിന് പൂര്‍ണമായി അര്‍ഹതപ്പെട്ടവരെ മാത്രം തെരഞ്ഞെടുത്താല്‍ മതിയെന്ന് ഈ ചാനലുകാരും മാസികക്കാരും തീരുമാനിക്കുന്നുവെന്നു കരുതുക. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മേഖലകളില്‍ നിന്നുള്ളവരെ തെരഞ്ഞെടുത്ത് അവരെ മാത്രം പങ്കെടുപ്പിച്ച് ഒരു അവാര്‍ഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചാല്‍ എത്രപേര്‍ ടിക്കറ്റ് എടുത്ത് പരിപാടി കാണാന്‍ വരും? എത്രപേര്‍ പരസ്യം തരും? ചാനലില്‍ വന്നാല്‍ എത്രമാത്രം കാഴ്ച്ചക്കാര്‍ ഉണ്ടാകും? കച്ചവടം പൊട്ടും, ഉറപ്പ്! ദീപസ്തംഭം മഹാശ്ചര്യം, നമുക്ക് കിട്ടണം പണം. അതാണ് ആത്പത്യവാക്യമെന്നിരിക്കേ, നമ്മുടെ അവാര്‍ഡ് നിശ പരാമവധി കളര്‍ഫുള്‍ ആക്കിയിരിക്കണം. അത് മാത്രമല്ല, പിറ്റേന്നത്തെ മാസികയുടെ കവറിലും താരസുന്ദരികളും രാജാക്കന്മാരും രാജകുമാരന്മാരുമൊക്കെ വരണമല്ലോ; അതുവഴിയും കാശ് കുറെ പോരുമേ…

ഇപ്പോഴീ സോഷ്യല്‍ മീഡിയ ഒരു വാച്ച് ഡോഗിനെ പോലെ ശല്യക്കാരനായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കുറച്ച് തന്ത്രങ്ങളൊക്കെ പയറ്റേണ്ടി വരുന്നുണ്ട്. ബാലന്‍സിംഗ് എന്നാണ് അതിനെ പറയേണ്ടത്. രാജാക്കന്മാരും റാണിമാരും മാത്രമായാല്‍, പഴയകാലം പോലെയല്ല, കൂക്കിവിളികളും കൊഞ്ഞനം കുത്തലുകളുമൊക്കെയുണ്ടാകും. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടിയത് വിനായകന് ആയിരുന്നു. ഇതേ വിനായകനെ തന്നെ തങ്ങളും മികച്ച നടനാക്കിയാല്‍ കാര്യം നടക്കില്ലെന്നു ചിന്തിച്ചാണ് ഏഷ്യാനെറ്റുകാര്‍ വേറെ ആളെ തപ്പിപ്പോയത്. അതിന്റെ പേരില്‍ ചാനലിന് ഒട്ടൊന്നുമല്ല സോഷ്യല്‍ മീഡിയയില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. ഇതു കഴിഞ്ഞായിരുന്നു വനിതയുടെ അവാര്‍ഡ് മാമാങ്കം വരുന്നത്. മനോരമയ്ക്കു മാധ്യമപ്രവര്‍ത്തനം മാത്രമല്ല, അതിലും നന്നായി ബിസിനസും അറിയാം. ഏഷ്യാനെറ്റിനു തോന്നാഞ്ഞ ബുദ്ധി വനിതയ്ക്കു തോന്നിയത് അതുകൊണ്ടാണ്. പരസ്യക്കാരെ മാത്രം വിചാരിച്ച് ഏഷ്യാനെറ്റ് പതിവു ചേരുവയില്‍ അവാര്‍ഡ് നിശ പുതുക്കിയവതരിച്ചപ്പോള്‍ വനിത പരസ്യക്കാരേയും പ്രേക്ഷകരേയും സോഷ്യല്‍ മീഡിയാക്കാരെയും ഒരുപോലെ കൈയിലെടുത്തുകൊണ്ടാണ് അവരുടെ സ്‌പോണ്‍സര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ചത്. അതിലവര്‍ ചേര്‍ത്ത പ്രധാന എസന്‍സ് വിനായകനു നല്‍കിയ പ്രത്യേക ജൂറി അവാര്‍ഡ് ആയിരുന്നു.(അതെ, കറുത്തവനാണ് വിനായകന്‍ ) ആളെണ്ണം നോക്കി അരിയിടുന്ന കലവറക്കാരണല്ലോ ഈ ചാനല്‍ അവാര്‍ഡു കമ്മിറ്റിക്കാര്‍. ആ കൂട്ടത്തില്‍ ഇത്തിരി ബുദ്ധികൂടും കോട്ടയത്തുകാര്‍ക്ക്…

ആരും നമ്മുടെ കച്ചവടത്തെ കുറിച്ച് കുറ്റം പറയാതാരിക്കാന്‍, ഇപ്പോള്‍ എല്ലാ ചാനലുകാരും പത്രക്കാരും മാസികക്കാരും അവരുടെ അവാര്‍ഡ് പ്രഖ്യാപനങ്ങളില്‍ പ്രേക്ഷക സമൂഹത്തിന്റെ അംഗീകാരം നേടിയ ചിലരെക്കൂടി ഉള്‍പ്പെടുത്തും. എന്തെങ്കിലുമൊക്കെ പേരില്‍ ഒരു അവാര്‍ഡ്. കച്ചവട ബ്രാന്‍ഡുകാര്‍ക്കിടയില്‍ ഇവര്‍ കൂടി വന്നുപോകുമ്പോള്‍ കാണുന്നവന് പിന്നെ കുറ്റമൊന്നും പറയാന്‍ പറ്റില്ലല്ലോ… എന്തെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ ആഗ്രഹിച്ചവര്‍ക്കും ഞങ്ങള്‍ അവാര്‍ഡുകള്‍ കൊടുത്തില്ലേ എന്നു തിരിച്ചു ചോദിക്കും.

ഇതൊന്നും മനസിലാകാത്തവരാണ്, ജയസൂര്യയ്‌ക്കെന്താ കൊടുക്കാഞ്ഞത്, സൗബിനെന്താ കിട്ടാഞ്ഞേ, ജോസഫ് ഇവരെന്താ കണ്ടില്ലേ, മേരിക്കൂട്ടി നല്ല സിനിമയല്ലേ എന്നൊക്കെ ചോദിച്ച് രോഷം കൊള്ളുന്നത്… ബിസിനസ് ആണ് ഹേ…ഇതെല്ലാം…ചാനലുകളും പത്രങ്ങളുമൊക്കെ എന്താ, സര്‍ക്കാര്‍ ഗ്രാന്‍ഡുകൊണ്ടു മാത്രം പ്രവര്‍ത്തിച്ചു പോരുന്നതാണന്നു കരുതിയോ!!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍