UPDATES

സിനിമ

മായാവിയും ആ കഥകളുമൊക്കെ ഉള്ളിലുള്ളതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്: ഡാകിനിയുടെ സംവിധായകന്‍ സംസാരിക്കുന്നു

ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ തരുന്ന ചിത്രമായിരിക്കും ഇതെന്നും രാഹുല്‍ റിജി നായര്‍

അനു ചന്ദ്ര

അനു ചന്ദ്ര

ഏറെ ശ്രദ്ധേയമായ ‘ഒറ്റമുറി വെളിച്ചം’ എന്ന സിനിമയുടെ സംവിധാകന്‍ രാഹുല്‍ റിജി നായര്‍ കഥയും തിരക്കഥയും സംവിധാനവും ചെയുന്ന പുതിയ ചിത്രമായ ഡാകിനി ആദ്യ ട്രെയിലറിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ഉര്‍വശി തിയേറ്റേഴ്‌സും ബി രാകേഷിന്റെ യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നു നിര്‍മിക്കുന്ന ഡാകിനി നാളെ (18-10-2018 വെള്ളിയാഴ്ച) തീയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍, അനു ചന്ദ്രയുമായി പങ്കു വെയ്ക്കുന്നു.

‘ഡാകിനി’ പേരില്‍ തന്നെ ഒരു കൗതുകമുണ്ടല്ലോ?

ആ പേരിന് പുറകില്‍ നമുക്ക് പറയാന്‍ തന്നെ ഒരു കഥയുണ്ട്. ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന മുത്തശ്ശിമാര്‍ക്ക് ബാലരമയിലെ ഡാകിനി എന്ന കോമിക്ക് കഥാപാത്രത്തെ കുറിച്ച് ഒന്നും തന്നെ അറിഞ്ഞുകൂട. ഡാകിനിയെ അറിയാത്ത മുത്തശ്ശിമാരെ അജു വര്‍ഗീസ് ചെയ്യുന്ന കുട്ടാപ്പി എന്ന കഥാപാത്രം പറഞ്ഞു പറ്റിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് ഡാകിനി എന്ന ബാലരമയിലെ കഥാപാത്രത്തെ. ഡാകിനി വളരെ സുന്ദരിയും സല്‍സ്വഭാവിയുമായ അമ്മൂമ്മയുമാണെന്നു പറഞ്ഞു ഇവരെ വിശ്വസിപ്പിക്കുകയാണ് കുട്ടാപ്പി. പിന്നീട് ഒരു സാഹചര്യത്തില്‍ ചെമ്പന്‍ വിനോദ് ചെയ്യുന്ന മായന്‍ എന്ന അധോലോകനായക കഥാപാത്രവുമായി ഇവര്‍ക്ക് ഏറ്റു മുട്ടേണ്ടി വരുമ്പോള്‍ അവര്‍ക്ക് ഒരു ഫെയ്ക്ക് ഐഡന്റിറ്റി ആവശ്യമായി വരികയും ആ സമയത്ത് പെട്ടെന്ന് അവരുടെ മനസിലേക്ക് വരുന്നത് കുട്ടാപ്പി പറഞ്ഞു കൊടുത്ത ഡാകിനി എന്ന കഥാപാത്രവുമാണ്. പിന്നീട് സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് സിനിമയില്‍ ഉള്ളത്. അതാണ് ഡാകിനി എന്ന പേരു തന്നെ വരാനുണ്ടായ കാരണം.

ഡാകിനി തീര്‍ച്ചയായും ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തരുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തിയത് ഒരു പക്ഷെ കോമിക്ക് പുസ്തകമായ ബാലരമ ആണെന്ന് പറഞ്ഞാല്‍?

തീര്‍ച്ചയായും. നമ്മുടെ കുട്ടിക്കാലത്തെ ഹീറോസ് തീര്‍ച്ചയായും മായാവി ഒക്കെ ആണ്. ആ കഥാപാത്രത്തോട് ഉള്ള ഇഷ്ടവും കൗതുകവും ഒക്കെ ഉള്ളത് കൊണ്ട് ആ കഥ നമ്മളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കുട്ടൂസനും ലുട്ടാപ്പിയും ഡാകിനിയും എല്ലാം നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ കാലത്ത് ഒക്കെ ഏറ്റവും വലിയ എന്റര്‍ടൈന്മെന്റ് മീഡിയം ആയിരുന്നു മായാവി. ആ കഥയും കഥാപാത്രവും നമ്മുടെ ഉള്ളില്‍ നില്‍ക്കുന്നു എന്നത് കൊണ്ടുള്ള റിഫ്‌ലക്ഷന്‍ ആണ് ഈ സിനിമ സംഭവിക്കാന്‍ കാരണം

ചെമ്പന്‍ വിനോദ് ചെയുന്ന മായന്‍ എന്ന കഥാപാത്രത്തെ കുറിച്ച്?

നമ്മള്‍ സ്‌ക്രിപ്റ്റ് എഴുതിയതിന് ശേഷമാണ് ഇതില്‍ അഭിനയിക്കാനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ നടന്മാരെ കൊണ്ടു വരികയാണ് നമ്മള്‍ ചെയ്തത്. ചെമ്പന്‍ ചേട്ടന്‍ കൂടുതലായും ചെയ്ത നാടന്‍ വേഷത്തില്‍ നിന്നും വ്യത്യസ്തമായി ഒരു സ്‌റ്റൈലിഷ് വേഷത്തിലേക്ക് ആണ് നമ്മള്‍ പുള്ളിയെ ഇതില്‍ കൊണ്ടു വരുന്നത്. അദ്ദേഹം മാത്രമല്ല ഇതില്‍ ഓരോരുത്തരെയും വളരെ ഫ്രഷ് ആയി കൊണ്ട് വരാന്‍ ശ്രമിച്ചു, അതെല്ലാം അവര്‍ വളരെ അനായാസമായി കൈകാര്യം ചെയ്തു എന്നുള്ളതാണ് വലിയ കാര്യം.

സുഡാനി ഫ്രം നൈജീരിയയിലെ രണ്ട് ഉമ്മമാരും എത്തുന്നുണ്ടല്ലോ ഡാകിനിയില്‍?

സുഡാനിയില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഡാകിനിയില്‍ ബാലുശ്ശേരി സരസയും സാവിത്രി ശ്രീധരനും ചെയ്തിട്ടുള്ളത്. അത് അവര്‍ക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കണം. അവര്‍ ആദ്യമായി ഡബ്ബിങ് ചെയ്ത സിനിമ കൂടിയാണ് ഡാകിനി. സുഡാനിയില്‍ വളരെ റിയലസ്റ്റിക്ക് ആയിട്ടുള്ള കഥാപാത്രമാണ് അവര്‍ ചെയ്തത്. ഇതില്‍ കോമിക്ക് ആണ് ചെയുന്നത്. ഇതില്‍ അവരുടെ ഫൈറ്റ്, ഡാന്‍സ്, കാര്‍ ചെയ്സ് എല്ലാം ഉണ്ട്.

50 കഴിഞ്ഞ സ്ത്രീകളാണ് ഡാകിനിയിലെ പ്രധാന കഥാപാത്രങ്ങള്‍. എത്രമാത്രം എനര്‍ജെറ്റിക്ക് ആണ് അവര്‍?

ഊട്ടിയില്‍ 25 ദിവസത്തെ ഷൂട്ട് ആയിരുന്നു ഉണ്ടായിരുന്നത്. 10 ഡിഗ്രി തണുപ്പ് ആയിരുന്നു. പോളി വത്സന്‍, സേതുലക്ഷ്മി, ബാലുശ്ശേരി സരസ, സാവിത്രി ശ്രീധരന്‍ തുടങ്ങിയ അമ്മമാരെ ഒക്കെ അവിടെ കൊണ്ട് പോയി. രാത്രിയും പകലുമായുള്ള ഷൂട്ടില്‍ അവര്‍ പരമാവധി സഹകരിച്ചു. ഡാന്‍സ്, കാര്‍ ചെയ്സ് എല്ലാത്തിലും അവര്‍ ശാരീരിക അവസ്ഥ പോലും നോക്കാതെ കൂടെ നിന്നു. ഞാന്‍ ഉള്‍പ്പെടെ ഉള്ള ചെറുപ്പക്കാര്‍ തീര്‍ച്ചയായും അവരെ മാതൃക ആക്കേണ്ടതാണ്. ചെയ്യുന്ന ജോലിയോട് അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത നമ്മള്‍ കണ്ടു പഠിക്കേണ്ട ഒന്നാണ്. രാത്രി മുഴുവന്‍ തണുപ്പത്തു നില്‍ക്കുന്ന ഈ അമ്മമാരോട് എത്ര റീ ടെയ്ക്ക് പോണം എന്നു പറഞ്ഞാലും അവര്‍ മടി കൂടാതെ വീണ്ടും വീണ്ടും അഭിനയിക്കും.

ഒറ്റ മുറി വെളിച്ചമെന്ന സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഒരു ഓഫ്ബീറ്റ് സിനിമക്ക് ശേഷം നേരെ പോകുന്നത് ഡാകിനിയെന്ന ഒരു കോമേഴ്സ്യല്‍ ചിത്രത്തിലേക്കാണല്ലോ?

നമ്മള്‍ ഏത് സിനിമ തിരഞ്ഞെടുത്താലും ആ സിനിമയോട് 100% നീതി പുലര്‍ത്താന്‍ തന്നെയാണ് ശ്രമിക്കുന്നത്. എല്ലാ കഥകളും ഒരേ ബഡ്ജറ്റില്‍ അല്ലെങ്കില്‍ ഒരേ രീതിയില്‍ പറയാന്‍ പറ്റില്ല. ചില കഥകള്‍ക്ക് വലിയ ക്യാന്‍വാസ് വേണ്ടി വരും. ഡാകിനി അത്തരത്തില്‍ ഉള്ള ഒരു കഥയായിരുന്നു. വളരെ കോമിക്കല്‍ ആയി വലിയൊരു സ്‌ക്രീനില്‍ വളരെ രസകരമായി പറയേണ്ട ഒരു കഥ. എന്നാല്‍ ഒറ്റമുറി വെളിച്ചം വളരെ റിയലിസ്റ്റിക് ആയി വളരെ ചെറിയ ഒരു സ്‌പെയ്‌സില്‍ നടക്കുന്ന ഒരു കഥയാണ്. രണ്ടും രണ്ട് തലത്തില്‍ നില്‍കുന്ന സബ്ജക്ട്‌സാണ്. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ മനസ്സില്‍ ഇഷ്ടമുള്ള, അല്ലെങ്കില്‍ നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്ന കഥകള്‍ അതിനോട് 100% നീതി പുലര്‍ത്തി അതിന് വേണ്ട രീതിയില്‍ മെയ്ക്ക് ചെയ്യാനാണ് ആഗ്രഹിക്കുന്നത്, അതാണ് ചെയ്യുന്നതും

എന്നിരുന്നാലും സമാന്തരസിനിമയില്‍ നിന്നും നേരെ ഒരു കോമേഴ്സ്യല്‍ സിനിമയിലേക്ക് പോകുമ്പോള്‍ നേരിടുന്ന ചില പ്രതിസന്ധികള്‍ ഇല്ലേ?

ഒരു 6,7 വര്‍ഷത്തെ സ്ട്രഗിളിന് ശേഷം എനിക്ക് സിനിമയില്‍ ഒന്നും ശരിയാകാതെ വന്നപ്പോള്‍ ഒരു ചെറിയ ക്യാന്‍വാസില്‍ സിനിമ ചെയ്യാം എന്ന നിലക്കാണ് ഞാന്‍ ഒറ്റമുറി വെളിച്ചം സിനിമ ചെയ്യുന്നത്. എന്നാല്‍ ആ സിനിമക്ക് സംസ്ഥാന അവാര്‍ഡും മറ്റു അംഗീകാരങ്ങളും ഒക്കെ കിട്ടിയതിന് ശേഷം പിന്നെ പല ഓഫറുകളും എനിക്ക് വന്നു. ആ കൂട്ടത്തില്‍ വന്ന ആദ്യത്തെ ഓഫര്‍ ആണ് ഡാകിനി ചെയുക എന്നത്. അങ്ങനെ അതിലേക്ക് വരികയായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ പ്രതിസന്ധി തീര്‍ച്ചയായും ആദ്യ സിനിമയായ ഒറ്റമുറി വെളിച്ചം ചെയ്യുക എന്നതായിരുന്നു. അത് അംഗീകരിക്കപ്പെട്ടപ്പോള്‍ പിന്നീട് നമുക്ക് ഒരു സ്‌പെയ്‌സ് കിട്ടി ഇന്‍ഡസ്ട്രിയില്‍.

താങ്കള്‍ സംവിധാന മേഖലയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

എനിക്കങ്ങനെ സിനിമാപാരമ്പര്യം ഒന്നുമില്ല. ഞാന്‍ ബിടെക്, എം.ബി.എ ഒക്കെ ആണ് പഠിച്ചത്. ടെക്നോപാര്‍ക്കില്‍ വര്‍ക്ക് ചെയുന്ന സമയത്ത് 2011ല്‍ ആദ്യമായി ഒരു ഡോക്യുമെന്ററി ചെയ്തു. അത് നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം ഒരു തമിഴ് മ്യൂസിക്ക് ആല്‍ബം ചെയ്തു. അങ്ങനെയൊക്കെ ശ്രമങ്ങള്‍ നടന്നു, പലയിടത്തും അവസരങ്ങള്‍ ചോദിച്ചു നടന്നു, ഒന്നും ശരിയായില്ല. അങ്ങനെ കുറെ പ്രതിസന്ധികള്‍ ഒക്കെ കടന്നാണ് ഞാന്‍ ഒറ്റമുറി വെളിച്ചം എന്ന ഒരു ചെറിയ സിനിമയിലേക്ക് എത്തുന്നത്. അങ്ങനെ ഞാന്‍ ജോലി രാജി വെച്ചു, സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ചു അങ്ങനെ എന്റെ ഫ്രണ്ട്സ് ഒക്കെ സഹായിച്ചാണ് ഞാന്‍ ആദ്യ സിനിമ ചെയുന്നത്.

രാഹുല്‍ റിജി നായര്‍/ അഭിമുഖം: വൈവാഹിക ലൈംഗികാതിക്രമം; സമൂഹത്തിന്റെ ഇരട്ടത്താപ്പിനു മുന്നില്‍ വയ്ക്കുന്ന നിലപാടാണ് ഒറ്റമുറി വെളിച്ചം

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍