UPDATES

സിനിമാ വാര്‍ത്തകള്‍

അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക്

അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്

നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് വരുന്നതായി റിപോര്‍ട്ടുകള്‍ പുറത്തു വരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രം മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്. നേരത്തെ മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ സഹ നടന്‍ ആയും മറ്റും ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് വിക്രം. രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് വിക്രം ഇപ്പോള്‍. കമലഹാസന്‍ ട്രിഡന്റ് ആര്‍ട്സുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക് ആണ്. ഇത് കൂടാതെ ആര്‍ എസ് വിമല്‍ ഒരുക്കാന്‍ പോകുന്ന മഹാവീര്‍ കര്‍ണ്ണ എന്ന ചിത്രത്തിലും വിക്രം ആണ് നായകന്‍.

നേരത്തെ ധ്രുവം, മാഫിയ, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങീ പത്തോളം മലയാള സിനിമകളിൽ വിക്രം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ ഇപ്പോള്‍ ചെയ്യുന്നത്.  കരിയറില്‍ അന്‍വര്‍ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചര്‍ ഫിലിം ആണ് ട്രാന്‍സ്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം ജാക്സണ്‍ വിജയന്‍, കലാസംവിധാനം അജയന്‍ ചാലശേരി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസിനെത്തിയേക്കും. അന്‍വര്‍ ഒരുക്കിയ നാലു ചിത്രങ്ങളും വമ്പന്‍ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങള്‍ ആണ്. 2 അന്തോളജി സിനിമകളില്‍ ആയി 2 ഹൃസ്വ ചിത്രങ്ങളും അന്‍വര്‍ റഷീദ് ഒരുക്കിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും അന്‍വര്‍ റഷീദ് ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍