UPDATES

സിനിമ

‘തോറ്റുപോകരുത്, കഴിവുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ തേടി വരാം’; ആദ്യമായി നിര്‍മിക്കുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിശേഷങ്ങളുമായി ജോമോന്‍ ടി. ജോണ്‍/അഭിമുഖം

നവാഗതനായ എ ഡി ഗിരീഷ് സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ജോമോന്റെ ആദ്യ നിര്‍മാണ സംരംഭമാണ്

മലയാളം, ഹിന്ദി, തമിഴ് സിനിമ മേഖലകളിലെ താരമൂല്യമുള്ള ഛായാഗ്രാഹകനാണ് ജോമോന്‍ ടി. ജോണ്‍. ഇതാദ്യമായി ഒരു ഛായാഗ്രാഹകന്റെ മാത്രം കണ്ണിലൂടെയല്ലാതെ ഒരു സിനിമയെ ജോമോന്‍ നോക്കി കാണുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. നവാഗതനായ എ ഡി ഗിരീഷ് സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ജോമോന്റെ ആദ്യ നിര്‍മാണ സംരംഭമാണ്. ഷമീര്‍ മുഹമ്മദ് എന്ന എഡിറ്ററും ഈ പുതിയ യാത്രയില്‍ ജോമോന് ഒപ്പമുണ്ട്. തന്റെ ആദ്യ നിര്‍മാണ സംരഭത്തെ കുറിച്ചും നിര്‍മാതാവ് എന്ന നിലയില്‍ മലയാള സിനിമയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും ജോമോന്‍ ടി. ജോണ്‍ അഴിമുഖവുമായി സംസാരിക്കുന്നു.

ഇഷ്ടമുള്ള സിനിമകള്‍ ചെയ്യുക

ഒരു നിര്‍മാതാവ് എന്ന നിലയില്‍ സിനിമയെ സമീപിക്കുന്നതിനു പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ട്. അതിലൊന്ന് ഞങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യുക എന്നതാണ്. ഷമീറും ഞാനും പലതരം സിനിമകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ്. എങ്കിലും ഞങ്ങളുടെയുള്ളില്‍ ഇഷ്ടം തോന്നുന്ന സിനിമകളുണ്ട്. രണ്ടുപേരും തിരക്കുള്ളവരാണ്. അങ്കമാലി ഡയറീസ്, ചാര്‍ളി തുടങ്ങിയ സിനിമകളുടെ എഡിറ്ററാണ് ഷമീര്‍. തമിഴിലും സിനിമകള്‍ ചെയ്യുന്നു. എനിക്കും ബോളിവുഡില്‍ തിരക്കുണ്ട്. ഇതിനിടയില്‍ നിന്നുകൊണ്ട് നമ്മള്‍ ആഗ്രഹിക്കുന്നതുപോലുള്ള സിനിമകള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഒരു നിര്‍മാണ കമ്പനി തുടങ്ങുക എന്ന ചിന്തയിലേക്ക് എന്നെയും ഷമീറിനെയും എത്തിച്ചത്.

പല നിര്‍മാതാക്കളും ഉപേക്ഷിച്ച കഥ

ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ കഥ കേള്‍ക്കുന്നത്. ഈ കഥ അതിനു മുമ്പ് പല നിര്‍മാതാക്കളോടും പറഞ്ഞിരുന്നു. അവരെല്ലാവരും വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഞങ്ങള്‍ കഥ കേട്ടപ്പോള്‍ ഇത് വച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ഞാന്‍ ബോളിവുഡ് ചിത്രം ചെയ്യുന്നതുകൊണ്ട് അതിന്റെയൊരു ഇടവേള നോക്കിയായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 20 ദിവസം ഞാന്‍ ഷൂട്ട് ചെയ്തു. ബാക്കി 10 ദിവസങ്ങള്‍ വിനോദ് ഇല്ലമ്പള്ളിയും.

ബിഗ് ബഡ്ജറ്റുകളല്ല, നല്ല സിനിമകളാണ് വേണ്ടത്

നമുക്ക് വേണമെങ്കില്‍ വലിയൊരു താരത്തെ കൊണ്ടുവന്നു പത്തുകോടിയിലൊക്കെ ഒരു സിനിമ പ്ലാന്‍ ചെയ്യാം. അതിനെക്കാള്‍ നല്ലതായി ഞങ്ങള്‍ക്ക് തോന്നിയത് ഒരു കണ്ടന്റ് ഉള്ള സിനിമ ചെയ്യുന്നതാണ്. പ്രേക്ഷകര്‍ക്ക് രസിക്കുന്ന തരത്തിലുള്ള, അവര്‍ക്ക് പുതിയതെന്തെങ്കിലും കിട്ടുന്ന ഒരു സിനിമ. അങ്ങനെയയൊരു സിനിമ മുന്നില്‍ വരുമ്പോള്‍ അതു ചെയ്യാനേ ഞാന്‍ ആഗ്രഹിക്കൂ. ഈ ചിത്രത്തിലെ ജാതിക്കാതോട്ടത്തില്‍ എന്ന ഗാനം യൂട്യൂബില്‍ ഹിറ്റാണ്. അതൊരു പുതിയ ഫീല്‍ കൊടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. നൂറുകണക്കിന് ഫോട്ടോസും വീഡിയോസുമാണ് ഓരോ നിമിഷവും നമ്മുടെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്നും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന എന്തെങ്കിലുമാണ് നമ്മള്‍ ചെയ്യേണ്ടത്. പാട്ടും പിള്ളേരുടെ പ്രണയവുമൊക്കെ ആളുകള്‍ക്ക് ഇഷ്ടമായി. ഒത്തിരിപ്പേര്‍ നന്ദി പറഞ്ഞ് മെസേജുകള്‍ അയയ്ക്കുന്നു. അതൊക്കെ നമുക്ക് തരുന്ന സന്തോഷം വലുതാണ്. അതിനു കാരണം പുതിയൊരു സാധനം നമുക്ക് കൊടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. വലിയ താരങ്ങളുടെയോ ഒന്നും പിന്തുണയില്ലാതെ പുതിയ ആളുകളെ വച്ചാണ് ആ പാട്ട് ഹിറ്റ് ആക്കാന്‍ കഴിഞ്ഞത്. അതാണതിന്റെ ക്വാളിറ്റിയും. സ്ഥിരം കണ്ടുകൊണ്ടിരിക്കുന്നതില്‍ നിന്നും മാറി വ്യത്യസ്തമായി എന്തെങ്കിലും കൊടുക്കാന്‍ ആഗ്രഹിക്കുമ്പോഴാണ് നമുക്ക് ഇത്തരം സന്തോഷങ്ങള്‍ കിട്ടുന്നത്.

ഇതൊരു സിംപിള്‍ സിനിമ

പ്ലസ് വണ്‍, പ്ലസ് ടൂവിന്റെ രണ്ടുവര്‍ഷക്കാലത്തിലുള്ള ഒരു പയ്യന്റെ കഥയാണ് ഈ സിനിമ. ഭയങ്കര ത്രില്ലോ ട്വിസ്‌റ്റോ ഒന്നുമില്ല. ഒരു സിപിംള്‍ സിനിമ. ഒരു ജീവിതത്തിന്റെ ചെറിയൊരു ഏട്. നമ്മുടെയെല്ലാം ജീവിതത്തില്‍ നിന്നും രണ്ടു വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ അതില്‍ ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ ഉണ്ടാകുമല്ലോ. അതുപോലെ ഒരു പയ്യന്റെ പ്ലസ് വണ്‍, പ്ലസ് ടു കാലത്തെ അനുഭവങ്ങള്‍ എല്ലാം കൂടിക്കൂട്ടിച്ചേര്‍ത്തൊരു സിനിമ. ഒരു ചെറിയ സിനിമ. അത് രസകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ബാക്കി പ്രേക്ഷകര്‍ പറയട്ടെ.

പുതിയ ആളുകള്‍ വരട്ടെ

കഴിവുള്ള ഒത്തിരിപ്പേര്‍ സിനിമ എന്ന സ്വപ്‌നവുമായി നടക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സപ്പോര്‍ട്ട് ആയി നില്‍ക്കുക എന്നതാണ് ഞങ്ങളുടെ മറ്റൊരു ലക്ഷ്യം. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ സംവിധായകന്‍ ഉള്‍പ്പെടെ പലരും പുതുമുഖങ്ങളാണ്. ഗിരീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അതുപോലെ സ്‌ക്രിപ്റ്റ് റൈറ്റര്‍, ഗാനരചയിതാവ്, സൗണ്ട് ഡിസൈനര്‍, സൗണ്ട് മിക്‌സിംഗ്, കോസ്റ്റ്യൂമര്‍; ഇവരെല്ലാം പുതുമുഖങ്ങളാണ്.

ഓരോ പുതുമുഖത്തില്‍ നിന്നും പഠിക്കാന്‍ ഉണ്ടാകും

ഞാനിപ്പോള്‍ 17 പടങ്ങളോളം ചെയിതിട്ടുണ്ട്. ഇതെല്ലാം വ്യത്യസ്തരായ സംവിധായകര്‍ക്കൊപ്പമായിരുന്നു. സമീര്‍ താഹിര്‍, വി കെ പ്രകാശ്, വിനീത് ശ്രീനിവാസന്‍, ലാല്‍ ജോസ്, മേജര്‍ രവി, ആര്‍ എസ് വിമല്‍, ഗൗതം മേനോന്‍, രോഹിത് ഷെട്ടി തുടങ്ങി പല തലത്തിലുള്ളവര്‍ക്കൊപ്പം. ഇതോരൊന്നും വ്യത്യസ്തമായ എക്‌സീപീരിയന്‍സ് ആണ് എനിക്ക് നല്‍കിയിട്ടുള്ളത്. അതുപോലെ ആര്‍ട്ടിസ്റ്റുകള്‍. മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളുമായി വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. അതുപോലെ വിക്രം, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ ഇവരോടുമൊപ്പവും ജോലി ചെയ്തു. ഈ അനുഭവങ്ങളെല്ലാം കിട്ടിയതിനു ശേഷമാണ് നാട്ടില്‍ വന്ന് 70 പേരുള്ള ഒരു ചെറിയ ക്രൂവിനൊപ്പം ചേരുന്നത്. ഒരു പുതിയ സംവിധായകനൊപ്പമാണ് ഞാനിപ്പോള്‍ ജോലി ചെയ്തത്. എനിക്കതുമൊരു എക്‌സീപീരിയന്‍സ് ആയിരുന്നു. ഇത്രയും നാളും കിട്ടാത്തൊരു എക്‌സ്പീരിയന്‍സ് ഇതുവരെ സിനിമകളൊന്നും ചെയ്യാത്ത ഒരാളില്‍ നിന്നും കിട്ടിയത്. അതും ഞാന്‍ ആസ്വദിച്ചു.

ഒരു സിനിമ ഒരു ജീവിതവും കൂടിയാണ് നല്‍കുന്നത്

കഴിവുള്ള പുതിയ ആളുകളെ സിനിമയിലേക്ക് കൊണ്ടു വരുന്നതിലാണ് ഞങ്ങള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. ഒരു പടം വര്‍ക്ക് ആയിക്കഴിഞ്ഞാല്‍, അതില്‍ പത്തുപേരെ നമുക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ പത്തുപേര്‍ക്കും ഒരു ജീവിതം കൂടി കിട്ടുകയാണ്. പുതിയ ആള്‍ക്കാര്‍ക്ക് ചാന്‍സ് കൊടുക്കുക എന്നതുകൊണ്ട് ഞങ്ങള്‍ ആഗ്രഹിക്കുന്നതും ഒരു കരിയര്‍ ഉണ്ടാക്കി കൊടുക്കുന്നതിനൊപ്പം അവര്‍ക്കൊരു നല്ല ജീവിതം കൂടി കിട്ടാന്‍ വഴിയൊരുക്കുകയെന്നതാണ്. കഴിവുള്ളവര്‍ ഒന്നുമല്ലാതായി പോകരുത്. അവര്‍ക്ക് ഒരു അവസരമെങ്കിലും കിട്ടണം.

നിങ്ങള്‍ക്കതിന് കഴിയുമെങ്കില്‍ ഞങ്ങളെ തേടി വരാം, നമുക്ക് സിനിമ ചെയ്യാം

ഇപ്പോള്‍ ഒരുപാട് സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കാറുണ്ട്. ഇനിയും കേള്‍ക്കാന്‍ തയ്യാറാണ്. ചിലത് കേട്ടു തുടങ്ങുമ്പോഴേ മനസിലാകും കാര്യമില്ലെന്ന്. ചിലത് കേട്ടു കഴിയുമ്പോള്‍ മനസിലാകും ഇത് വര്‍ക്ക് ആകുമെന്ന്. കാര്യങ്ങളൊക്കെ ശരിയായ രീതിയില്‍ തന്നെ പോയാല്‍ ഇനിയും സിനിമകള്‍ ചെയ്യണം. കഴിവുള്ളവരാരും അവസരങ്ങള്‍ കിട്ടാതെ തോറ്റുപോകരുതെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അങ്ങനെയുള്ള ഒത്തിരിപ്പേരെ കണ്ടിട്ടുള്ളതുകൊണ്ടാണ് പറയുന്നത്. നല്ല കഴിവുള്ള പിള്ളേര്‍, അവര്‍ക്കൊരു ചാന്‍സ് കിട്ടാതെ, എവിടെയും എത്തപ്പെടാനാകാതെ, ആരെയാണ് കാണേണ്ടതെന്നറിയാതെ, എന്താണ് ചെയ്യേണ്ടതെന്നറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കവരുടെ മാനസികാവസ്ഥ മനസിലാകും. അങ്ങനെയുള്ളൊരാള്‍ നമ്മുടെ മുന്നില്‍ വന്നാല്‍ അയാളെ തീര്‍ച്ചയായും സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കഴിവ് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും.

നിങ്ങളുടെ ക്രിയേറ്റീവ് ഫ്രീഡം ഇല്ലാതാക്കില്ല

പുതുമുഖ സംവിധായകര്‍ക്ക് നിര്‍മാതാക്കളില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍
മുന്നില്‍ ഉള്ളതുകൊണ്ടായിരിക്കാം ഗിരീഷിനും ഭയമുണ്ടായിരുന്നു. അതയാള്‍ ഞങ്ങളോട് പറഞ്ഞിട്ടുമുണ്ട്. ഞാനൊത്തിരി പേടിച്ചാണ് എന്റെ ആദ്യ സിനിമ ചെയ്യാന്‍ വന്നതെന്നും ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ എവിടെ നിന്നൊക്കെ ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ലല്ലോ എന്നുമായിരുന്നു ആയാളുടെ ആശങ്ക. എന്നാല്‍ ഇപ്പോള്‍ ഗിരീഷ് പറയുന്നത്, ഈ സിനിമയില്‍ അത്തരത്തിലുള്ള യാതൊരു ബുദ്ധിമുട്ടും അറിയേണ്ടി വന്നിട്ടില്ലെന്നാണ്. നിങ്ങള്‍ എന്നെ ആ രീതിയില്‍ ട്രീറ്റ് ചെയ്തു എന്നാണ് ഗിരീഷ് ഞങ്ങളോട് പറഞ്ഞത്. അത്തരം വാക്കുകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ നമുക്ക് ഒത്തിരി സന്തോഷമാണ്. ഈ സിനിമ ചെയ്തതില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഗിരീഷ് സന്തോഷവനായിരുന്നു. എല്ലാവരും അങ്ങനെയാകണമെന്നില്ല. പല പുതുമുഖ സംവിധായരെയും നിര്‍മാതാക്കള്‍ ബുദ്ധിമുട്ടിക്കും, ചൂഷണം ചെയ്യും, അവരെ പരമാവധി ഇട്ട് പിഴിഞ്ഞ് ഉപദ്രവിച്ച് തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഒത്തിരി ബുദ്ധിമുട്ടിക്കാറുണ്ട്. ഞങ്ങള്‍ അത്തരത്തിലൊരു ഇടപെടലും നടത്തിയിട്ടില്ല. ഒരാളുടെ ക്രിയേറ്റീവ് ഫ്രീഡം അയാള്‍ക്ക് അനുവദിച്ചുകൊടുക്കുകയാണ് വേണ്ടത്. അവരെ സപ്പോര്‍ട്ട് ചെയ്യുകയാണ് ഒരു നല്ല പ്രൊഡക്ട് കിട്ടാന്‍ ചെയ്യേണ്ടത്. ഈ ചിത്രത്തില്‍ ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മാത്രമേ ഞാനെന്റെ അഭിപ്രായങ്ങള്‍ പറയാന്‍ തയ്യാറായിട്ടുള്ളൂ.

മലയാളം വിട്ടുപോകില്ല, ഞാനിവിടെ തന്നെയുണ്ടാകും

ഹിന്ദിയില്‍ ചില പടങ്ങള്‍ ചെയ്യാനുണ്ട്. അതുപോലെ മലയാളത്തിലും ചെയ്യുന്നുണ്ട്. ജൂഡ് ആന്റണിയുടെ പ്രളയത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ കാമറ ചെയ്യുന്നത് ഞാനാണ്. ബോളിവുഡിലും തമിഴിലുമൊക്കെ എത്ര തിരക്ക് വന്നാലും മലയാളം വിട്ടുപോകാന്‍ എനിക്ക് മടിയാണ്. അതുകൊണ്ട് മലയാളത്തില്‍ സിനിമകള്‍ ഷൂട്ട് ചെയ്യും, നിര്‍മിക്കും, സംവിധാനം ചെയ്യും… അങ്ങനെയൊക്കെ ഞാനിവിടെ ഉണ്ടാകും.

Read Azhimukham: കോതമംഗലം എംഎ കോളേജ് എഞ്ചിനീയറിംഗിലെ മാഗസിന്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍, ‘ആയിരം കാ‍ന്താരി’ പിന്‍വലിച്ച് അധികൃതര്‍, ഭരണഘടനയെക്കുറിച്ച് പറയുന്നത് തെറ്റാണോയെന്ന് വിദ്യാര്‍ഥികള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍