UPDATES

സിനിമ

ചങ്ക്‌സ്; വര്‍ത്തമാനകാല യൗവ്വനത്തിന്റെ പകര്‍ത്തല്‍

ചങ്ക്‌സ് ഒരിക്കലും അതിഭീകര സിനിമയോ, അഡള്‍ട്ട് ജോക്കുകള്‍ മാത്രം കുത്തിനിറക്കപ്പെട്ട ദുരന്ത സൃഷ്ടിയോ അല്ല

അനു ചന്ദ്ര

അനു ചന്ദ്ര

മലയാള സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ വലിയൊരു സര്‍പ്രൈസ് ഹിറ്റ് ഒരുക്കിയാണ് സംവിധായകന്‍ ഒമര്‍ ലുലു ശ്രദ്ധേയനാകുന്നത്. ഹാപ്പി വെഡിംഗ് എന്ന ആദ്യ ചിത്രം സൂപ്പര്‍ താരങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെയാണ് സംവിധായകന്‍ ഒരു വിജയചിത്രമാക്കിയത്. ഹാപ്പി വെഡിംഗിന്റെ വിജയത്തിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ചങ്ക്‌സ് ആകട്ടെ തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടി ഓടുന്നു. പക്ഷേ ഇത്തവണ ചിത്രത്തിന്റെ വിജയത്തെക്കാള്‍ വിമര്‍ശനങ്ങളാണ് സംവിധായകന്‍ നേരിടുന്നത്. ദ്വായാര്‍ത്ഥ പ്രയോഗം, അശ്ലീലത, സ്ത്രീ വിരുദ്ധത എന്നിങ്ങനെ പലവിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും സംവിധായകനും സിനിമയും കുത്തുവാക്കുകള്‍ കേള്‍ക്കുന്നു.

ഫണ്‍ ട്രീറ്റ്‌മെന്റിലൂടെ യുവത്വത്തിന്റെ കഥ പറയുന്ന ചങ്ക്‌സ് എഞ്ചിനീയറിംഗ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പെണ്‍ സാന്നിധ്യമില്ലാത്ത മെക്കാനിക്കല്‍ ബാച്ചിലേക്കും അവിടത്തെ വിദ്യാര്‍ത്ഥികളും നാല്‍വര്‍ സംഘങ്ങളുമായ റൊമാരിയോ (ബാലു വര്‍ഗീസ്) യൂദാസ് (വിശാഖ്) റിയാസ് (ഗണപതി) ആത്മാവ് (ധര്‍മ്മജന്‍) ഇവര്‍ക്കുമിടയിലേക്ക് എത്തുന്ന റിയ എന്ന പെണ്‍കുട്ടിയില്‍ നിന്നുമാണ് കഥ പറഞ്ഞു പോകുന്നത്. പുതിയ കാലത്തിന്റെ ചെറുപ്പക്കാരെന്ന നിലയ്ക്ക്, യുവത്വത്തെ പ്രതിനിധാനം ചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞു പോകാന്‍ സ്ത്രീ വിരുദ്ധതയും, മനുഷ്യ വിരുദ്ധതയും, റേസിസവും ഉപയോഗപ്പെടുത്തിയ രീതിയെ പ്രേക്ഷകര്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നത് കാണുമ്പോള്‍ തന്നെ, വര്‍ത്തമാന കാലത്തിന്റെ ചിന്തകള്‍, ട്രെന്റുകള്‍, രാഷ്ട്രീയം തുടങ്ങി ഫ്രീക്ക് യൗവ്വനത്തിന്റെ തനതായ പകര്‍ത്തലുകളെ സംവിധായകന്‍ നടത്തിയിട്ടുള്ളൂ എന്നകാര്യവും വിസ്മരിച്ചുകൂടാ. കുത്തി നിറയ്ക്കപ്പെട്ട ലൈംഗികപദങ്ങളുടെ അതിപ്രസരങ്ങളെ കുറിച്ച് ഓര്‍ത്ത് വാചാലരാകുന്ന, ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കുന്ന സമൂഹജീവികള്‍ക്കു മുന്നില്‍ തന്നെ ഹൗസ്ഫുളളായി സിനിമ ഓടുന്നുണ്ട് എന്നതാണ് കൗതുകം. ഓരോ സീനികളിലും പൊട്ടിചിരികളും നിറഞ്ഞ കൈയ്യടികളും ലഭിക്കുന്നുവെന്നതും വസ്തുതയാണ്. ചുരുക്കത്തില്‍ ഏറ്റവും ലളിതമായി, പ്രേക്ഷകന്റെ പള്‍സറിഞ്ഞ് കൊണ്ട് സംവിധായകന്‍ സിനിമയെടുത്തു എന്ന് പറയാം.

"</p

തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ കൈയ്യിലെടുക്കുവാനുളള ശ്രമമായി വൈവക്കിടയിലെ ഉത്തരങ്ങള്‍, ആണ്‍കുട്ടികളെ ക്ലാസില്‍ കയറ്റാനായി സുന്ദരിയായ അദ്ധ്യാപികയെ ഉപയോഗിക്കുന്നതുമെല്ലാം വളരെയധികം പൊട്ടിചിരികളുയര്‍ത്തി. എന്നാല്‍ തുടര്‍ന്ന് പലയിടങ്ങളിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നതും ചൂണ്ടിക്കാണിക്കാതിരിക്കാനും കഴിയില്ല. എങ്കിലും സംഭാഷങ്ങള്‍ അതിരു കവിഞ്ഞ അശ്ലീലതയിലേക്ക് കടക്കാതിരിക്കുവാനായി തിരക്കഥാകൃത്തുക്കളായ ജോസഫ് വിജേഷും,അനീഷ് ഹമീദും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നായകന്മാരെ കൊണ്ട് സുവിശേഷ പ്രസംഗം നടത്തിക്കലല്ല കഥയ്ക്കാവിശ്യം എന്നതിനാല്‍ കഥാസന്ദര്‍ഭത്തിനനുസരിച്ച് പലയിടത്തും ദ്വയാര്‍ത്ഥപരമായ തമാശകളെ കൈകാര്യം ചെയ്യുവാന്‍ സംവിധായകന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ കുമ്മനടി, ജി.എസ്.ടി, പള്‍സര്‍ സുനി തുടങ്ങിയ സമകാലിക വാര്‍ത്താവിഭവങ്ങളെ സന്ദര്‍ഭോചിതമായി കൈകാര്യം ചെയ്തയിടത്ത് തിയേററര്‍ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചു എന്നതും എടുത്തു പറയാതിരിക്കാനാവില്ല.

പഴയ കാല ഹിറ്റ് ഡയലോഗുകളും സ്വിറ്റ്വേഷനനുയോജ്യമായ തലത്തില്‍ സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇഴച്ചിലോ ഏച്ചുകെട്ടലുകളോ ഇല്ലാതെ ഒതുക്കത്തോടെ ഉളള കഥ പറച്ചില്‍, കൃത്യമായ, അനുയോജ്യമായ കാസ്‌ററിങ്, പ്രേക്ഷകന്റെ ഉളളമറിഞ്ഞ് കൊണ്ട് തരുന്ന കൊച്ചു കൊച്ചു ട്വിസ്റ്റുകള്‍; ഇപ്രകാരമെല്ലാം നോക്കുകയാണെങ്കില്‍ ചങ്ക്‌സ് സാമാന്യം ഭേദപ്പെട്ട സിനിമ തന്നെയാണ്. ബാലു വര്‍ഗീസ് ആദ്യമായി നായകനായ ഈ ഒരു ശ്രമത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഹണി റോസിന്റെ റിയ എന്ന കഥാപാത്രം, ലാലിന്റെ കഥാപാത്രം, ഷമ്മി തിലകന്‍ ചെയ്ത പ്രൊഫസര്‍ ജോസ് തുടങ്ങി എല്ലാവരും തന്നെ അവരുടെ വേഷങ്ങള്‍ നന്നാക്കിയിരിക്കുന്നു. വേറിട്ട് നില്‍ക്കുന്ന ഗാനങ്ങള്‍, പ്രത്യേകിച്ചും ക്ലൈമാക്‌സിലെ വെഡ്ഡിംങ് സോംഗ് പ്രധാന ആകര്‍ഷണമായിരുന്നു. കൂട്ടത്തില്‍ ആല്‍ബിയുടെ കാമറ പ്രത്യേകം എടുത്തു പറയണം.

ചങ്ക്‌സ് ഒരിക്കലും അതിഭീകര സിനിമയോ, അഡള്‍ട്ട് ജോക്കുകള്‍ മാത്രം കുത്തിനിറക്കപ്പെട്ട ദുരന്ത സൃഷ്ടിയോ അല്ല. പുതിയ കാലത്തിന്റെ ആഘോഷവും ഫാഷനും പറഞ്ഞു പോകുമ്പോള്‍ ഉളള യാഥാര്‍ത്ഥ്യബോധത്തോടെയുളള ചില പകര്‍ത്തലുകള്‍ മാത്രമാണ് ചങ്ക്‌സ്. എല്ലാവിധ ത്വാത്വിക അവലോകനങ്ങള്‍ക്കുമപ്പുറം രണ്ട് മണിക്കൂര്‍ പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്താനുതകുന്ന എല്ലാ വിധ എലമെന്റ്‌സുമുളള നല്ല ഒരു എന്റര്‍ടെയ്‌നറാണ് ഈ സിനിമ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍