UPDATES

സിനിമ

കൂവി വിളിക്കുന്നവരില്‍ നിന്നും ആര്‍പ്പ് വിളിക്കുന്നവരിലേക്ക്: 85 ദിവസം കൊണ്ട് കേരളം മാറിയത് ഇങ്ങനെയാണ്

എണ്‍പത്തിയഞ്ച് ദിവസം മുമ്പ് നിശബ്ദരായിപ്പോയ ആരാധകവൃന്ദം ആര്‍പ്പുവിളികളുമായി ഇന്നു തെരുവിലിറങ്ങി. സോഷ്യല്‍ മീഡയയില്‍ ആഘോഷവും വിമര്‍ശനവും

നടി ആക്രമിക്കപ്പെട്ട കേസില്‍ എണ്‍പത്തിയഞ്ച് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഹൈക്കോടതി നടന്‍ ദിലീപിന് ഇന്ന് ജാമ്യം അനുവദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണോ ആണെങ്കില്‍ ഇനിയും ജാമ്യം അനുവദിക്കാതിരിക്കുന്നതെന്തിന് എന്നീ നിരീക്ഷണങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപ് അങ്കമാലി ജയിലില്‍ നിന്നും പുറത്തു വരുന്നത് കാത്ത് ഒട്ടനവധി പേരാണ് ആലുവ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതിന് ശേഷം ആദ്യം പൊതുജന മധ്യത്തില്‍ കൊണ്ടു വന്നപ്പോള്‍ കൂകി വിളിക്കുന്ന ആള്‍ക്കൂട്ടമായിരുന്നു ചുറ്റിലും കൂടിയിരുന്നത്. എന്നാല്‍ 85 ദിവസങ്ങള്‍ക്ക് ശേഷം ആ സ്ഥിതി വിശേഷം മാറിയിരിക്കുന്നത്. ജയിലിന് പുറത്തു തടിച്ചു കൂടിയിരിക്കുന്ന ആരാധകര്‍ റോഡ് ഷോയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കാനാണ് തയ്യാറെടുക്കുന്നത്. പുതിയ ചിത്രമായ രാമലീലയുടെ ഫ്‌ളക്‌സുകള്‍ കൊണ്ട് റോഡരികുകള്‍ അലങ്കരിച്ച ആരാധകര്‍ പാലഭിഷേകം പോലുള്ള ആഘോഷങ്ങള്‍ക്കും ഒരുങ്ങിക്കഴിഞ്ഞു. പ്രായഭേദമന്യേ ജയിലിന് മുന്നിലെത്തിയ ആരാധകരെയും കാണാമായിരുന്നു. ആലുവ സബ് ജയിലിന് പുറത്ത് ലഡു വിതരണം ചെയ്താണ് ആരാധകര്‍ കോടതി തീരുമാനം ആഘോഷിച്ചത്. സജി നന്ത്യാട്ടിനെ തീരുമാനത്തിന് ശേഷം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവരിലും ഈ ആവേശം പ്രകടമായിരുന്നു. ചാനലുകള്‍ ജയിലിന് പുറത്തും ദിലീപിന്റെ വീടിന് പുറത്തുമായി ലൈവ് റിപ്പോര്‍ട്ടിംഗിന് നിലയിരുപ്പിച്ചിരിക്കുകയാണ്. ജയിലില്‍ നിന്നും സഹോദരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടേക്കും ആരാധകര്‍ പിന്തുടരുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.അറസ്റ്റിലായ അന്ന് നടന് ഏല്‍ക്കുന്ന കൂവലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അതേ ആര്‍ജ്ജവത്തോടെ.

 

മാസങ്ങളോളമുള്ള ആരാധകരുടെ പ്രാര്‍ത്ഥനയാണ് ഇന്ന് ഫലം കണ്ടതെന്നും അതേസമയം ആരാധകര്‍ ആവേശഭരിതരായി സംയമനം നഷ്ടപ്പെടുത്തരുതെന്നും സജി ആവശ്യപ്പെടുന്നു. ദിലീപ് അറസ്റ്റിലായ ദിവസം പുറത്തിറങ്ങാന്‍ പോലും തയ്യാറാകാതിരിക്കുകയും ദിലീപിനെ കുടുക്കിയതാണ് രോഷപ്രകടനം നടത്തുകയും ചെയ്തവരാണ് ഇന്ന് ആഘോഷങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം, കുറ്റപത്രം ആറാം തിയതി സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് ഇത്രമാത്രം ആവേശഭരിതരാകേണ്ടതുണ്ടോയെന്നാണ് ദിലീപ് ആരാധകരോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 11-ാം പ്രതിയെന്ന സ്ഥാനത്തുനിന്നും രണ്ടാം പ്രതിയായി പ്രമോഷന്‍ ലഭിച്ചാണ് ദിലീപ് ജാമ്യത്തിലിറങ്ങുന്നതെന്നും അല്ലാതെ കുറ്റമോചിതനായല്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപിന് ലഭിച്ച ഇടവേള മാത്രമാണ് ഇപ്പോഴത്തെ ജാമ്യമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ജാമ്യത്തിലിറങ്ങിയ ദിലീപില്‍ നിന്നും ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരുമെന്നാണ് മറ്റു ചിലരുടെ ആശങ്ക. ദിലീപിന്റെ അനുജന്‍ അനൂപ് അറസ്റ്റിന് ശേഷം നടത്തിയ പരാമര്‍ശവും പലരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നു. ‘അവര്‍ കളിക്കട്ടെ. അവര്‍ കളി നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ കളി തുടങ്ങും’ എന്നാണ് അന്ന് അനൂപ് പറഞ്ഞത്. അതേസമയം ദിലീപിന് ജാമ്യം അനുവദിച്ചതോടെ അമിത് ഷായുടെ ജാഥ പൊളിഞ്ഞുവെന്നാണ് മറ്റ് ചിലര്‍ ആരാധകരെ കളിയാക്കുന്നത്. ദിലീപിന്റെ ഫാന്‍സ് എല്ലാം തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നും അവര്‍ സ്വീകരണം ഒരുക്കുന്ന തെരക്കിലാണെന്നും കുമ്മനം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്നും ചിലര്‍ ചോദിക്കുന്നു.

ആലുവ ജയിലിന് മുന്നില്‍ തടിച്ചുകൂടി നിന്ന് ദിലീപിന് വേണ്ടി ആരവം മുഴക്കുന്ന ആരാധകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പരിഹാസവും ഉയരുന്നുണ്ട്. സ്വന്തം വീട്ടുകാരോട് ഇല്ലാത്ത സ്‌നേഹമാണ് ഒരു പീഡനക്കേസ് പ്രതിയോട് എന്നതാണ് പല പരിഹാസങ്ങളുടെയും ഉള്ളടക്കം. ഇന്നത്തെ ജോലി പോലും വേണ്ടെന്ന് വച്ച് ദിലീപിനോടുള്ള സ്‌നേഹം അറിയിക്കാന്‍ പോയതിനെയാണ് ചിലര്‍ പരിഹസിക്കുന്നത്.

ദിലീപിന്റെ സഹോദരന് മുന്നേ ജയിലില്‍ എത്തിയ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ലഡുവുമായി ജയിലിന് മുന്നില്‍ നില്‍ക്കുന്നവര്‍ ഒരെണ്ണം മാറ്റിവച്ചേക്കണം തിരികെ വീട്ടിലെത്തുമ്പോള്‍ വീട്ടിലുള്ളവരെ ആരെങ്കിലും ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ ഉപയോഗിക്കാം എന്ന വിധത്തിലുള്ള രൂക്ഷമായ ഭാഷകളിലെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീപീഡനക്കേസിലെ പ്രതിയോടാണോ പുരുഷാരത്തിന്റെ സ്‌നേഹമെന്നും! കേരളം ലജ്ജിക്കണമെന്നുമാണ് മറ്റൊരാള്‍ വിമര്‍ശിക്കുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല പോസ്റ്റുകളും ശക്തമാണ്. കേസില്‍ ഇരയായ നടിക്കൊപ്പം നിന്ന വിമന്‍ കളക്ടീവ് ഇന്‍ മലയാള സിനിമയുടെ ഫേസ്ബുക്ക് പേജിലും മറ്റുമായി ജാമ്യം ലഭിച്ചത് ആഘോഷമാക്കുകയാണ് ദിലീപ് ആരാധകര്‍.

ദിലീപ് ഇന്ന് വൈകിട്ട് 5.20 ഓടെ ആലുവ ജയിലില്‍ നിന്നും പുറത്തേക്ക് വന്നപ്പോള്‍ ആള്‍ക്കൂട്ടം ആര്‍ത്തിരമ്പുകയായിരുന്നു. കാറില്‍ കയറി വീട്ടിലേക്ക് പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കും ചുംബനങ്ങളിലൂടെയും അഭിവാദ്യങ്ങളിലൂടെയും ദിലീപ് നന്ദി പറയുമ്പോള്‍ അറസ്റ്റിലായതിന് ശേഷം കേട്ട കൂക്കുവിളിയുടെ പരിഹാരമെന്നോളമുള്ള ആരവങ്ങളാണ് ഉയര്‍ന്നത്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായതിന് ഇത്രകാലത്തിന് ശേഷവും ദിലീപിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണവും ഒരുപക്ഷെ ഇതായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍