UPDATES

സിനിമ

മിനുങ്ങും മിന്നാമിനുങ്ങേ, ലൈലാകമേ, ഓലഞ്ഞാലിക്കുരുവീ… വിസ്മയിപ്പിക്കുകയാണ് ബി.കെ ഹരിനാരായണന്‍/അഭിമുഖം

‘നമുക്ക് നമ്മള്‍ ചെയ്യുന്ന ഒരു ആര്‍ട്ട്‌ഫോം കൊണ്ട് വേറൊരു രീതിയില്‍ പ്രതിരോധം എങ്ങനെ ഉണ്ടാക്കാം എന്ന ആശയത്തില്‍ നിന്നാണ് അയ്യന്‍ എന്ന ആല്‍ബം സംഭവിക്കുന്നത്’.

അനു ചന്ദ്ര

അനു ചന്ദ്ര

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ എന്ന സിനിമയ്ക്ക് ഗാനരചന നടത്തിക്കൊണ്ട് മലയാള സിനിമാരംഗത്തേക്ക് വന്ന ബി കെ ഹരിനാരായണന്‍ ഇന്ന് ചലച്ചിത്രമേഖലയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. പുലിമുരുകന്‍ സിനിമയിലെ തീം സോങ് അടക്കം നിരവധി ഗാനങ്ങള്‍ക്കാണ് വരികള്‍ എഴുതിയിരിക്കുന്ന ഹരിനാരായണന്‍ അനു ചന്ദ്രയുമായി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. 

ഹരിനാരായണന്റെ എഴുത്തുകളിലെല്ലാം ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. കുന്നംകുളത്തെ ഓര്‍മ്മകള്‍ക്ക് അത്ര മാധുര്യമുണ്ടോ?

സ്വാഭാവികമായും. ഞാന്‍ ജനിച്ചതും വളര്‍ന്നതും കുന്നംകുളം അക്കിക്കാവിനടുത്ത് കരിക്കാട് എന്ന നാട്ടിലാണ്. ഞാന്‍ ഇപ്പോഴും ജീവിക്കുന്നതും അവിടെയാണ്. അത് ഒരുപരിധിവരെ നാട്ടുമ്പുറം തന്നെയാണ് ഇപ്പോഴും. അത്തരത്തിലുള്ള ഒരു അന്തരീക്ഷമാണ് തരുന്നത്. എഴുത്തിനെ തീര്‍ച്ചയായും അത് സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ടല്ലെങ്കില്‍ കൂടിയും അതിന്റെ അംശങ്ങള്‍ എഴുത്തില്‍ തീര്‍ച്ചയായും കടന്നുവരും. വളരെ ആക്റ്റീവ് ആയിട്ടുള്ള മനുഷ്യരാല്‍, പല ജാതി, മതസ്ഥരാല്‍ നിറഞ്ഞ ഒരിടമാണ് കരിക്കാട്. അവിടെ എല്ലാവരും ഒരുമിച്ച് സഹകരിച്ചു ജീവിക്കുകയും, പരസ്പരം മനുഷ്യരായിട്ട് കാണുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പൂരം ആയാലും പെരുന്നാള്‍ ആയാലും മറ്റെന്ത് ചടങ്ങാണെങ്കിലും എല്ലാവരും ഒരുപോലെ സഹകരിച്ചു നില്‍ക്കും. അത്‌പോലെ ക്ലബ്ബ്, നാടകം, വായന തുടങ്ങി എല്ലാ വിധ സാധ്യതകളുമുണ്ട്. ഞാനൊക്കെ വളര്‍ന്നുവരുന്നത് അവിടത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബാലവേദിയിലൂടെയാണ്. അത്തരത്തില്‍ വളരെ പോസിറ്റീവായ ഒരു പരിസരമാണ് എന്റെ നാട് എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

ചെറുപ്പത്തില്‍ എഴുത്തിനെ കൂടുതല്‍ സ്വാധീനിച്ച പശ്ചാത്തലം എന്തായിരുന്നു?

ചെറിയച്ഛന്‍മാര്‍ നന്നായി വായിക്കുമായിരുന്നു. അവര്‍ കവിതയുമൊക്കെയായി ബന്ധപ്പെട്ടുള്ള ആളുകളായിരുന്നു. അക്കാലങ്ങളില്‍ ചെറിയച്ഛന്‍ വായിച്ച പുസ്തകങ്ങളിലെ സംഭാഷണങ്ങളും കാര്യങ്ങളുമെല്ലാം അദ്ദേഹം നമ്മുടെ അടുത്ത് പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു. അങ്ങനെയാണ് ആളുടെ സ്വഭാവം. അതില്‍ നിന്നാണ് ഞാന്‍ ഈ ഭാഷയെ കുറിച്ചുള്ള പുസ്തകങ്ങളെ കുറിച്ചറിയുന്നതും അല്ലെങ്കില്‍ വാക്കുമായൊക്കെയായുള്ള ബന്ധം ഉണ്ടാകുന്നതും. അതായിരിക്കാം എന്റെ വാക്കുകളോടുള്ള കണക്ഷന്‍ എന്നു തോന്നുന്നു.

കവിത തുളുമ്പുന്ന പാട്ടുകളാണ് താങ്കള്‍ രചിക്കുന്നവയെല്ലാം. കവിത കുറിച്ച കാലങ്ങള്‍/സാഹിത്യ പ്രേമിയായ ഒരു ഹരിനാരായണനെ കുറിച്ച്…

തീര്‍ച്ചയായും അത് അന്നും ഇന്നും എന്നും ഉള്ള ഒരു കാര്യമാണ്. പണ്ട് സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ എല്ലാം കവിത തെരഞ്ഞെടുക്കുന്ന സമയത്ത് ചെറിയച്ഛന്മാര്‍, ശങ്കരകുറിപ്പിന്റെയോ, വൈലോപ്പിള്ളിയുടെയോ ഒക്കെ പുസ്തകം തന്നിട്ട് പറയും നമ്മള്‍ നമ്മുടേതായ രീതിയില്‍ കവിതകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുക എന്ന്. അത്തരം കവിതയുടെ ഒരു വഴിയിലൂടെയാണ് ഞാന്‍ വന്നത്. വായനയ്ക്ക് പിന്നീട് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കില്‍ കൂടിയും ആ ഒരു പരിസരം തന്നെയാണ് മനസ്സിലുള്ളത്. അതുകൊണ്ടായിരിക്കാം അല്ലെങ്കില്‍ പഴയപാട്ടുകളെയൊക്കെ ഇഷ്ടപെടുന്ന ആള്‍ ആയതുകൊണ്ടായിരിക്കാം എഴുത്തുകളില്‍ കവിതകള്‍ കടന്നുവരുന്നത്.

കവിതയെഴുത്തില്‍ നിന്ന് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കില്ലര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരചയിതാവായി മലയാളസിനിമയില്‍ എത്തിപ്പെട്ട സാഹചര്യം?

സുഹൃത്തുക്കളുടെ ഒരു ബലമാണ് അതിനു പുറകില്‍ ഉണ്ടായിരുന്നത്. സിനിമയിലേക്കുള്ള വരവിനും പിന്നീടുള്ള തുടര്‍ യാത്രയ്ക്കും എല്ലാം സുഹൃത്തുക്കളുടെ ഒരു പിന്‍ബലമുണ്ട്. ഞാനാ സമയത്ത് എന്റെ സുഹൃത്തുക്കളുടെ ഒരു ആല്‍ബത്തിനുവേണ്ടി ഒരു പാട്ട് ചെയ്തിരുന്നു. അതറിഞ്ഞ എന്റെ മറ്റൊരു സുഹൃത്തും ബി ഉണ്ണികൃഷ്ണന്റെ സഹസംവിധായകനുമായ ജയകുമാര്‍ എന്നെ ബി ഉണ്ണികൃഷ്ണന്‍ സാറിന് പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്.

പാട്ടിന്റെ വരിയും, ഈണവും, ദൃശ്യങ്ങളും ഒരുപോലെ പ്രേക്ഷകരുടെ മനസുതൊടുക എന്നത് ഇക്കാലത്ത് വിരളമായി സംഭവിക്കുന്ന ഒന്നാണ്. ആ നിലക്ക് ‘ഓലഞ്ഞാലി കുരുവി’ എന്ന ഗാനം വലിയൊരു സക്‌സസ് ആയിരുന്നില്ലേ?

അത് ഒരു നല്ല പാട്ടായിരുന്നു. ഗോപി സുന്ദറാണ് എന്നെ അതിലേക്ക് എത്തിച്ചത്. എബ്രിഡ് ഷൈന്‍ ആയിരുന്നു ‘1983’ എന്ന ആ സിനിമയുടെ സംവിധായകന്‍. എബ്രിഡ് എന്ന് പറയുന്ന വ്യക്തിയുടെ ആദ്യ സിനിമയാണ് അത് എങ്കില്‍കൂടി അദ്ദേഹത്തിന്റെ കൃത്യമായ പ്രതിഭ സ്പര്‍ശമുള്ള വിഷ്വല്‍സും അതിന്റെ കാഴ്ചപ്പാടും ആയിരുന്നു അത്. അതിനനുസരിച്ചാണ് ഞാന്‍ എഴുതിയത്. അതില്‍ത്തന്നെ ഏറ്റവും വലിയ ഭാഗ്യം എന്നുപറയുന്നത് പി ജയചന്ദ്രനും വാണി ജയറാമും തന്ന ശബ്ദമാണ്. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട ശബ്ദമാണ് അവരുടേത്. നമ്മളെയെല്ലാം തൊടുന്ന ദൃശ്യം, സംഗീതം, ശബ്ദം തുടങ്ങിയവ എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ അതിനൊപ്പം ഈ വരികള്‍ക്കും ചെറിയ പങ്കു ഉണ്ടാകാം. അങ്ങനെയാണ് ആ പാട്ട് സംഭവിക്കുന്നത്. പിന്നെ ഗോപിസുന്ദറുമായുള്ള കൂട്ടുകെട്ട് ആരംഭിക്കുന്നതും ഓലഞ്ഞാലിക്കുരുവി എന്ന ഗാനത്തില്‍ നിന്നാണ്. പിന്നീട് ഞങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് നിരവധി ഗാനങ്ങള്‍ ചെയ്തു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ചില കടന്നുകയറ്റങ്ങള്‍ സംഭവിക്കാറുണ്ടോ സിനിമയില്‍?

അങ്ങനെയൊന്നുമില്ല. പിന്നെ തീര്‍ച്ചയായും സിനിമയ്ക്ക് സിനിമയുടേതായ ഒരു ചട്ടക്കൂട് ഉണ്ട്. നമ്മളവിടെ എഴുതുന്നത് ഒരിക്കലും നമ്മുടെ സ്വതന്ത്ര കവിതയല്ല. ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു കൂട്ടായ്മയുടെ ഭാഗമായിട്ടാണ് നമ്മളവിടെ എഴുതുന്നത്. അതിന് അതിന്റെതായ ചില രീതികളുണ്ട്. അല്ലാതെ ഒരു സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതൊന്നുമായി എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

ഈണത്തിനനുസരിച്ചു പാട്ടെഴുതുന്ന രീതി വ്യക്തിപരമായ രീതിയില്‍ എളുപ്പകരമാണോ?

രണ്ടു രീതികളാണ് ഉള്ളത്. വരിക്ക് ഈണമിടുക അല്ലെങ്കില്‍ ഈണമിട്ട ശേഷം വരി എഴുതുക. രണ്ടിലും നമ്മള്‍ ശ്രദ്ധിച്ചാല്‍ നല്ലതേ ഉണ്ടാകൂ. പഴയ കാലങ്ങളിലും നല്ല പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ടാകുന്നു.

പുതിയ ചില എഴുത്ത് ശൈലികളുടെ കടന്നുവരവില്‍ നിന്നാണോ എസ്രയിലെ ലൈലാകമേ എന്ന ഗാനവും ആ പദവും പിറവി കൊണ്ടത്?

അത് എന്റെ മാത്രം ഒരു ക്രെഡിറ്റല്ല. അവിടെ പുതിയൊരു പദം വേണമായിരുന്നു. അതില്‍ നാഗരിക സംസ്‌കാരം കാണിക്കുന്ന വിഷ്വലും മറ്റുമായിരുന്നു ആവശ്യം. ഒരു പുതിയ പദം എന്തു വരാം എന്ന് സംഗീതസംവിധായകന്റെയും മറ്റും ചര്‍ച്ചയില്‍ ഞാനും ഇടപെടുമ്പോള്‍ അങ്ങനെ ഒരു വാക്ക് കടന്നു വന്നു, ‘ലൈലാകമേ’. അത് ബോധപൂര്‍വം ‘ലൈലാകം’ എന്നെഴുതണം എന്നു വെച്ചു വന്നതല്ല. അത് അങ്ങനെ അങ്ങ് സംഭവിച്ചതാണ്. പിന്നെ ഈ ലൈലാകം എന്ന വാക്ക് എനിക്ക് കിട്ടിയത് സത്യത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് സാറിന്റെ ഒരു കവിതയില്‍ നിന്നാണ്. ‘ജലഗിത്താറിന്റെ ലൈലാകഗാനവും പ്രണയ നൃത്തം ചവിട്ടിയ പാതിരാതിരുവുകള്‍’ എന്നതില്‍ നിന്നാണ് ലൈലാകം എന്റെ ഉള്ളില്‍ കടന്നു കൂടിയത് എന്ന് ഞാന്‍ മനസിലാക്കുന്നു. അതിനെയാണ് ഒരു നാഗരികത ഫീല്‍ ചെയ്യാനായി പിന്നീട് ഞാന്‍ ഉപയോഗിക്കുന്നത്.

‘മിനുങ്ങും മിന്നാമിനുങ്ങേ’ പോലെയുള്ള ലാളിത്യമുള്ള വരികള്‍ക്കും അപ്പുറം പ്രണയാര്‍ദ്രമായ ഒരുപിടി നല്ല ഗാനങ്ങള്‍ നല്‍കി. അത്രയേറെ പ്രണയം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരാളാണോ താങ്കള്‍?

പ്രണയം എന്നു പറയുമ്പോള്‍, ഒരു പക്ഷേ എന്റെ ഉള്ളിലുള്ള പ്രണയത്തിനും അപ്പുറം പാട്ടുകളില്‍ വരുന്ന പ്രണയത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകളാണ് ഇവിടെ സംഭവിക്കുന്നത്. ആ സമയത്ത് ഞാന്‍ ഫോളോ ചെയ്യുന്നത് ആ പാട്ടിന്റെ സംഗീത സംവിധായകന്‍ നല്‍കുന്ന ഈണത്തില്‍ കിടപ്പുള്ള ഒരു പ്രണയത്തെയാണ്. പിന്നെ സംവിധായകന്‍ പറയുന്ന കഥയിലും കഥാപശ്ചാത്തലത്തിലും പ്രണയം ഉണ്ട്. അതിനെയൊക്കെ ഫോളോ ചെയ്യുകയാണ് ഞാന്‍ ചെയുന്നത്. പിന്നെ മിനുങ്ങും മിന്നാമിനുങ്ങേ പോലുള്ള സോങ്ങിന്റതായാലും അതിന്റെ ക്രെഡിറ്റ് അതിന്റെ സംഗീതസംവിധായകനും കൂടി അര്‍ഹത പെട്ട ഒന്നാണ്. ഒരു കൂട്ടായ്മയുടെ ഭാഗമായിട്ടാണ് അത് വരുന്നത്. അപ്പോഴാണ് നമുക്ക് വ്യത്യസ്തത അനുഭവപ്പെടുന്നത്. ഏതൊരു മനുഷ്യന്റെ ഉള്ളിലുള്ള പോലെ എന്റെ ഒരു പ്രണയം മാത്രമാണ് അവിടെ ചിത്രീകരിക്കുന്നത് എങ്കില്‍ അത് ഒരു ഏകതാന സ്വഭാവത്തില്‍ പോയേനെ. ഇത് അതില്‍ നിന്നും മാറിയിട്ട് വൈവിധ്യം അനുഭവപ്പെടുന്നതിന്റെ ക്രെഡിറ്റ് സംഗീത സംവിധായകനും കൂടിയാണ്.

‘ഋതുമതിയെ ആചാരമതിലിനാല്‍ തടയില്ല അയ്യന്‍’; കാലികപ്രസകതമായ വരികള്‍. എഴുത്ത് രാഷ്ട്രീയം കൂടിയാണോ?

തീര്‍ച്ചയായും. സാധാരണഗതിയില്‍ നമ്മള്‍ ചെയ്തുവരുന്നത് സിനിമയുടെ ഭാഗമായിട്ടാണ് പാട്ടിനെ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ നമുക്ക് നമ്മള്‍ ചെയ്യുന്ന ഒരു ആര്‍ട്ട്‌ഫോം കൊണ്ട് വേറൊരു രീതിയില്‍ പ്രതിരോധം എങ്ങനെ ഉണ്ടാക്കാം എന്ന ആശയത്തില്‍ നിന്നാണ് അയ്യന്‍ എന്ന ആല്‍ബം സംഭവിക്കുന്നത്. ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ആ ഒരു വിഷയത്തില്‍ സമാനമായ അഭിപ്രായം ഉള്ള ഒരാളാണ് ബിജിപാല്‍ ചേട്ടന്‍. അദ്ദേഹം അങ്ങനെ ഒരു ആശയം മുന്നോട്ടു വയ്ക്കുകയും, എനിക്കതില്‍ യോജിപ്പുള്ളത് കൊണ്ടും ഞങ്ങള്‍ ചേര്‍ന്ന് അങ്ങനെ ഒരു ആല്‍ബം ചെയ്തു.

നമ്മള്‍ മറ്റൊരു രീതിയില്‍ ഉപയോഗിക്കുന്ന കലയെ ഉപയോഗിച്ചുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ പ്രതിരോധം അല്ലെങ്കില്‍ ഒരു രാഷ്ട്രീയ മൊഴി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലിലേക്ക് പണം സ്വരൂപിക്കാന്‍ മ്യൂസിക് ആല്‍ബം ചെയ്തതും ഇതേ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ്. ഒരു പാട്ട് കമേഴ്സ്യല്‍ ആയി യൂ ട്യൂബില്‍ വന്നാല്‍ ഒരു റെവന്യൂ കിട്ടും. പാട്ടിലൂടെ ഒരു സ്വാന്തനം എന്നതിനപ്പുറത്തേക്ക് ആ റെവന്യൂവിനെ കണ്‍വേര്‍ട്ട് ചെയ്യുക എന്നുള്ളതായിരുന്നു അതിന്റെ ഒരു ഉദ്ദേശം. അതിനു പലരും സഹകരിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടമാക്കാന്‍ ഭയന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികളായ പ്രണയിനികളുടെ കഥ പറയുന്ന ചാരുലതയിലെ അഭിനയത്തെ പറ്റി?

ഞാന്‍ പാട്ട് എഴുതുമ്പോള്‍ അല്ലെങ്കില്‍ ഒരു വരി എഴുതുമ്പോള്‍ എനിക്ക് ലഭിക്കുന്ന ഒരു ഗ്രിപ്പ് ഉണ്ട്. അപ്പോഴാണ് നമുക്ക് നമ്മളെ കൂടുതല്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത്. ഞാന്‍ ആദ്യമായിട്ടാണ് അത്തരത്തില്‍ ചാരുലത പോലെ ഒരു വര്‍ക്ക് ചെയ്യുന്നത്. ആ സമയത്തു ക്യാമറയ്ക്ക് മുമ്പില്‍ വളരെ സങ്കോചത്തോടെ കൂടിയാണ് ഞാന്‍ നിന്നത്. എന്നെ ആവിഷ്‌കരിക്കാന്‍ പറ്റിയെന്ന് പോലും പലപ്പോഴും എനിക്ക് തോന്നിയില്ല. ഒരുപാട് ടേക്കുകളില്‍ നിന്നൊക്കെയാണ് അവര്‍ ഓരോന്നും എടുത്തത്. ബിജിപാല്‍ ചേട്ടന്‍, ശ്രുതി, സുധീപ് ഇവരൊക്കെയായുള്ള സൗഹൃദത്തിന്റെ ഭാഗമായി സംഭവിച്ച ഒന്നാണ് ചാരുലത. ഒരു കൗതുകത്തോടെയാണ് ഞാനതിലേക്ക് വന്നത്. പലരും അതില്‍ നല്ല അഭിപ്രായങ്ങള്‍ പറയുന്നു, ചിലര്‍ എന്റെ കുഴപ്പങ്ങളെക്കുറിച്ച് പറയുന്നു പക്ഷെ ഞാന്‍ അത് ഒരു ആത്മവിശ്വാസത്തോടുകൂടി ചെയ്ത ഒന്നല്ല. അതുകൊണ്ടുതന്നെ അഭിനയത്തില്‍ എന്നെ ആവിഷ്‌കരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.

സൃഷ്ടികളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം?

ഓരോ പാട്ട് എഴുത്തും, ഓരോ പാട്ടിനെ സമീപിക്കുന്നതും നല്‍കുന്നത് ഓരോ പാഠങ്ങളാണ്, ഓരോ അനുഭവങ്ങളാണ്. ആ നിലയ്ക്ക് എന്റെ എല്ലാ രചനകളിലും തീവ്രമായി എന്റെ മനസ്സും സാഹചര്യങ്ങളും അര്‍പ്പിച്ചു തന്നെയാണ് ഇടപെടല്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എല്ലാ പാട്ടും പ്രിയപ്പെട്ടതാണ്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍