എന്തിനായിരുന്നു മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കിയത്?
‘റൊമ്പദൂരം പോയിട്ടയാ റാം….’ ജാനുവിന്റെ ഹൃദയവേദനയോടെയുള്ള ഈ ചോദ്യം ആവര്‍ത്തിക്കാത്തവരായി നമ്മളിലെത്ര പേര്‍ കാണും! റാമിനോടുള്ള പ്രണയത്തിന്റെ, നഷ്ടവേദനയുടെ, അല്‍പ്പായുസെങ്കിലും അനുഭവിച്ച സന്തോഷത്തിന്റെ; വൈകാരികത കലര്‍ന്ന ജാനുവിന്റെ ഓരോ വാക്കുകളും മൂളലുകളും നമ്മളിലിപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അത് തൃഷയെന്ന അഭിനേത്രിയുടെ മിടുക്ക് മാത്രമല്ല, ചിന്മയി ശ്രീപാദ എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ മികവ് കൂടിയാണ്. തമിഴ് സിനിമയിലെ മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഗായിക എന്ന നിലയിലും നമ്മുടെ(96 ലെ ഗാനങ്ങളില്‍ അധികവും ചിന്മയി തന്നെയാണ് പാടിയിരിക്കുന്നതും) ഇഷ്ടം നേടിയെടുത്ത ചിന്മയി. തൃഷ, നയന്‍താര, സമാന്ത, അനുഷ്‌ക ഷെട്ടി, പ്രിയങ്ക ചോപ്ര, അമല പോള്‍, തമന്ന, കാജള്‍ അഗര്‍വാള്‍, ആമി ജാക്‌സന്‍; തുടങ്ങിയ മുന്‍നിര നായികമാരെല്ലാം സംസാരിച്ചിട്ടുണ്ട് ചിന്മയിയുടെ ശബ്ദത്തില്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഏറ്റവും നിരാശാഭരിതമായൊരു വാര്‍ത്ത 96 ലെ ജാനുവിന് ശേഷം മറ്റൊരു നായികയും ചിന്മയിയുടെ ശബ്ദത്തില്‍ സംസാരിക്കുകയില്ലെന്നാണ്. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിന്നും ചിന്മയിയെ പുറത്താക്കിയിരിക്കുന്നു. യൂണിയനില്‍ അംഗമല്ലാത്തൊരാള്‍ക്ക് തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ചിന്മയിക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമകള്‍ കിട്ടില്ല.
എന്തിനായിരുന്നു മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കിയത്? രണ്ടു വര്‍ഷത്തെ അംഗത്വ കുടിശ്ശികയാണ് കാരണമായി ഡബ്ബിംഗ് യൂണിയന്‍ പറയുന്നത്. കുടിശ്ശിക വിവരം പറഞ്ഞ് ഇക്കാലത്തിനിടയില്‍ ഒരു നോട്ടീസ് പോലും തനിക്ക് അയച്ചില്ലെന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് വിവരം നല്‍കുകയോ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം തരികയോ ചെയ്യാതെയാണ് ഈ പുറത്താക്കല്‍ എന്നു ചിന്മയി പറയുന്നിടത്താണ് ഒരു പ്രതികാര നടപടിയായി ഇത് മാറുന്നത്.
ഗായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ മാത്രമല്ല, കഴിഞ്ഞ കുറച്ചു നാളുകളിലായി തമിഴ് സിനിമാലോകത്ത് ചിന്മയിയുടെ പേര് ചര്‍ച്ചയാകുന്നത്; വിവാദങ്ങളിലൂടെയാണ്. അതിന്റെ തുടക്കം സുചി ലീക്‌സ് എന്ന പേരില്‍ ചര്‍ച്ചയായ ഗായിക സുചിത്രയുടെ ട്വീറ്റുകളോടെയായിരുന്നു. സുചിത്രയയുടെ പേരില്‍ പുറത്തു വന്ന ട്വീറ്റുകള്‍ തമിഴ് സിനിമയില്‍ നടക്കുന്ന ലൈംഗിക അരാജകത്വങ്ങള്‍ വെളിപ്പെടുത്തുന്നവയായിരുന്നു. തമിഴ് സിനിമയിലെ മുന്‍നിര നായിക/നായകന്മാര്‍, ഗായകര്‍, സംഗീത സംവിധാകര്‍, ചാനല്‍ അവതാരകര്‍ എന്നിവരെക്കുറിച്ചെല്ലാം വെളിപ്പെടുത്തലുകള്‍ വന്നു. പലരുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നു. ധനുഷ്, അനിരുദ്ധ്, അമല പോള്‍, ആന്‍ഡ്രിയ ജെര്‍മിയ, തൃഷ, അവതാരിക ദേവദര്‍ശനി, നിവേദിത പോതുരാജ് എന്നിവരുടെയെല്ലാം സ്വകാര്യ ചിത്രങ്ങളുടെ കൂട്ടത്തില്‍ ചിന്മയിയുടെ ചിത്രങ്ങളും സുചിത്രയുടെ ട്വിറ്ററില്‍ നിന്നും പുറത്തു വന്നിരുന്നു. ധനുഷും സംഘവും ചേര്‍ന്ന് തന്നെ പീഢിപ്പിച്ചെന്നും കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു സുചിത്ര, താനീ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനു കാരണമായി പറഞ്ഞത്. ഇത് വലിയ വിവാദത്തിനു വഴിവച്ചതോടെ സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് രംഗത്ത് വരികയും സുചിത്രയുടെ ട്വിറ്റര്‍ അകൗണ്ട് ആരോ ഹാക്ക് ചെയ്താണെന്നും വിശദികരിച്ചു. സുചിത്ര മാനസികമായി ശരിയല്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നും ആവശ്യപ്പെട്ട് കാര്‍ത്തിക് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുകയും ഇരുവരും അമേരിക്കയിലേക്ക് പോവുകയും ചെയ്തു. സുചിലീക്‌സ് വിവാദങ്ങള്‍ക്ക് ശമനം വന്നെങ്കിലും ചിന്മയിയുടെ പേര് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ മോശമായ രീതിയില്‍ വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു.തനിക്കെതിരേയുള്ള വാര്‍ത്തകളില്‍ ഒട്ടും വാ്‌സ്തവമില്ലെന്ന് ചിന്മയി ആവര്‍ത്തിച്ചു പറഞ്ഞിട്ടുപോലും.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ ഉയരുന്ന അപവാദങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ചിന്മയി രംഗത്തു വന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതരേ സോഷ്യല്‍ മീഡിയ കാമ്പയിനിംഗ് ആരംഭിച്ച ചിന്മയിക്ക് വലിയ പിന്തുണയാണ് കിട്ടിയത്. സോഷ്യല്‍ മീഡിയയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന സംഘടിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്, തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ പരാതി ഫയല്‍ ചെയ്തു. ആ പരാതിയില്‍ ചിന്മയി പറഞ്ഞിരുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്ര ക്രൂരമായാണ് സ്ത്രീകളെ വേര്‍ബല്‍ പീഡനങ്ങള്‍ക്ക് ഇരകളാകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു.(നിന്നെ ബലാത്സംഗം ചെയ്യും, മുഖത്ത് ആസിഡും ഒഴിക്കും; അതാണവരുടെ ഭീഷണി) തനിക്ക് നേരേ ഉയരുന്ന ആക്ഷേപങ്ങള്‍ക്കും അപമാനങ്ങള്‍ക്കും എതിരേ ശക്തമായി പ്രതികരിക്കാന്‍ ചിന്മയി മടി കാണിച്ചില്ല. തന്റെ കാര്യത്തില്‍ മാത്രമല്ല, സമാനമായ രീതിയില്‍ ഇരകളായവര്‍ക്കെല്ലാം ഒപ്പം നില്‍ക്കാനും അവര്‍ക്കു വേണ്ടി സംസരിക്കാനും ചിന്മയി തയ്യാറായി. നിരവധി പേര്‍, സനിമലോകത്ത് നിന്നുള്‍പ്പെടെ ഇതിന്റെ പേരില്‍ ശത്രുപക്ഷത്തായെങ്കിലും ചിന്മയി തന്റെ നിലപാടുകളില്‍ തന്നെ മുന്നോട്ടു പോയി.
ഈ ധൈര്യം തന്നെയാണ് മീ ടു കാമ്പയിന്‍ കാലത്ത് ചിന്മയിയെ തമിഴ് സിനിമാലോകത്തെ പിടിച്ചു കുലുക്കിയൊരു വെളിപ്പെടുത്തലിന് തയ്യാറാക്കിയതും. എല്ലാവരും ആദരവോടെ മാത്രം കണ്ടിരുന്ന, കാലങ്ങളായി തമിഴ് സിനിമലോകത്ത് നിറഞ്ഞു നില്‍ക്കുന്ന, ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്നെ ബഹുമാനം നേടിയെടുത്ത സാക്ഷാല്‍ കവിയരസന്‍ വൈരമുത്തുവിനെതിരേയായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തല്‍. വൈരമുത്തുവിന്റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പുറത്തു പറയാന്‍ പോവുകയാണെന്ന് തീരുമാനം എടുത്തപ്പോള്‍ തന്നെ പിന്തരിപ്പിക്കാനും നിശബ്ദയാക്കാനുമാണ് പലരും ശ്രമിച്ചതെന്നും അവരെ അവഗണിച്ച്, പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിട്ടു തന്നെയാണ് അദ്ദേഹത്തില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പുറത്തറിയിച്ചതെന്നും ചിന്മയി പറയുന്നിടത്താണ് അവരുടെ ധൈര്യം പ്രശംസിക്കപ്പെടുന്നത്. സിനിമരംഗത്ത് തിരക്കുള്ള ഒരു ഗായികയായിരുന്നിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെ ചിന്മയി നടത്തിയ ഈ തുറന്നു പറച്ചലില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന നടന്‍ സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു. വൈരുമുത്തുവിനെ പോലൊരാള്‍ക്കെതിരേ സംസാരിച്ച് തമിഴ് സിനിമയില്‍ പിടിച്ചു നില്‍ക്കുക അസാധ്യം തന്നെയാണെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞുവച്ചത്. സാമാനരീതിയില്‍ ഇരകളക്കപ്പെട്ടവര്‍ പോലും തങ്ങള്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കുമെന്ന ഭയത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ മൂടിവയ്ക്കുന്നതിനിടയിലാണ് ചിന്മയി അവര്‍ക്കൊരു അപവാദമായത്. വ്യാജാരോപണങ്ങള്‍ ഉയര്‍ത്തി വൈരുമുത്തുവിനെ അപമാനിക്കുകയായിരുന്നില്ല ചിന്മയി ചെയതെന്ന് ബോധ്യമാകാന്‍ അധികദിവസങ്ങള്‍ എടുത്തില്ല. ചിന്മയിക്കു പുറമെ വേറെയും സ്ത്രീകള്‍ വൈരമുത്തുവിനെതിരേ രംഗത്തു വന്നു. എ ആര്‍ റഹ്മാന്റെ സഹോദരി എ ആര്‍ റയ്ഹാനയും വൈരമുത്തുവില്‍ നിന്നും മോശം അനുഭവം ഏല്‍ക്കേണ്ടി വന്നുവെന്ന് നിരവധി പെണ്‍കുട്ടികള്‍ തന്നോട് പരാതിപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കി. തന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ സൃഷ്ടിച്ച വൈരമുത്തിവിനെതിരേയുള്ള പരാതികള്‍ സത്യമെന്ന് റഹ്മാനുപോലും ബോധ്യമായി. വൈരമുത്തു എന്ന വിഗ്രഹം ചിന്മയി ഉടച്ചു. പക്ഷേ, ചിന്മയി സ്വയം ഒരു വിവാദകഥാപാത്രമായി തീരാനും ഈ സംഭവങ്ങള്‍ കാരണമായി. ചിന്മയിക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച എ ആര്‍ റഹ്മാന്‍ അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതിനു പിന്നിലും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നൊരാള്‍ എന്ന ന്യൂനതയായിരുന്നു.
ഏറ്റവും ഒടുവില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും പുറത്താക്കപ്പെട്ടതിനുള്ള കാരണവും ചിന്മയിയുടെ നിലപാടുകളും പ്രതികരണങ്ങളും തന്നെയാണ്. മീ ടു വെളിപ്പെടുത്തലിന് വിധേയനായ, വൈരമുത്തുവിനെപോലെ തമിഴ് സിനിമ ലോകത്തെ പ്രധാനിയായ രാധ രവിയാണ് ഡബ്ബിംഗ് യൂണിയന്റെ പ്രസിഡന്റ്. ചിന്മയിയുടെ പുറത്താക്കലിനു പിന്നിലെ യഥാര്‍ത്ഥ താതപര്യം എന്താണന്നു വ്യക്തമാക്കുന്നതും രാധ രവി എന്ന പേരാണ്. രാധ രവിക്കെതിരേ ഉണ്ടായ ആരോപണങ്ങള്‍ മീ ടൂ കാമ്പയിന്റെ ശക്തയായ വക്താവ് എന്ന നിലയില്‍ ചിന്മയി പിന്തുണയ്ക്കുകയും ഇരയോടൊപ്പം നിന്ന് ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. തമിഴ് സിനിമയില്‍ കാര്യമായ സ്വാധീനമുള്ള ഒരാളായ രാധ രവി തന്നെയാണ് ഡബ്ബിംഗ് യൂണിയന്റെ പ്രസിഡന്റ് എന്നതു കൂടി കൊണ്ട്, തന്റെ നിലപാടുകള്‍ തനിക്ക് എങ്ങനെ തിരിച്ചടിയാകുമെന്ന് ചിന്മയി മുന്‍കൂട്ടി കണ്ടിരുന്നു. ഒക്ടോബര്‍ ഒമ്പതിന് ചെയ്ത ഒരു ട്വീറ്റില്‍ ചിന്മയി അത് പറയുകയും ചെയ്തു; ഡബ്ബിംഗ് യൂണിയന്റെ തലപ്പത്ത് അദ്ദേഹമാണ്, എന്റെ ഡബ്ബിംഗ് കരിയറില്‍ പുക മൂടുന്നത് എനിക്ക് കാണാം’. ഈ മുന്‍ധാരണ ശരിയായി മാറിയിരിക്കുന്നു ചിന്മയിക്ക്.
സിനിമയിലെ തുറന്നു പറച്ചിലുകളും പ്രതിരോധങ്ങളും എങ്ങനെ സ്ത്രീ ചലച്ചിത്ര പ്രവര്‍ത്തകരെ തൊഴില്‍പരമായി ഇല്ലായ്മ ചെയ്യാനുള്ള കാരണമായി തീരുമെന്നത് മലയാളത്തില്‍ നാം കണ്ടതാണ്. മലയളാത്തില്‍ മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെയത് ആവര്‍ത്തിക്കുന്നു. തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരെ ഇല്ലാതാക്കി കളയുന്ന ആണ്‍മേധാവിത്വത്തിന്റെ ഇര തന്നെയാണ് ചിന്മയിയും. തൊഴില്‍ നിഷേധം എന്ന മൗലികാവകാശ ലംഘനത്തിന്റെ ഇരയായി മാറിയ ചിന്മയിക്കു വേണ്ടി എത്രപേര്‍ ആ സിനിമരംഗത്തു നിന്നു വരുമെന്നറിയില്ല. തനിക്കിനിയും ഒരു സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്യാന്‍ കഴിയുമോയെന്നും യൂണിയനില്‍ അംഗത്വം തിരിച്ചു കിട്ടുമോയെന്നും അറിയില്ലെന്നാണ് ചിന്മയി പറയുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി പോരാടാന്‍ ധൈര്യം കാണിച്ച ആ സ്ത്രീക്ക് നീതി കിട്ടാന്‍ അവരോടപ്പം നില്‍ക്കാന്‍ ആരെങ്കിലുമൊക്കെ തയ്യാറായാല്‍ മാത്രമെ, ചിന്മയിയുടെ ശബ്ദം നമുക്ക് ഇനിയും ആസ്വദിക്കാന്‍ കഴിയൂ…അല്ലെങ്കില്‍! പക്ഷേ, ഇതൊരു ചിന്മയില്‍ മാത്രം ഒതുങ്ങി തീരില്ലെന്നു കൂടി തിരിച്ചറിയണം.