UPDATES

സിനിമ

‘വരിക വരിക സഹജരേ..’ ലൂസിഫറില്‍ വികലമായി അവതരിപ്പിച്ചു: ദീപക് ദേവിനെതിരെ ദേവരാജന്‍ സ്മാരക ട്രസ്റ്റ്

ലൂസിഫര്‍ എന്ന സിനിമ ഒട്ടനവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അതിനാല്‍ തന്നെ ചിത്രത്തെ വിവാദത്തിലാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ദേവരാജന്‍ സ്മാരക ട്രസ്റ്റ് അംഗങ്ങള്‍

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ‘വരിക വരിക സഹജരേ..’ എന്ന ഗാനം മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ വികലമായി അവതരിപ്പിച്ചെന്ന് ആരോപിച്ച് ദേവരാജന്‍ മാഷ് സ്മാരക ട്രസ്റ്റ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ നടന്‍ മുരളി ഗോപിയാണ്.

അതേസമയം അംശി നാരായണ പിള്ള രചിച്ച് ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ യഥാര്‍ത്ഥ ഗാനത്തിന്റെ ചടുലതയും മാര്‍ച്ച് പാസ്റ്റിന്റെ സ്വഭാവവും മാറ്റി ഓര്‍ക്കസ്‌ട്രേഷനില്‍ വരെ മാറ്റം വരുത്തിയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് ഈ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഇത് ദീപക് ദേവിന്റെ സ്ഥിരം പരിപാടിയാണെന്നും ആരുടെയെങ്കിലും ഏതെങ്കിലുമൊക്കെ പാട്ടുകള്‍ ഇത്തരത്തില്‍ നേരത്തെയും ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ദേവരാജന്‍ ഈണം നല്‍കിയ ഗാനത്തെ വികലമാക്കുകയാണ് ചെയ്തതെന്ന് ദേവരാജന്‍ മാഷ് സ്മാരക ട്രസ്റ്റ് ആരോപിക്കുന്നു. ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതാണ്. ലൂസിഫറിലെ ഗാനത്തിന് ദേവരാജന്‍ മാഷാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും പറയുന്നുണ്ട്.

അതേസമയം ഓര്‍ക്കസ്‌ട്രേഷനും റിപ്പീറ്റേഷനുമെല്ലാം മാറ്റി ഉപയോഗിക്കാന്‍ അനുവാദം ആവശ്യമുണ്ട്. ഇത്തരമൊരു അനുവാദം ദേവരാജന്‍ മാഷിന്റെ കുടുംബത്തില്‍ നിന്നും എടുത്തിട്ടില്ല. എന്നാല്‍ അവരെയോ ലൂസിഫര്‍ എന്ന സിനിമയെയോ ഈ വിഷയത്തില്‍ വിവാദത്തിലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദേവരാജന്‍ മാഷ് സ്മാരക ട്രസ്റ്റ് വിശദീകരിക്കുന്നു.

ദേവരാജന്‍ സ്മാരക ട്രസ്റ്റ് പ്രതിനിധികള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ ‘കേവലം മലയാളികളുടെ ഒരു രീതിയാണ് ഇത്. ഒന്നിനെയും അംഗീകരിക്കില്ല’ എന്നായിരുന്നു ദീപക് ദേവിന്റെ പ്രതികരണമെന്നും അവര്‍ പറയുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളികള്‍ ഒന്നടങ്കം അംഗീകരിച്ച ഗാനമാണ് ഇതെന്നായിരുന്നു അവരുടെ മറുപടി. ദേവരാജന്‍ മാഷ് ജീവിച്ചിരുന്നെങ്കില്‍ ഇന്ന് കേസ് പോകുമായിരുന്നെന്നും അവര്‍ പറയുന്നു. പ്രമുഖ പിന്നണി ഗായകന്‍ ഒരിക്കല്‍ മാഷിന്റെ ചില ഗാനങ്ങള്‍ ഓര്‍ക്കസ്‌ട്രേഷനോ ഒന്നും മാറ്റാതെ അതേപടി ആലപിച്ചിരുന്നു. ദേവരാജന്‍ മാഷ് ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. എന്നാല്‍ ഗായകനുമായുള്ള ബന്ധം കൊണ്ടും അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പ് ചോദിച്ചത് കൊണ്ടുമാണ് ഇതില്‍ നിന്നും പിന്മാറിയതെന്നും ട്രസ്റ്റിലെ ഒരു അംഗം വിശദീകരിച്ചു.

അനുകരണത്തിന് അവാര്‍ഡ് കൊടുത്തുവെന്ന് ആരോപിച്ച് അഞ്ച് സ്റ്റേറ്റ് അവാര്‍ഡുകള്‍ തിരിച്ച് കൊടുത്ത വ്യക്തിയാണ് ദേവരാജന്‍ മാഷ്. മാഷിനെ പോലുള്ള പ്രതിഭകളുടെ ഗാനങ്ങളെടുത്ത് വികലമാക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സിഐഎ എന്ന ചിത്രത്തില്‍ ഗോപീ സുന്ദറും ഇത്തരത്തില്‍ ‘ബലികുടീരങ്ങളേ..’ എന്ന ഗാനം അതിന്റെ എല്ലാ ശക്തിയും നഷ്ടപ്പെടുത്തി ഉപയോഗിച്ചിട്ടുണ്ട്. യാതൊരു വിധത്തിലുമുള്ള അനുമതിയുമില്ലാതെ മാഷിന്റെ ഗാനം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. വരിക വരിക സഹജരെ..യുടെ ശക്തി തന്നെ അതിന്റെ അവതരണമായിരുന്നു.

അംശി നാരായണ പിള്ളയുടെ കുടുംബാംഗങ്ങളുമായി ആലോചിച്ച് ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ നിയമപ്രകാരം അത് മാത്രമല്ല വേണ്ടത്. അതിന്റെ എല്ലാ സൃഷ്ടാക്കളുടെയും അല്ലെങ്കില്‍ അവരുടെ അവകാശികളില്‍ നിന്നും ഇതിനുള്ള അനുവാദം വാങ്ങേണ്ടതുണ്ട്. അതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. അതേസമയം ലൂസിഫര്‍ എന്ന സിനിമ ഒട്ടനവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അതിനാല്‍ തന്നെ ചിത്രത്തെ വിവാദത്തിലാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അവര്‍ പറയുന്നു. ഗാനം അനുവാദമില്ലാതെയും വികലമായും പുനരാവിഷ്‌കരിച്ചതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇവര്‍.

ദേവരാജന്‍ മാഷ് തയ്യാറാക്കിയ നൊട്ടേഷനുകള്‍ വച്ച് തന്നെ പ്രാക്ടീസ് ചെയ്ത ശക്തിഗാഥ എന്ന ഗ്രൂപ്പിലെ അംഗങ്ങള്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരം പേട്ട ദേവരാജ പുരത്ത് ഈ ഗാനം ആലപിക്കും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍