UPDATES

സിനിമ

എം.ജെ രാധാകൃഷ്ണന്‍; പ്രകൃതിയുടെ നിഴലിനും വെളിച്ചത്തിനും നേരെ പിടിച്ച ക്യാമറാക്കണ്ണ്

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്റേതായൊരു അധ്യായം എഴുതിയിട്ടിട്ടാണ് എം ജെ രാധാകൃഷ്ണന്‍ തന്റെ കാമറ ഓഫ് ചെയ്തിരിക്കുന്നത്

വിചിത്രമായൊരു യന്ത്രം കൈക്കലാക്കാനുള്ള ആഗ്രഹമായിരുന്നു എം ജെ രാധാകൃഷ്ണനെന്ന ബാലനെ കാമറയോട് അടുപ്പിച്ചത്. ആ അടുപ്പമാണ് രാധാകൃഷ്ണനെ മലയാള ചലച്ചിത്ര ലോകത്ത് എത്തിച്ചത്. നിശ്ചല ഛായാഗ്രാഹകന്‍ എന്ന മേല്‍വിലാസമായിരുന്നു രാധാകൃഷ്ണന് കാമറ ആദ്യം നേടിക്കൊടുത്തത്. അവിടെ നിന്നാണ് രാധാകൃഷ്ണന്‍, ബാലേട്ടന്‍ എന്നു വിളിക്കുന്ന എന്‍ എല്‍ ബാലകൃഷ്ണന്‍ എന്ന ഗുരുവിന്റെ സഹായായി സിനിമയില്‍ എത്തുന്നത്. സ്‌നേഹസമ്പന്നനായ ഗുരുവും അതോടൊപ്പം ഒരു നല്ല സുഹൃത്തുമായിരുന്നു രാധാകൃഷ്ണന് ബാലകൃഷ്ണന്‍. ബാലേട്ടന്‍ പകര്‍ന്ന പാഠങ്ങളുമായാണ് മറ്റൊരു വഴികാട്ടിയുടെ സമീപത്തേക്ക് രാധാകൃഷ്ണന്‍ എത്തുന്നത്. അത് ഷാജി എന്‍ കരുണ്‍ ആയിരുന്നു. ഷാജി കാമറ ചലിപ്പിച്ച നഖക്ഷതങ്ങളില്‍ അദ്ദേഹത്തിന്റെ സഹായിയായി മൂവി കാമറയുടെ ലോകത്തേക്ക് രാധാകൃഷ്ണന്‍ കടന്നെത്തി. നാലു ചിത്രങ്ങളില്‍ ഷാജി എന്‍ കരുണ്‍ എന്ന ഛായാഗ്രഹണ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു എം ജെ രാധാകൃഷ്ണണന്‍ എന്ന സ്വതന്ത്ര ഛായാഗ്രാഹകന്‍ മലയാള സിനിമയില്‍ പേരെഴുതി ചേര്‍ക്കുന്നത്. ആദ്യ ചിത്രം രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളി.

തുടര്‍ന്നങ്ങോട്ട് രാധാകൃഷ്ണന്‍ കാമറ ചെയ്തതെല്ലാം മലയാള സിനിമയെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച സംവിധായകര്‍ക്കൊപ്പം. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ജയരാജ്, രഞ്ജിത്ത്, ഡോ. ബിജു എന്നിവരുടെയെല്ലാം പ്രിയപ്പെട്ട കാമറമാനായി രാധാകൃഷ്ണന്‍ മാറി. ഒപ്പം തന്റെ പേര് മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകരുടെ പട്ടികയില്‍ കൂടി അദ്ദേഹം എഴുതിയിട്ടു. ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ ഓരോ നേട്ടങ്ങളും രാധാകൃഷ്ണന്‍ കണക്കാക്കിയത് മുന്നോട്ടുപോകാനുള്ള പോസിറ്റീവ് എനര്‍ജി ആയിട്ടു മാത്രമാണ്. അത് തനിക്ക് കിട്ടിയത് ഷാജിയേയും അടൂരിനെയും പോലുള്ള പ്രഗത്ഭര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണെന്നും അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതാണ് തന്റെ നേട്ടമെന്നും പുഞ്ചിരിയോടെ പറയാനെ രാധാകൃഷ്ണന്‍ എന്നും തയ്യാറായിട്ടുള്ളൂ. എന്നും ഒരു സാധാരണക്കാരനായി നില്‍ക്കാനെ രാധാകൃഷ്ണന്‍ തയ്യാറായിട്ടുള്ളൂ; മരണം വരെ.

തങ്ങളുടെ സിനിമകളെ രാധാകൃഷ്ണന്റെ കാമറക്കണ്ണിലൂടെ കണ്ടു തൃപ്തരായ സംവിധായകര്‍ നിസ്സാരക്കാരയിരുന്നില്ലെങ്കിലും, വാണിജ്യ-സമാന്തര സിനിമകളെന്ന ഇരുവഴികളില്‍ ഒന്നില്‍ മാത്രമെ രാധാകൃഷ്ണനെ തേടി സംവിധായകര്‍ എത്തിയിരുന്നുള്ളൂ. അത് രാധാകൃഷ്ണന്റെ നഷ്ടം എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല, ആ കലാകാരനെ ഉപയോഗിക്കാന്‍ ശ്രമിക്കാതെ പോയവരുടെ നഷ്ടമാണ്. സമാന്തര സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ താത്പര്യമെന്നും ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുക സമാന്തര സിനിമകളില്‍ ആണെന്നാണു വിശ്വസിക്കുന്ന ഒരാള്‍ ആയിരുന്നുവെങ്കിലും വാണിജ്യ സിനിമകളോട് അനിഷ്ടമില്ലായിരുന്നു രാധാകൃഷ്ണന്. എന്തുകൊണ്ട് അത്തരം സിനിമകള്‍ ചെയ്യുന്നില്ലെന്നു ചോദിച്ചാല്‍, അതിനെന്നെ വിളിക്കുന്നില്ല എന്ന ഒരു ചിരി മറുപടിയായിരുന്നു രാധാകൃഷ്ണന് ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ സനേഹിച്ചത് സിനിമയെ ആയിരുന്നു. വളരെ കുറച്ച് മാത്രമാണ് വാണിജ്യ സിനിമകള്‍ക്കുവേണ്ടി രാധാകൃഷ്ണന്‍ ജോലി ചെയ്തിട്ടുള്ളത്. അതൊരിക്കലും തന്റെ തീരുമാനം ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാധാകൃഷ്ണന്‍ കാമറ ചെയ്ത സിനിമയാണ് സ്ത്രീധനം. ആ ചിത്രം നൂറുദിവസമാണ് ഓടിയത്.

മലയാള സിനിമയുടെ രണ്ട് ഘട്ടങ്ങളെ നോക്കിക്കണ്ട ഛായാഗ്രാഹകന്‍ കൂടിയായിരുന്നു എം ജെ രാധാകൃഷ്ണന്‍. ചലച്ചിത്ര ഛായാഗ്രഹണം സാങ്കേതികയുടെ കലയായി മാറിയ കാലത്തിലും രാധാകൃഷ്ണന്റെ കാമറയ്ക്ക് ഫോക്കസ് നഷ്ടപ്പെട്ടിരുന്നില്ല. സാങ്കേതിക വിദ്യകളുടെ സഹായത്തില്‍ നില്‍ക്കേണ്ടവനല്ല ഒരു ഛായാഗ്രാഹകന്‍ എന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. പ്രകൃതിയുടെ നിരീക്ഷകനായാണ് ഛായാഗ്രാഹകനെ അദ്ദേഹം അടയാളപ്പെടുത്തിയത്. പ്രകൃതിയില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍, പ്രകൃതിയില്‍ നിന്നും കിട്ടുന്ന കാഴ്ച്ചകള്‍, പ്രകാശം, എന്നിവയൊക്കെ ഛായാഗ്രാഹകനെ ഒത്തിരി സഹായിക്കുമെന്ന് ഓര്‍മിപ്പിച്ച കലാകാരന്‍. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിതമേളയില്‍ സുവര്‍ണമയൂരം നേടിയ ഒറ്റാലിന്റെ കാമറ ചെയ്തതും രാധാകൃഷ്ണനായിരുന്നു. പ്രകൃതിയെ എങ്ങനെയാണ് രാധാകൃഷ്ണന്‍ പകര്‍ത്തിയിരുന്നതെന്നു മനസിലാക്കാന്‍ ആ സിനിമ തന്നെ ധാരാളാം. പ്രകൃതിക്ക് അനുസൃതമായി സംഭവിച്ച സിനിമ എന്നാണ് ഒറ്റാലിനെക്കുറിച്ച് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. കുട്ടനാടിന്റെ മനോഹരമായ പ്രകൃതി കാമറയില്‍ ആക്കുക എന്നത് ഒരു വെല്ലുവിളി ആണെങ്കില്‍ അതിമനോഹരമായി ആ വെല്ലുവിളി വിജയിക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞു. പ്രകൃതിയില്‍ നിന്നു കിട്ടുന്ന ലൈറ്റിനെ ഉപയോഗിക്കുക എന്നത് ഒരു ഛായാഗ്രാഹകന്റെ കഴിവിനു നേരെയുള്ള വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹവും പറഞ്ഞിരുന്നു. പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയെ പഠിക്കാന്‍ ശ്രമിക്കുക എന്നു ഛായാഗ്രാഹകരോട് മാത്രമല്ല എല്ലാ മനുഷ്യരോടും കൂടിയായിരുന്നു എം ജെ രാധാകൃഷ്ണന്‍ പറഞ്ഞത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്റേതായൊരു അധ്യായം എഴുതിയിട്ടിട്ടാണ് എം ജെ രാധാകൃഷ്ണന്‍ തന്റെ കാമറ ഓഫ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഉള്ളവര്‍ക്കും വരുന്നവര്‍ക്കും എല്ലാം പഠിക്കേണ്ടുന്നൊരു അധ്യായം തന്നെയാണതെന്നതില്‍ സംശയമില്ല. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നേടിയ പുരസ്‌കാരങ്ങള്‍, കാനില്‍ നിന്നും മരണസിംഹനത്തിന് കിട്ടിയ ഗോള്‍ഡന്‍ കാമറ അവാര്‍ഡ്, സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍… നേട്ടങ്ങള്‍ നിരവധിയുണ്ട് എം ജെ രാധാകൃഷ്ണന്റെ പേരിനൊപ്പം പറയാന്‍. എന്നാല്‍ എം ജെ രാധാകൃഷ്ണന്‍ എന്ന ഛായാഗ്രാഹകന്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ കണക്കെടുത്തല്ല നാം അദ്ദേഹത്തെ പരാമര്‍ശിക്കേണ്ടത്. അദ്ദേഹം ചെയ്ത വര്‍ക്കുകളാണ് മുന്നില്‍ കാണേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍