UPDATES

സിനിമ

ആ പെണ്‍കുട്ടിയുമായുള്ള സൗഹൃദമാണ് വൈരാഗ്യത്തിനു കാരണം; റോഷന്‍ ആന്‍ഡ്രൂസിനെതിരേ ഗുരുതര ആരോപണങ്ങളുമായി ആല്‍വിന്‍ ജോണ്‍ ആന്റണി

40 ഓളം പേരുമായി വന്നാണ് റോഷന്‍ വീട്ടില്‍ അക്രമം കാണിച്ചത്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനും സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണി. ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി അക്രമിച്ചു എന്ന പരാതിയില്‍ റോഷനെതിരേ പൊലിസ് കേസ് എടുത്തിനു പിന്നാലെയാണ് ആല്‍വിന്‍ ജോണ്‍ ആന്റണിയുടെ വെളിപ്പെടുത്തലുകളും. മാതൃഭൂമി ഡോട്‌കോമിനോടാണ് റോഷനിനെതിരേ ആല്‍വിന്‍ ജോണ്‍ പ്രതികരിച്ചത്.

നാല്‍പ്പത് ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റ വീട്ടിലേക്ക് വന്നതെന്നാണ് ആല്‍വിന്റെ ആരോപണം. ഈ സമയം വീട്ടില്‍ തന്റെ പിതാവും മാതാവും 12 വയസുള്ള അനിയത്തിയും സുഹൃത്തായ ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്. അമ്മയെ തള്ളി താഴെയിടുകയും സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭീകരാന്തരീക്ഷമാണ് വീട്ടില്‍ സൃഷ്ടിച്ചത്. റോഷന്‍ ആന്‍ഡ്രൂസിന് തന്നോടുള്ള വിരോധത്തിന്റെ കാരണം ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണെന്ന് ആല്‍വിന്‍ ജോണ്‍ പറയുന്നു. തന്റെയും റോഷന്റെയും സുഹൃത്തായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ പെണ്‍കുട്ടിയും താനുമായുമുള്ള സൗഹൃദം റോഷന് ഇഷ്ടമല്ലായിരുന്നു. അത് അവസാനിപ്പിക്കണമെന്ന് റോഷന്‍ പറഞ്ഞു. ഞാനത് അനുസരിക്കാതിരുന്നതോടെ റോഷന് വൈരാഗ്യമായി. തുടര്‍ന്ന് എന്നെക്കുറിച്ച് പല അപവാദങ്ങളും പറഞ്ഞു പരത്തി. ഞാനത് ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നാണ് എനിക്കും കുടുംബത്തിനും പലതും അനുഭവിക്കേണ്ടി വരുന്നത്; ആല്‍വിന്‍ ജോണ്‍ മാതൃഭൂമിയോട് പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസ് അയച്ചതെന്നു പറയുന്ന ഒരു സന്ദേശവും ആല്‍വിന്‍ ജോണ്‍ പുറത്തു വിട്ടിട്ടുണ്ട്. ആ സന്ദേശം ഇങ്ങനെയാണ്;

പ്രിയപ്പെട്ട ആല്‍വിന്‍, നിങ്ങളൊരു നല്ല കുട്ടിയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പക്ഷേ, എനിക്കൊരു അഭ്യര്‍ത്ഥനയുള്ളത്, ആ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി എന്നെ കാണുകയോ വിളിക്കുകയോ ചെയ്യരുതെന്നാണ്. ഞാന്‍ തീര്‍ച്ചയായും ആ പെണ്‍കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കും, ഒരാളോടുപോലും ഞാനവളെ കുറിച്ച് തെറ്റായതൊന്നും പറയില്ല. അവളെ ഞാനെന്റെ സഹോദരിയെ പോലെ സ്‌നേഹിച്ചിരുന്നു, എന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ കരുതിയിരുന്നു. പക്ഷേ, ആ പെണ്‍കുട്ടിയുടെ പെരുമാറ്റം വളരെ അപകടം പിടിച്ചതാണ്, അതാര്‍ക്കും തിരുത്താനും കഴിയില്ല. തന്റെ ചുറ്റുമുള്ളവരോടെല്ലാം എല്ലാക്കാര്യങ്ങളും അവള്‍ പറയുകയാണ്. ഒരുപക്ഷേ ഇതൊന്നും അവള്‍ ബോധപൂര്‍വം ചെയ്യുന്നതായിരിക്കില്ല. പക്ഷേ, ഇതൊക്കെ എന്റെ നേര്‍ക്കു വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. അവളുമായുള്ള എല്ലാ സൗഹൃദവും ഞാന്‍ അവസാനിപ്പിച്ചു. അവളുടെ മുഖത്തുപോലും നോക്കാന്‍ എനിക്ക് കഴിയില്ല. അത്രമാത്രം അവളെന്നെ തകര്‍ത്തു. ഇനി മുതല്‍ അവളെന്റെ ചിന്തയില്ല, പൂര്‍ണമായി ഞാനവളെ വിസ്മരിച്ചിരിക്കുന്നു. നമ്മള്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ മറ്റൊരാളുമായി ഞാന്‍ പങ്കുവയ്ക്കില്ല. അക്കാര്യത്തില്‍ നിനക്ക് എന്നെ വിശ്വസിക്കാം. എന്റെ സ്‌നേഹവും കരുതലും നിനക്കൊപ്പമുണ്ട്. നിന്റെ ഭാവിയുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും നിനക്കെന്നെ വിളിക്കാം, എപ്പോള്‍ വേണമെങ്കിലും നിനക്ക് എന്റെയൊപ്പം വര്‍ക്ക് ചെയ്യാം. നീ എപ്പോഴും എന്റെ പ്രിയപ്പെട്ടവനാണ്…

താന്‍ ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി ആക്രമിച്ചതെന്നത് തെറ്റായ കാര്യമാണെന്നും  തന്റെ ഒരു സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ആല്‍വിന്‍ ജോണ്‍ ആന്റണി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും താക്കീത് നല്‍കിയിട്ടും വീണ്ടും മയക്കുമരുന്ന് ഉപയോഗം തുടര്‍ന്നപ്പോള്‍ പുറത്താക്കുകയായിരുന്നുമെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ പ്രതികരിച്ചിരുന്നത്. ആല്‍വിന്‍ ജോണ്‍ ആന്റണി തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നത് സഹിക്കാന്‍ വയ്യാതായപ്പോഴാണ് ഇക്കാര്യങ്ങള്‍ ചോദിക്കാന്‍ വീട്ടില്‍ ചെന്നതെന്നും എന്നാല്‍ അവിടെ വച്ച് തന്നെയും സുഹൃത്തിനെയും ആല്‍വിന്‍ ജോണ്‍ ആന്റണിയുടെ അച്ഛനും (നിര്‍മാതാവ് ആല്‍വിന്‍ ആന്റണി) കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ആല്‍വിന്‍ ആന്റണിക്കും അയാളുടെ സുഹൃത്തിനുമെതിരേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റോഷന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്തിനുമെതിരേയും ആല്‍വിന്റെ പരാതിയില്‍ റോഷനും സുഹൃത്തിനുമെതിരേയും എറണാകുളം ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

താന്‍ മയക്കു മരുന്ന് ഉപയോഗിക്കുമെന്ന റോഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും താന്‍ ഇന്നേവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ആല്‍വിന്‍ ജോണ്‍ പറയുന്നുണ്ട്. റോഷനൊപ്പം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം കൂടാതെ മുംബൈ പൊലീസിലും വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സെറ്റിലെ ആരോടു വേണമെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും ആല്‍വിന്‍ ജോണ്‍ പറയുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെ കൂടാതെ, ലാല്‍ ജോസ്, ബി ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ് എന്നിവരുടെ സിനിമകളിലും താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഇവരോടാരോടു വേണമെങ്കിലും താന്‍ മോശക്കാരനാണോന്നു ചോദിക്കാമെന്നും ആല്‍വിന്‍ ജോണ്‍ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍